Sunday 12 January 2020

കാന്തൻ ദ ല വ ർ ഒഫ് കളർ എന്ന സിനിമ-മന :ശാസ്ത്ര പഠനമെന്ന നിലക്ക്

 കാന്തൻ ദ ല വ ർ ഒഫ് കളർ എന്ന സിനിമ ഇന്നലെ എന്റെ ഭാര്യയോടും അവളുടെ ആങ്ങളയുടെ  രണ്ടു മക്കളോടുമൊപ്പം മുഴുവൻ നേരമിരുന്നു കണ്ടു.ഒപ്പമുണ്ടായിരുന്ന 8 വയസ്സുകാരൻ സിനിമ സൂപ്പർ എന്നു പറഞ്ഞു .പത്തു വയസുകാരി കുഴപ്പമില്ല എന്നും അയാൾ എന്തിനാ കുഴിയിൽ മണ്ണിട്ട് മരിച്ചത് എന്നും ചോദിച്ചു.മുതിർന്നവരായ ഞങ്ങൾ രണ്ടു പേർക്കും സിനിമ ഇഷ്ടപ്പെട്ടില്ല. അതേ സമയം സിനിമ വ്യത്യസ്തമായ ഒരു അനുഭവമാക്കാനു ള്ള താങ്കളുടെ പരിശ്രമത്തെ ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നു.

       ഞാൻ കണ്ട ഒരു പ്രശ്നം സിനിമക്ക്  ഉദ്വേഗമുണർത്തുന്ന ഘടകങ്ങൾ ഇല്ല എന്നതാണ്.ചിലയിടങ്ങളിൽ അത് വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. ആദ്യത്തെ 30-45 മിനിട്ടിനുള്ളിൽ രണ്ടു തവണയെങ്കിലും കാഴ്ച മതിയാക്കി എഴുന്നേറ്റു പോരാൻ എനിക്കു തോന്നി.
      കാന്തനു ആവശ്യത്തിലധികം വൈരൂപ്യം കൊടുക്കാൻ വേണ്ടി, ഉന്തിയ പല്ലുകൾ പിടിപ്പിച്ചത് പോലെ   തോന്നുന്നുണ്ട്. അതുപോലെ ദയാ ഭായി അവതരിപ്പിക്കുന്ന ഇത്യാമ്മ (അമ്മമ്മ ) 'അടിയ' ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രമായി തോന്നിയില്ല. ഒരു പക്ഷെ  അരികു വൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്കായി നടത്തപ്പെടുന്ന പോരാട്ടങ്ങൾ മനസിലുണ്ടാക്കാൻ അവരുടെ സാന്നിധ്യം ഉപകരിക്കുന്നെണ്ടങ്കിലും സിംബോളിസത്തിന്റെ സാധ്യതക്കപ്പുറം ആ കഥാപാത്രം കൂടുതലൊന്നും തരുന്നില്ല. മാത്രമല്ല ,പല തവണ സൂം ചെയ്യപ്പെടുന്ന അവരുടെ മുഖം, നിറ ഭേദം കൊണ്ടും പരിഷ്കാരത്തിന്റെ മേമ്പൊടി കലർന്ന ഭാവങ്ങൾ കൊണ്ടും (ചലനങ്ങൾ, ചിരി ,പ്രതികരണരീതി )ഗോത്രവർഗ തായ്  വേരു കളില്ലാത്ത     കഥാപാത്രതന്റേതു പോലെയായാണ്  എനിക്ക് തോന്നിയത്.


         സിനിമയുടെ തുടക്കത്തിൽ സ്‌ക്രീനിൽ കൊടുത്ത ,തീമിനെ കുറിച്ചുള്ള വിശദാംശങ്ങൾ മുഴുവൻ വായിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. സമയം പ്രശ്നമാണെങ്കിൽ വിശദീകരണം ചുരുക്കണമായിരുന്നു.ഇതിനെ തുടർന്നു വരുന്ന 2 ടൈറ്റിൽ കുറിപ്പുകളും വായിക്കുന്നതു  പൂർണമാക്കാൻ കഴിയാതെ മാഞ്ഞു പോകുന്നുണ്ട്. ഭാഷ മനസിലാകാത്തതിന്റെ പ്രശ്നം സിനിമയിൽ പലയിടത്തും ഉണ്ട്. പല ഡയലോഗുകളും കുട്ടികൾ ചോദിച്ചതിനാൽ ഇംഗ്ലിഷ് സബ്ടൈറ്റിൽ വായിച്ചു മലയാളത്തിൽ ഞാൻ പറഞ്ഞു കൊടുക്കുകയാണുണ്ടായത്. ഇത് എന്റെ കാഴ്ചയേയും അലോസരപ്പെടുത്തി.മലയാളം സബ്ടൈറ്റിൽ കൂടി ഉൾപ്പെടുത്തി വേണം സ്കൂളുകളിലോ ഗൃഹ സദസുകളിലോ പ്രദർശിപ്പിക്കേണ്ടത്. സിനിമയിൽ ഡയലോഗുകൾ കുറവാണ്. പക്ഷെ ഉള്ളിടത്ത്  അത് ഡയലോഗിനെ മാത്രം ആശ്രയിച്ചു സംവദിക്കുന്നു എന്നതാണ് പ്രശ്നം.

        അടിയ സമൂഹത്തിൽപ്പെട്ട മനുഷ്യരുടെ ഇന്നത്തെ ജീവിതാവസ്ഥയിൽ നിന്ന് ഇടത്തരം ,മധ്യ വർഗ  ജീവിത രീതികളിലേക്കുള്ള ചുഴിഞ്ഞുനോട്ടമായി പലയിടത്തും സിനിമ അനുഭവപ്പെടുന്നുണ്ട്. എന്നാൽ  അത്തരം ഒരു ഡോക്യുമെന്ററിയുടെ അവശ്യ ഘടകങ്ങളിലേക്ക്  സിനിമ ഉയരുന്നുമില്ല. മനുഷ്യബന്ധങ്ങളോ, അയൽപക്ക ബന്ധങ്ങളോ , ഉപജീവന പ്രതിസന്ധികളോ സിനിമയുടെ വിഷയമായിട്ടില്ല. അത്തരം അവസ്ഥകളുടെ ഒരു നൂൽബന്ധത്തിൽ നിന്ന് പാരിസ്ഥിതിക പ്രമേയത്തിലേക്ക്  സിനിമ വികസിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
           ഡോക്യുമെൻററിയല്ല, ഫിക്ഷനുമല്ല എന്നാൽ  പരിസ്ഥിതി സന്ദേശം നൽകുന്ന സിനിമ എന്ന് ബ്രാൻഡ് ചെയ്യപ്പെടാൻ ഏറെ സാധ്യതയുമുള്ള ഒരു ശ്രമം എന്ന സമീപനം കാണുന്നുണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണം എന്നത്  വേണ്ടത്ര ആഴത്തിൽ, തെളിവോടെ ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല.മരം മുറിഞ്ഞു വീഴുമ്പോഴും മരം മുറിക്കപ്പെടുമ്പോഴുമുള്ള വിഹ്വലത നിരവധി ദൃശ്യങ്ങളിലൂടെ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. ആത്മഹത്യയുടെ ദൃശ്യം കാണിച്ച ശേഷം ആ മരിച്ചത് താനാണെന്ന് കാന്തനു തോന്നുന്നതിൽ നിന്ന് മരം ഈർന്നെടുക്കുന്ന ദൃശ്യങ്ങളിലേക്ക് ചെന്ന് അവിടെ സ്വയം മുറിക്കപ്പെടുകയാണെന്ന് കാന്തന് തോന്നുന്ന ദൃശ്യങ്ങൾ വന്നിടത്ത് മികച്ച നിലവാരത്തിലുള്ള ഒരു സിനിമാനുഭവത്തിന്റെ കരുത്തും തനിമയും ലഭിക്കുന്നുണ്ട്. മണ്ണിന്റെയും മരങ്ങളുടേയും മൃഗങ്ങളുടേയും പ്രതിസന്ധികളിലേക്ക് താദാത്മ്യം പ്രാപിക്കുന്ന ഗോത്ര മനസ്സിന്റെ ഏഴഴകു തെളിയിക്കുന്ന ശക്തമായ ഒരു പദ്ധതി ഇവിടൊക്കെ പതിഞ്ഞു കിടക്കുന്നു എന്നത് ഈ സിനിമയെ വേറിട്ട താക്കുന്നു.

ആത്മഹത്യയുടെ ദൃശ്യം മുഴുവൻ കാണിക്കേണ്ടിയിരുന്നില്ല. അത് ഒഴിവാക്കിയാൽ അവിടെ കാന്തന്റെ തല ചേർത്ത ദൃശ്യത്തിന് ശക്തി കുറ യു മോ / തുടർച്ച നഷ്ടപ്പെടുമോ എന്ന സംശയത്തിൽ നിന്നാണ് സാധാരണ ഗതിയിൽ, തൂങ്ങി നിൽക്കുന്ന  കാലുകൾ മാത്രം കാണിച്ച് ധ്വനിപ്പിച്ച് ഒഴിവാക്കാവുന്ന, ഒഴിവാക്കേണ്ടുന്ന ആ സീൻ ഉൾപ്പെടുത്താനുള്ള തീരുമാനം വരുന്നത്. എഡിറ്റ് ചെയ്യപ്പെടേണ്ട അസ്വസ്ഥതയുളവാക്കുന്ന ഒരു വിഷ്വൽ ആണത്. I hate violence on Screen എന്ന അടൂർ ഗോപാലകൃഷ്ണന്റെ വ്യക്തമായ നിലപാടും ഓർമിപ്പിക്കുകയാണ്.ഷോക്കിംഗ് ആയ ദൃശ്യങ്ങളിലൂടെ കഥ പറയുക എന്ന തന്ത്രത്തിന്റെ ഭാഗമായിരിക്കാം. അവസാന രംഗങ്ങളിലും ഈ ഒരു സമീ പ ന മുണ്ട്. മരം നടുന്ന കുഴിയിൽ തന്നെ മനുഷ്യ ജീവിതവും തീർക്കുന്ന വിചിത്രമായ വല്ല ആചാരവും ഈ ചിത്രീകരിക്കപ്പെട്ട പ്രത്യേക സമൂഹത്തിലുണ്ടോ, അറിയില്ല.
       പഥേർ പാഞ്ചാലി യുടെ ഒരു വിദൂര സ്മരണ സിനിമയുടെ ആദ്യ വിഷ്വലുകളിൽ നിറയുകയും പിന്നീട് പലയിടത്തും തെളിഞ്ഞു മായുകയും ചെയ്യുന്നുണ്ട്. മാസ്റ്റർ പീസുകളുമായി താരതമ്യം ചെയ്യപ്പെടുക എന്നത് വ്യത്യസ്തമായി സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരു പുതു മുഖ സംവിധായകനും നേരിടുന്ന വെല്ലുവിളിയാണ്.പലഹാരങ്ങൾക്കു പുറമെ  ആർത്തി പിടിച്ചു പോകുന്ന ബംഗാൾ ഗ്രാമത്തിലെ കിടാങ്ങളുടെ ദൃശ്യം സത്യജിത് റായ് അവസാനിപ്പിക്കുന്നത് അവരെ പിൻതുടർന്നു പോകുന്ന ഒരു തെരുവുപട്ടിയുടെ പ്രതിബിംബം കാണിച്ചു കൊണ്ടാണ്. മനുഷ്യനും നായയും ( മൃഗങ്ങളും ?) ഒക്കെ ഇടകലർന്ന വിഷ്വലുകൾ ആദ്യഘട്ടത്തിൽ തുടരെയുണ്ട്. മൃഗ സാന്നിധ്യം പീന്നീടങ്ങോട്ട് തീരെയില്ലാതാവുന്നുമുണ്ട്.( പോയ് മറഞ്ഞോ ? ) ദുർഗയുടെ വല്യമ്മ മരിക്കുന്ന രംഗം പഥേർ പാഞ്ചാലിയിലെ മറക്കാനാവാത്ത വിഷ്വലുകളിൽ ഒന്നാണ്. പ്രത്യേകിച്ചും അതിന്റെ ശബ്ദമിശ്രണത്തിന്റെ പ്രത്യേകത കൊണ്ട് .ഇത…
                ചുറ്റിലും പച്ചപ്പ് നിറഞ്ഞ വിഷ്വലുകളിൽ സമൃദ്ധമാണ് സിനിമ.ഇതിൽ നിന്നു കൊണ്ട് , "മരം നടുക, സംരക്ഷിക്കുക "തുടങ്ങിയ കേവല പരിസ്ഥിതി ലക്ഷ്യങ്ങളിലേക്കുള്ള സൂചനകൾ നില നിർത്തി അനുഭവത്തുടർച്ചയുണ്ടാക്കുക എന്നത് യുക്തിഭദ്രമായ ഒരു സമീപനമായില്ല.ഗംഗാ തീരത്ത് കിണർ കുത്തുന്നത് എന്തിനാണ് ? മുറ്റത്ത്  നന്നായി വളരുന്ന മാവിനെ കാന്തൻ എന്ന "പുലി മുരുകൻ " പിഴുതെടുത്ത്  പശ്ചാത്തലത്തിൽ നിറയെ ഹരിതാഭയുള്ള , ഒരു സ്ഥലത്ത് മാറ്റി കുഴിച്ചിടേണ്ട നിർബന്ധിതാവസ്ഥ എന്താണ് ? ഇത് പരിസ്ഥിതി പ്രേമമല്ല. മറിച്ച്  OCD ,ഒബ്സസ്സീവ്  ആന്റ് കമ്പൽ സീവ് ഡിസോർഡർ ആണ്. ഏതെങ്കിലും ഒരു കാര്യം ചെയ്തു തീർത്തില്ല എന്നു തോന്നിയാൽ അത് വീണ്ടും വീണ്ടുo പല തവണ ചെയ്തു നോക്കുന്ന മാനസികാവസ്ഥ. മരങ്ങൾ നശിച്ചു പോകുന്നു എന്ന ആധിയാൽ  മരത്തൈ  കൂടെ തന്നെ കൊണ്ടു നടക്കുന്ന കാന്തൻ എന്ന കു ട്ടിയുടെ മനസ്സിന്റെ ഒരു അപഗ്രഥനമായി , മനശാസ്ത്ര പഠനമായി ഈ സിനിമയെ ഞാൻ അംഗീകരിക്കുന്നു. നിറങ്ങളോടുള്ള അവന്റെ അഭിനിവേശം , കളർപ്പെൻസിൽ കൈമാറ്റങ്ങളിലൂടെയും കറുത്ത വരകളിൽ നിന്ന്  കളർ ചിത്രത്തിലേക്കുള്ള മാറ്റത്തിലൂടെയും ഗേറ്റിനുള്ളിലേക്കുള്ള ഒളിനോട്ടക്കാഴ്ചകളിലൂടെയും  സിനിമ നമ്മോട് സൂചിപ്പിക്കുന്നുണ്ടല്ലോ. നിറങ്ങളെക്കുറിച്ചുള്ള അവന്റെ  കൗതുകം നിറങ്ങളുടെ ഉറവിടമായ പ്രകൃതിയെ കുറിച്ചുള്ള ഉൽക്കണ്ഠയായി മാറിയിട്ടുണ്ടുണ്ടാവണം.( Shifting of anxities) .ആ ആശങ്കകളിൽ നിന്നു o പിറവിയെടുത്ത പരിഹാരമാണ് തൈ നട്ടുപിടിപ്പിക്കൽ.സാധാരണയിൽക്കവിഞ്ഞ ഒരു പെരുമാറ്റ രീതിയായി അതു മാറിയിടത്ത്    സിനിമ തീരുകയാണ്.അങ്ങിനെ നോക്കുമ്പോൾ ഒരു മനശാസ്ത്ര പഠനമായിത്തന്നെ വേണം ഈ സിനിമയെ കാണാൻ.
           വ്യത്യസ്തമായ ഒരു സിനിമ ചെയ്തതിന് ഷെരിഫ് ഈസ, പ്രമോദ് കൂവേരി  എന്നിവരടങ്ങിയ ടീമിനെ  ഒന്നു കൂടി അഭിനന്ദിക്കുന്നു. എല്ലാം മിനുസമാർന്നതും തൊലി വെളുപ്പുള്ളതും പളപളപ്പാർന്നതുമാകണം എന്ന സമീപനത്തിന് കടകവിരുദ്ധമായി ആന്തരിക സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന വിഷ്വലുകളും സമീപനവും തിരിച്ചറിയുന്നു. കൂടുതൽ നല്ല സിനിമകൾ ചെയ്യാൻ ഈ  നല്ല തുടക്കം ഉപകരിക്കട്ടെ.- ckr 12 01 2020
*****************************************************************************
[08:19, 12/01/2020] shereef Esa: നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ നിലപാടാണ്.  നിലപാടിൽ ഉറച്ചു നിൽക്കാം.

സിനിമയിൽ ഞങ്ങൾ ആർക്കും  വെപ്പ് പല്ല് വെച്ചില്ല എന്നകാര്യം ഓർമ്മിപ്പിക്കട്ടെ.