Friday 26 February 2021

ഇത് നുണ പ്രചാരണം

 ഇത്  നുണ പ്രചാരണം 

നവമാധ്യമങ്ങളിലെ നുണ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കുക. Seeing is not believing. കാണുന്നത് അതേപടി വിശ്വസിക്കരുത്. എന്നതാണ് ഇക്കാര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ട സമീപനം. രണ്ടു തരത്തിലുള്ള നുണപ്രചാരണ രീതി കാണുന്നുണ്ട്. ഒന്ന് , യഥാർത്ഥമല്ലാത്ത വാർത്തകൾ/കണക്കുകൾ / ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കൽ; രണ്ട്. യഥാർത്ഥമായ വാർത്തകൾ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കൽ. ആളുകളെ ഏതെങ്കിലും ഒരു പ്രത്യേക പക്ഷത്തിന് അനുകൂലമായി ചിന്തിപ്പിക്കാനും അക്രമങ്ങൾക്ക് തയ്യാറാവുന്ന ആൾക്കൂട്ടങ്ങളെ നിർമ്മിക്കാനും ഇത്തരം വാർത്തകളെ നിർമ്മിച്ച് വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കാൻ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാലത്ത് "സൈബർ" പോരാളികളെ നിയമിച്ചിട്ടുണ്ട്. പുതുതായി നവ മാധ്യമങ്ങളിലേക്കെത്തുന്ന പലരും ഇത് തിരിച്ചറിയുമ്പോഴേക്കും അവർ പല തവണ കബളിക്കപ്പെട്ടു കഴിഞ്ഞിരിക്കും. സാധാരണക്കാർക്കടക്കം മാധ്യമ സാക്ഷരതയിൽ അടിസ്ഥാന ബോധം ഉണ്ടാക്കുന്ന വിദ്യാഭ്യാസ പരിപാടികൾ ഉണ്ടാകേണ്ടത് വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും ശരിയായ പൗരബോധം ഉണ്ടാകുന്നതിനും ആവശ്യമാണ്. ഡ്രൈവിംഗ് ചെയ്യാൻ ഡ്രൈവിംഗ് ക്ലാസ് നടത്തുന്നതു പോലെ തന്നെ മാധ്യമ സാക്ഷരതാ ക്ലാസുകൾ ഓരോ വ്യക്തിക്കും നൽകുകയും അതിൽ നിശ്ചിത ഗ്രേഡ് ഉള്ളവർക്കു മാത്രം നവ മാധ്യമങ്ങൾ ,ടി വി ഇവ ഉപയോഗിക്കുന്നതിന് അനുവാദം നൽകുകയും ചെയ്യുന്ന സ്ഥിതി വരേണ്ടതുണ്ട്. ഒരു വാർത്ത തെറ്റാണ് എന്നു മനസിലാക്കിയിട്ടും അത് പ്രചരിപ്പിക്കാൻ മുതിരുന്നവർ പൗരബോധമില്ലാത്തവർ എന്ന നിലക്ക് പൊതുസ്ഥലത്ത് തുപ്പി വെക്കുന്നവരേ പോലെ കർശനമായ നിയന്ത്രണങ്ങൾക്കു വിധേയമാകേണ്ടതുണ്ട്. സാധാരണക്കാർ, കൃഷിക്കാർ എന്നൊക്കെ സ്വയം മുദ്ര കുത്തി മേനി നടിക്കുന്നവരിൽ ചിലർ അവരുടെ ഇഷ്ടങ്ങൾക്ക നുസരിച്ച് ജീവിക്കാൻ സമയം കണ്ടെത്തുന്നുമുണ്ട്. ഒരേ വിഷയത്തെ പല പത്രങ്ങൾ / ടി വി ചാനലുകൾ / നവ മാധ്യമങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നു കണ്ടെത്താൻ മാത്രമേ അവർക്കു സമയം/ പണം ഇല്ലാതെയുള്ളൂ എന്നതും കൗതുകകരമാണ്. മാധ്യമ സാക്ഷരത / വിമർശനാത്മക വായന നേടിയെടുക്കാത്ത ആളുകളെ സംബന്ധിച്ചിടത്തോളം നവ മാധ്യമങ്ങൾ അപകടകരമായ സ്വാധീനമാണ് ചെലുത്തുന്നത്. അത്തരക്കാർ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുകയും തെറ്റായ ഭരണകൂട നയങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കുകയും താൽക്കാലിക സ്വാർത്ഥങ്ങളിലും ഭരണകൂടങ്ങൾ തരുന്ന താൽക്കാലിക ആനുകൂല്യങ്ങളിലും അഭി രമിക്കുകയും അവസാനം പെട്രോളിനു വില കയറുമ്പോൾ, ആസനത്തിനു തീപ്പിടിക്കുന്ന പോലെ സകല ഭരണ വ്യവസ്ഥകൾക്കു മെതിരെ നിലവിളിച്ചു തുടങ്ങുകയും ചെയ്യുന്നു. പൊതു വ്യവസ്ഥകർ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കുന്നതോടെ പെട്രോളിന്നു മാത്രമല്ല, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കു വരാൻ പോകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കഴുത്തിനു കുത്തിപ്പിടിക്കാൻ പോവുകയാണ്. പൊതു വ്യവസ്ഥകൾ നിലനിർത്താനുള്ള രാഷ്ട്രീയത്തിനു സജീവ പിന്തുണ കൊടുത്തു രംഗത്തിറങ്ങുക എന്നതാണ് ഉത്തരവാദിത്ത മുള്ള പൗരന്റെ ഇന്നത്തെ ചുമതല. അല്ലാതെ വോട്ടു ചോദിക്കാൻ വരുന്ന രാഷ്ട്രീയക്കാരെ കുറ്റം പറയുകയല്ല. പ്രക്ഷോഭ സമരങ്ങളിൽ ഇടപെടാതെ നിഷ്പക്ഷത അഭിനയിച്ചു കഴിയുന്ന സാധാരണക്കാരന്റെ നിസംഗതയാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഇവിടെയാണ് വിമർശനാത്മ വായന യുടേയും മാധ്യമ സാക്ഷരതയുടേയും പ്രാധാന്യം. പല പത്രങ്ങൾ/ ചാനലുകൾ / നവ മാധ്യമങ്ങൾ തരുന്ന വാർത്തകൾ സ്വന്തമായി വിശകലനം ചെയ്ത് സത്യം എന്താണെന്ന് തിരിച്ചറിഞ്ഞ് ദൈനംദിന രാഷ്ട്രീയത്തിൽ പൗരന്മാർ ഇടപെടേണ്ടതുണ്ട്. അല്ലെങ്കിൽ നാസി ഭരണകാലത്തെ ജർമ്മനിയിലെ മനുഷ്യരേപ്പോലെ ഏകാധിപതികളുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് അടിമ ജീവിതം നയിക്കുന്ന ആൾക്കൂട്ടങ്ങളിലൊരാളായി ഞാനും നിങ്ങളും മാറിപ്പോകും - എന്ന് പണിയൊന്നുമില്ലാത്ത ഒരു വിവരദോഷി. ദയവു ചെയ്ത് ഈ കുറിപ്പ് അതേപടി വിശ്വസിക്കരുത്. വിമർശിക്കുകയും വേണം.

ഫോട്ടോ : അവലംബം കേരളകൗമുദി 
പ്രതികരണങ്ങൾ 
ചാണകക്കുഴിയിൽ വീഴുന്നവർ 

ഒ രു പ്രസം ഗമോ, വിവരണങ്ങളോ,ആരും തന്നെ ( ചിന്ത സ്വന്തം തലയിൽ തന്നെ ഇരിക്കുന്നവർ) അപ്പടി വിഴുങ്ങുകയില്ല. തനിക്ക് എപ്പഴക്കയോ ലഭിച്ച അടിസ്ഥാന വിവരങ്ങൾക്കനുസരിച്ച് അവർ അവരുടെതായി കണ്ടെത്തിയ നിഗമനങ്ങളെ പ്രസംഗങ്ങളിൽ നിന്ന് ലഭിക്കുന്ന കാഴ്ചപാടുകളുമായി താരതമ്യം ചെയ്യുകയാണ് ചെയ്യുക. യോജിച്ച് പോകുന്നവർ അത് അനുകൂലിക്കുകയും, മറ്റുള്ളവർ വിമർശിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ബഹുഭൂരിപക്ഷത്തിനും ഈ തലച്ചോർ ഉപയോഗിച്ചുള്ള താരതമ്യ വിശകലനം സാധ്യമല്ല എന്ന് തോന്നുന്നു. പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ അവർ ഒരു താൽപര്യവും കാണിക്കാറില്ല. പരിണാമം ചിലപ്പോൾ അതിന് അവസരം കൊടുത്തു കാണില്ല. 

കാട്ടിൽ അലയുമ്പോൾ കേൾക്കുന്ന ശബദത്തെ വിശകലനം ചെയ്യാൻ നിന്നാൽ ചിലപ്പോൾ വല്ല കടുവക്കും പ്രാതലാവും. ഏത് കാൽ പെരുമാറ്റത്തിന്നും അവർക്ക് ഒരുത്തരമെ കാണു ഓടുക....... ആ ഓട്ടമാണ് അവരെ ചാണകക്കുഴിയിൽ വീഴ്ത്തുന്നത്.- GK