Wednesday 2 October 2019

അശാന്തിപർവം -സുഷമ സുരേഷ് 02/10/2019

അശാന്തിപർവം -സുഷമ സുരേഷ്  02/10/2019


സുഷമയുടെ കഥകളിൽ നഗര ജീവിതത്തിൻറെ വ്യഥകളും മിഥ്യാധാരണ കളും  സ്ത്രീ ശാക്തീകരണത്തിന്റെ പ്രവണതകളും  ചർച്ച ചെയ്യപ്പെ ടുന്നുണ്ട് .സ്വാശ്രയസംരംഭങ്ങളിലേക്കു മാറുന്ന സ്ത്രീജീവിതം  നേരിടുന്ന വെല്ലുവിളികൾ "വക്രദൃഷ്ടി" എന്ന കഥയിൽ  ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളും ഗൂഢാലോചനക ളുമായി മാറുന്നത് വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട് .  വളരെ ലളിതവും മറകളില്ലാത്തതു മായ ഒരു കഥനരീതി  കഥകളെ വായനയോഗ്യമാക്കുന്നു .താളം തെറ്റിയ ചുവടുകൾ എന്ന കഥയിൽ ചേരിപ്രദേശങ്ങളിലെ ജീവിതത്തിലേക്ക് കഥ കടന്നു ചെല്ലുകയും ചേരിജീവിതത്തിന്റെ ദൈന്യങ്ങളിൽ അനുതപിക്കുകയും ചെയ്യുന്നു .

മനസ്സിന്റെ മാറാലകൾ  എന്ന  കഥയിലെ ജയലക്ഷ്മിയും  അച്ഛൻറെ സ്‌നേഹം അനുഭവിക്കാനായി മാത്രം അമ്പലത്തിൽ പോകുന്ന കാവേരിയെന്ന കഥാപാത്രവും മൗലികതയുള്ള ചിത്രങ്ങളാണ് .   "പുഴയുടെ ദുഃഖം പുഴ മാത്രമേ അറിയൂ .തീരങ്ങളിൽ നിൽക്കുന്നവർക്ക് അതിൻറെ ആഴങ്ങളിൽ കണ്ണയച്ചു നിൽക്കാനേ കഴിയൂ  .ആഴങ്ങളിലെ ചുഴികൾ  കാണാൻ പോലുമാവില്ല"  ഇത് പോലെ മനസ്സിൽത്തട്ടുന്ന ധാരാളം പ്രകൃതി നിരീക്ഷണങ്ങൾ  സുഷമയുടെ കഥകളിൽ തിളങ്ങുന്നുണ്ട് .

മഞ്ഞുരുകുമ്പോൾ  എന്ന കഥയും  വ്യത്യസ്തമായ പശ്ചാത്ത ലത്തിലാ ണ്  ഒരുക്കിയിരിക്കുന്നത്  .കലാലയമേധാവിയുടെ കർശനമായ ചിട്ടകൾ  അയാളെ സഹപ്രവർത്തകരിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റി നിറുത്തുന്നതും വ്യക്തി  ജീവിത ത്തിൻറെ കയ്പുകളിൽ അയാളുടെ   മനസ്സ്  നീറുന്നതും ഈ കഥ  സമർത്ഥമായി നമ്മളെ ബോധ്യപ്പെടുത്തുന്നു .അകത്തും പുറത്തുമുള്ള  ഏകാന്തതകളുടെ കഥാകാരിയാണ് സുഷമ .

അനുപല്ലവി  എന്ന  കഥയിൽ അഭിമാനിയായ  ഭാഗവതരുടെ ദൈന്യമാർന്ന ചിത്രം നമ്മളോട് വിശദമായി വിവരിക്കുന്നത് സെൻസസിനായി   അയാളുടെ വീട്ടിൽ പോയിരുന്ന ഒരു പുരുഷ കഥാപാത്രമാണ് .കഥകളിൽ സുഷമ  പുരുഷ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് കൗ തുകകരമാണ് .രാഷ്ട്രീയക്കാരും മറ്റു സംഘടനക്കാരും അയാളുടെ ( ഭാഗവതരുടെ )കലയെ മറ്റെന്തോ ആക്കി മാറ്റിയിരിക്കുന്നു എന്ന വരികൾ ഉള്ള ഖണ്ഡിക കേവല വിവരണവും അരാഷ്ടീയ വാദത്തോട് ഇഴചേരുന്നതുമായി മായി മാറിപ്പോവുന്നുണ്ട് .ഈ കഥയുടെ അവസാന ഖണ്ഡികയിലെ വരികളിലും വാക്കുകൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നതായി തോന്നി.

അശാന്തിപർവ്വം എന്ന കഥ സ്ത്രീപീഡന വാർത്തകളോടുള്ള അതിശക്തമായ പ്രതികരണമായി മാറുന്നു .ഇതിലെ സ്ത്രീമനസ്സു  കാമപ്പിശാചുകൾക്കു അതി കഠിനവും മൃഗീയവുമായ ശിക്ഷകൾ സ്വപ്നം കാണുന്നു ,അതോടൊപ്പം ദുഷ്ടനിഗ്രഹത്തിനായി ഈശ്വരൻ അവതരിക്കുമെന്ന പ്രതീക്ഷയുമുണ്ട് .അപമാനിതയായ പെൺകുട്ടിയുടെ ശരീരത്തിനേറ്റ മുറിവു കൾ ചികിൽസിച്ചു മാറ്റാം .പക്ഷേ അവളുടെ മനസ്സിനേറ്റ  മുറിപ്പാടുകൾ ആർക്കാണ് ചികിൽസിച്ചു മാറ്റാനാവുക എന്ന് ശാരദ എന്ന വീട്ടമ്മ വിലപിക്കുന്നു .നേരം വണ്ണം വെച്ചുണ്ടാക്കാത്തതിന്  മക്കളുടേയും ഭർത്താവിന്റേയും കുറ്റപ്പെടുത്തലുകൾക്ക്  ഇത്തവണ  ഒന്നും പ്രതികരിക്കാതെ ശാരദ ഒരു പ്രതികാരസ്വപ്നത്തിൽ  ശാന്തി തേടുന്ന വിധത്തിലാണ് സുഷമ സുരേഷ് കഥ തീർക്കുന്നത് .ഞെട്ടിക്കുന്ന ദൃശ്യ ബിംബങ്ങൾ  അസ്വസ്ഥമായ മനസ്സിൻറെ തീക്ഷ്‌ണ ചിന്തകളെ പ്രതിഫലിപ്പിക്കാൻ ഉതകുന്നുണ്ട് . നേരം വണ്ണം വെച്ചുണ്ടാക്കൽ  സ്ത്രീയുടെ  മാത്രം ഉത്തരവാദിത്തമാകുന്ന കാഴ്ചപ്പാടുകൾ  എവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല .  വിലാപത്തിലും ഈശ്വര സഹായം എന്ന കിനാവിനുമപ്പുറം കഥ പോകുന്നില്ല എന്ന പരിമിതിയും കാണേണ്ടതാണ് ."ഇടക്ക് ഇറച്ചിക്കും ബിരിയാണിക്കുമായി നടക്കുന്ന സമരങ്ങളെ" അനവസരത്തിലും മതരാഷ്ട്രീയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണങ്ങളാണവ  എന്ന്ഉൾക്കൊള്ളാതെയുമാണ്   പരാമർശിച്ചിരിക്കുന്നത് എന്നു തോന്നി .ദുഷ്ട നിഗ്രഹത്തിനായി ആരെങ്കിലും അവതരിക്കും  എന്ന് കാത്തിരു ന്നിട്ട്  കാര്യമൊന്നുമില്ല .സമത്വത്തിനും നീതിക്കും  വേണ്ടിയുള്ള കലാപം വീട്ടകങ്ങളിൽ അവനവൻ തന്നെ തുടങ്ങേണ്ടതുണ്ട് .മക്കളിൽ നിന്നും പുരുഷനിൽ നിന്നും സ്ത്രീക്ക് ലഭിക്കേണ്ടത് ആഹാരം പാകം ചെയ്യലടക്കം എല്ലാ വീട്ടു  ജോലികളിലും പങ്കാളിത്തവും സമത്വവും പരസ്പരബഹുമാനവുമാണ് .താൻ  അടിമയാണെന്നും ആരാലെങ്കിലും രക്ഷിക്കപ്പെടാൻ മാത്രം വിലപിക്കലാണ് തൻ്റെ ജോലിയെന്നും സ്ത്രീ കരുതിയാൽ മാറ്റം അസാദ്ധ്യമാണ് .
" വാനപ്രസ്ഥം " മക്കളുടെ വിധിയിൽ കഴിയേണ്ടിവരുന്ന വാർദ്ധക്യത്തിൻറെ ആകുലതകൾ പറയുന്നു .
തൻ്റെ ആരുമ ല്ലാത്ത എങ്ങോ കിടക്കുന്ന ഒരു ഭ്രാന്തന് വേണ്ടി അസ്വസ്ഥപ്പെടുന്ന ഒരു മനസ്സാണ് പാവം മണിസ്വാമിയെ നമുക്ക് പരിചയപ്പെടുത്തുന്നത് .ആധുനിക സൗകര്യങ്ങളെല്ലാം അനുഭവിക്കുന്ന മാളികവീടുകളിൽ താമസിക്കുന്ന മനുഷ്യർ എത്ര അസംതൃപ്‌തരാണ് .അത്  കണ്ടിട്ടാവാം ഭ്രാന്തൻ ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന കഥാകാരിയെയാണ്  ഈ കഥയിൽ    നാം കാണുന്നത് .ഇതിലും രാഷ്‌ട്രീയത്തിന്റെ പേരിൽ ഓടി നടക്കുന്ന മനുഷ്യരേ യും മാനസിക രോഗികളായാണ് കഥാകാരി വരച്ചു വെക്കുന്നത് എന്നത് എനിക്ക് അസ്വീകാര്യമായി തോന്നി .ആർദ്രതയും വെളിവുമുള്ള എത്രയോ രാഷ്ട്രീയക്കാരാണ് കേരള സമൂഹത്തിൽ ഇന്നു കാണുന്ന നന്മകൾക്ക് കാരണക്കാർ എന്നത് മറച്ചു വെക്കേണ്ട ഒരു കാര്യമല്ല .

കശാപ്പുകാരൻ കോഴികളെ വളർത്തുന്നതും രാഷ്ട്രീയ നേതാവ് അണികളെ വളർത്തുന്നതും ഒരേ ലക്ഷ്യത്തോടെയാണെന്നു  തൊട്ടടുത്ത നിയോഗം എന്ന കഥയിൽ  കഥാകാരി എടുത്തുപറയുന്നുണ്ട് .മുൻ വിധിയോടെയുള്ള സാമാന്യ വൽക്കരണം എന്നേ ഇതേക്കുറിച്ചു പറയാനുള്ളൂ .ചില നേതാക്കളും ചില  അണികളും അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നുണ്ടാകാം .സർക്കാർ ജീവനക്കാരെല്ലാം അഴിമതിക്കാരാണെന്നു പറയുന്നത് പോലെയുള്ള അസത്യമായി കഥകളിലെ ചില നിരീക്ഷണങ്ങൾ മാറുന്നുണ്ട് . അന്യ മതത്തിൽപ്പെട്ടവരെ  കൊന്നൊടുക്കാനുള്ള  ആയുധ പരിശീലനം നേടി രാഷ്ട്രീയ ത്തിന്റെ മുഖം മൂടി അണിഞ്ഞു മനുഷ്യരെ പച്ചക്കു കൊല്ലുന്ന ചില സംഘങ്ങളുടെ നിരന്തര ഇടപെടലുകളാണ് രാഷ്ട്രീയക്കാരനെ കൊലക്ക് കൊടുക്കുന്നത് എന്ന്‌ തിരിച്ചറിയാനും കഥക്ക് കഴിയേണ്ടതല്ലേ ? കഥ  ചില പ്രത്യേക സംഭവങ്ങളിൽ നിന്നും ചില മനുഷ്യരിലേക്കും ആശയങ്ങളിലേക്കും വികസിക്കുന്നതിനു പകരം സംഭവങ്ങൾക്കും വായനക്കാരനുമിടയിൽ   പൊതുവായ വിവരണം മാത്രമായിപ്പോവുമ്പോഴാണ്  കഥയുടെ ആഴം കുറഞ്ഞു പോവുന്നത് .

ഇരുൾച്ചുഴികളിൽ  നഗരപാതയിലൂടെ തൻ്റെ കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചു കൊണ്ട് ഓടേണ്ടിവരുന്ന യുവതിയായ യാചകിയുടെ ചിത്രം ഏതു മനസ്സിനേയും അസ്വസ്ഥപ്പെടുത്തും .ആളുകളും വാഹനങ്ങളും പശുക്കളും ഒഴുകുന്ന നഗരത്തിൽ ഇരുട്ടിൻറെ നീക്കങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദീപസ്‌തംഭമായി ഈ  കഥ ഉയരുന്നു .

മദ്യദുരന്തത്തിൽ മരണപ്പെട്ട ആളിന്റെ കുടുംബത്തിന് അനുവദിക്കപ്പെടുന്ന ധനസഹായം മദ്യപാനികൾക്കുള്ള പ്രോത്സാഹനമെന്നു തിരിച്ചറിഞ്ഞു ഞെട്ടുന്ന ജാനകി എന്ന വിധവയെ അവതരിപ്പിക്കുകയാണ് ചിതയെരി യുമ്പോൾ എന്ന കഥയിൽ .ആക്ഷേപഹാസ്യവും അത്യുക്തിയും ഇഴചേരുന്ന ഈ കഥ ചിന്തോദ്ദീപകമാണ് ,

അദ്ധ്യാപക ജീവിതത്തിലെ ചില ഇടപെടലുകൾ തൻ്റെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വരുത്തുന്ന വ്യതിയാന ങ്ങളിൽ  നൊമ്പരപ്പെടുന്ന സുഷമ ടീച്ചറെയാണ് ചിരിയിലെ നൊമ്പരങ്ങൾ എന്ന കഥയിൽ കാണാവുന്നത് .മതനിരപേക്ഷമായ ഒരു പശ്ചാത്തലത്തിലേക്ക് അലി അക്ബറിൻറെ ജീവിത കഥ വളരുകയും ചെയ്യുന്നു..താളംതെറ്റിയ ചുവടുകളിൽ ചേരിപ്രദേശത്തിൻറെ വ്യഥകളിലും കൊച്ചു സന്തോഷങ്ങളിലും അലിഞ്ഞു ചേരാൻ കഴിയാതെ വിഷമിക്കുന്ന അദ്ധ്യാപക മനസ്സ്   നഗരജീവിതത്തിൽ വന്നു ചേർന്ന സാംസ്കാരികമായ വിടവുകളെ കുറിച്ച് നമ്മെ ബോധവത്കരിക്കുകയാണ്‌ .

നന്ദിതയുടെ അമ്മ എന്ന കഥയിൽ  വളരെ വ്യത്യസ്തമായ  ഒരു പെണ്മനസ്സിനെ നാം അറിയുന്നു.അമ്മയുടെ ആൽമഹത്യ വരുത്തിയ വിടവുകളിൽ ഉത്തരവാദിത്തവും സ്നേഹവും തന്റേടവുമാർന്നു  കഥ വികസിക്കുമ്പോൾ  പ്രകാശം പൊലിഞ്ഞു പോയ തൻ്റെ ജീവിതത്തിൽ ഒരു തിരിച്ചു വരവ്‌ നടത്തുന്ന നന്ദിതയെന്ന പെൺകിടാവിൻറെ ധീരമായ നീക്കങ്ങൾ തെളിയുന്നുണ്ട് .കണ്ണീരു തുടച്ചു കളയാനും ശക്തിയിലേക്കു കുതിക്കാനും പ്രേരിപ്പിക്കുന്ന ഈ കഥ സുഷമ എന്ന കഥാകാരിയുടെ നയപ്രഖ്യാപനമായി മാറുന്നു .

ജീവിത യാത്രകളിൽ അകക്കണ്ണ് തുറന്നുവെച്ച ആർദ്രമായ ഒരു മനസ്സിൻറെ   അതിശക്തമായ ജീവിത വ്യാഖ്യാനങ്ങളാണ് സുഷമ സുരേഷ്  തൻ്റെ ആദ്യ പുസ്തകത്തിലെ  പതിമൂന്നു കഥകളിൽ പകർന്നുവെച്ചിരിക്കുന്നത് .കഥക്ക് വേണ്ടിയുള്ള കഥകളല്ല .ഒരു പുസ്തകത്തിന് വേ ണ്ടിയുള്ള  പുസ്തകവുമല്ല .ചില കഥകളിൽ അശാന്തിക്ക് കാരണമായി കഥാകാരി കണ്ടെത്തുന്ന കാരണങ്ങളോടും  മുൻധാരണകളോടും  വിയോജിച്ചുകൊണ്ടു തന്നെ നട്ടുച്ചക്ക് പോലും ഫാസിസത്തിൻറെ ,മതരാഷ്ട്രീയത്തിന്റെ ഇരുട്ടുപരക്കുന്ന ഈ കെട്ട  കാലത്തു അനുവാചകമനസ്സിൽ അശാന്തി വിതക്കുന്ന   ധീരവും ഒന്നിനൊന്നു വ്യത്യസ്തവും മൗലികവുമായ ഈ കഥകളെ സാദരം സസ്നേഹം സ്വീകരിക്കുന്നു .ഇനിയും ചിന്തിക്കാനും സ്വയം ശാക്തീകരിക്കാനും എഴുതാനും  സമയവും സാവകാശവും ലഭിക്കട്ടെ എന്ന് ആശം സിക്കുകയും ചെയ്യുന്നു .
 ജനാധിപത്യ ക്രമത്തിലെത്താൻ
ഗാന്ധിയുടേയും  ജവഹർലാൽ നെഹ്‌റുവിൻറെയും  നേതൃത്വത്തിൽ  ഇന്ത്യൻ ജനത നടത്തിയ പോരാട്ടം രണ്ടു തലങ്ങളിൽ ആയിരുന്നു .ഇഷ്ടപ്പെടാത്ത  അഭിപ്രായം പറയുന്ന ആളുകളെ വീട്ടിൽ നിന്ന് പുറത്താക്കാനും പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും അയക്കാനും ചില ആളുകൾ പദ്ധതിയിടുന്ന ഈ കറുത്ത കാലത്തു നേരത്തെ പറഞ്ഞ രണ്ടു തലങ്ങളിൽ ഉള്ള പോരാട്ടം തുടരേണ്ടിയിരിക്കുന്നു .രണ്ടു തലം  എന്ന് പറഞ്ഞത് ഒന്ന് നിലവിലുള്ള ഫാസിസ്റ്റു പ്രവണതകളെ നിരന്തരം പ്രതിരോധിക്കുക എന്നതാണ് .രണ്ടാമതാകട്ടെ , നമ്മുടെ ഇടയിലുള്ള സാമൂഹ്യ അനീതികളെയും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ-കലാസാംസ്കാരിക പ്രവർത്തങ്ങളിലൂടെയുള്ള പ്രചാരണങ്ങളും മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയുള്ള നിയമ നിർമ്മാണവും  അതിശ്രദ്ധയോടെ തുടരുക എന്നുള്ളതാണ് .സുഷമ സുരേഷിന്റെ പുസ്തക പ്രസിദ്ധീകരണം അർഥപൂർണമായ ഒരു സംസ്കാരിക പ്രവർത്തനമാകുന്നത് രണ്ടാമത് പറഞ്ഞ തലത്തിലാണ് .നമ്മുടെ ജീവിതത്തിലുള്ള അനീതികളെ വിശകലനം ചെയ്യാനും അവക്കെതിരെയുള്ള പ്രവർത്തന ങ്ങൾ ശക്തിപ്പെടുത്താനും ഈ കഥകളുടെ വായനയും തുടർന്നുള്ള ചർച്ചകളും ഉപകരിക്കും എന്നതിൽ സംശയമില്ല .അശാന്തിപർവ്വത്തിലെ 13 കഥകളും ഒന്നിനൊന്നു വ്യത്യസ്ഥമായ സാമൂഹ്യപ്രശ്നങ്ങൾ ആണ് ചർച്ച ചെയ്യുന്നത് .വാർദ്ധക്യത്തിന്റെ പ്രശ്നങ്ങൾ ,സ്ത്രീ ശാക്തീകരണം നേരിടുന്ന വെല്ലു വിളികൾ,സ്ത്രീ പീഢന ത്തിന്റെ മുറിവുകൾ ,രാഷ്‌ടീയത്തിൻറെ അപചയമായ അക്രമ ങ്ങൾ ,അരാഷ്ട്രീയവാദത്തിന്റെ ഉള്ളറകൾ ,നഗര ജീവിതത്തിന്റെ മാനസിക ചാപല്യങ്ങൾ ,വ്യക്തികൾ അകത്തും പുറത്തുമായി അനുഭവിക്കുന്ന ഏകാന്തതയുംചൂഷണവും    എന്നിങ്ങനെ സമൂഹ ജീവിതത്തിന്റെ താളക്കേടുകൾ ചർച്ച ചെയ്യുന്ന ഈ പുസ്തകം വർത്തമാനകാലത്തു പ്രസക്തമാകുന്നത് ഇങ്ങനെയൊക്കെയാണ്.സുഷമയുടെ തുടർന്നുള്ള എഴുത്തു നേരത്തെ സൂചിപ്പിച്ച ഇരുട്ടിന്റെ ശക്തികളെ    പ്രതിരോധിക്കുന്നതിനുള്ള  വഴികൾ - അവതാരങ്ങളുണ്ടാകുമെന്ന മോഹങ്ങൾക്കപ്പുറം -തേടുമെന്നും അങ്ങിനെ  കൂടുതൽ ചര്ച്ച ചെയ്യപ്പെടാനിടയാക്കുമെന്നും  പ്രത്യാശിക്കുന്നു .












No comments: