പ്രിയ കവിതകൾ

1.സാലറി Jithesh Kamballur   26/ 04 / 2020

2.നിലവിലില്ലാത്തവരുടെ നിലവിളികൾ  BY  ജീവൻ ജിനേഷ് 

3.നിറങ്ങൾ  BY   സ്മേര കമ്പല്ലൂർ

4.പിരമിഡുകൾ BY മനോജ് മണ്ഡപം

5.ഇഴയടുപ്പം* BY SWATHI. RAJAN

കവിതകൾ താഴെ  ചേർക്കുന്നു >>>




സാലറി
____
മാഷേ ടീച്ചറേ
നിങ്ങൾ  വീട്ടിലിരുന്ന് കീറി കത്തിച്ചത്
ആറുദിന കാശിന്റെ
കണക്ക് മാത്രമല്ല,

സക്കാത്തും
വിഷു കൈനീട്ടവും
നാടിന് നൽകിയ
കുഞ്ഞു പഠിതാക്കളുടെ
ഹൃദയങ്ങൾ കൂടിയാണ്...
_____

Jithesh Kamballur   26/ 04 / 2020

*****************
______________________________________________________________________


നിലവിലില്ലാത്തവരുടെ നിലവിളികൾ
_______


നിശ്ശബ്ദം നിശാശ്മശാനം
പക്ഷേ, കാതോർത്താൽ കേൾക്കാം
നിലവിലില്ലാത്തവരുടെ നിലവിളികൾ,
നെടുകെ പിളർന്ന
ഹൃദയങ്ങളുടെ സങ്കടത്തുടിപ്പുകൾ

പുതുമണം വീശിച്ചിരിക്കാൻ കൊതിച്ച
മുല്ലമൊട്ടുകൾ വിടരും മുമ്പേ കൊഴിയുന്നു
വെണ്ണയൊലിക്കും നിലാവിന്റെ പുഞ്ചിരിച്ചുണ്ടിൽ
വിഷം തേച്ചതേതു രാക്ഷസത്വം?

പാറാവുനിൽക്കും ചെരാതുവെട്ടങ്ങൾതൻ
തലയറുക്കുന്നു കനിവറ്റ മാരുതൻ
മൂകമായ് കേഴും രാപ്പാടികളെ
എയ്തുവീഴ്ത്തുന്നു
ഇരുണ്ട വേട്ടക്കണ്ണുകൾ
നടനമാടാതെ മറഞ്ഞിരിക്കുന്നു
മഴവില്ലു സ്ഫുടംചെയ്ത വർണ്ണമയൂരങ്ങൾ

രാത്രിയുടെ നീലത്തടാകത്തിൽ
അടർന്നു വീഴുന്നു വിറയാർന്ന നക്ഷത്രങ്ങൾ
തടവിലാവുന്നു, അതിർത്തികളില്ലാതെ
പാറിനടന്ന മേഘക്കിളികൾ

ഈ താഴ്‌വരയിൽ പഴുത്തു കിടക്കുന്നു
രക്തമുറഞ്ഞപോൽ തുടുത്ത ആപ്പിളുകൾ
കടിച്ചുനോക്കിയാലറിയാം;
ഭയമതിൻ രുചി !


ജീവൻ ജിനേഷ് 
 _____________________________________________________________________


നിറങ്ങൾ 

അവിടെ മേഘങ്ങൾക്ക് പുറകിൽ
നിറങ്ങളെ കുഴിച്ചുമൂടിയിട്ടിട്ടുണ്ടത്രെ..
ഉറങ്ങാത്ത രാത്രികളിൽ അത്രെയും ഞാൻ അവയെ സ്വപ്നം കാണാറുണ്ട്..
പക്ഷേ ചുറ്റും ഇരുട്ട് പടരുമ്പോൾ നിങ്ങളുടെ കണ്ണുകളെ
വെട്ടിച്ച് എനിക്ക് ചുറ്റും ബലിക്കാക്കകൾ
വട്ടമിട്ട് പറക്കും..
നമ്മൾ ശ്മാശാനത്തിന്റെ  കോണിൽ മറവ് ചെയ്ത ആ പഴയ ഓർമ്മകൾ ഇല്ലേ..
അവയൊക്കെയും  ഏകാന്തത, രാത്രിയിൽ അലിഞ്ഞുചേരുമ്പോൾ  പുനർജനിക്കുവാറുണ്ട്..
അന്ന് നീ പറഞ്ഞ യക്ഷികഥയിലെ അഴിഞ്ഞുവീണ
മുടിക്കെട്ടുമായി നിന്നിരുന്നവൾ
ഇന്ന് എന്റെ കണ്ണാടിക്ക് മുന്നിൽ വന്നിരുന്നു..
നാളെ മുറ്റത്തെ തേൻമാവ് വെട്ടുമെന്ന് അവർ എന്റെ കാതുകളിൽ അടക്കം പറഞ്ഞു..
അവർ വന്നതിന് ശേഷം
ആ ചവർപ്പുള്ള നിറയെ മുള്ളുകൾ ഉള്ള മധുരാനാരകത്തിൽ പടർന്നു പിടിച്ച മുല്ലവള്ളികളിൽ  ഒക്കെയും ശവംനാറി പൂക്കളാണ്..
ഈ നിമിഷങ്ങൾ ചരമഗീതത്തിൽ എഴുതപ്പെട്ടവയാണ്...
അടച്ചിട്ട മുറിയിൽ തൂലിക ചലനമറ്റുകിടക്കുന്നു..
പാതിവെന്ത കഥകൾ കൈത്തലങ്ങൾ തേടുന്നു..
മണിമുഴങ്ങാത്ത കോവിലിനുള്ളിൽ ദൈവങ്ങൾ ഒളിച്ചിരിപ്പാണത്രെ !
ഇപ്പോൾ വെളിച്ചം കാണുന്നത്,
തെരുവുകളിൽ വലിച്ചെറിഞ്ഞ മറവുചെയ്യാത്ത കബന്ധങ്ങൾ മാത്രമാണ്..
പക്ഷേ,  എന്റെ കവിതയിലെ
പുഴയും കടലും തീരങ്ങളും
തിര തേടി വന്ന കിളികളും
പുറത്ത് സ്വതന്ത്ര്യമായി ഒഴുകുന്നു..
നിങ്ങൾ ഇനി എനിക്ക് വേണ്ടി ഒഴുകുക..
എനിക്ക് വേണ്ടി പാടുക..
എന്റെ ശേഷിപ്പുകളെ വഹിക്കുക..
ശേഷം, എന്നെയോർത്ത് കരയുക...
***********************************************
സ്മേര കമ്പല്ലൂർ

*********************************************************************
(മനോഹരമായ കവിത.  നമ്മെ ഓർത്ത് പാടാൻ പുഴയും കടലും തീരങ്ങളും ഈ കവിതാ സായാഹ്നത്തിലെ നിമിഷങ്ങളും ബാക്കിയുണ്ടാകും. ഫീനിക്സുകളെ പ്പോലെ നമ്മളും തിരിച്ചു വരും-CKR .)

കവിത : പിരമിഡുകൾ

വാക്കുകൾ കൊണ്ടും
പിരമിഡുകൾ നിർമിക്കാവുന്നതാണ്.
ചെത്തിമിനുക്കിയ കല്ലുകൾ പോലെയാകണം
അക്ഷരങ്ങൾ പെറുക്കിയെടുത്തു വയ്ക്കേണ്ടത്.
കവിതകൾ കൊണ്ട് ചാന്ത് കുഴക്കണം
തേച്ചുമിനുക്കേണ്ടത് കഥകൾ കൊണ്ടാകണം.
തോറ്റുമടങ്ങിയവരുടെ ദുരിതഗാഥകളല്ല
മരണാനന്തര സ്മൃതികൾക്ക് ബലിച്ചോറാകേണ്ടത്.
കടന്നുപോകേണ്ട വഴികളിലത്
ക്ഷുഭിതകാലത്തിന്റെ വീരക്കല്ലുകളാകണം
പരുപരുത്ത പ്രതലങ്ങളിൽ നിന്നുയരുന്ന സംഗീതത്തിന്
പൊട്ടിച്ചെറിഞ്ഞ ചങ്ങലകളുടെ താളമുണ്ടായിരിക്കണം
ഒരു കറുത്ത യവനികയ്ക്കും
മറയ്ക്കാനാവില്ലത്
ഒരു നൃശംസതയ്ക്കും
തകർക്കാനാവില്ലത്.
കാരണം
ഹൃദയ ഖനികളിൽ നിന്ന് കുഴിച്ചെടുത്ത
വാക്കുകൾ കൊണ്ടാണല്ലോ
ഈ പിരമിഡുകൾ നിർമ്മികപ്പെട്ടത്.
********************************************
മനോജ് മണ്ഡപം

_______________________________________________________________________

ഇഴയടുപ്പം*

******

സ്വബോധത്തെ ചങ്ങലയ്ക്കിട്ട്
ഭ്രാന്തിനെ സ്വതന്ത്ര്യമാക്കി
നോവിന്റെ അറകളെല്ലാം
മലർക്കെത്തുറന്ന്
ഉണങ്ങാത്ത മുറിവിന്
മരുന്നന്വേഷിച്ചവൾ
മനസ്സിന്റെ ഊടുവഴികളിലൂടെ അലഞ്ഞു.
ചോർന്നൊലിച്ച പ്രണയവും
ചോര കിനിയുന്ന ഹൃദയവും
തകർന്നടിഞ്ഞ സ്വപ്നങ്ങളും
അവൾക്ക് വഴികാട്ടികളായി.

അവസാനിക്കാത്ത യാത്രകളിലേക്ക്
നടന്നു നീങ്ങിയപ്പോൾ
ചങ്ങലക്കണ്ണികളുരഞ്ഞ്
യാഥാർത്ഥ്യമവളെ വീണ്ടും
മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
ചൂണ്ടക്കണ്ണികളിൽ കൊരുത്ത
ഇരയെപ്പോലെയവൾ
നൊന്തു പിടഞ്ഞു
അലറിക്കരഞ്ഞു
ഭ്രാന്തിന്റെ ആഴങ്ങളിലേക്ക്
ഊർന്നു വീണു.

അവിടെയവൾക്ക് കൂട്ടായി
അവൻ വന്നു
ചുംബനങ്ങൾ കൊണ്ട്
അവനവളുടെ മുറിവുകളുണക്കി
പ്രണയം കൊണ്ട് ഹൃദയം തുന്നിച്ചേർത്തു
കൈക്കുമ്പിളിൽ സ്വപ്നങ്ങൾ വാരിക്കൂട്ടി
പുതുവർണ്ണങ്ങൾ കൊണ്ടവൻ
അവളുടെ ലോകത്തിന് നിറമേകി
അവളിലവൻ വീണ്ടും ജനിച്ചു.

ചങ്ങലക്കണ്ണികൾ വീണ്ടുമവളുടെ
കാലുകൾ വരിഞ്ഞുമുറുക്കി ആർത്തിയോടെ പുഴുക്കളാ
ശരീരം കാർന്നുതിന്നു
അപ്പോഴുമവളുടെ വരണ്ട ചുണ്ടുകൾ
അവനുവേണ്ടി പുഞ്ചിരിച്ചു
തളർന്ന കണ്ണുകൾ അവനുവേണ്ടി
മാത്രം തിളങ്ങി
അവനിലവൾ സ്വതന്ത്ര്യയായി.

നിറം കെട്ട രാത്രികളിലൊരു
നക്ഷത്രമായി അവന്റെ
ഓർമ്മകളിലവൾ പുനർജ്ജനിച്ചു
പുലരുവോളം അവന്റെ സ്വപ്നങ്ങൾക്ക്
വെളിച്ചമായി
തോരാത്ത വിഷാദം നിറഞ്ഞു പെയ്യുമ്പോൾ
ആശ്വാസത്തിന്റെ പുതപ്പായവനെ
പൊതിഞ്ഞു മൂടി
 ജീവശ്വാസത്തിന്റെ അകലങ്ങളിൽ നിന്ന് അവനുവേണ്ടിയവൾ
സ്വപ്നങ്ങൾ നെയ്തു
 ഊടും പാവുമേകി കാലം ആ
ഇഴകൾ അടുപ്പിച്ചു കൊണ്ടേയിരുന്നു.

                                     SWATHI. RAJAN

comments

മകളേ, പ്രാണന്റെ വേദനകൾക്ക് ചെവിയോർക്കാൻ  ഈ കവിത പ്രേരിപ്പിക്കുന്നു.

___________________________________________________________________________




No comments: