Saturday 20 November 2021

മാപ്പു മാപ്പെന്ന് പറയുവോരേ ,

മാപ്പു മാപ്പെന്ന് പറയുവോരേ  ,

ഞങ്ങടെ കഴുത്തിനു കുത്തിപ്പിടിച്ചവരേ ,

വേണ്ട, വേണ്ടെന്നു ചൊല്ലിയിട്ടും 

വിഷപ്പാനപാത്രം നീട്ടി നിന്നവരേ .


സമ്പന്ന കർഷകരെന്നു 

വിളിച്ചതില്ലേ ? ഞങ്ങളെ 

പ്രക്ഷോഭ ജീവികളെന്നു 

ചിരിച്ചതി ല്ലേ ?

മാവോയിസ്‌റ്റെന്നു

വിളിച്ചില്ലേ ,പിന്നെ 

രാജ്യ ദ്രോഹികളെന്നു

പറഞ്ഞതല്ലേ ?

 വിദേശ ചാരന്മാരെന്നു 

വിളിച്ചതല്ലേ ?

ചന്ദ്രനിലേക്കയക്കാനോർത്തതല്ലേ 

നിങ്ങളെങ്ങളെ -

ഖാലിസ്ഥാനികളെന്നും  വിളിച്ചതല്ലേ -

യിപ്പോൾ കർഷകരെന്നു നിനച്ചതെന്തേ ?


കുത്തകക്കീശക്കു 

കൂട്ടിക്കൊടുക്കുവാൻ

 കൈകൂപ്പി നിൽക്കുന്ന 

നേതാവിനിപ്പോളെങ്ങൾ  

വീട്ടിലേക്കു മടങ്ങണം പോൽ !

ഞങ്ങൾക്കീ നാടാണുവീടെന്നു  കണ്ടതല്ലേ ?

നാടിൻറെ നാനായിടങ്ങളിലും 

 നാലുമടങ്ങായി പടരുമെങ്ങൾ .

നമ്പുവാനാകില്ല  , നിൻ നാടകവാക്കുകൾ ,

നന്മകൾ പൂക്കുമോ വിഷച്ചെടിയിൽ !

കൂപ്പുകൈ കാട്ടി പിന്നെകുനിഞ്ഞൊരു 

തോക്കെടുത്തുന്നം പിടിച്ചോരല്ലേ ?


ഇല്ല ,മറക്കില്ല , നിങ്ങടെ ചെയ്തികൾ -

തെരുവുകളിലെങ്ങളെ പട്ടിണിക്കിട്ടതും 

ജലപീരങ്കികൾ വർഷിച്ചതും 

റോഡിലള്ളു നിരത്തിയതും 

ഞങ്ങടെ നെഞ്ചത്തു -

ട്രാക്റ്ററുകളുരുട്ടിക്കളിച്ചതും  ,

റോഡു കുഴിച്ചു കെണിവെച്ചടച്ചതും 

ഞങ്ങടെ മക്കളെ 

മന്ത്രിപുത്രൻ കൊന്നതും 

കേസെടുക്കാഞ്ഞതും ,

എഴുനൂറ്റിയമ്പതു  ജീവനെടുത്തതും ,

ഇല്ല ,മറക്കില്ല , നിങ്ങടെ ധാർഷ്ട്യങ്ങൾ  .

ഇല്ല ,മറക്കില്ല , ധീരമീ യാത്രയിൽ 

കരംബീർ സിംഗ്  കുറിച്ചിട്ട വാക്കുകൾ 

"ഇല്ല, പിന്മാറില്ല, നീതി നേടുംവരെ ".


വീട്ടിലേക്കല്ല മടങ്ങുന്നതു ,

ഞങ്ങളധികാരക്കോട്ടകൾ കീഴടക്കാൻ .

ഗാന്ധിയും നെഹ്രുവും 

മാർക്സുമമ്പേദ്ക്കറും 

മാർഗം തെളിച്ച വഴിയിലൂടെ 

അന്നമുണ്ടാക്കുവോരും

തൊഴിലാളികളുമൊന്നിച്ചൊരു  പട 

മൗനംവെടിഞ്ഞൊന്നുതള്ളി വരും .

ഉപ്പുകുറുക്കിയവീര്യങ്ങളൊ-

ത്തൊരുമിച്ചു ഭയം വെടിഞ്ഞു -

ത്തരദക്ഷിണഭേദമില്ലാതുയിർക്കെ 

സമത്വവും നേരും പുലരുന്ന നാൾവരും 

 ചൂഷണമില്ലാത്ത ഭരണകാലം  . 


മാപ്പു മാപ്പെന്ന് പറയുവോരെ ,

മാപ്പില്ല ,ചെയ്തതു പാതകങ്ങൾ . 

നോട്ടു നിരോധനമാകട്ടെ .

ഗുജറാത്ത് കൂട്ടക്കൊലകളാട്ടെ ,

മാപ്പില്ല ,ചെയ്തതു പാതകങ്ങൾ . 

നഷ്ട പരിഹാരം തന്നിട്ടൊഴിഞ്ഞീടുക  ,

ശിക്ഷാ വിധികളുമേറ്റു വാങ്ങൂ ,

വീട്ടിലേക്കല്ല മടങ്ങുന്നതുഞങ്ങൾ 

പോരുന്നധികാരമാർജ്ജിക്കുവാൻ  .-CKR 21 11 2021

 

************

സ്വത്വരാഷ്ട്രീയവും വർഗ രാഷ്ട്രീയവും ജയ്‌ഭീം എന്ന കലാസൃഷ്ടിയും .CLICK HERE TO READ 








Friday 19 November 2021

സ്വത്വരാഷ്ട്രീയവും വർഗ രാഷ്ട്രീയവും ജയ്‌ഭീം എന്ന കലാസൃഷ്ടിയും .

 ജാതി, മതം, വംശം, ലിംഗം, ഗോത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങൾ രാഷ്ട്രീയമായി അണിചേരുകയും പ്രവർത്തിക്കുകയും ചെയ്യന്നതിനെയാണു് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നതു്. എന്ന്  മലയാളം വിക്കിപീഡിയ പറയുന്നു . ഓരോ വിഭാഗവും സ്വന്തം ഉയർച്ചയ്‌ക്കു സ്വയം സംഘടിക്കണം എന്നാണ്‌ സ്വത്വരാഷ്ട്രീയം പറയുന്നതു്. "ഇതു് മാർസ്കിസം വിഭാവനം ചെയ്യുന്ന വർഗ്ഗരാഷ്ട്രീയ സിദ്ധാന്തത്തിനു് കടകവിരുദ്ധമാണു്."എന്നും അതിൽക്കാണുന്നുണ്ട് .ജയ് ഭീം എന്ന സിനിമ കണ്ടതിനു ശേഷം എൻ്റെ മനസ്സിൽ തെളിയുന്നത് "സ്വത്വ രാഷ്ട്രീയവും വർഗ രാഷ്ട്രീയവും അങ്ങിനെ ഭിന്നിച്ചു  നൽകേണ്ട ആശയങ്ങളല്ല "എന്നാണ് .

കമ്മ്യൂണിസ്റ്റു രാഷ്ട്രീയം

തമിഴ് സിനിമ ജീവിത യാഥാർഥ്യങ്ങളിലേക്കു മിഴി തുറക്കുന്നത് പുളകം കൊള്ളിക്കുന്ന അനുഭവമാണ് . അയിത്തത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും  പൊള്ളിക്കുന്ന അനുഭവങ്ങളുള്ള ഒരു ഇന്ത്യൻ ഗ്രാ മമാണ്  ഈ ചലച്ചിത്രത്തിലുള്ളത് .ജാതിയുടെ പേരിൽ ഇരുള വിഭാഗത്തിൽ പെട്ടവരും മറ്റു അടിയാള വിഭാഗത്തിൽപ്പെട്ടവരും  അനുഭവിക്കുന്ന വിവേചനങ്ങൾ ഈ സിനിമ അടിവരയിട്ടു കാണിക്കുന്നു .ആ വിവേചനം കാണിക്കുന്നതാകട്ടെ നിയമപാലകരായ പല പോലീസുകാരും അധികാര വർഗ്ഗത്തിന്റെ പ്രതീകമായ  പഞ്ചായത്ത് പ്രസിഡന്റും  .  ചെയ്യാത്ത കുറ്റത്തിന് ചോദിക്കാനും പറയാനുമില്ലാത്തവർ -അസംഘടിതരായവർ -ശിക്ഷിക്കപെടുകയാണ് ."താഴ്ന്ന "ജാതിയിൽ പെട്ടയാളെ സ്വന്തം ഗ്രാമക്കാരനെന്ന ബന്ധം പറയാൻപോലും അനുവദിക്കാത്ത തരം അതിക്രൂരമായ ജാതി ബോധമാണ് ഗ്രാമത്തിലെ അധികാരമാസ്വദിക്കുന്ന സ്ത്രീകൾക്ക് പോലും ഉള്ളത് .പ്രമോഷനും ഗുഡ് സർവീസ് എൻട്രികൾക്കും സാമ്പത്തിക ലാഭത്തിനും വേണ്ടിയുള്ള ഉദ്യോഗസ്ഥ മേധാവികളുടെ ഗൂഢാലോചനകൾ  പാർശ്വവല്കരിക്കപ്പെട്ടവരുടെ ജീവിതമോഹങ്ങളെ ചവിട്ടി മെതിക്കുകയാണ് .വിവേചനവും ക്രൂരതയും  ബലിയാടുകളാക്കിയ പാർശ്വവല്കരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാൻ കമ്മ്യൂണിസ്റ്റു രാഷ്ട്രീയം മുന്നോട്ടുവരുന്നതാണ് കഥയുടെ പ്രമേയം .ജസ്‌റ്റിസ് ചന്ദ്രു(സൂര്യ അവതരിപ്പിച്ച അഡ്വ. ചന്ദ്രു എന്ന കഥാപാത്രം) രചിച്ച് LeftWord books പ്രസിദ്ധീകരിച്ച ‘Listen to My Case- When Women Approach the Courts of Tamil Nadu’ എന്ന പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം.തമിഴ്‌നാട്ടിൽ എവിടെ ആദിവാസികളും ദളിതരും പീഢിപ്പിക്കപ്പെ ട്ടാലും അവർക്കു നേരെ മനുഷ്യാവകാശ ലംഘനം ഉണ്ടായാലും സി പി ഐ എം മാത്രമാണ് പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളത് എന്ന മുൻ പത്രപ്രവർത്തകൻ കൂടിയായ സംവിധായകൻ ജ്ഞാനവേലിന്റെ  പ്രസ്താവനകൂടി ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് .

ഇന്ത്യയിൽ തുടരുന്ന ജാതിവിവേചനങ്ങൾ 

തമിഴ് നാട്ടിലും കേരളത്തിലും കർണാടകയിലുമായി ഏതാണ്ട് 2 ലക്ഷം ഇരുളൻമാർ മാത്രമേ ഉള്ളൂ .ഇതിൽ കൂടുതൽ പേരും തമിഴ്  നാ ട്ടിലാണ് .തമിഴിനോട്‌ കൂടുതൽ  നിൽക്കുന്ന ഇരുള ഭാഷയിൽ സംസാരിക്കുന്ന ഇവർക്ക് 

പാമ്പ് ,എലി , എന്നിവയെ പിടിക്കലും തേൻ ശേഖരണവുമാണ്  പ്രധാന തൊഴിൽ . കൃഷിപ്പണികളിൽ ദിവസക്കൂലിക്ക് കിളക്കാനും മറ്റു കായിക ജോലികൾക്കും ഇവരെ ഉപയോഗപ്പെടുത്തുന്നു. പാത്രത്തിൽ പുക നിറച്ചു മാളങ്ങളിൽ ഊതിക്കയറ്റിയുള്ള എലിപിടിത്തം ഇവരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതൽ കാണുന്നതിന് ഇടയാക്കിയിട്ടുണ്ട് .

2017 ൽ ഫ്ലോറിഡയിൽ വന്ന കൂടിയ പെരുമ്പാമ്പുകളെ പിടികൂടാനായി 2 ഇരുള രെ കൊണ്ടു പോയതായും 2 ആഴ്ചക്കുള്ളിൽ 14 പെരുമ്പാമ്പു കളെ അവർ പിടികൂടിയതായും പറയപ്പെടുന്നു.അതിനു 70000 ഡോളർ പ്രതിഫലം ലഭിച്ചുവത്രേ .(അവലംബം -വിക്കിപീഡിയ )


ഇരുളൻമാരെ മറ്റു ജാതികളിൽ പെട്ടവർ സ്ഥിരമായി അകറ്റിനിറുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വർത്തമാനകാല യാഥാർഥ്യമാണ്  .ഇവരിൽ ഒരാളായ ധനലക്ഷ്മി എന്നപെൺകുട്ടി ജാതി സർട്ടിഫിക്കറ്റിന്‌ ശ്രമിച്ചതിന്റെ പേരിൽ വണ്ണിയാർ സമുദായത്തിൽപ്പെട്ട ഗ്രാമവാസികളിൽ നിന്നും  അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി വിക്കിപീഡിയയിലെ ഒരു ലേഖനത്തിൽ കാണുന്നുണ്ട് .ഇരുള വിഭാഗത്തിൽപെട്ട ഒരുവൻ വണ്ണിയാർ വിഭാഗത്തിൽ പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ വണ്ണിയാർ വിഭാഗത്തിൽപെട്ട ഗ്രാമീണർ അയാളെ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാകുകയും അയാളുടെ ദേഹത്ത് പരസ്യമായി മൂത്രമൊഴിക്കുകയും ചെയ്തതായി വാർത്തകളുണ്ട് .ജയ് ഭിം എന്ന പടം വണ്ണിയാർ സമുദായക്കാരെ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ചു ഈ  പടം കളിക്കുന്ന തീയറ്ററുകളിൽ ആൾക്കൂട്ട ആക്രമണം ഉണ്ടായിട്ടുണ്ട് . ഇതേ കാരണം ചൂണ്ടിക്കാട്ടി ഇതിലെ പ്രധാന നടനായ സൂര്യ യെ ചവിട്ടുന്നവർക്കു പാട്ടാളി മക്കൾ കക്ഷി പരസ്യമായി സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട് .ഇന്ത്യയിൽ ,പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ ,ജാതിയുടെ പേരിലുള്ള വിവേചനം പല ഗ്രാമങ്ങളിലും തുടരുന്നതിനു തെളിവാണ് ഈ എതിർപ്പുകൾ .ഈ പടം പല തവണ കണ്ട ഒരാളെന്ന നിലയിൽ എനിക്ക് എഴുതാനുള്ളത് ഇതിൽ ഒരു ജാതി വിഭാഗത്തേയും ആക്ഷേപിച്ചിട്ടില്ല എന്ന് തന്നെയാണ് .മറിച്ചു ജാതിയുടെ പേരിലുള്ള വിവേചനങ്ങളെ ഈ സിനിമ കൃത്യമായി എതിർക്കുന്നു എന്നത് ശരിയായ ഒരുകാര്യവുമാണ് .


നിയമസാക്ഷരത

അടിസ്ഥാന സാക്ഷരതയും നിയമസാക്ഷരതയും നീതി ലഭിക്കുന്നതിന് എത്രമാത്രം അത്യാവശ്യമാണെന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു.നമ്മുടെ നാട്ടിൽപോലും  നിയമത്തെകുറിച്ചുള്ള അജ്ഞതയും അരാഷ്ട്രീയ ജീവിത ശൈലിയും കാരണം അനീതി അനുഭവിക്കേണ്ടി വരുന്ന എത്രയോ വ്യക്തികൾ ഉണ്ട് . സ്വന്തം കുടുംബങ്ങളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ സാക്ഷരരായിട്ടു പോലും നിശബ്ദമായി സഹിക്കേണ്ടി വരുന്ന  എത്രയോ സ്ത്രീകൾ കേരളത്തിലുണ്ട് . അറിവുണ്ടായാൽപ്പോരാ .നിത്യജീവിതത്തിൽ അത് ഉപയോഗിക്കാനും കഴിയണം. കേരള ഗ്രാമങ്ങളിൽ നൂറുശതമാനം  നിയമസാക്ഷരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നിർബന്ധമായും ഉണ്ടാകേണ്ടതുണ്ട് .ചൊക്ലി ഗ്രാമപഞ്ചായത്തിൽ ഈ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് .അത് മറ്റു പഞ്ചായത്തുകളിലേക്കും പകർത്തേണ്ടതുണ്ട്   .പച്ചമരുന്നുകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവു ള്ള സെംഗിണിയും അവരുടെ നിഷ്കളങ്കയായ  മകളും   അവരുടെ കേവലമായ അറിവുകളിൽനി ന്നും അനാഥത്വത്തിൽ ൽ  നിന്നും   കാലഘട്ടത്തിന്റെ പ്രായോഗികതകളിലേക്കും ആത്മ വിശാസത്തിലേക്കുമുള്ള ചുവടുകൾ വെച്ച് തുടങ്ങുന്നിടത്താണ് കഥ തീരുന്നത് .

അശാസ്ത്രീയമായ കുറ്റാന്വേഷണ രീതി

രാജാക്കണ്ണു ഉൾപ്പെടെയുള്ളവർക്ക് സ്വത്തവകാശമില്ല .മേൽവിലാസമില്ല .അതുകൊണ്ട് തന്നെ വോട്ടവകാശമില്ല ! ജാതി സർട്ടിഫിക്കറ്റുമില്ല ! അതിനാൽ സർക്കാർ ജോലി അടക്കമുള്ള യാതൊരു അനുകൂല്യവുമില്ല . ഔപചാരിക വിദ്യാഭ്യാസമോ റേഷൻ കാർഡോ കിറ്റോ സ്കോളർഷിപ്പോ ഒന്നുമില്ലാതെ , നാടോടി ജീവിതം നയിക്കുന്ന ഈ പാവങ്ങൾ എങ്ങിനെയാണ് കോവിഡ് മഹാമാരിക്കാലം താണ്ടിയിരിക്കുക എന്ന് സിനിമ കാണുമ്പോൾ സങ്കടത്തോടെ  ഓർത്തുപോയി .ഭരണഘടന വിഭാവനം ചെയ്യുന്ന പ്രാഥമിക സാമൂഹ്യനീതി പോലും  ലഭിക്കാതെ ഒട്ടേറെ ആളുകൾ നമ്മുടെ ഭാരതത്തിലുണ്ട്  എന്ന തിരിച്ചറിവ് ഈ ചലച്ചിത്രം പകരുന്നു . ലക്ഷ്യബോധമുള്ള ഭരണകൂടമോ രാഷ്‌ട്രീയ  ബോധമുള്ള സമൂഹമോ  ഇല്ലെങ്കിൽ പോലീസ് അടക്കമുള്ള നീതിനിര്വഹണ വിഭാഗങ്ങൾ മർദ്ദന ഉപകരണങ്ങളായി  നിലനിൽക്കുക തന്നെ ചെയ്യും  എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .എത്രത്തോളം അശാസ്ത്രീയമായ കുറ്റാന്വേഷണ രീതിയാണ് നമ്മുടെ പോലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നത് .! രാജാക്കണ്ണും കുടുംബവും യഥാർത്ഥത്തിൽ അനുഭവിച്ച പീഡനത്തിന്റെ 40 ശതമാനം മാത്രമേ സിനിമയിലുള്ളൂ എന്ന് സംവിധായകനായ ജ്ഞാനവേൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് . അതേസമയം പെരുമാളിനെയും സഹപ്രവർത്തകരേയും പോലുള്ള പോലീസുകാരും ചന്ദ്രുവെന്ന അഭിഭാഷകനും  മൈത്രയെന്ന സാമൂഹ്യ പ്രവർത്തകയും പോലുള്ള  നീതിബോധവും മനുഷ്യപ്പറ്റുമുള്ള കുറേ യേറെ ആളുകൾ  ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി മാറുന്നുമുണ്ട് .

പ്രകൃതിയോടുള്ള രണ്ടുതരം സമീപനങ്ങൾ

പ്രകൃതിയോടുള്ള രണ്ടുതരം സമീപനങ്ങൾ ഈ ചലച്ചിത്രം ആഴത്തിൽ വിശകലനം ചെയ്യുന്നതായി അനുഭവപ്പെടുന്നു .മറ്റെല്ലാ രംഗത്തും അമിതാധികാരം പ്രയോഗിച്ചു വിലസുന്ന പഞ്ചായത്തു പ്രസിഡണ്ട്   വീടിനകത്തു കാണപ്പെട്ട സർപ്പത്തിനു മുന്നിൽ  വല്ലാതെ പേടിച്ചു  ഒച്ചതാഴ്ത്തിയാണ് സംസാരിക്കുന്നത് .ഇത് അയാൾ പ്രതിനിധാനം ചെയ്യുന്ന അധികാരവർഗ്ഗത്തിന്റെ  അന്ധമായ സർപ്പാരാധനാരീതികളേയും ആചാരഭയത്തിന്റേയും പ്രതിഫലനമാണ് . രാജാക്കണ്ണാവട്ടെ യാതൊരുപേടിയുമില്ലാതെ സ്വന്തം കൈ കൊണ്ട് സർപ്പത്തെ പിടിച്ചു ചാക്കിലിട്ടു പിന്നീട് വനത്തിൽ അതിനെ തുറന്നു വിടുകയാണ് .അതിനെ കൊല്ലാനുള്ള പ്രസിഡണ്ടിന്റെ നിർദ്ദേശത്തെ അയാൾ സൗമ്യമായി അവഗണിക്കുകയാണ് .മനുഷ്യരെ കരുതി ജീവിക്കാൻ അയാൾ സർപ്പത്തോട് സ്നേഹത്തോടെ മൊഴിയുന്നുമുണ്ട് .  "ഭൂമിയുടെ അവകാശികൾ" എന്ന് ബഷീർ സ്വീകരിക്കുന്ന പ്രപഞ്ച സ്നേഹം ഉൾകൊണ്ടവരാണ് നിരക്ഷരെങ്കിലും  സർവ ഭൂത സ്നേഹി കളായി ജീവിക്കുന്ന ഇരുളാർ . വിശപ്പിന് വേണ്ടി മാത്രം കൊല്ലു ന്നവരാണ്  ഇക്കൂട്ടർ .നമ്മൾ ആധുനികർ അങ്ങിനെയ ല്ലല്ലോ .നമ്മൾ പലരും അധികാരത്തിനു വേണ്ടിയും പ്രമോഷന് വേണ്ടിയും പണത്തിനു വേണ്ടിയും കൊല്ലാൻ അറപ്പില്ലാത്തവരായിരിക്കുന്നു .ഭൂത ദയയിലേക്കും പ്രകൃതി ജീവിതത്തിലേക്കും അങ്ങിനെയുള്ള ഒരു ജീവിതക്രമത്തിലെ കേവലാനന്ദം പകരുന്ന അനുഭവങ്ങളിലേ ക്കുമുള്ള  ഒരു ഉൾക്കാഴ്ചയായി അതിലുപയോഗിച്ചിട്ടുള്ള മികച്ച സംഗീതാനുഭവങ്ങളുടെ സഹായത്തോടെ  ഈ ചലച്ചിത്രം മാറുന്നുണ്ട് .

ശാസ്ത്രബോധ മാനവികത

എല്ലാറ്റിലുമുപരി ശാസ്ത്രബോധത്തിലും മാനവികതയിലും അധിഷ്‌ഠിതമായ സോഷ്യൽ എഞ്ചിനീറിങ്ങിന്റെ പ്രസക്തിയും സാദ്ധ്യതയും വരച്ചുകാട്ടുന്ന ബുദ്ധിപരമായ ഒരു പ്രവർത്തനമായി ഈ ചലച്ചിത്രം മാറുന്നു .നീതി താനെ ലഭ്യമാകില്ലെന്നും നിരന്തരമായ രാഷ്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ അത്  നമ്മൾ ഊറ്റിയെടുക്കേണ്ട ഒന്നാണെന്നും സിനിമ ഓർമിപ്പിക്കുന്നു .ഭീമ റാവുറാംജി  അംബേദ്‌കർ മുതലിങ്ങോട്ട് വി ആർ  കൃഷ്ണയ്യർ  എന്ന ന്യായാധിപൻ അടക്കം നിരവധി രാഷ്ട്രീയ സാമൂഹ്യ വ്യക്തിത്വങ്ങൾ സ്വന്തം ജീവിതങ്ങൾ അപകടപ്പെടുത്തി പരുവപ്പെടുത്തിയെടുത്ത  സ്വതന്ത്ര ഭാരത ത്തിന്റെ ഭരണഘടന തത്വങ്ങൾ  .  സാമ്രാജ്യത്വ ശീലങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയിലേക്ക്  ഉൾച്ചേർത്തു കൊണ്ട് നടത്തേണ്ടുന്ന ഇടപെടലുകളെ അടിവരയിട്ടു പറയുകയാണ് ജെയ്‌ഭീം എന്ന ഈ മികച്ച കലാസൃഷ്ടി .

*************************************രാധാകൃഷ്ണൻ കണ്ണൂർ *************

മാപ്പു മാപ്പെന്ന് പറയുവോരേ --click here to read this poem



സെങിനി ആയുള്ള ലിജോമോൾ ജോസിന്റെ അഭിനയം നന്നായിട്ടുണ്ട് .മണികണ്ഠൻ (രാജ കണ്ണ് ), സൂര്യ( ചന്ദ്രു ) എന്നിവരും തിളങ്ങുന്നു .

Thursday 18 November 2021

കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം

 പ്രളയകാലമെന്നോട് പറഞ്ഞത് click here to read the poem

രാമപുരം വായനശാല(പഴയങ്ങാടി ,കണ്ണൂർ )നടത്തിയ അഖില കേരള സാഹിത്യ മത്സരങ്ങളുടെ ഭാഗമായി  കവിതാ രചന മത്സരത്തിൽ

രാധാകൃഷ്ണൻ മാസ്റ്റർ,ആലക്കോട് (ഒന്നാം സ്ഥാനം)

ഏ.വി.ചന്ദ്രൻ,ചെറുകുന്ന്  .(രണ്ടാംസ്ഥാനം) എന്നിവർ സമ്മാനാർഹരായി .

സമ്മാനദാനം രാമപുരത്ത് ഇന്നു 18.11.2021 ന്  വൈകു. 5.30ന് രാമപുരത്ത് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ഒന്നാം സ്ഥാനം നേടിയ കവിത 

-പ്രളയകാലമെന്നോട് പറഞ്ഞത് by സീക്കെയാർ ,കണ്ണൂർ 







Wednesday 17 November 2021

ഇനി 5 സീറ്റേ ബാക്കിയുളളൂ... ബേഗം വന്നോളിൻ .....

 ഇനി 5 സീറ്റേ ബാക്കിയുളളൂ... ബേഗം വന്നോളിൻ .....


അല്ലപ്പാ, ഇങ്ങള് ഇതുവരെ

വിമാനത്തില് കേറീട്ടില്ല 🤔

എന്നാ ബാ ഞമ്മക്ക്

കൊച്ചീലേക്ക് സവാരി പോകാം ...✈️


3️⃣7️⃣5️⃣0️⃣ രൂപ മാത്രം


അടുത്ത ബാച്ച് നവംബർ 28ന് പുറപ്പെടുന്നു


✈️ വിമാന യാത്ര

🛥️ ബോട്ട് യാത്ര

🚇 മെട്രോ ട്രെയിൻ യാത്ര 

🚂 തീവണ്ടി യാത്ര



🛄 യാത്രയും

🎟️  പ്രവേശന ടിക്കറ്റും

🍚  ഭക്ഷണവും ഉൾപ്പെടെ


ബുക്കിംഗിന് ബന്ധപ്പെടുക...

Savari

The real travelmate

Pinarayi, Kannur

📲 8848643486

📲 8137869848

📧 savaritravelmate@gmail.com


സവാരിയുടെ യാത്രകളെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ 👇🏻

https://chat.whatsapp.com/FbnLREdXcuDLjNRnI76Ste


WhatsApp https://wa.me/message/IJRG3QB4XEMGG1

WhatsApp https://wa.me/message/LDZW7AG6J4JEC1


Follow 

🔵 https://www.facebook.com/Savari-112037401276959/

🟣 https://www.instagram.com/savari_travelmate/