Monday 27 April 2020

അടിമ ജീവിതം : by CKR

അടിമ ജീവിതം : by  CKR 

ഭരണയന്ത്രത്തിനു കൊറോണക്കാലം,
മദകരമൊരുൾപുളകകാലം,
ചിലപ്പൊഴെങ്കിലും.
ഒരു വിരൽ ഞൊടിക്കലിലണഞ്ഞു
ദില്ലിയിൽ തീനാളങ്ങളെങ്ങു-
മൊതുക്കവും കിതപ്പും ഭയവും മാത്രം.

ഒരു കൊട്ടിയടക്കലിൽ നിസ്വരുടെ പലായനം,
 ഒരു വടി ചുഴറ്റുമ്പോൾ വെൺപ്രാവുകൾ പറക്കുന്നു.
ഒരു വിസിൽ മതി ഭ്രാന്തനൃത്തങ്ങൾ പിറക്കുന്നു,
 ഭരണകൂടക്കരങ്ങളിൽ മാന്ത്രികന്റെ കയ്യടക്കം,
ഗോ കൊറോണപ്പാട്ടിൽ ജനമൊറ്റ മുയലായി,
 ഒരു പേടകത്തിനുള്ളിലേറുന്നു,
പിന്നെ മാനത്തുയരുന്നു, പല ചൂട്ടിൻ തിളക്കങ്ങളായ്!


ഭയത്തിന്റെ മതിലുകൾ, താനെ മുളക്കുന്നുറക്കുന്നു, മതിലനപ്പുറമൊളിക്കുന്നു മാനവനും ശുനകനും,
ഒതുക്കത്തോടൊരേ വണക്കത്തോടെത്തി നോക്കുന്ന
-റിയിപ്പു കേട്ടിട്ടുൾ വലയുന്നു, പുളകിതരാവുന്നുടുപ്പിട്ട കരുത്തുകൾ.

അതുപോലെ പൂത്തൊരുൾപ്പുളക
നിമിഷത്തിലേത്തമിടൽ പിറക്കുന്നു,
പുറത്തടി നടക്കുന്നു, ഡ്രോണുകളുയരുന്നു,
ചെറുമീൻചൂണ്ടകൾ നോറ്റ ചെറു ബാല്യം
വലിയ പക്ഷിയെക്കണ്ടു
വിറയോടെ പല പാടും ചിതറുന്നു,
 വെറും ഭ്രാന്തൻ കിനാവല്ല,
വിചിത്രം ജനാധിപത്യം.

 രാജപാതകളിലുയരുന്ന മൺചിറകൾ,
കാട്ടുവഴികളിൽ പൊലിയുന്ന ശ്വാസങ്ങൾ,
തോളിലുടക്കുന്ന മുനയുള്ള ബയണറ്റ്,
നീയറിയുന്നോ ഭ്രാന്താ,
 ഭക്ഷണപ്പൊതിയഴിക്കു,
പശിമാറ്റിപ്പതുങ്ങിക്കോ,
തീർന്നു നിന്റെ ചാലുവെപ്പ് ,
കുതിക്കേണ്ട,
 കുതറേണ്ട,
ചിലക്കേണ്ട,
 നിനക്കായീ ,
ചങ്ങലപ്പൂട്ട്.
- CKR

ഇഴയടുപ്പം* ---സ്വാതി രാജന്‍റെ കവിത

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ പ്രിയസഖാവ്  പ്രസീദേച്ചിയുടെ മകള്‍
#സ്വാതി രാജന്‍റെ 

#കവിത

* #ഇഴയടുപ്പം*

******

സ്വബോധത്തെ ചങ്ങലയ്ക്കിട്ട്
ഭ്രാന്തിനെ സ്വതന്ത്ര്യമാക്കി
നോവിന്റെ അറകളെല്ലാം
മലർക്കെത്തുറന്ന്
ഉണങ്ങാത്ത മുറിവിന്
മരുന്നന്വേഷിച്ചവൾ
മനസ്സിന്റെ ഊടുവഴികളിലൂടെ അലഞ്ഞു.
ചോർന്നൊലിച്ച പ്രണയവും
ചോര കിനിയുന്ന ഹൃദയവും
തകർന്നടിഞ്ഞ സ്വപ്നങ്ങളും
അവൾക്ക് വഴികാട്ടികളായി.

അവസാനിക്കാത്ത യാത്രകളിലേക്ക്
നടന്നു നീങ്ങിയപ്പോൾ
ചങ്ങലക്കണ്ണികളുരഞ്ഞ്
യാഥാർത്ഥ്യമവളെ വീണ്ടും
മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
ചൂണ്ടക്കണ്ണികളിൽ കൊരുത്ത
ഇരയെപ്പോലെയവൾ
നൊന്തു പിടഞ്ഞു
അലറിക്കരഞ്ഞു
ഭ്രാന്തിന്റെ ആഴങ്ങളിലേക്ക്
ഊർന്നു വീണു.

അവിടെയവൾക്ക് കൂട്ടായി
അവൻ വന്നു
ചുംബനങ്ങൾ കൊണ്ട്
അവനവളുടെ മുറിവുകളുണക്കി
പ്രണയം കൊണ്ട് ഹൃദയം തുന്നിച്ചേർത്തു
കൈക്കുമ്പിളിൽ സ്വപ്നങ്ങൾ വാരിക്കൂട്ടി
പുതുവർണ്ണങ്ങൾ കൊണ്ടവൻ
അവളുടെ ലോകത്തിന് നിറമേകി
അവളിലവൻ വീണ്ടും ജനിച്ചു.

ചങ്ങലക്കണ്ണികൾ വീണ്ടുമവളുടെ
കാലുകൾ വരിഞ്ഞുമുറുക്കി ആർത്തിയോടെ പുഴുക്കളാ
ശരീരം കാർന്നുതിന്നു
അപ്പോഴുമവളുടെ വരണ്ട ചുണ്ടുകൾ
അവനുവേണ്ടി പുഞ്ചിരിച്ചു
തളർന്ന കണ്ണുകൾ അവനുവേണ്ടി
മാത്രം തിളങ്ങി
അവനിലവൾ സ്വതന്ത്ര്യയായി.

നിറം കെട്ട രാത്രികളിലൊരു
നക്ഷത്രമായി അവന്റെ
ഓർമ്മകളിലവൾ പുനർജ്ജനിച്ചു
പുലരുവോളം അവന്റെ സ്വപ്നങ്ങൾക്ക്
വെളിച്ചമായി
തോരാത്ത വിഷാദം നിറഞ്ഞു പെയ്യുമ്പോൾ
ആശ്വാസത്തിന്റെ പുതപ്പായവനെ
പൊതിഞ്ഞു മൂടി
 ജീവശ്വാസത്തിന്റെ അകലങ്ങളിൽ നിന്ന് അവനുവേണ്ടിയവൾ
സ്വപ്നങ്ങൾ നെയ്തു
 ഊടും പാവുമേകി കാലം ആ
ഇഴകൾ അടുപ്പിച്ചു കൊണ്ടേയിരുന്നു.

                                     SWATHI. RAJAN

comments

മകളേ, പ്രാണന്റെ വേദനകൾക്ക് ചെവിയോർക്കാൻ  ഈ കവിത പ്രേരിപ്പിക്കുന്നു.

Saturday 25 April 2020

യാത്രാ മൊഴി , ജംലോ മക് ദം

യാത്രാ മൊഴി , ജംലോ മക് ദം
******************************
സാലമരം പൂക്കും കാലം,
പൂമരത്തിൻ തോളുരുമ്മി,
പുഷ്പശയ്യകളിൽ പദമൂന്നി,
നിലം തൊടാമോഹിനികൾ,
നൃത്തമാടാനെത്തുന്നോ,
കിനാക്കാൺമൂ,
 ജംലോ മക് ദം ,
ഒരുവേളയവളുടെ
യമ്മ ചൊന്ന കഥയിലെ
യക്ഷികളാവാം.

വീടിതാ മുന്നിലായി,

 ബാബ വന്നു കൈ പിടിക്കും,
അമ്മ യെന്നെ ചേർത്തണക്കും,
കഞ്ഞി ചുണ്ടിലനത്തുന്നു,
 കുഞ്ഞാടു വിളിക്കുന്നു,
അന്നത്തിന്റെ,ദാലിന്റെ,
കടുകിന്റെ നറു മണം...

സാല വൃക്ഷമമ്മയായി,

പൂക്കളന്നമണികളായ്,
വഴിയരികിൽ ,
ഛത്തീസ് ഗഡിൽ ,
കാട്ടിലൊരു മര ചോട്ടിൽ
അവസാന ശ്വാസത്തിൽ,
വീട്ടിലെക്കൊന്നെത്തിനോക്കി,
വിശപ്പോടെ വീണടിഞ്ഞ ,
തെലുങ്കാന മണ്ണിലേറെ 
വേല ചെയ്ത കൗമാരമേ ,
ഭാരതത്തിൻ പ്രിയ പുത്രി,
ജംലോ മക് ദം .
ഇതു  നേര റിയും കവിതതൻ 
നീറുന്ന കരൾ നേരും 
 യാത്രാമൊഴി .

ബാലവേലക്കെണികളിൽ,

വാരിയെല്ലു തകർന്നൊ-
ടുങ്ങാത്ത  വേദനയിൽ,
വിശപ്പിന്റെ തീക് ഷണതയിൽ ,
കൂർത്ത മുള്ളോ കൂരിരുട്ടോ,
 വെയിലെന്നോ തണുപ്പെന്നോ,
രാത്രിയെന്നോ പകലെന്നോ,
ഭേദമില്ലാതലയുന്നൂ  കാതമേറെ,
വീടു പറ്റാൻ ജം ലോയും കൂട്ടുകാരും .


വഴികളെല്ലാമടച്ചു പൂട്ടി,

ഉയരത്തിൽ പറക്കുവോർ-
ക്കവളൊരു മഞ്ഞു തുള്ളി,
കാട്ടുവഴികളിൽ ചിതറു-
വോരു റുമ്പുകൾ മാത്രം.
 മുളകിന്റെ ചെമ്പട്ടുകളങ്ങ-
ളിലെരിയുന്ന കൗമാരങ്ങൾ,
കറുത്ത പൊട്ടുകൾ മാത്രം.

നാമടച്ച വഴികൾക്കു -

മപ്പുറത്തു മുഴങ്ങുന്നു,
വിശക്കുന്ന കൗമാരങ്ങൾ
ചിതറുന്ന കരുത്തുകൾ
 കണ്ണീർകടലിരമ്പങ്ങൾ.

******************
ജംലോ മക് ദം  : നീണ്ടുപോയ ലോക് ഡൗൺ ദിനങ്ങളിൽ ,തെലുങ്കാനയിലെ  മുളകുപാടങ്ങളിൽ നിന്ന്  , വേലയും കൂലിയും നഷ്ട്ടപ്പെട്ട് 150 കിലോ മീറ്റർ അകലെയുള്ള  ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്കു കാട്ടുവഴികളിലൂടെ  നടന്നു വീടിനടുത്തുമ്പഴേക്ക്‌ വിശന്നു തളർന്നു വീണു മരിച്ച പന്ത്രണ്ടുകാരി  

- ckr 25/4 / 2020 

Friday 24 April 2020

പൗലോ പോളിനോ ഗ്വാജ്‌ശാര - By CKR

പൗലോ പോളിനോ ഗ്വാജ്‌ശാര  -    By CKR   
----------------------------------------------------------------
   മറവിക്കു മരുന്നാണീ കവിത,
മണ്ണിൻറെ മക്കളെ മറക്കുന്ന കാലത്ത് ;
പാതിരാനേരത്ത് കാടിനു കാവലായ്
 പ്രാണൻ കളഞ്ഞോൻറെ പേരും മറന്നു നാം ;                         
കവിതയാ ധന്യന്റെ പേരു തിരയുന്നു ;
 കാണുന്നു പൗലോ പോളിനോ യെന്ന വീരനേ,
 യാക്കാൽകളിൽ വീണു കണ്ണീർ പൊഴിക്കുന്നു.
*************************************************
ആരാണു    പൗലോ പോളിനോ ഗ്വാജ്‌ശാര,
ആമസോൺ ഹരിതാഭ കാത്തുകിടന്നവൻ,
കാടിൻറെ കാവൽപടത്തലവൻ ,
കാട്ടു കൊള്ളക്കാരുടെ വെടിയേറ്റ് വീണവൻ ;
മുന്തിരിക്കൺകളിൽ സ്വപ്നം നിറഞ്ഞവൻ;
 മുടിനാരുപോലുമുയിർ നാളമായവൻ ,
കട്ടിപ്പുരികവും നേർത്ത മീശരോമങ്ങളും
നീട്ടിയുയർത്തിപ്പിടിച്ചമുഷ്ടിയുമായ് വീണവൻ ,
******************************************************
നീലച്ച ചോരച്ചാലുകൾ നെറ്റിത്തടത്തിലും
 നീലക്കൺതടം മുതൽ താഴേക്കു ചുണ്ടോളം
 കാടിൻറെചോരകനത്തകരിമുത്തുമാലകളേറെനീളെയും;
നീലാരുണത്തൂവൽ കിരീടവും പീത ഹരിതാരുണപുഷ്പമാലയും കാട്ടുവള്ളിപ്പടർപ്പിൻ പുതപ്പുമായ് 
ചോരക്കിടക്കയിൽ കാട്ടുവഴിയൊന്നിൽ
നീണ്ടുനിവർന്നു കിടക്കുന്നു 
പോളിനോ ,
കാട്ടിലൊരു വൻ മുരിക്കിൻ പൂത്തിളക്കങ്ങൾക്കിടയിലിന്നും  ;
*******************************************************************
കാട്ടുതീപ്പൂക്കൾക്കുമപ്പുറം  
പോളിനോ
തോക്കേന്തി തീമേഘമായ് നിറഞ്ഞ നാളുകൾ,
ധ്യാനിച്ചു നിശബ്ദമമരുന്നു വനവും. 
പൗലോ പോളിനോ ഗ്വാജ്ശാരാ,
പ്രണയിപ്പൂ നിന്നെയെൻ കവിത;
മണ്ണിനെ ,കാടിനെ, പച്ചപ്പിനെ ,
" *ആവാ" മക്കളെ കണ്ണായി പ്രാണനായ് കാത്തവൻ പൗലോ .
******************************************************
പൊൻമകനെ ലാളിക്കാൻ വെമ്പിയ നിൻ  കൈകളി-
ലിന്നു കാടിൻറെ യലിവും മണ്ണിൻ പുതപ്പും,
നിലക്കില്ല പക്ഷെ 
പോളിനോ ചൊല്ലിയ വാക്കുകൾ,
കാടിൻ മുഴക്കമായവയുയരുന്നു.


 "ഭയമുണ്ടെനിക്കെങ്കിലും
ഞാൻ ചെറുക്കുന്നു കൊള്ളയെ. 
തലയുയർത്തി നാമെതിർക്കണം കാടിന്റെയരികളെ.
വരുംതലമുറക്കായി കാക്കണം കാടിൻറെ പ്രാണനെ,
എൻറെ മണ്ണിനെ ,ജീവനെ,
കാക്കാൻ ശ്രമിക്കുന്നു ഞാനുമെൻ കൂട്ടരും,


പോരാട്ട ഭൂവിൽ പതറില്ല ഗ്വാജ്ശാരാ.
അമ്മ ഭൂമി മരിക്കുന്നു,
 നല്ല തോഴർ മരങ്ങളോ,
കട്ടു പോവുന്നു നാൾക്കുനാൾ."
**************************************************************
കാട്ടു കള്ളർക്കു തുണയായി,
വികസന മോഹമായ്
*ബോൾസനാരോ സംഘം വാഴുന്നു,
കൊടിയൊരാർത്തി വെടിമരുന്നാ-
യൊളിപ്പോരാട്ടക്കഥകളുടെ
കാട്ടിലൊരു കൊടുങ്കാറ്റുറയുന്നു,
മുളങ്കാടിൻ മറകൾക്കിടയിലെവിടെയോ  ;
ഗുഹാന്തര മൗനങ്ങളിലെവിടെയോ ,
ഗ്വാജ് ശാരാ പ്രതിരോധപ്പട കിതക്കുന്നു,
 കാട്ടിൽ നിറയുന്നൂഷര മേഖലകൾ ,
"മക്കാവു "കൾ പിടക്കുന്നു.
*************************************************************
ഒറ്റ മരണമേ ഗ്വാജ് ശാരക്കുള്ളൂ,
 ചത്തു ജീവിക്കുന്നു വേട്ടക്കാർ,
കാടിന്റെ ശത്രുക്കൾ.
മൂടുന്നു മുഖമവർ,
കൂപ്പുന്നു കൈകൾ ,
തോക്കു ചൂണ്ടുന്നു ,
കൊല്ലുന്നു നന്മയെ.
************************************************
കാട്ടിലെ കള്ളമാർ നാട്ടിലൊളിക്കുന്നു,
നാട്ടിലെ ച്ചോരന്മാർ കാട്ടിലും.
കവിത യിലുയിർക്കട്ടെ പൗലോ 
പോളിനോ,
കവിത യുണർത്തട്ടെ ധാബോൽക്കറെ ,
ഗോവിന്ദ് പൻസാരെയെ,കൽബുർഗിയെ, ഗൗരി ലങ്കേഷിനെ, ചക്രവ്യൂഹച്ചതിയിൽ പൊലിഞ്ഞോരഭിമന്യുവെ, ചതിച്ചുഴലികളിലാടിമുറിഞ്ഞു വീണ വൻമരങ്ങളെ.
*********************************************************
കാട്ടു തേൻ കുടിച്ചും കായ്കനി ഭുജിച്ചും കഴിയുവോർ,
നായാടുവാനിന്നും കുന്തങ്ങളേന്തുവോർ ,
 " ആവ "മനുഷ്യരൊരു നൂറു പേർ മാത്രമായ് കെണിയിൽ പിടക്കവേ, തടിവെട്ടു സംഘങ്ങൾ ചുറ്റിലും കാടുതെളിക്കവെ,
മക്കളമ്മയെ മറക്കുന്ന കാലത്തും പാതിരാ നേരത്തും ;
കാടിനായങ്ങിനെ നാടിനായ് ,
പ്രാണൻ കളഞ്ഞൊരു ഗ്വാജ്ശാര വീര്യത്തെ
 യോർക്കുന്നുയിർക്കുന്നു തീനാളമായ് കവിത !-   


*****************************************************************************
കുറിപ്പുകൾ - ഗ്വാജ്ശാര - guaj jara ആമസോൺ വനങ്ങളിൽ കഴിയുന്ന തദ്ദേശീയമനുഷ്യർ. ( Tribes ); ആവ (Awa) കിഴക്കൻ ആമസോൺ വനങ്ങളിൽ മറ്റു മനുഷ്യരോട് യാതൊരു സമ്പർക്കവും പുലർത്താത്ത തദ്ദേശീയ മനുഷ്യർ. ആകെ 300 പേർ മാത്രം. കാട്ടു കൊള്ളക്കാരിൽ നിന്നും.വംശനാശ ഭീഷണി നേരിടുന്നു. Macaw_ മക്കാവ് ബ്രസീലിൽ വംശനാശം നേരിടുന്ന ഒരു ഇനം പക്ഷി.

Tuesday 21 April 2020

കൊറോണക്കാലത്തെ കാക്കപ്പൂവുകൾ

എൻ്റെ കവിതകൾ -ckr 21 / 04 / 2020
കൊറോണക്കാലത്തെ ദൈവങ്ങൾ :

വ്യക്തി സുരക്ഷാ പ്പൊതികളിൽ വിയർത്തൊട്ടിയെത്രയോ കാലം
നമുക്കായ് സ്വയം തടവിലാകുവോർ,
പെറ്റ കുഞ്ഞിനെപ്പോലും വീട്ടിലുപേക്ഷിച്ചെന്നെ നോക്കുവാൻ വന്നവർ, തീർക്കണമവർക്കായി സ്മാരകങ്ങൾ ,സയൻസിന്റെ കാവാലാളുകളവർ ,കോറോണക്കാലത്തെ ദൈവങ്ങൾ - നേഴ്സുമാർ, ഡോക്ടർമാർ.


 അറിവുകേട് : 

നവരത്നങ്ങൾ വിറ്റുപോയ്, സമത്വ സ്വത്തുക്കൾ പണയത്തിലായ് ,നല്ലോ രുടയാടകളെല്ലാം കീറിപ്പറഞ്ഞൊരമ്മ പനിച്ചുറങ്ങുന്നു, മക്കള തറിയുമോ .?      മുഖംമൂടിയണിഞ്ഞും പരസ്പരമകന്നും പോരടിച്ചും , പല തവണ കൈ കഴുകിയും ,ദു: സ്വപ്നങ്ങളിൽ ഭയന്നുരുകിയും, സ്വദേഹം ചിതലരിക്കുന്നതറിയാതിരിക്കുന്നിടവേളയിൽ - പല വിനോദപ്പേടക സമക്ഷം മക്കൾ, അമ്മമാരറിയുമോ?


സംഗീതം : 

ലാഭക്കൊതിയരുടെ തോട്ടങ്ങളിൽ ശവം നാറികൾ പൂക്കുന്നു, അവരതറിയാതെയെന്തോ വമ്പു പുലമ്പുന്നു.
വിശപ്പും കിടപ്പാടവും പങ്കുവെക്കുന്നവരുടെ തീരങ്ങളിൽ
 കരുതലും സഹനവും തളിർക്കുന്നു.
അവിടെ സംഗീതമുണ്ടാകുന്നു.

കൊടുംഭീകരർ :

 കൊറോണയണുക്കളല്ല, കൊടും ഭീകരർ;
അന്യ മത വിരോധ മുരക്കുന്ന സംഘങ്ങൾ;
ആൾക്കൂട്ടങ്ങളെയിളക്കി തീ പടർത്തുവോർ,
 പുര യെരിയും കാലത്തു വാഴ വെട്ടുവോർ.

കൂട് :
 കിളികളെ കൂട്ടിലടച്ച നിന്നെ
കൊറോണ പൂട്ടി വലിയ കൂട്ടിൽ !

ഭക്തി :

കാഫിറെയോടിച്ച സൗധങ്ങളെല്ലാം ,
ഭക്തർക്കു മുന്നിലടച്ചിന്നു ,ശാസ്ത്രത്തെ നമിക്കുന്നു. !

തടവ് :

പഴയ കള്ളന്മാരെ വെറുതെ വിട്ട നാം,
പുതിയ സത്യങ്ങൾ പറഞ്ഞോരെ തുറുങ്കിലടക്കുന്നു.

ഗ്രേറ്റ :

കുഞ്ഞു ഗ്രേറ്റയെ തറപ്പിച്ചുനോക്കി രസിച്ച ട്രംപി ന്ന്,
ചെറു കൊറോണക്കളി കണ്ടു വിറച്ചു പുലമ്പുന്നു !

 അപേക്ഷ :

പതിനായിരങ്ങൾ മരിച്ചു പുകയുന്ന പയ്യാമ്പലങ്ങളിൽ,
 പകുതി വെന്ത ശവമായിനിയെന്നെ ,
വലിച്ചെറിയല്ലേ, മുഴുവൻ കത്തിക്കണം.
കടുത്ത മോഹങ്ങ,ളെന്നിലെ മറഞ്ഞ ദുഷ്ടത കരിഞ്ഞു തീരട്ടെ കിളിർക്കാതൊരിക്കലും.
*****************************************************************

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ പ്രിയസഖാവ്  പ്രസീദേച്ചിയുടെ മകള്‍ 
#സ്വാതി രാജന്‍റെ   

#കവിത

* #ഇഴയടുപ്പം*

******

സ്വബോധത്തെ ചങ്ങലയ്ക്കിട്ട്
ഭ്രാന്തിനെ സ്വതന്ത്ര്യമാക്കി
നോവിന്റെ അറകളെല്ലാം
മലർക്കെത്തുറന്ന്
ഉണങ്ങാത്ത മുറിവിന്
മരുന്നന്വേഷിച്ചവൾ
മനസ്സിന്റെ ഊടുവഴികളിലൂടെ അലഞ്ഞു.
ചോർന്നൊലിച്ച പ്രണയവും
ചോര കിനിയുന്ന ഹൃദയവും
തകർന്നടിഞ്ഞ സ്വപ്നങ്ങളും
അവൾക്ക് വഴികാട്ടികളായി.

അവസാനിക്കാത്ത യാത്രകളിലേക്ക്
നടന്നു നീങ്ങിയപ്പോൾ
ചങ്ങലക്കണ്ണികളുരഞ്ഞ്
യാഥാർത്ഥ്യമവളെ വീണ്ടും
മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
ചൂണ്ടക്കണ്ണികളിൽ കൊരുത്ത
ഇരയെപ്പോലെയവൾ
നൊന്തു പിടഞ്ഞു
അലറിക്കരഞ്ഞു
ഭ്രാന്തിന്റെ ആഴങ്ങളിലേക്ക്
ഊർന്നു വീണു.

അവിടെയവൾക്ക് കൂട്ടായി
അവൻ വന്നു
ചുംബനങ്ങൾ കൊണ്ട്
അവനവളുടെ മുറിവുകളുണക്കി
പ്രണയം കൊണ്ട് ഹൃദയം തുന്നിച്ചേർത്തു
കൈക്കുമ്പിളിൽ സ്വപ്നങ്ങൾ വാരിക്കൂട്ടി
പുതുവർണ്ണങ്ങൾ കൊണ്ടവൻ
അവളുടെ ലോകത്തിന് നിറമേകി
അവളിലവൻ വീണ്ടും ജനിച്ചു.

ചങ്ങലക്കണ്ണികൾ വീണ്ടുമവളുടെ
കാലുകൾ വരിഞ്ഞുമുറുക്കി ആർത്തിയോടെ പുഴുക്കളാ
ശരീരം കാർന്നുതിന്നു
അപ്പോഴുമവളുടെ വരണ്ട ചുണ്ടുകൾ
അവനുവേണ്ടി പുഞ്ചിരിച്ചു
തളർന്ന കണ്ണുകൾ അവനുവേണ്ടി
മാത്രം തിളങ്ങി
അവനിലവൾ സ്വതന്ത്ര്യയായി.

നിറം കെട്ട രാത്രികളിലൊരു
നക്ഷത്രമായി അവന്റെ
ഓർമ്മകളിലവൾ പുനർജ്ജനിച്ചു
പുലരുവോളം അവന്റെ സ്വപ്നങ്ങൾക്ക്
വെളിച്ചമായി
തോരാത്ത വിഷാദം നിറഞ്ഞു പെയ്യുമ്പോൾ
ആശ്വാസത്തിന്റെ പുതപ്പായവനെ
പൊതിഞ്ഞു മൂടി
 ജീവശ്വാസത്തിന്റെ അകലങ്ങളിൽ നിന്ന് അവനുവേണ്ടിയവൾ
സ്വപ്നങ്ങൾ നെയ്തു
 ഊടും പാവുമേകി കാലം ആ
ഇഴകൾ അടുപ്പിച്ചു കൊണ്ടേയിരുന്നു.
 
                                     SWATHI. RAJAN

comments

മകളേ, പ്രാണന്റെ വേദനകൾക്ക് ചെവിയോർക്കാൻ  ഈ കവിത പ്രേരിപ്പിക്കുന്നു.
************************************************

അനുമോദനച്ചടങ്ങ് : by CKR

ഒരു മെമന്റോയും ക്യാമറ ക്ലിക്കും,
ചില  കോഴിക്കാലുകളും  തർപ്പണം ചെയ്ത്,
പ്രിയതോഴരെന്റെ കവിതയെയടക്കം ചെയ്തു.

മലയിറങ്ങും കരിംഭൂതങ്ങളെയകറ്റാൻ,
പുതിയ പ്രസിഡന്റു ഗൂഢ മന്ത്രങ്ങൾ ചൊല്ലി.
സെക്രട്ടറി കർമ്മതന്ത്രങ്ങൾ ചെയ്തു,
നിറഞ്ഞ സദസ്സതൊക്കെയുമേറ്റു ചൊല്ലി.

 ഇടയിലെവിടെയോ ചത്തൊരെൻ ഫോണിൽ ,
നവ മാധ്യമങ്ങളിലുയിരു തേടി,
തറ തൊടാതലയുന്നു പ്രിയ കവിത ,
വെള്ള സാരിയിട്ടവ്യക്തരൂപ-
മായൊരു വിലാപഗീതമായ്.

**********************************************************
മഴക്കു തുല്യം മഴ, മഴ മാത്രമേയുള്ളൂ.

 പയ്യാമ്പലത്തെത്തിളക്കും തീരത്തെ,
നൊടിയിട കൊണ്ടിരുണ്ട മാനവും
നനുത്ത കാറ്റുമായുരുക്കിമാറ്റുവാൻ
 മഴക്കു മാത്രമാം,മഴക്കു തുല്യം മഴ,മഴയൊന്നു മാത്രം.

തരംഗകേളികളിടിമുഴക്കത്തിലിടറിമായവേ,
മഴത്തുള്ളികളടർന്നു വീഴും സ്വരം,
കാറ്റിൻ ചെറുശീൽക്കാരം ,
 മനസിൽ തേനുറവയായ്.

നനഞ്ഞ മണ്ണിന്റെ  ഗന്ധം
തെങ്ങിൻ തലപ്പുകളുടെയാട്ടം,
 ചെറുകിളിയനക്കങ്ങളും .

 മറയ്ക്കുവാൻ വന്നുവോ നീ മഴേ,
 കടുത്ത വേനൽ പ്രണയത്തിളപ്പിനെ,
 തീരക്കരിങ്കല്ലിൽ മുറിഞ്ഞലറിക്കരഞ്ഞ-
 കുഞ്ഞിന്റെ കരൾപ്പിടപ്പിനെ,
 പൗരത്വ മതിലിനപ്പുറം ചുര മാന്തും മരണത്തിൻ ചിതപ്പുകകളെ  ?.

വരിക നീ മഴേ, പയ്യാമ്പലത്തെ തഴുകുവാൻ നിറഞ്ഞു പെയ്യുക ,
 കറുത്ത കാലത്തെ കഴുകി മാറ്റുവാൻ ,
മതംപറഞ്ഞയൽജീവനെടുക്കും
കുടിലക്കനൽതിളക്കങ്ങളൊഴുക്കിമാറ്റുവാൻ,

 പ്രളയമായ് നിറഞ്ഞഴുക്കുചാലുകൾ തുടച്ചെടുക്കുവാൻ,
പല കൂട്ടമായ് ചിതറും മനുഷ്യരെയൊരു -
ചരടിലേക്കൊരുക്കി  നിർത്തുവാൻ ,
അകന്നു നിൽക്കുമ്പോളടുപ്പം ചാലിക്കാൻ.
വരിക നീ മഴേ, പയ്യാമ്പലത്തെ തഴുകുവാൻ നിറഞ്ഞു പെയ്യുക

വരിക നീ മഴേ, തിരിച്ചറിവിൻ  -
നാമ്പുകൾ കിളിർത്തു പൂക്കുവാൻ ,
കൊറോണപ്പടനിലങ്ങളിൽ ,
 കനിവിൻ ചാലുകൾ നിറഞ്ഞു ,
 കേരളപ്പെരുമ തീർക്കുവാൻ.      _By  CKR

Tuesday 14 April 2020

ഓൺലൈൻ കഥാചർച്ച : 15-04-2020 പാല് പിരിയും കാലം

കഥ : എൻ.എസ് മാധവന്റെ      പാല്  പിരിയും കാലം 


ഓൺലൈൻ കഥാചർച്ച              തീയ്യതി 15-04-2020ന് രാത്രി 7 മണി മുതൽ     കഥ : എൻ.എസ് മാധവന്റെ           പാല്  പിരിയും കാലം            ചർച്ചയിൽ പങ്കെടുക്കുന്നവർ                1 ഡൊ : വത്സൻ പിലിക്കോട്         2, സന്തോഷ് കുമാർ ചിറ്റടി        3, കെ.എൻ മനോജ്കുമാർ                      4, കെ.പി. ബൈജു             5,ജയൻ നിലേശ്വരം                 6, ലതാഭായ് കെ.ആർ              7. ഡൊ.എൻ.പി.വിജയൻ തുടങ്ങിയവർ                          സ്വാഗതം:അനിൽകുമാർ        നന്ദി: ഷിബിൻ ടി.വി                            സി.ആർ.സി & ഗ്രന്ഥശാല വാട്സ് ആപ്പ് കൂട്ടായ്മയിലെ മുഴുവൻ സുഹൃത്തുക്കളുടേയും പങ്കാളിത്തം സാദരം ക്ഷണിക്കുന്നു


*******************************************************************************


CKR :തീവ്രമായ വേദനകൾ സഹിക്കുമ്പോഴും ഊഷ്മളതയുള്ള  മനുഷ്യബന്ധങ്ങൾ ആണ് ജീവിത യാത്രകളെ സഹിക്കാവുന്ന അനുഭവം ആക്കുന്നത് .നർമ്മം നിറഞ്ഞ ഇടപെടലുകളാണ് ജീവിതത്തെ പലപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത് . പക്ഷെ എൻ എസ് മാധവന്റെ  "പാൽ പിരിയുന്ന കാലം " എന്ന കഥയിൽ നർമ്മം മരണകാരണമാവുകയാണ്. പാല് പിരിക്കുന്ന അണുക്കളെ ക്കാൾ വിഷമയമായ ചിലതുണ്ട് എന്ന കഥ ഓർമ്മപ്പെടുത്തുകയാണ്. കൊറോണയുടെ അണുക്കളേക്കാൾ ഭീകരമാണ് ആൾക്കൂട്ട ഇടപെടലുകൾ .ആകപ്പാടെ ഈ കാലഘട്ടത്തിൽ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ പകർന്നുതരാൻ കഥ ശ്രമിക്കുന്നു .അതേസമയം ചെറുപ്പത്തിലെ പക്വത ക്കുറവുകളിലേക്ക് ,അ തി ന്റെ പകയുടെ ആഴങ്ങളിലേക്ക് ,കഥ നമ്മളെ കൊണ്ടു പോകുന്നുമുണ്ട്.  അൽക്കാ നീക്കി സാബുവിന്റെ  കൊലപാതകം ആൾക്കൂട്ടത്തെ ഉപയോഗിച്ച് ,വളരെ ലാഘവത്തോടെയും കൃത്യമായി നടപ്പിലാക്കുന്നു. അവൾ രംഗത്തു നിന്നു മറയുകയും ചെയ്യുന്നു. ഈ കൊലപാതകത്തിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല എന്നും വ്യക്തമാണ്.  നിസാരമായ ഒരു കാരണമാണ് അതിൻറെ പുറകിലുള്ളത്. അർഹതയില്ലാത്ത ഒരു സീറ്റിന് വേണ്ടിയുള്ള ഒരു ചെറിയ തർക്കം .പിന്നെ സാധാരണഗതിയിൽ നർമ്മം കലർന്ന ചില വെല്ലുവിളികൾ. അത് ഒരു ആസൂത്രിത
 കൊലപാതകത്തിൽ തീരുന്നു എന്നത് അത്ര ബോധ്യം ആകുന്നില്ല .പിന്നെ കഥയിൽ ചോദ്യമില്ല ല്ലോ .അതല്ല വർത്തമാനകാല യുവത്വത്തിന് കൊല്ലാൻ ഇത്രയേ കാരണം വേണ്ടൂ എന്നത് ആവില്ലേ കഥാകാരൻ ഉദ്ദേശിക്കുന്നത്.  ആയിരിക്കണം .ഡൽഹിയിലെ അന്തരീക്ഷം അത്ര വിഷമയമാണ് .മല്ലു ആയാലും മുസ്ലിം ആയാലും വിധി ഒന്നു തന്നെ. ശരിക്കും ഇങ്ങനെ തന്നെയാണോ  ദില്ലി ? വല്ലാതെ പേടിപ്പിക്കുന്ന കാലം ? സ്വന്തം ദേഹ ഭാഗം പോലും കൊണ്ടു നടക്കാൻ പറ്റാത്ത വിധം മൗലികാവകാശങ്ങൾക്ക് വിലങ്ങ് വീണിരിക്കുന്നു. ജനക്കൂട്ടത്തിന്  അക്രമാസക്തമായ ആൾക്കൂട്ടം ആകാൻ ഒരു തീപ്പൊരി മതി .പഞ്ചാബിൽ നിന്നും അഹമ്മദാബാദിൽ നിന്നും കൽക്കത്തയിൽ നിന്നും വരുന്നത് ആൾക്കൂട്ടങ്ങൾ ആണ്. മേൽപ്പാലത്തിൽ നിന്നുള്ള വർത്തമാനകാല ഇന്ത്യയുടെ പരിച്ഛേദ വീക്ഷണം  അനുഭവിപ്പിക്കുന്ന ചില വരികളുണ്ട്.വിഷ്വലുകൾ ഉപയോഗിച്ച് കഥ പറയുന്ന ഈ രീതി ആകർഷകമാണ്. തിരസ്കരിക്കപ്പെട്ട പ്രണയവും രോഗാവസ്ഥയുടെ ആതുരതയും യാന്ത്രികമാവുന്ന മനുഷ്യബന്ധങ്ങളും കഥയിൽ പശ്ചാത്തല മികവായി നിറയുന്നു .മനുഷ്യത്വത്തിന്റെ കയ്യൊപ്പുമായി അവതരിപ്പിക്കപ്പെട്ട പോർട്ടർ പ്രതീക്ഷയുടെ ഒരു തുരുത്തായി ബാക്കിനിൽക്കുന്നു. വാസ്തവം പറഞ്ഞാൽ പോലും ആരും വിശ്വസിക്കാത്ത അത്ര കടുത്ത വിദ്വേഷത്തിന്റെ (കുടിലതയുടെ ) അണുക്കളിൽ മനുഷ്യജീവിതത്തിലെ പാല് പിരിഞ്ഞു പോകുന്ന കാലം. അനർഹമായ സൗകര്യങ്ങൾക്ക് വേണ്ടി പോലും വാശിപിടിക്കുന്ന യുവത്വം .കഥ ഇതൊക്കെ  ഉദ്വേഗ പൂർവ്വമായി അവതരിപ്പിക്കുന്നു .അൽക്ക നികിക്ക് അൽക്കാ  സാബുവിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്. കൊല്ലുക തന്നെ ചെയ്തു. സാബുവിന്റെതും  കുറുക്കൻ റെ ബുദ്ധിയാണെന്ന് പൂർവകാല സുഹൃത്ത് മിനി പറയുന്നുണ്ട്. അയാൾ    മിനിയുടെ ജീവിതം എങ്ങിനെയാണ് തകർത്തത് എന്നത് ഗണിച്ചെടുക്കേണ്ട വേറൊരു വിഷയമാണ്. മൃണാളിനി യും ബാബുവും തമ്മിലുള്ള ബന്ധം ഒരേസമയം ദൃഢവും ഗാഢവും എന്നാൽ തകർന്നു  തീരാനുള്ളതാമായിട്ടാണ് തോന്നുന്നത്. പൂരിപ്പിക്കാൻ കുറെ സമസ്യകൾ ഈ ബന്ധത്തിൽ  ബാക്കിയിട്ടിട്ടാണ് കഥ തീരുന്നത് .ഒരു പെണ്ണിൻറെ ചാപല്യത്തിനു പോലും കളിപ്പിക്കാൻ കഴിയുന്ന അപകടകരമായ ആൾക്കൂട്ടങ്ങളെയാണ് കഥ വെളിവാക്കുന്നത്. യഥാർത്ഥ സത്യത്തെ നുണകൾ ആക്കി സ്വാർത്ഥ ലക്ഷ്യങ്ങൾ നടപ്പാക്കുന്ന, വിഷമയമായ കാറ്റാണ് ദില്ലിയിലും എന്നല്ല ഭാരതമാകെ വീശിയടിക്കുന്ന എന്നാണ് കഥ പറയാൻ ശ്രമിക്കുന്നത്. ഭരണകൂടങ്ങൾ ,ആൾക്കൂട്ടങ്ങളുടെയും ആസൂത്രണത്തിന്റെയും പിൻബലത്തോടെ   ചിലയിടങ്ങളിൽ   വിജയിപ്പിച്ചെടുക്കുന്ന അന്യ മത വിരോധത്തിന്റെ തിരക്കഥകൾ പിൽക്കാലത്ത് സാർവത്രികമാവുന്നു എന്നത് ഭയപ്പെടേണ്ട ഒരു യാഥാർത്ഥ്യമായി കഥ മുന്നോട്ടു വെക്കുന്നുണ്ട് ._ CKR