Monday 19 August 2019

വരാഹ ഹൃദയവും പാടും .19/08/2019

വരാഹ ഹൃദയവും പാടും .

പന്നി ഏറെ മാനിക്കപ്പെടേണ്ട ജീവി ആയിത്തീരുന്നു .ഭക്ഷണം  എന്ന നിലയിലല്ലാതെ  തന്നെ  ,പന്നിക്കു മനുഷ്യജീവനെ നിലനിറുത്താൻ കഴിയുന്ന സ്ഥിതിയിലേക്ക് ശാസ്‌ത്ര ഗവേഷണം വളർന്നു കഴിഞ്ഞു .വരുന്ന ഡിസംബറാകുമ്പോഴേക്ക് പന്നിയുടെ വൃക്ക മനുഷ്യന് മാറ്റിവെക്കാൻ കഴിഞ്ഞേക്കും എന്ന നിലയിലാണ്  ചികിത്സാരംഗത്തെ മാറ്റങ്ങൾ .വരാഹാവതാരം എന്നു പുരാണങ്ങളിൽ പണ്ടേ പറഞ്ഞത് ഇതിനെ കുറിച്ചാണ് എന്ന് നമ്മുടെ ചില  പ്രിയ സുഹൃത്തുക്കൾ ഇനി പറയാനും മതി .ഭാരതത്തിൽ ഇതൊക്കെ നേരത്തെ കണ്ടെത്തിയിരുന്നു എന്നും  !

യു കെ യിലെ  ലോകപ്രശസ്തനായ ഹൃദയ ശസ്ത്ര ക്രിയാ വിദഗ്ദ്ധൻ  ഡോക്ടർ  ടെറൻസ്  ഇംഗ്ലീഷ്  ,   സൺഡേ ടെലിഗ്രാഫ് എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ  1979 ൽ തങ്ങൾ നടത്തിയ ആദ്യ ഹൃദയ മാറ്റ ശസ്ത്ര ക്രിയയിൽ പ്രവർത്തിച്ച ടീമിലെ സീനിയർ രജിസ്ട്രാർ ആയിരുന്ന പ്രൊഫസർ മേക്ഗ്രിഗോർ    വികസിപ്പിച്ചെടുത്ത രണ്ടു നോക്  ഔട്ട്  ജീനുകൾ വികസിപ്പിച്ചെടുത്തുവെന്ന് പറയുന്നു .ഇവയാണ് അവയവമാറ്റം അപകടരഹിതമാക്കി മാറ്റുന്നത് .അലബാമാ സർവകലാശാലയിലെ ഈ ഗവേഷക സംഘം വിശ്വസിക്കുന്നത് കുറച്ചു മാസങ്ങൾക്കിടയിൽ ഇത്തരം വൃക്ക മാറ്റങ്ങൾ സാധ്യ മാകും എന്നു തന്നെയാണ് .അഥവാ ഒരു പരാജയം ഉണ്ടായാൽ പോലും രോഗികൾക്ക് ഡയാലിസിസിലേക്കു മടങ്ങാവുന്നതേയുള്ളു എന്നതാണ് വൃക്ക മാറ്റ പരീക്ഷണത്തിൻറെ മറ്റൊരു മെച്ചം .

യൂ കെ യിൽ നാൽപതു വർഷം മുൻപ് ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ  ശസ്ത്രക്രിയ നടത്തിയ സർജൻ  ഡോക്ടർ  ടെറൻസ്  ഇംഗ്ലീഷ്   പറയുന്നത് അധികം വൈകാതെ  ദാതാക്കളുടെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റ്  ഒഴിവാക്കാൻ കഴിയുമെന്നാണ് . സെനോ ട്രാൻസ്‌പ്ലാൻ റ്റേഷൻ  അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു .രണ്ടു ജീവിവർഗങ്ങൾക്കിടയിലുള്ള  അവയവം മാറ്റിവെക്കലാണ് സെനോ ട്രാൻസ്‌പ്ലാൻ റ്റേഷൻ. വൃക്ക മാറ്റിവെക്കൽ  വിജയിക്കുന്നതിനേ തുടർന്ന് പന്നിയുടെ ഹൃദയം മനുഷ്യ ഹൃദയത്തിനു പകരം വെക്കാൻ കഴിയുമെന്നും ഡോക്ടർമാർ പ്രതീക്ഷിക്കുന്നുണ്ട് .മനുഷ്യന്റെയും പന്നിയുടേയും ഹൃദയങ്ങളുടെ സമാനതയാണ് ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ ക്കു സഹായകരമാവുന്നത്  .

"നേച്ചർ "മാസിക കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പന്നിയുടെ ഹൃദയം ബാബൂൺ കുരങ്ങിൽ വിജയകരമായി മാറ്റിവെച്ച ശേഷം ആ കുരങ്ങ് ആറുമാസക്കാലം തുടർന്ന് ജീവിച്ചതായും പറഞ്ഞിട്ടുണ്ട് .

ചികിത്സാരംഗത്തെ ഈ പുരോഗതിക്കു കാരണം ആധുനിക ശാസ്ത്രത്തിന്റ പിൻബലമാണ്  എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് . വരാഹാവതാരം  രൂപകൽപ്പന  ചെയ്യുന്ന ഡോക്ടർ  ടെറൻസ്  ഇംഗ്ലീഷ്  എഞ്ചിനീറിങ്ങിൽ ബിരുദം എടുത്ത ശേഷമാണ്  ഡോക്ടറാകാനുള്ള പഠനം നടത്തിയത് എന്നതും കൗതുകകരമായ കാര്യമാണ് .  ഏതായാലും സമീപഭാവിയിൽ തന്നെ വരാഹ ഹൃദയമുള്ള മനുഷ്യൻ ആരോഗ്യ പൂർണമായി ജീവിതം  തുടരുമെന്നും ആഹ്‌ളാദത്തുടിപ്പാർന്ന ചില നിമിഷങ്ങളിൽ ആ മനുഷ്യൻ്റെ ഹൃദയസംഗീതം കേൾക്കാറാകുമെന്നും പ്രതീക്ഷിക്കാം . മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സഹൃദയർ മനുഷ്യ ജീവ രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം നല്കാതിരിക്കുമോ ?

അവലംബം : ( സൺഡേ ടെലഗ്രാഫ് ,നേച്ചർ ,ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം )

-സീകെയാർ 19 /08/2019



Sunday 18 August 2019

വായന വഴി തെറ്റിക്കുകയും ചെയ്യും

READING CAN BE MISLEADING TOO .(18/08/2019)

പത്ര പ്രവർത്തകയായിരുന്ന ഗൗരി  ലങ്കേഷ്  കൊലപാതക കേസിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന ഗണേശ് മസ്കിൻ തന്നെയാണ് സാഹിത്യകാരനും ഗവേഷകനുമായ ഡോക്ടർ എം എം കൽബുർഗിയെ 2015 ആഗസ്തിൽ വെടിവെച്ചു കൊലപ്പെടു ത്തിയതു എന്ന് സ്പെഷൻ ഇൻവസ്റ്റിഗേഷൻ ടീം ( SIT )പറയുന്നതായി 18/ 08/2019 തീയതിയിലെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട് ചെയ്യുന്നു .

ഇതേ കുറ്റം ആരോപിക്കപ്പെട്ട മറ്റുള്ളവർ അമോൽ  കലെ ,പ്രവീൺ പ്രകാശ് ചതുർ ,വസുദേവ് ഭഗവാൻ സൂര്യവംശി ,ശരദ് കലാസ്കർ ,അമിത് രാമചന്ദ്ര ബഡി എന്നിവരാണെന്നും പ്രത്യേക കുറ്റാന്വേഷണ സംഘം പറയുന്നു .ഈ കുറ്റവാളി സംഘത്തിന് പ്രചോദനമായത് ' ക്ഷാത്ര ധർമ സാധന ' എന്ന പുസ്തകമാണത്രെ .ഹൈന്ദവ തീവ്രവാദ ഗ്രൂപ്പായ സനാതൻ സംസ്ഥ പ്രസിദ്ധീകരിച്ച പുസ്തകമാണിത് . ഐസിസ് തീവ്രവാദികളെ  അൽ ഖൊയ്‌ദ ലഘുലേഖകൾ  പ്രചോദിപ്പിക്കുന്നതിന്  സമാനമാണിത്‌ .

നമ്മുടെ കുട്ടികൾ എന്തു വായിക്കുന്നു എന്നത് പ്രധാനമാകുന്നത് ഇവിടെയാണ് . വായനാഗ്രൂപ്പുകളുണ്ടാക്കിയാൽ മാത്രം പോരാ .വായനാവിവരണങ്ങളും ചർച്ചകളും നടത്തുകയും ചിന്തകളെ  നേർവഴിക്കു നയിക്കുകയും  വേണം .  മൗലികവാദികൾക്കു ഇത്തരം നീക്കങ്ങൾ ഇഷ്ട പെടാനും സാദ്ധ്യതയില്ല .അതു കൊണ്ടു തന്നെ വായനാഗ്രൂപ്പുകളുടെ പ്രവർത്തനം ഫലപ്രദമാക്കുമ്പോൾ അതിൻ്റെ നേതൃരംഗത്തുള്ളവർ ശാരീരികമായി ആക്രമിക്കപ്പെടാനുള്ള സാദ്ധ്യ തയും കൂടുതലാണ് .നേതൃ തലം ജനാധിപത്യവല്കരിച്ചു ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചക്കു നല്ലത് .

2014 ജൂൺ 9 ന് ബംഗളൂരുവിൽ വിജ്ഞാന ഭവനി ൽ നടന്ന    അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും തടയിടാനുള്ള ബില്ലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന ഡോക്ടർ കൽബുർഗി നടത്തിയ നിരീക്ഷണങ്ങളാണ് അദ്ദേഹത്തെ കൊല്ലാൻ തീരുമാനിക്കാൻ ഇവരെ പ്രേരിപ്പിച്ചത് .

ഈ പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെ " ദുർജനമായി "( പിശാചിൻറെ അവതാരമായി) ഈ കുറ്റവാളി സംഘം ചിത്രീകരിക്കാനിടയായതു " ക്ഷാത്ര ധർമ്മ സാധന " എന്ന പുസ്തകത്തിലെ വിവരണങ്ങളാണ് .

തങ്ങളുടെ തീരുമാനം നടപ്പിലാക്കാൻ ഈ കുറ്റവാളി സംഘം ഒരു ബൈക്ക് മോഷ്ടിക്കുകയും കുറ്റം നടത്താൻ വേണ്ടിയുള്ള സ്ഥല നിരീക്ഷണം നടത്തുകയും ചെയ്‌തു .പിന്നീട് ദക്ഷിണ കർണാടക ജില്ലയിലെ പിലാത്തബെട്ടു ഗ്രാമത്തിലെ ഒരു റബർ തോട്ടത്തിൽ വെച്ച് വെടിവെപ്പ് പരിശീലിക്കുകയും ചെയ്തു .

വായന വഴി തെറ്റുമ്പോൾ ജനാധിപത്യ ബോധം ഇല്ലാതാവുകയും ബൈക്ക് മോഷണം,ഗൂഢാലോചന , കൊലപാതക പരമ്പര,തീവ്രവാദം   തുടങ്ങിയ കുറ്റകൃത്യങ്ങളി ലേക്കു വ്യക്തി നയിക്കപ്പെടുകയും ചെയ്യുന്നു .-CKR 18/08 /2019

സമർപ്പിതം :
വീര കൽബുർഗി , വീര ധബോൽക്കർ ,വീര ഗോബിന്ദ്  പൻസാരെ , ഗൗരീ ലങ്കേഷ് ,യു ആർ അന ന്തമൂർത്തി ,അഭിമന്യു ,.......








Wednesday 14 August 2019

14/08/2019 ദുരിതാശ്വാസ ക്യാമ്പിലെ മഴ

ദുരിതാശ്വാസ ക്യാമ്പിലെ മഴ 

മഴയൊരു രൗദ്ര വെളിപാടാകുന്നു
മൺപുതപ്പിന്റെ തണുപ്പുമിരുട്ടുമതിന്റെ മാറ്റൊലിയാകുന്നു .
മഴയൊരു മതിലാകുന്നു
മാതാവിനും മക്കൾക്കുമിടയിലതു നിറയുന്നു .
മഴയൊരു പിടച്ചിലാകുന്നു
പുത്തുമല ചെളിച്ചലമായൊഴുകുന്നു .

മഴയൊരുൾപ്രേരകമാകുന്നു
മരണത്തെ ജീവനിലുരുക്കിചേര്ക്കുന്നു
നീർകുതിപ്പുകളെയൊന്നായിണക്കുന്നു
പലതും മായ്ക്കാനും  മറവു ചെയ്യാനും  .

മഴയൊരു പാഠമാകുന്നു .
ഒരിടം മതി ,
ഒരു പഴന്തുണി മറ ,
ഒരു റൊട്ടിയുമൊ -
രിറ്റുവെള്ളവുമായാലതു
ജീവിതമതു  പാഠം ,മഴ പാഠമാകുന്നു.

മഴയൊരു ശലഭമാകുന്നു,
മനസ്സു പൂക്കാനും കനിവുറക്കാനുമതു ചിറകനക്കുന്നു .
മഴ ശില്പിയാകുന്നു ,
പല നിറങ്ങളിലതു  നൗഷാദിനെ മെനയുന്നു .
ലിനു വെന്ന സ്നേഹക്കുന്നൊരുക്കുന്നു .

മഴ പ്രാർത്ഥനയായൊഴുകുന്നു ,
അതു ഖുറാനും ബൈബിളുമുപനിഷത്തുമാകുന്നു .
പള്ളിക്കുമമ്പലത്തിനുമിടയിൽ ,
കുടിലിനുംമാളികക്കുമിടയിൽ ,
മഴ തിരിച്ചറിവിൻറെ ഗംഗാ ജലമാകുന്നു .


മഴ പക്ഷെ മന്ദഗതിയിലാകുന്നു .
ഇരുളിനും പുതു വെളിച്ചത്തിനുമിടക്കു പിന്നേയും
മഴയൊന്നു വീണ്ടും മദിച്ചു പെയ്തെങ്കിൽ !

-  സീക്കെയാർ 14/08 / 2 019 

ഇന്നും ഭൂമി കരയുന്നുണ്ട്.

സീതയും ശകുന്തളയും ആമിയും കരഞ്ഞപ്പോഴും
നിങ്ങൾ  സന്ധ്യാനാമം ഉറക്കെ ചൊല്ലുന്നുണ്ട് ;
നിങ്ങൾ മീൻപി ടിക്കാതെ  അമ്പലക്കുളത്തിൽ കുളിക്കുന്നുണ്ട് ;
സോപ്പ് തേക്കാതെയും ;
നി ങ്ങളെന്നും  ചുള്ളിക്കമ്പൊടിക്കാതെ സർപ്പക്കാവ്  കാക്കുന്നുണ്ട് ;
ഒരു തരി വറ്റ്‌  പോലും കളയാതെ തട്ടിവിടുന്നുമുണ്ട്
മുതിർന്നവരെ ,അറിയാതെന്ന ഭാവത്തിൽ ചവിട്ടുന്നുമുണ്ട് ;
പിന്നെ തൊട്ടു തലയിൽ വെക്കാനായുന്നുമുണ്ട് .
തുളസി ,കറുക, ബ്രഹ്മികളെ പോറ്റുന്നുമുണ്ട്‌;
വേറെയും പല മനോഹര ആചാരങ്ങളെയും നിങ്ങൾ   നോൽക്കുന്നുമുണ്ട് .

തൊള്ളായിരത്തി ഇരുപത്തിനാലിലും  ഇങ്ങനൊക്കെയായിരുന്നു .
അന്നും പ്രളയം നിങ്ങളുടെ വീട്ടിലെത്തിയിരുന്നു  .
അന്നും ഭൂമി കരഞ്ഞിരുന്നു .
എമ്പതുകളിലെ യുക്തിവാദത്തിനും പുരോഗമനവാതത്തിനും മുൻപ് .
അന്നുണ്ടായിരുന്ന പല മനോഹര അനാചാരങ്ങളെയും
കുറിച്ചോർത്തായിരിക്കണം
ഭൂമി കരഞ്ഞത് .
ഇവിടമൊരു ഭ്രാന്താലയമാണെന്നൊരാൾക്കു പറയേണ്ടിവന്നതും  അതുകൊണ്ടു തന്നെ യായിരിക്കണം.

ഇന്നും പ്രളയം വീട്ടുമുറ്റത്തെത്തുകയും ഭൂമി കരയുകയും ചെയ്യുന്നുണ്ട് .

ദാനമായി ഒരു ഗ്രാമം ചോദിച്ചപ്പോൾ ഒരിഞ്ചു തരില്ലെന്ന് മുഖം കനപ്പിച്ച
കൗ രവരെയോർത്തായിരിക്കില്ല .
ഒരു തോർത്ത് തരില്ല .
ഒരു കുല തരില്ല .
ഒരു മണിയരി  തരില്ല .
ഒന്നും തരില്ല  എന്ന സന്ധ്യാനാമം പഠിപ്പിച്ചവരെ യോർത്താകണം
ദുരിതപ്പെയ്ത്തിൽ പിടഞ്ഞു ജനമനസ്സിൽ വെറുപ്പ് പടരട്ടേ എന്ന്
യുദ്ധതന്ത്രം മെനഞ്ഞ പുതിയ കൗരവരെക്കുറിച്ചോർത്തായിരിക്കണം .
ഇന്നും ഭൂമി കരയുന്നുണ്ട് .

നിങ്ങൾ  സന്ധ്യാനാമം ഉറക്കെ ചൊല്ലുന്നുണ്ട് ;
നിങ്ങൾ മീൻപിടിക്കാതെ  അമ്പലക്കുളത്തിൽ കുളിക്കുന്നുണ്ട് ;
സോപ്പ് തേക്കാതെയും ;
നി ങ്ങളെന്നും  ചുള്ളിക്കമ്പൊടിക്കാതെ സർപ്പക്കാവ്  കാക്കുന്നുണ്ട് ;
ഒരു തരി വറ്റ്‌   പോലും കളയാതെ തട്ടിവിടുന്നുമുണ്ട്
മുതിർന്നവരെ  ചവിട്ടുന്നുമുണ്ട് ;
പിന്നെ തൊട്ടു തലയിൽ വെക്കാനായുന്നുമുണ്ട് .
തുളസി കറുക ബ്രഹ്മികളെ പോറ്റുന്നുമുണ്ട്‌;
വേറെയും പല മനോഹര ആചാരങ്ങളെയും നിങ്ങൾ   നോൽക്കുന്നുമുണ്ട്
ഇന്നും ഭൂമി കരയുന്നുമുണ്ട് .

ഒരു മണി അരി ചോദിച്ചും ഒരു തോർത്തും ഒരുകുലയും ഒരു പായും
എന്തെങ്കിലും ,ചോദിച്ചെത്തിയോരെന്നെ
കറുത്ത മുഖവും തീക്കണ്ണും കുറുവടിയും കൊണ്ടാരാധിച്ച  നിങ്ങളെയോർത്തു
ഇന്നും ഭൂമി കരയുന്നുണ്ട്.

-സീകെയാർ