Sunday, 9 May 2021

എൽജി ,ബിറ്റി . ഐ ക്യു , എ പ്ലസ് അദൃശ്യർ

എൽജി ,ബിറ്റി . ഐ ക്യു ,  എ പ്ലസ്  അദൃശ്യർ 

അറിഞ്ഞുവോ നിങ്ങളെന്നു

മദൃശ്യർ കുറച്ചു പേർ 

 എൽജി ,ബിറ്റി . ഐ ക്യു ,

എ പ്ലസ് മനുഷ്യരാണവർ . 

അവരെന്നുമദൃശ്യരായി മരിച്ചു  ജീവിക്കാൻ 

വിധിച്ചതോ നമ്മൾ !

ഉണർന്നുതിന്നിട്ടുറങ്ങി ജീവിതം തീർക്കേ ,

ഉറക്കെച്ചിന്തിക്കാമെന്തിതിന്നു  കാരണം 

ചില  മാരിവിൽമനുഷ്യരദൃശ്യരാകുവാൻ    ?

 

പ്രണയത്തെ  പല തട്ടിൽ   തൂക്കിനോക്കുന്നു ,

പലജാതികളിലുരച്ചു മാറ്ററിയുന്നു .

ആണ് പെണ്ണിനെ പ്രണയിച്ചാൽ പോരാ ,

ഒരു ജാതി ,ഒരു മതം.,പിന്നെ പണവുമുണ്ടാകണം 

പെണ്ണ്പെണ്ണിനെ പ്രണയിക്കും 

 പ്രണയം  പ്രണയമാണല്ലോ .

ആണാണിനെ പ്രണയിക്കുന്നതും  പ്രണയം .

പെണ്ണിലാണുണ്ടാണിൽ പെണ്ണുമതു  ,

 സൃഷ്ടിവൈചിത്ര്യം ,ജീവി വൈവിധ്യം !

 പെണ്ണിൻ ദേഹവും ആണിൻ മനസ്സുമായ് ട്രാൻസ്ജൻഡർ ,

ആണിൻദേഹവും പെണ്ണിൻ മനവുമായുണ്ടാകാമവർ !


ആൺ പെൺ  ദ്വന്ദ ദേഹികൾ

 ഇന്റർ സെക്സുകാർ , 

പൊതുവായിവർക്കു 

ക്യൂവരു *കാരെന്നു പേർ ,

ഇവരും നമ്മളുമൊരമ്മ തൻ മക്കൾ ,

മനുഷ്യരാണിവർ ,നമുക്കു തുല്യരും .


തുല്യത, നീതി, സന്തുലനം 

എന്നൊക്കെയുണ്ടു   ചില വാക്കുകൾ ,

ചില മൂല്യങ്ങളദൃശ്യമാവു-

ന്നതറിയുന്നുവോ സഖേ ?

 ചില്ലു മതിലിലേറെ  ചിറകു തല്ലി-

പ്പിടയുന്നുണ്ടു  പല പറവജീവിതം ! 

ചില മതിലുകൾ മുൻവിധികളാൽ ,

ചില മതിലുകൾ ദുരാചാരങ്ങളാൽ .

ചില മതിലുകൾ വാർപ്പ് മാതൃകകൾ .

പുരുഷ കേന്ദ്രീകൃത വ്യവസ്ഥകൾ ,



വിവേചനങ്ങളാൽ നാമകറ്റിടുന്നുവോ ,

ശരണ മന്ത്രത്താൽ നാം  ഭയപ്പെടുത്തുന്നോ  ,

അദൃശ്യ ജീവിതം നയിക്കുമീ  മനുഷ്യരെ ?.

ചില  ജീവിതങ്ങൾ ചിലപ്പോൾ മാത്രമായ് ,

അദ്യശ്യമാകുന്നതേതുൾഭയത്തിനാൽ  . 


സമത്വമെന്നൊക്കെ,യതാർക്കു  

വേണമെന്നു നീ വെറുത്തു ചൊല്ലുമ്പോൾ , 

കരിയും പുകയും 

വിയർപ്പുമർപ്പിച്ച ,

ചില വിഗ്രഹങ്ങളെ

 നീയദൃശ്യമാക്കയോ ?

അദൃശ്യയാകുന്നതു നിൻ മകൾ ,മകൻ 

നിൻറെ പെങ്ങൾ , പ്രിയ കൂട്ടുകാരവർ  . 


അസമയങ്ങളിലസ്ഥാനങ്ങളിൽ 

ശരണമയ്യപ്പായെ-

ന്നുറക്കെ ഘോഷിക്കേ ,

 ശരണമാർക്കെ-

ന്നാർക്കുമാത്ര-

മെന്നൊരു കുറി-

യോർത്തുവോ ?

അദൃശ്യരാകുവോർ -

ക്കെല്ലാഭയമാകേണ്ടോർ ,

മനസ്സ് നന്നാക്കാൻ ,

നിനച്ചു ചൊല്ലട്ടെ ,

ശരണ മന്ത്രങ്ങൾ .


ഇരുളിൽ നിന്നെന്നും  

വെളിച്ചത്തിലേക്കു നീ   

തേടുന്നതു   നിന്നെ

യാണെന്നറിവിലേക്കുമായ് 

 പതിനട്ടു പടവുകളേറി ,

നടന്നു നീങ്ങവേ 

നിനക്കുമവൾക്കും നീ  

പകുത്തെടുക്കേണ്ടും   

 രണ്ടമൃതകുംഭങ്ങൾ .  

 അദൃശ്യമാവുന്നോ  ,

പാലാഴിപ്പരപ്പുമിങ്ങനെ ?

*****************************


- രാധാകൃഷ്ണൻ കണ്ണൂർ 

**queer










No comments: