Monday 7 October 2019

കാർമേഘം മറയ് ക്കാത്ത വെയിൽനാമ്പുകൾ -ജീവിത അനുഭവങ്ങളിലൂടെ നേടിയ കരുത്തിനെ കുറിച്ചു്

ജീവിത അനുഭവങ്ങളിലൂടെ നേടിയ  കരുത്തിനെ കുറിച്ചു് 


കാർമേഘം മറയ് ക്കാത്ത വെയിൽനാമ്പുകൾ  ലൈലാ  ബീവി മങ്കൊമ്പിന്റെ ആദ്യ നോവൽ ആണ് .നാല്പത്തിനാലു  ചെറു അദ്ധ്യായങ്ങളിൽ രേവതി  എന്ന അമ്മയുടെ ദൈന്യതയിൽ നിന്നും പ്രതീക്ഷാനിര്ഭരമായ ജീവിതത്തിലേക്കുള്ള  കഥ പൂർണമാകുന്നു .

രേവതിയുടെ  ജനന വും അവൾ പിറന്ന മനയിലെ ദാരിദ്ര്യവും  അനാഥത്വവും വിവരിക്കപ്പെടുന്നു .മങ്കൊമ്പ് എന്ന ഗ്രാമത്തിൻറെ സമൃദ്ധമായ ഭംഗിയാണ് പശ്ചാത്തലം .മനസ്സിനെപിടിച്ചു വലിക്കുന്ന  രണ്ടു വിരുദ്ധ ദൃശ്യങ്ങൾ .  പാറുത്തള്ളയും ജാനകിയും വല്യമ്പരാട്ടിയും നാലുകെട്ടും കഥാപാത്രങ്ങളാണ് നിരുത്തരവാദപരമായ ആൺജീവിതത്തെ  കുറിച്ചുള്ള ഒരമ്മയുടേയും ജീവിതസഖിയുടെയും വിലാപമാണ്  വായനക്കാരന് കേൾക്കാനുള്ളത് .

രണ്ടാം ഭാഗത്തിൽ തമ്പ്രാട്ടിയമ്മ പാറുത്തള്ളയുടെ സഹായം സ്വീകരിക്കുന്നു .ദാരിദ്ര്യത്തിന് ജാതിഭേദമില്ലല്ലോ .

 ഇത്തിരി വളർന്ന  രേവതിയെ വരയ്ക്കുന്ന മൂന്നാം ഭാഗത്തിൽ വല്ലപ്പോഴും വീട്ടിൽ വരുമ്പഴുംഅച്ഛൻ തൻ്റെ അമ്മയോട്  കയർക്കുന്നതും    അമ്മക്കിട്ടു ചവിട്ടുന്നതും   കാണുന്ന  രേവതിയുടെ  ചിത്രം തെളിയുന്നു .അച്ഛനെന്ന വാക്കിൻറെ അർത്ഥം അറിയാതെ നമ്മളും ചിന്താക്കുഴപ്പത്തിലാകുന്നു .

ദുർനടപ്പുകാരനായ രാമൻ നമ്പൂതിരിയുടെ ചൂഷണ  രീതികൾ ചെറുതായൊന്നു വരച്ചിടുന്നേയുള്ളൂ .ഒരു നോവലിനെ സാധ്യതകളിലൊന്ന് ഓരോ കഥാപാത്രവും അങ്ങിനെയായത് എങ്ങിനെയെന്ന് കാണിക്കാനുള്ള ധാരാളം അവസരങ്ങളുണ്ട് എന്നതാണ് ,അത് വേണ്ടത്ര ഉപയോഗിച്ചതായി കാണുന്നില്ല .അതുകൊണ്ടു തന്നെ രാമൻ നമ്പൂതിരി എന്ന കഥാപാത്രത്തിന് മിഴിവ് വന്നിട്ടില്ല .


ദുരിതകാലത്തു സഹായിക്കാത്ത ബന്ധുക്കൾ  ജാതിബോധം കൊണ്ടുമാത്രം ബന്ധുത്വം ഓർമിപ്പിച്ചു രേവതിയുടെ അമ്മയെ ഗുണദോഷിക്കാൻ എത്തുന്നതാണ് നാലാം ഭാഗം .തീണ്ടലും തൊടീലൂം ഇല്ലാതാവുന്നതിലാണ്  അമ്മാവനും അമ്മായിക്കും  വേവലാതി .ഇബിടെ ത്തെ  കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം  എന്ന് വിറയലോടെ വാതിൽ സാക്ഷയിടുന്ന ജാനകി  ഭാവതീവ്രത യാർന്ന ദൃശ്യമാണ് .

പ്രളയം മാനവികതയെ വളർത്തുന്നതെങ്ങിനെയെന്നു ജാനകിയുടെയും ചാത്തൻ്റേയും സുലൈമാന്റേയും മക്കൾ വിശപ്പിന്റെ കാഠിന്യം മറന്നു കഞ്ഞി പ്പശ യുടെ മണം ആസ്വദിക്കുന്ന രംഗം വിവരിക്കുന്നു .

എങ്കപോയതു നിങ്ക അപ്പ എന്ന കരൾ തുളയ്ക്കുന്ന ചോദ്യത്തിൽ രേവതി പുളയുന്ന തീവണ്ടി യാത്രയിൽ ജാനകിയുടെയും രാമൻ നമ്പൂ തിരിയുടേയും ദാമ്പത്യബന്ധത്തിലെ അവസാനഘട്ടം  വിവരിക്കപ്പെടുകയും ചെയ്യുന്നു .ഗോപി എന്ന കുഞ്ഞിൻറെ വളർച്ചയും ജാനകിയുടെ ശക്തമായ തീരുമാനങ്ങളും   അവതരിപ്പിക്കപ്പെടുന്നു .എസ് എസ് എൽ സി  റിസൾട്ട് കത്ത് വ്യഗ്രതയോടെ കഴിയുന്ന രേവതിയുടെ ദാരിദ്ര്യത്തിൽ മങ്ങിയ കൗമാരം  വ്യക്തതയോടെ അവതരിപ്പിക്കപ്പെടുന്നു .വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള ,വല്ലി പോലുള്ള ഉടലുമുള്ള ,നരച്ച  പട്ടു  പാവാട ധരിച്ച  പെൺകിടാവിനെ കയ്യടക്കത്തോടെ കഥാകാരി അവതരിപ്പിക്കുന്നു .


ഏതു വിധേനയും പണിയെടുത്തു മകളെ വളർത്തണം എന്ന് തീരുമാനിക്കുന്ന ജാനകിതമ്പ്രാട്ടി പാടത്തു പണിയെടുക്കാനിറങ്ങുന്ന കാഴ്ച  സ്ത്രീ ശാ ക്ക്തീകരണത്തിനു കഥ നൽകുന്ന ഊന്നലിനു തെളിവാണ് .ദാരിദ്ര്യവും ,കുറഞ്ഞ ബന്ധുബലവും ജാതീയതയുടെ കണ്ണികളെ ദുര്ബലമാക്കുകയും മാനവികത മുറുകെ പിടിക്കാൻ മനുഷ്യർക്ക് പ്രേരണ യാവുകയും ചെയ്യുന്നു .

ഒൻപതാം ഭാഗം മുതൽ ,  ഗവണ്മെന്റ് സ്‌കൂൾ അദ്ധ്യാപകനായ രാജീവൻ നമ്പീശൻ മുതൽ നിരവധി അദ്ധ്യാപകർ രേവതിയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചിത്രീകരിക്കപ്പെട്ടു തുടങ്ങുന്നു .മാനവ സ്‌നേഹത്തിന്റെയും പൊതുവിദ്യാഭ്യാ സത്തിന്റെയും  വെളിച്ചത്തിൽ ജാതീയതയുടെ അതിരുകൾ ഇല്ലാതാവുന്നത്  "പഞ്ചായത്തു  പ്രസിഡണ്ട്  പ്രേമചന്ദ്രൻറെ കയ്യിൽ നിന്നു രേവതി പഠനമികവിനുള്ള സമ്മാന ഏറ്റുവാങ്ങുമ്പോൾ എതിർ വശത്തു നിൽക്കുന്ന അവിട്ടം തിരുനാൾ മഹാരാജാവിന്റെ പ്രതിമ പുഞ്ചിരി തൂകി ."എന്ന വിവരണത്തിൽകൂടി സമർത്ഥമായി വിവരിക്കുന്നു .

പുസ്തകപ്രേമിയായ രേവതി ഇരുട്ടിൻറെ ആത്മാക്കൾ എന്ന പുസ്തകം വായനശാലയിൽ നിന്നും കണ്ടെത്തുന്നതും സ്വന്തം ജീവിതമാണ് ആ പുസ്തകത്തിലെന്നു മനസ്സിലാക്കി ആലോചിച്ചിരുന്നു പോകുന്നതും ശ്രദ്ധാർഹമായ ഒരു വിവരണ മുഹൂർത്തമാണ് .ഇരുട്ടിൻറെ ആത്മാക്കൾ എന്ന പുസ്തകം വായിക്കുന്നവർക്കു രേവതിയുടെ കുടുംബത്തെക്കുറിച്ചു ആഴത്തിലുള്ള ഒരു ചിത്രം ലഭിക്കും .വീണ്ടും വീണ്ടും നല്ല പുസ്തകങ്ങൾ വായിക്കാൻ നിർദേശിക്കുന്ന ഒരു അധ്യാപക മനസ്സു ഇവിടെയുണ്ട് .വായന കൊണ്ട് പരുവപ്പെട്ട മനസ്സു പ്രണയാഭ്യര്ഥനകളെ സമർത്ഥമായി കൈകാര്യം ചെയ്തു വിടുന്നതും കാണാം .രേവതിയുടെ മനസ്സിന്റെ ക്രമത്തിലുള്ള വളർച്ച തെളിയുന്ന വിവരണരീതി നോവലിൽ കാണുന്നു ണ്ട് .

മതത്തിന്റെ  വേലിക്കെട്ടുകൾക്കുമപ്പുറം നമ്മൾ ഇങ്ങിനെയൊക്കെ ജീവിച്ചുപോ ന്നവരാണല്ലോ  എന്നോർമി പ്പിക്കുന്ന അധ്യായമാണ് ഉസ്മാൻ മുതലാളി രേവതിയോടു കാണിക്കുന്ന ഒരു പിതാവിൽ നിന്ന് എന്ന പോലുള്ള പരിഗണനയും സ്നേഹവും .പന്ത്രണ്ടാം അദ്ധ്യായത്തിലും മതനിരപേക്ഷമായ ഒരന്തരീക്ഷമാണ് നിറയുന്നത് .  ഓണനാളിൽ രേവതിയും കുടുംബവും പട്ടിണിയാണ് .'അമ്മ രോഗബാധിതയായികഴിയുന്നു .ചികിത്സക്കായി മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ അന്ന് ഡോക്ടർമാരുടെ സമരമാണ് .നൂറുപറച്ചിറയിലെ അവറാന്റെ  മോനും പൊളി ടെക്നീക്കിലൊക്കെ പഠിക്കാൻ തുടങ്ങിയ കാര്യം തന്റെ വയ്യായ്കക്കിടയിലും തമ്പ്രാട്ടി അറിഞ്ഞുവെക്കുന്നു .വിദ്യാഭ്യാസം വെളിച്ചമാണെന്നും അത് എല്ലാവർക്കും ലഭിക്കാതിരുന്ന ഒരു കാലമുണ്ടാ യിരുന്നു  എന്നും നമ്മളെയോർമിപ്പിക്കാൻ നോവലിന് കഴിയുന്നുണ്ട് .
കുറ്റബോധം തെല്ലുമില്ലാതെ പണിമുടക്കി ഡ്യൂട്ടി കഴിച്ചു കൂട്ടുന്ന ഡോക്ടർമാരെയും തത്രപ്പാടുമായി ഓരോ ഡോക്ടറുടെ മുറിയിലേക്കും എത്തി നോക്കുന്ന രോഗികളുടെ ചിത്രവും അസ്സലൊരു സാമൂ ഹ്യ വി മര്ശനമായി മാറുന്നു .

നല്ല ഉടുപ്പുകളില്ലാത്തതു കൊണ്ട്  ബന്ധുവിന്റെ കല്യാണത്തിന്  പോകാതെ വിഷമിച്ചു നിൽക്കുന്ന രേവതിയുടെ ചിത്രം ചിന്തോദ്ദീപകമായി .അലക്കി അലക്കി നിറം മങ്ങിയതും തുന്നി ചേർക്കാനാവാത്തതുമായ ഉടുപ്പുകൾ പോലെയാണല്ലോ ഇവിടെയുള്ള ഓരോരുത്തരുടെയും ജീവിതം എന്ന തനിമയാർന്ന നിരീക്ഷണം ജീവിതഗന്ധിയാണ് .പ്രതിദിനം 7000ത്തോളം പേർ  പട്ടിണി കൊണ്ട്  മരിച്ചുവീഴുന്ന  ഒരു മഹാരാജ്യത്തിന്റെ പ്രജ കളാണ് നാം എന്ന യാഥാർഥ്യത്തോട് ചേര്ന്നുനിൽകുന്ന കാഴ്ച .


രേവതിക്ക് കോളജിൽ താത്കാലിക ജോലി കിട്ടുന്നതും കുടുമ്ബത്തിൽ ആശ്വാസത്തിന്റെ  പച്ചപ്പ്‌ മുളക്കുന്നതും അവിടെ  ബിപിൻമാഷുമായി പ്രണയം തോന്നുന്ന തും  കല്യാണ നിശ്ചയവും  അപ്രതീക്ഷിത ദുരന്തമായി രേവതിയുടെ വൈധവ്യവും ചുരുക്കം വാക്കുകളിൽ  ചടുലമായി വിവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .വിധിയുടെ രുദ്ര താണ്ഡവം തുടങ്ങിയ പ്രയോഗങ്ങൾ ചര്ച്ച ചെയ്യപ്പെടേണ്ടവ തന്നെയാണ് .തുടർന്ന് അമ്മയുടെ വിയോഗവും അതിലുള്ള ദുഃഖവും  ചടങ്ങുകളുടെ ഒതുങ്ങിയ വിവരണത്തിലൂടെ പ്രകടിപ്പിക്കുന്നു .അടിയന്തിരം കഴിഞ്ഞ എല്ലാവരും പിരിയുമ്പോൾ രേവതിയേയും ഗോപിയേയും നാട്ടുകാരാണ് ഏറ്റെടുക്കുന്നത് എന്ന് സൂചിപ്പിക്കുന്നിടത്തു തന്നെ സഹവർത്തിത്വത്തിന്റെ പ്രാധാന്യം കഥാകാരി എടുത്തുപറയുന്നു . കഥയിൽ നിന്നും സോദ്ദേശ സാഹിത്യത്തിലേക്ക് തെന്നുന്ന ഈ പ്രവണത കലാമൂല്യത്തെ തെല്ലു ബാധിക്കുന്നു ണ്ട് എന്നും പറയാതെ വയ്യ .

രേവതിക്ക് അധികം  വൈകാതെ  ഗവണ്മെന്റ് സ്‌കൂളിൽ  അധ്യാപി കയായി ജോലി കിട്ടുന്നു .ആ വിവരം അറിയിക്കാൻ   അമ്മയുടെ  കുഴിമാടത്തിൽ ചെന്നപ്പോൾ ഒരു മന്ദ മാരുതൻ  രേവതിയെ  തലോടുന്നുണ്ട് .മാമ്പഴം എന്ന കവിതയിൽ  വൈലോപ്പിള്ളിയും  കടന്നുപോയ കിടാവ്‌ന്റെ സ്നേഹസ്പർശത്തെ പ്രകൃതിയുടെ ചലനമായി അറിയിക്കുന്നുണ്ട് .പമ്പയാറിന്റെ ക ലങ്ങിയ ചുഴികളും കോടോത്തെ ഗ്രാമത്തിൽ പ്രഭാത ത്തിൽകാണുന്ന ബഹുവർണ്ണ പക്ഷികളുടെ കൂജനവും പകർത്തുന്ന  ഈ നോവലിൽ   പ്രകൃതിയുടെ ഭാവപ്പകർച്ചകൾ  കഥാപാത്രങ്ങളുടെ മനോ നിലയെ സ്വാധീനിക്കുന്നതായി പലയിടത്തും സൂചിപ്പിക്കുന്നുണ്ട് .പൊതുവെ ഭാവപ്രകാശത്തിനായി കവികൾ സ്വീകരിക്കുന്ന ഈ സങ്കേതം ലൈലാ ബീവിയുടെ നോവലിൽ പലയിട ത്തും കാണാം .ഈ എഴുത്തുകാരി  നവമാധ്യമങ്ങളിൽ  ശ്രദ്ധിക്കപ്പെടുന്ന കവിതകൾ രചിച്ചിട്ടുണ്ട് എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട് .


  അ ധ്യാപക ജീവിതത്തിൻറെ തനതായ ചിത്രീക രണങ്ങളാണ്  നോവലിൽ ഇനിയങ്ങോട്ട് കഥാവികസനത്തിനായി ഉപയോഗിച്ചിരിക്കുന്നത് .ക്‌ളാസ്സുകളിലെയും പരീക്ഷാറൂമിലെയും അ നുഭവങ്ങൾ അദ്ധ്യാപകജീവിതത്തിൽ സ്നേഹത്തിന്റെ രാസത്വരകമായി മാറുന്നത്  രസകരമാണ് .

രേവതിയുടെ രണ്ടാം വിവാഹവും ആങ്ങളയുടെ അളിയന്റെ വീട്ടിലെ വിരുന്നുപാർക്കലും ഇതുപോലെ  വിവരിക്കുന്നത്  മലയാള നോവലിൽ അപൂർവമായേ വന്നിട്ടുള്ളൂ .ദൈവങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നവർക്ക് ഏറെ സങ്കടങ്ങൾ നൽകും എന്ന സമാധാനത്തിൽ കഥാകാരി സ്വന്ത ജീവിതത്തിലെ ചില ഏടുകൾ വായനക്കാരന്റെ മുന്നിൽ പകർത്തുകയാണ് എന്ന് തോന്നി പ്പോകും.പലയിടങ്ങളിലും ബഷീറിന്റെ  ബാല്യകാലസഖിയുടെ ഒതുക്കവും    കൈയ്യടക്കവും ഓർമിപ്പിക്കുന്ന ഘടനയുള്ള ഈ  നോവലിന്റെ ചില ഏടുകളിൽ നിന്ന് -എം പി പോൾ കുറിച്ചത് പോലെ - ചോര കിനിയുന്നുവെന്നു തോന്നും .അശ്വതിയും ധന്യയും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്ന വരികളിലും അനന്യമായ ജീവിത ഗന്ധവും ചാരുതയുമുണ്ട് .

മകളെക്കുറിച്ചുള്ള പ്രതീക്ഷ നിർഭരമായ ഭാവനാല്മകമായ  വിവരണമാണ് ഇനി നോവലിന്റെ  വഴി എന്ന് മുപ്പത്തിയൊന്നാം ഭാഗത്തു വ്യക്തമാകുന്നു  പോസ്റ്റ് വുമൺ  ഷീബ യാണ് കാസർഗോട്ടേ ക്കുള്ള നിയമനഉത്തരവ് ടീച്ചറിൻറെ കയ്യിലെത്തിക്കുന്നത്  . പോസ്റ്റു വുമൺ എന്ന വാക്ക് കേരളത്തിന്റെ  മാനവികതയുടേയും  മതനിരപേക്ഷതയുടെയും സാമൂഹ്യാന്തരീക്ഷത്തിൽ കൈവരിക്കാൻ കഴിഞ്ഞ സ്ത്രീ ശാക്തീകരണത്തെ സൂചിപ്പിക്കാൻ ഉതകുന്നതാണ് .ഉസ്മാൻറെ ലോറിയിൽ വലിഞ്ഞു കയറി ഇരിക്കുന്ന രേവതിയും ജില്ലാകളക്ടറായി മാറാൻ പോകുന്ന അശ്വതിയും ഒക്കെ ശാക്തീകരണത്തിന്റെ ചിത്രം മുഴുമിപ്പിക്കുന്നു .

കണ്ണൂരിന്റെയും കാസര്ഗോടിന്റെയും  പ്രാദേശിക ഭാഷ മനസ്സിലാക്കാൻ ആദ്യം പ്രയാസപ്പെടുന്നതും എന്നാൽ അതിനു പുറകിലുള്ള മാനവസ്നേഹത്തിൽ വശീകരിക്കപ്പെട്ടുപോകുന്ന അശ്വതിയുടെയും രേവതിയുടെയും ജീവിതത്തിലെ ഉയർച്ചയാണ്   പി ന്നീട്  നോവലിൻറെ  അവസാന ഭാഗങ്ങളിൽ  തെളിയുന്നത് .പൊതുവിദ്യാലയത്തിൽ പഠിക്കുന്നത് ഒരു സൗഭാഗ്യമായി തിരിച്ചറിഞ്ഞു കൊണ്ട്, മകൾ ജീവിതത്തിൽ ഉയർച്ചയിൽ എത്താൻ വേണ്ടി അദ്ധ്വാനിക്കുന്ന അമ്മയായ അദ്ധ്യാപികയുടെ യാഥാർ ർത്ഥ അനുഭ വവിവരണമായി കഥ പുരോഗമിക്കുന്നു .ഈ വിവരണത്തിൽ കാസർഗോട്ടെ മലയോര ഗ്രാമമായ കോടോത്തെ മനുഷ്യരുടെ സ്നേഹവും  അധ്യാപകർക്കിടയിലെ സൗഹൃദവും   അമ്പലവും കുളവും നെൽവയലുകളും കാവും ഇഴചേർന്ന വശ്യമായ പ്രകൃതി മനുഷ്യനിൽ ഉണർത്തുന്ന വികാരവിചാരങ്ങളും  അനന്യമായ ഒരു അനുഭൂതി പകരുന്നുണ്ട് .

നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഭ്രാന്തന്റെ ജീവിതത്തിൽ ഇടപെടുന്ന രേവതി ടീച്ചർ  അച്ഛനെ വീണ്ടും കണ്ടുമുട്ടിയ  തോന്നലിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആൾ രൂപമായി മാറുന്നു .തീ വണ്ടിക്കകത്തു തണുത്തു  വിറക്കു ന്ന വൃദ്ധയെ കണ്ണുനീർ തുടക്കുമ്പോൾ  അമ്മയുടെ സാന്നിധ്യം അവർ അനുഭവിക്കുന്നു .തിരിച്ചു നാട്ടിലെത്തിയപ്പോഴും സമത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാകാനുള്ള ശ്രമം അവർ നടത്തുന്നുണ്ട് .ഭർത്താവിന്റെ മരണത്തിന്റെ രൂപത്തിൽ ജീവിതം വീണ്ടും വെല്ലു വിളി ഉയർത്തുമ്പോൾ  അവൾ പതറാതെ ആ സത്യം ഉൾകൊള്ളുന്നു .ഒരർത്ഥത്തിൽ ദുഃഖ പുത്രിയായ രേവതി ടീച്ചർ ജീവിത അനുഭവങ്ങളിലൂടെ നേടുന്ന കരുത്താണ് ഈ നോവലിന്റെ പ്രതിപാദ്യം .

മകൾ  ജീവിത സാഫല്യം നേടി യ ദിവസം മാത്രമാണ് രേവതിക്കു  ഒന്ന് വിശ്രമിക്കാനും പിന്നിട്ട കാലത്തിന്റെ പ്രക്ഷുബ്ധത കളിലേക്ക് തിരിഞ്ഞു നോക്കാനും സമയം കിട്ടുന്നത് .  വാര്ധക്യത്തിന്റെ വരവ് അവൾ തിരിച്ചറിയുന്നുണ്ട് .ജീവിത യാത്രയിൽ താൻ അഭിനയിച്ചു തീർത്ത വേഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ  മനസ്സിൽ ഈ  കഥ  വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുകയാവാം .അവസാന അദ്ധ്യായത്തിൽ പോലും  ചുരുക്കം വാക്കുകളിൽ  കഥ പൂർത്തീകരിക്കാനും താൻ പിന്നിട്ട കാലത്തിലെ ചുഴലിക്കാറ്റുകൾ  അനു ഭവങ്ങളായി വീശിയടിച്ചതാണ് ഈ നോവലെന്ന് സൂചിപ്പിക്കാനും നോവലിസ്റ്റിനു കഴിയുന്നത് അവരുടെ എഴുത്തിന്റെ മറ്റൊരു മികവ് കൂടിയാണ് .   -
*******************************************************************************

സീക്കേയാർ 07 / 10 /  2019
























No comments: