Monday 26 April 2021

ബിരിയാണി അസഹനീയമാണ്



ബിരിയാണി ( Flavors of Flesh) അസഹനീയമാണ് . കുടുംബ  സമേതം കാണാൻ  കൊള്ളില്ല ..കുട്ടികളെ കാണിക്കാനൊക്കില്ല  . പറയപൂർത്തിയായവർക്കു മാത്രമുള്ളതാണ് .തുടക്കത്തിലും ഒടുക്കത്തിലും രണ്ട് തരം ലൈംഗിക വേഴ്ച കളുടെയും സ്ത്രീ പുരുഷ  സ്വയംഭോഗങ്ങളുടേയും  എഡിറ്റു ചെയ്യാത്ത ദൃശ്യങ്ങൾ അസുഖകരമായ അനുഭവങ്ങളായി മാറുന്നു .സെക്‌സും വയലൻസും ധ്വ നിപ്പിച്ചു സൂചിപ്പിക്കാൻ അറിയാത്ത( തയ്യാറാകാത്ത ) സംവിധായകനാണ് .പിന്നെയൊരു ചോദ്യമുള്ളത് സിനിമ ഇങ്ങിനെയൊ ക്കെയേ ആകാവൂ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നതാണ്  .അതില്ല . നല്ല താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി .ഇങ്ങനെ ഒക്കെ ആണെങ്കിലും ഒട്ടേറെ അവാർഡുകൾ സംവിധാനത്തിനും അഭിനയത്തിനും ഒക്കെ നേടിയിട്ടുമുണ്ട് കലാമൂല്യം ഏറെയൊന്നും അവകാശപ്പെടാത്ത  ഈ സിനിമ . മലയാള സിനിമ ഇന്നേവരെ തിരിഞ്ഞു നോക്കാത്ത പുറംപോക്കുകളിലൂടെ മലവുംമാലിന്യങ്ങളും  ശവശരീരങ്ങളും  വകഞ്ഞുമാറ്റി നടത്തിക്കുകയാണ് സംവിധായകപ്രതിഭ . 

ഇങ്ങനൊക്കെയാണ് ബിരിയാണി തയ്യാറാക്കപ്പെടുന്നത് എങ്കിൽ ഇനി മേലാൽ പുറത്തു നിന്ന് തയ്യാറാക്കിയ ബിരിയാണി കഴിക്കാൻ എനിക്ക് തോന്നുന്നില്ല .സമൂഹ വിരുന്നു ,സൽക്കാരം , ക്ഷേമാന്വേഷണം , കൂട്ടായ പ്രാർത്ഥന , മതപരമായ വിലക്കുകൾ തുടങ്ങിയവയൊക്കയും കീറിമുറിച്ചു വേവിച്ചു പതപ്പിക്കുകയാണ് ഈ ചലച്ചിത്രത്തിൽ .പോലീസ്  , സിനിമയിൽ  അധികാരത്തിന്റെയും സുഖലോലുപതയുടെയും പ്രതീകമായിരിക്കുന്നു .ഭീകരവാദത്തിലേക്കു മതത്തിൽ നിന്നും കൂട്ടിക്കൊടുപ്പു നടക്കുന്നത് എങ്ങനെയെന്നും പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നും  ഭീകരവാദഗ്രൂപ്പുകളിലേക്ക്  കൂടുമാറ്റം സംഭവിക്കുന്നത്  എത്ര എളുപ്പമാണെന്നും  സിനിമ നമ്മെ ചിന്തിപ്പിക്കുന്നുണ്ട് . മുത്തലാക്കിന്റെ നിരർത്ഥകതയും അതിൻ്റെ ഇരകളിൽ ഇത്തരം മൃഗീയതകൾ സൃഷ്ടിക്കുന്ന അനാഥത്വവും വ്യക്തമാക്കപ്പെടുന്നു .എട്ടാം നൂറ്റാണ്ടിൽ കേരളക്കരയിലെത്തിയ ഇസ്ലാം സംസ്കാരം കേരളജീവിതത്തിന്റെ മികവാർന്ന ഒരംശമെങ്കിലും  പുരുഷാധിപത്യമാണ്  അതിൻറെ പ്രത്യക്ഷ  ചൈതന്യമെന്നും   പാർശ്വവല്കരിക്കപ്പെട്ട ജീവിതങ്ങളിലെ ചില ദൗർബല്യങ്ങളാണ് ഭീകരവാദത്തിൻ്റെ പിടിവള്ളികളായി മാറിയതെന്നും സാമാന്യ ജനത ഭീകരതക്ക് എതിരാണെന്നും ചിന്തിപ്പിക്കുന്ന ഒരു വിശകലന രീതി സിനിമയിൽ ഉടനീളം നിലനിർത്തിയിട്ടുണ്ട് .


തുടക്കത്തിലും ഒടുക്കത്തിലും കാണിക്കുന്ന രണ്ട് തരം ലൈംഗിക വേഴ്ച കളിലുമുള്ള സ്ത്രീ,  മേക്കപ്പ്‌കൊണ്ടും മുഖ ഭാവം കൊണ്ടും മേനിക്കൊഴുപ്പ് കൊണ്ടും ഒരേ വ്യക്‌തി തന്നെയായി നമുക്ക് കാണാം .ഈ രംഗങ്ങൾ ഒന്നിച്ചു ഷൂട്ട് ചെയ്തതാകണം .  എന്നാൽ അതിനിടക്കുള്ള മുഴുവൻ രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത് അതേ സ്ത്രീകഥാപാത്രം  ആയിട്ടാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും  ശരീര പ്രകൃതത്തിലും മേക്കപ്പിലും  ഭാവത്തിലും സ്വാഭാവികമായ ഒരു സാമ്യതയോ തുടർച്ചയോ ഇല്ലാതെ ,വേറൊരു സ്ത്രീ ആയിട്ടാണ് കാണാൻ കഴിയുന്നത് .  ഇത് ആസ്വാദനത്തിനു തടസമായ ഒരു പോരായ്മ തന്നെയാണ് .

പള്ളിയിലെ  മൗസി ആയി കഴിയുന്ന ജുബൈറിലെ മനുഷ്യത്വവും ആർജവവും ദൗർബല്യങ്ങളും വേറിട്ടൊരു അനുഭവമാണ് .അയാൾ വാഗ്‌ദാനം ചെയ്ത സുരക്ഷിതത്വവും സാമ്പത്തിക സഹായവും തട്ടിക്കളഞ്ഞു മാംസവിപ ണിയിലേക്കു അവൾ സ്വയം തുനിഞ്ഞിറങ്ങുകയായിരുന്നല്ലോ .ഇനിയെങ്കിലും താൻ സ്വന്തമായ തീരുമാനമെടുക്കട്ടെ  എന്ന്  പറഞ്ഞു തുനിഞ്ഞിറങ്ങുന്ന  ഈ വനിത,  ഇസ്ലാമിക സെക്സ് എന്ന പുസ്തകം വായിക്കുന്ന ദൃശ്യത്തിന്റെ പൊരുൾ എന്താണാവോ ? സ്ത്രീക്ക് സന്തോഷം ലഭിക്കാത്ത അനുഭവമായി ഒരു പ്രത്യേക മതത്തിലെ കുടുംബ ജീവിതത്തിലെ സെക്സ് അനുഭവങ്ങൾ മാറുന്നുവെന്നോ ?

 പെട്ടെന്ന് പണക്കാരിയാകാനും സമൂഹത്തിൽ മേധാവിത്തം നേടാനും നടത്തിയ പരാജയപ്പെട്ട ഒരു ശ്രമം .സ്വന്തം സുഖംമാത്രം  കാമിച്ചുള്ള ഒരു സ്ത്രീമനസിന്റെ വ്യർത്ഥ വ്യായാമങ്ങളിൽ അവസാനിക്കുന്ന ചലച്ചിത്രം  നിരർത്ഥകമായ ദൃ ശ്യാനുഭവം ആയി പൊലിഞ്ഞുപോവുന്നു .

ഖദീജ  എന്ന വീട്ടമ്മ ഭ്രാന്തിയായ അമ്മയെ നോക്കാനായി സ്വന്തം തീരുമാനങ്ങളിലേക്കും അത് വഴി ഭർത്താവിന്റെയും കുടുംബത്തിന്റേയും അതൃപ്തിയിലേക്കും  കുരുങ്ങുന്ന കഥാഭാഗം ചി ത്രീ കരിക്കുന്ന ആദ്യഭാഗങ്ങൾ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്നു .പലപ്പോഴും മതാതീതമായ അന്ധവിശ്വാസങ്ങളും മതപരമായ മുൻധാരണകളും ഒരു സ്ത്രീയെ അവരുടെ കൊച്ചു മകനിൽ നിന്നും ഭർത്താവിൽ നിന്നും  മതത്തിൻറെ സംരക്ഷണയിൽ നിന്നും പിറന്ന നാട്ടിൽ നിന്നും അകറ്റുന്ന കാരുണ്യലേശ മില്ലാത്ത നിലപാടുകളിലേക്കു മനുഷ്യനെ നയിക്കുന്നത് എങ്ങിനെയെന്ന് സിനിമ ബോധ്യപ്പെടുത്തുന്നു .

തൻ്റെ  ജീവിതത്തിലെ മരുപ്പച്ചകൾ  ഓരോന്നും താണ്ടി ,  ഒടുക്കം  ഏകാകിയായിത്തീരുന്ന ഖദീജ  എന്ന  സ്ത്രീ, ജീവിക്കാൻ വേണ്ടി ലൈംഗീക വൃത്തിയിലേക്ക്‌  തിരിയേണ്ടി വരുന്ന കഥാഗതിയുടെ അനിവാര്യത  വേണ്ടത്ര  വിശ്വസനീയമാക്കാൻ സിനിമക്ക് കഴിയുന്നില്ല .സിനിമയുടെ ഈ രണ്ടാമത്തെ ഭാഗം ദുർബലവും അസ്വാസ്ഥ്യ ജനകവുമാണ്     .ലൈംഗീക അനുഭവങ്ങൾ ഇഷ്ടപെടുന്ന ഒരാളായിട്ടാണ്  പലപ്പോഴും ഖ ദീജ  കാണപ്പെടുന്നത് .അതേപോലെ സമൂഹത്തിലെ മാന്യന്മാർ അവരോടു കാണിക്കുന്നത്, ആ കാര്യത്തിൽ അവരുടെ സഹകരണം കൂടി നേടിയിട്ടാണല്ലോ . അതിനാൽ തന്നെ സിനിമയിൽ സൂചിപ്പിക്കുമ്പോലു ള്ള വളരെ ജുഗുപ്സാവഹമായ ഒരു പ്രതികാര രീതി പ്രേക്ഷകന് സ്വീകാര്യമായി തോന്നുന്നില്ല . "തെറ്റിനു തെറ്റ് പരിഹാരമല്ല "എന്നത് പോലെ " ചില പൊതു വിശ്വാസങ്ങളേയുംധാരണകളേയും പൊതു ജീവിതത്തിന്റെ വിശ്വാസ്യതയേയും" ഒറ്റപ്പെട്ട ചില ജീവിതാനുഭവങ്ങൾ വെച്ച്  തകർത്തുകളയുന്നത്  കലാപ്രവർത്തനമായി കാണാനും കഴിയില്ല . നേരത്തെ പറഞ്ഞത് പോലെ കഥാഗതിയിൽ  ഒഴിവാക്കേണ്ടത് ഒഴിവാക്കിയും മിതത്വം  കാണിക്കേണ്ടിടത്തു അത് പാലിച്ചുംഎല്ലാം തുറന്നു കാ ണിക്കാതെ തന്നെ  ഉദ്ദേശിച്ച അർഥം ധ്വനിപ്പിക്കാനുള്ള ദൃശ്യങ്ങൾ കണ്ടെത്തിയും    അനാവശ്യ രംഗങ്ങൾ എഡിറ്റു ചെയ്തും  ഈ സിനിമക്ക്  വികാര മൂര്ച്ഛയും കലാ ചാരുതയും നൽകേണ്ടതായിരുന്നു . 

കേരള സമൂഹത്തിൽ ഒരു വെല്ലു വിളിയായി മാറിയിരിക്കുന്ന "ചിലരുടെ  മത  ഭീകരതയോടുള്ള  ആഭിമുഖ്യം "ഗൗരവത്തോടെ ചർച്ച ചെയ്യുന്നു എന്നതും പുരുഷമേധാവിത്തത്തിന്റെ സാദ്ധ്യതകൾ നില  നിറുത്തുന്ന ആചാരങ്ങളും കീഴ് വഴക്കങ്ങളും  എങ്ങിനെ സമ്പത്തിനോടും അധികാരശക്തികളോടും ചേർന്ന്  സ്ത്രീ ശരീ രത്തെ സുഖോല്പാദന ഉപാധിയായി മാത്രം കാണുന്നുവെന്ന് വിശകലനം ചെയ്യുന്നതും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പച്ചയായ  അനുഭവങ്ങളിൽ  കേന്ദ്രീ കരിക്കുന്നു എന്നതും  ബിരിയാണി എന്ന സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട് .എത്ര വ്യത്യസ്തമായ തീവ്ര വേദനകളിലൂടെ നിരവധി മനസ്സുകളും ശരീരങ്ങളും  വെന്തു ചേർന്നതിനെയാണ്  ആരെയും   കൊതിപ്പിക്കുന്ന  ഒന്നായി  ദൈവത്തിൻറെ സ്വന്തം നാട്ടിലെ സമൂഹ ജീവിതമെന്നു നാം  നിനക്കുന്നത്  ! -  CKR 26042021








No comments: