Saturday, 19 October 2019

പാമ്പ് കടിച്ചതിനു നാട്ടുമരുന്ന് കൊടുത്തു.ജീവന്‍ രക്ഷിക്കാനായില്ല

Jinesh P. S എഴുതുന്നു
----------------
ഇന്നും വായിച്ചു അതേ വാർത്ത. ആളും സ്ഥലവും മാത്രമേ മാറിയിട്ടുയുള്ളൂ.

ഇത്തവണ വാർത്ത പരിയാരത്തുനിന്ന് ആണ്. മരിച്ചത് എട്ടുവയസ്സുകാരൻ.

ഇന്നലെ രാത്രി ഏഴരയോടെയാണ് വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്.

വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ച് നാട്ടുമരുന്ന് കൊടുത്തു, പാമ്പ് കടിച്ചതിനുള്ള മരുന്ന്. രാവിലെ വീണ്ടും കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞു. വീണ്ടും അതേ മരുന്ന് നല്‍കി. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടകരമാണ്, ആ കുട്ടിയുടെയുടെ വേർപാടിൽ അനുശോചിക്കുന്നു.

ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.

കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.

സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിലും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് ...

മൊബൈൽ ഫോണിൽ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് 'വിഷചികിത്സ' എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

സങ്കടകരം...

മുൻപ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കൽ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോൾ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാലോ...


കുറിപ്പു : നടുവിൽ  എന്ന സ്ഥലത്തു നിന്ന് വെറും 9 .5  km അകലെ  പാമ്പിൻ വിഷത്തിന്റെ മരുന്നു ആലക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റലിലും  8  km കരുവഞ്ചാൽ വെള്ളാട് ഹോസ്‌പിറ്റലിലും ഉള്ളപ്പോഴാണ് ആ കുഞ്ഞിന് കൃ ത്യമായ ചി കിത്സ കിട്ടാതെ പരക്കം പായേണ്ടി വന്നത് .



No comments: