കാഴ്ച
ജനാലകൾ കാറ്റും വെളിച്ചവും വരാനുള്ളത് മാത്രമല്ല. എന്നാലോചിച്ചു കൊണ്ട് അയാൾ രാവിലെ രണ്ടാമത്തെ നില യിലുള്ള അയാളുടെ വാടകമുറിയുടെ ജനാല മലർക്കെ തുറന്നു. അവ തണുപ്പിനും കൊതുകിനും വരാനുള്ളതാണ്. പതുക്കെ നഗരത്തിലെ ഓടയുടെ ഗന്ധവും വന്നു കയറും. എന്നാലും ചിന്തകൾക്ക് പറക്കാനുള്ളതാണ് ജനാലകൾ എന്നതാണ് അവസാനം അയാൾക്കിഷ്ടപ്പെട്ടത്. കോ വിഡ് കാലത്ത് ഓടയുടെ മണം അറിയാൻ കഴിയുന്നു എന്നതും ഒരു സൗഭാഗ്യമാണ്. ആളുകളുടെ അനക്കവും കറുത്തു തിളങ്ങുന്ന റോഡിലൂടെ തിരക്കിട്ടു പായുന്ന വാഹനങ്ങളുടെ കിരുകിരുപ്പും തിളക്കവും അയാൾക്കിഷ്ടപ്പെട്ടു. മടുപ്പിൽ നിന്നൊരു മോചനം. കാരാപ്പുഴ മാളികപ്പീടിക മുക്കിലേക്ക് അയാൾ ജനാല തുറന്നത് പക്ഷേ ഇതിനൊന്നുമായിരുന്നില്ല. തലേന്നു കണ്ട മഞ്ഞ നിറമുള്ള മുഴുത്ത പേരക്ക അവിടെ തന്നെ നിൽപുണ്ടോ എന്നു നോക്കാനായിരുന്നു. ഓടിട്ട മേൽക്കൂരകൾക്കും ചതുരാകൃതിയുള്ള പുരയിടങ്ങളുടെ സിമന്റിട്ട മതിലുകൾക്കും തൈത്തെങ്ങിനും കുമ്പിൾമരത്തിനും മാവിനുമരികെ മതിലിനോട് ചേർത്ത് അയൽവക്കത്തെ പേരമരം അയാളുടെ വാടകവീടിന്റേ മേൽക്കൂര യോട് ചേർന്നു നിന്നു. തലേ ദിവസം കണ്ടു വെച്ച പേരക്ക കാണാനില്ല. അതിനു താഴെ ടാറ്റയുടെ വില പിടിച്ച കാറും മതിലരികെ പറമ്പിൽ തന്നെചുവന്ന കൊടിയും വലിയ പോസ്റ്ററും അതിലൊരു നേതാവിന്റെ മങ്ങിയ ചിത്രവും ഇരുമ്പിന്റെ ഗേറ്റും മതില നപ്പുറത്ത് ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്ന പച്ച ബസും തൊട്ടടുത്ത ചായ കാപ്പിക്കടക്കരികിലെ ചുവപ്പും മഞ്ഞയും അലങ്കരിച്ച ദേവി പ്രതിഷ്ഠയുടെ മുമ്പിലുള്ള കൊച്ചു ദീപങ്ങളും തൊട്ടടുത്ത് ആളെ കാത്തു നിൽക്കുന്ന ,മുൻഭാഗത്ത് മഞ്ഞ തിളങ്ങുന്ന ഓട്ടോറിക്ഷകളും തെരുവിലെ മങ്ങിക്കത്തുന്ന നിയോൺ വിളക്കു തൂണും ഒക്കെ അവിടെ തന്നെയുണ്ട്. ആ മുഴുത്ത മഞ്ഞ പേരക്ക മാത്രം കാണാനില്ല.
ആ പേര മരത്തിൽ അഞ്ചാറു പേരക്കകൾ കൂടിയുണ്ട്. അപ്പുറത്തെ മാവിന്റെ കൊമ്പ് മതിലും കടന്ന് - മാവുകൾക്ക് എന്തു മതിൽ. ! മരങ്ങളും മരവാസികളായ അണ്ണാൻ മരും ഉപ്പനും കാകനും പൂച്ചയും നഗരത്തിൽ മതിലു കൾക്കപ്പുറം വി രാജിക്കുന്നു.- വന്ന് മാമ്പഴങ്ങൾ നിറഞ്ഞു നിൽക്കുന്നു. പത്തോളം മാമ്പഴങ്ങൾ മൂക്കും ചുവപ്പിച്ചു നിൽക്കുന്നു. വീണാൽ താഴത്തെ മേൽ ക്കൂര യുടെ ഓട് പൊട്ടുമോ. നഗരത്തിൽ പഴയ വീടുകൾ പൊളിച്ചു കളയുന്നില്ല. പുതിയ കോൺക്രീറ്റു വീടുകൾക്കു സമീപം പഴയ വീടുകൾ നിലനിർത്തി കടവെക്കാനോ താമസിക്കാനോ വാടകക്ക് കൊടുത്തിരിക്കുന്നു. സ്ഥിര വരുമാനവുമായി.നഗരത്തിൽ ചെറു ജോലികൾ ചെയ്യുന്ന അണ്ണാച്ചിമാരാണ് മിക്കവാറും. അങ്ങിനെ ജാതി മത ഭേദമന്യേ തമിഴനും മലയാളിയും തെലുങ്കനുമൊക്കെ തൊട്ടയൽപക്കത്തു സമാധാനപൂർവം കഴിഞ്ഞു പോരുന്നു. പഴയ വീടുകളുടെ ഓടിട്ട തട്ടിൻപുറങ്ങളിൽ അണ്ണാനും പ്രാവും കാക്കയും കഴിഞ്ഞുകൂടുന്നു. മാങ്ങകൾ വീണ് ഓടു പൊട്ടുന്നത് ഇടക്കിടെ ഒരു പ്രശ്നമാണെന്നു മാത്രം. പൊട്ടിയയിടത്തു വെച്ച ടിൻ ഷീറ്റുകളിൽ നിന്നു വെളിച്ചം വെയിലിന്റെ അതേ ശക്തിയിൽ അയാളുടെ മുഖത്തേക്കടിച്ചപ്പോൾ അയാൾ പേരമരത്തിന്റെ ചുവടു ഭാഗത്തേക്ക് രണ്ടാം നിലയിൽ ജനാലക്കൽ നിന്നും കണ്ണുകളയച്ചു. നേരെ വീണാൽ മതിലിനിപ്പുറം കിടക്കും. പാൽ വാങ്ങാനായി കോവണി ഇറങ്ങിപ്പോകുമ്പോൾ ചിലപ്പോൾ പെറുക്കിയെടുക്കാം. കമ്പിൽ തട്ടി വീഴുകയാണെങ്കിൽ മതിലിനപ്പുറം അതിന്റെ ഉടമസ്ഥന്റെ പറമ്പിൽ കിടക്കും. വവ്വാലു കൊണ്ടുപോയതാകാനും മതി എന്നൊക്കെ വിചാരിച്ചു നിൽക്കുമ്പോൾ മതിലി നപ്പുറത്ത് തൂവെള്ള സാരി യണിഞ്ഞ ഒരു സ്ത്രീ വന്ന് ടാറ്റാക്കാറിനെ വലം വെക്കാൻ തുടങ്ങി.
ഒരു സ്ത്രീ എന്തിനാണ് ഒരു കാറിനെ മൂന്നു തവണ വലം വെക്കുന്നത് എന്ന് അയാൾ കൗതുകത്തോടെ നോക്കി നിന്നു. മൂന്നാം വട്ടത്തിനു ശേഷം തെരഞ്ഞെടുപ്പ് ബാനറിനും ചെങ്കൊടിമരത്തിനുമപ്പുറം തെരുവിലെ ദേവീ വിഗ്രഹത്തിനു നേരെ അവർ തൊഴുതു നിന്നപ്പോഴാണ് അത് ഒരു ഭക്തിപ്രകടനമാണെന്ന് അയാൾക്ക് ഉറപ്പായത്. ആ ദേവീ വിഗ്രഹം നിൽക്കുന്ന മൂലക്ക് നേരെ അപ്പുറത്തുള്ള വലിയ തേക്കിൻപറമ്പിന്റെ യടുത്താണ് ലത ടീച്ചർ താമസിക്കുന്ന മഠം. ചറു പിറെ മഴ പെയ്ത ഒരു രാത്രിയിൽ കാരാപ്പുഴ സ്കൂളിനടുത്ത് വൈകിയെത്തിയ തനിക്കും ഭാര്യക്കും കുഞ്ഞിനും ഒരു ഫോൺ വിളിയുടെ തുടർച്ചയിൽ കോവിഡ് കാലമായിട്ടു പോലും സ്വന്തം വീട്ടിൽ തല ചായ്ക്കാനൊരിടം തരികയും ചെറുചൂടുള്ള കഞ്ഞി വെച്ചു തരികയും ചെയ്ത ശ്രീദേവീ അന്തർജനത്തോടും അവരുടെ ഭർത്താവ് രാഘവൻ തിരുമേനിയോടുമുള്ള ഭക്തി അയാളുടെ മനസിലും നിറഞ്ഞു. മാനവ സേവ അവർക്ക് മാധവ സേവയാണ് എന്നയാൾ ചിന്തിച്ചു. അപ്പോൾ കാറിനരികെ ധ്യാനിച്ചു നിന്ന സ്ത്രീ കാർ വൃത്തിയാക്കാനായി തുടങ്ങി. അങ്ങിനെ ഒരു ചുറ്റു നടക്കവേ , അവർ പേരമരച്ചുവട്ടിലെന്തോ കാണുകയും അങ്ങോട്ടു ചെന്നു തുടുത്ത ഒരു മഞ്ഞപ്പഴം പെറുക്കിയെടുക്കുകയും തുടർന്നു കുറേ നേരം പേരമരത്തേയും തൊട്ടടുത്ത മാവിലെ മാമ്പഴങ്ങളേയും നോക്കി ധ്യാനപൂർവം നിലക്കൊള്ളുകയും ചെയ്തു. അയാളാകട്ടെ, അവരെ അങ്ങനെ നോക്കുന്നത് ശരിയല്ലല്ലോ എന്നും വിചാരിച്ചു വലിയ ആശാ ഭംഗത്തോടെ തല തിരിച്ചു ദിനോസാറിന്റെ വലിപ്പത്തോടെ തൊട്ടടുത്തുയരുന്ന കിഫ് ബി സ്കൂൾ കെട്ടിടത്തേയും നോക്കി നിൽപ്പായി.പണി തീരാത്ത വീട് പോലെയുള്ള ഈ നിർമ്മിതി എന്നാണോ തീരുന്നത് ! എന്നെങ്കിലും തീരുമോ ? അതോ ഓഡിറ്റില്ലാത്ത ഫണ്ടാണെന്നു കരുതി പണം വാങ്ങാൻ നിൽക്കാതെ കരാറുകാരൻ മുങ്ങുമോ ?
അപ്പോൾ മതിലിനപ്പുറത്തു റോഡരി കിൽ കടുത്ത ഒരു വഴക്കു പൊട്ടിപ്പുറപ്പെട്ടത് അയാൾ സന്തോഷപൂർവം മനസ്സിലാക്കി .അപ്പുറത്തെ ചായക്കടക്കാരനും ഇപ്പുറത്തെ തട്ടു കടക്കാരനും തമ്മിലാണ് വാക്ക് തർക്കം ..റോഡിനപ്പുറത്തു ചായക്കട നടത്തുന്ന ശ്രീരാമൻ ചേട്ടനും റോഡിനിപ്പറം തട്ടുകട നടത്തുന്ന ശെൽവവും തമ്മിൽ തല്ലിയേക്കുമെന്നു തോന്നി .ഈ തട്ടുകട ഒരു അയ്യപ്പാസ് ആണ് . കഷ്ടി ഒരാൾക്ക് നൂണു കയറാവുന്ന സ്ഥലത്തു ശെൽവവും പൊണ്ടാട്ടിയും രണ്ട് കിടാങ്ങളും താമസിക്കുകയും ഒരു പലചരക്കു കട പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു .കോവിഡിന്റെ അടവുകാലത്തു ചെറുകച്ചവടക്കാർ ഒന്നു തളിർത്തു .അവർ ഗ്രാമത്തിന്റെ ആശ്രയകേ ന്ദ്രമായി . ഷോപ്പിങ് മാളുകളി ലേക്ക് എ സി കാറിൽ പോയിരുന്ന നടൻ മദാമ്മമാർ തട്ടുകടകളെ അറിഞ്ഞു തുടങ്ങി .ഇവിടേയും നല്ല കച്ചവടം നടക്കുന്നുണ്ടായിരുന്നു.തെരുവിൽ മറ്റു കടകൾ എല്ലാം അടഞ്ഞു കിടന്നു .തൊട്ടടുത്ത് റോഡിന്റെ എതിർഭാഗത്താണ് നാട്ടുകാരനായ ശ്രീരാമൻ ചേട്ടന്റെ ആൾത്തിരക്കില്ലാത്ത ചായക്കട .പൊതുവെ തട്ടുകടയും ചായക്കടയും ഒരു സഹവർത്തിത്ത മായി അയാൾക്ക് തോന്നിയിരുന്നു .തട്ട് കടയിൽ നിന്നു തെരുവിലെ ദേവി വിഗ്രഹത്തിലേക്കു നോക്കിയാൽ ശ്രീരാമന്റെ കടയും കാണാം . ശ്രീരാമന്റെ കടയിൽ നിന്നു നോക്കിയാൽ ശെൽവത്തെയും പവിഴത്തിന്റെ നിറമുള്ള അയാളുടെ പൊണ്ടാട്ടിയെയും കാണാം .
ചായക്കടയിലെ ശ്രീരാമൻ ചേട്ടൻ തടിച്ചു കറുത്തിട്ടാണ് .തലയിൽ വെള്ളിരോമങ്ങളാണ് .നോട്ടം പലപ്പോഴും ശെൽവത്തിന്റെ തട്ടുകടയിലേക്കാണ് .ശെൽവത്തിന്റെ പൊണ്ടാട്ടിയെയാണോ അതോ അവിടേക്കു വരുന്ന മറ്റു ആൾക്കാരുടെ തിരക്ക് കണ്ടിട്ടാണോ ? കെഴവന്റെ നോട്ടം കണ്ടോ എന്ന് വെറുപ്പോടെ ശെൽവം തനിക്കു പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട് .ശെൽവത്തിന്റെ വീട് തേനിയിലാണ് .ഇവിടെ വന്നിട്ട് പത്തിരുപത് വർഷമായി .അധ്വാനിക്കുന്നവർക്കു കേരളം നല്ല നാടാണ് . ശെൽവത്തിന്റെ ബന്ധുക്കൾ പലരും അടുത്തടുത്ത് , നഗരത്തിന്റെ പല മൂലകളിലായി , വാടകക്ക് കൊടുത്തിരിക്കുന്ന പഴയ മലയാളി വീടുകളിൽ താമസിക്കുന്നു .അവനവന്റെ കാര്യം നോക്കി കച്ചറക്കൊന്നും പോകാതിരുന്നാൽ കഴിഞ്ഞു കൂടാൻ ബുദ്ധിമുട്ടില്ല .രാവിലെ പാൽ വിതരണം . തട്ടുകട . പാത്ര ത്ക്കച്ചവടം .പണ്ട് നാൻ നടന്നു വിൽ ക്കാൻ പോകുമായിരുന്നു . വൈക്കം പെരുമാളിന്റെ നാട്ടിൽ . ഏറ്റുമാനൂര് . പൊൻകുന്നം . ഈരാറ്റുപേട്ട . അങ്ങിനെ നടന്നു വിൽക്കാൻ പോയിരുന്ന കാലത്താണ് മൈനപ്പെ ണ്ണിനെ കണ്ടത് . നമ്മെടെത് കാതൽ കല്യാണം .തൊട്ടടുത്ത് മൊബൈലിൽ മാന്തുന്ന ചെറുക്കന്റെ തലയിൽ തലോടി ശെൽവൻ ഇത് പറയുമ്പോൾ അയാളുടെ പൊണ്ടാട്ടി ,മൈന മൊബൈലിൽ നിന്നും കണ്ണ് ഉയർത്തി അയാളെ നോക്കി . ഏഴ ഴകു വിരിഞ്ഞ ആ മുഖത്ത് മുക്കുത്തി തിളങ്ങി നിന്നു . റോഡിനപ്പുറത്തെ ചായക്കടയിൽ നിന്നും നോക്കു മ്പോൾ ശ്രീരാമൻ ചേട്ടായി ക്കും ആ മൂക്കുത്തിത്തിളക്കം കാണാൻ പറ്റുമായിരിക്കും .
ബഹളത്തിൽ അന്യോന്യം മുഴങ്ങിയ ശകാര വാക്കുകളിൽ നിന്നും അയാൾ കാര്യങ്ങൾ കുറേശ്ശേ വിശകലനം ചെയ് തെടുത്തു .ശ്രീരാമൻ ചേട്ടായി ഇന്ന് മൂത്രശങ്ക തീർത്ത ത് ശെൽവത്തിന്റെ തട്ടുകടയുടെ തൊട്ടടുത്തുള്ള ബസ് ഷെൽട്ടറിന്റെ മറവിലാണ് .അത് ശെൽവത്തിന്റെ പൊണ്ടാട്ടി കണ്ടുപിടിച്ചു .ഈയിടെ ഇതൊരു പതിവായിരിക്കുന്നു .ശെൽവത്തോടു ശൊല്ലി ."പെണ്ണുങ്ങളും പിള്ളേരുമൊക്കെ നിൽക്കുന്നതിന് അടുത്താണോ മൂത്രശങ്ക തീർക്കണ്ടത് ? റൊമ്പ പ്രമാദമാന അന്യായം "എന്ന് ശെൽവം ഒച്ചവെക്കുന്നു ."നീയാരെടാ അത് ചോദിയ്ക്കാൻ" എന്ന് ശ്രീരാമൻ കുരച്ചു ചാടുന്നത് കാണാം ."എന്ന ചേട്ടാ ഇത് ? ദൂരെ പോയി ചെയ്തൂടെ ? "എന്ന് പിന്നെയും വിറയ്ക്കുന്ന ശബ്ദത്തിൽ ശെൽവം ചോദിക്കുന്നു . 'വിരുന്നുകാരൻ വീട്ടുകാരനായോ ? നിനക്കുള്ളത് ഞാൻ തരാമെ'ന്നും പറഞ്ഞു ശ്രീരാമന്റെ കറുത്ത് ദേഹം മുന്നോട്ടു മുണ്ടും മാടിക്കുത്തി നീങ്ങുന്നു . സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേൾക്കാം .പലകപ്പുറത്തു ഇരുമ്പു കൊണ്ട പോലെ തല്ലിന്റെ ശബ്ദം കേൾക്കാം . കെട്ടിടത്തിന്റെ മറവു കൊണ്ട് ഒന്നും കാണാൻ മാറ്റുന്നില്ല . ആരൊക്കെയോ ഓടി മാറുന്നതോ വീഴുന്നതോ ഒക്കെ ഒച്ച കൊണ്ടറിഞ്ഞു .കുറച്ചുനേരം കൊണ്ട് എല്ലാം നിശബ്ദമായി .പലക കഷ്ണം വലിച്ചെറിഞ്ഞു ശ്രീരാമൻ തന്റെ കടയിലേക്ക് റോഡ് മുറിച്ചു കടന്ന് ഒരു ജേതാവിനെപ്പോലെ നടന്നു കയറുന്നു . ആരെങ്കിലും ഇനി പൊലീസിന് ഫോൺ ചെയ്യും . ഇരുണ്ട മാളങ്ങളിൽ നിന്നും എലികളെ പോലെ ചിലർ ഒന്നെത്തി നോക്കി താന്താങ്ങളുടെ മാളങ്ങളിലേക്കു വലിയും . താറിട്ട റോഡ് ഒന്ന് തുടച്ചു കഴുകേണ്ടി വരും .റോഡിനപ്പുറവും ഇപ്പുറവും ഉള്ളവർ നിന്നിടത്തു അനങ്ങാതെ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിൽ ചിലർ ബ സ് കാത്തെന്ന പോലെ , ചിലർ മൊബൈൽ ഫോണിൽ തലപൂഴ്ത്തി നിന്നു .തെരുവിന്റെ മൂലയിലുള്ള കറുത്ത ദേവി പ്രതിഷ്ഠയിൽ ചോരപ്പൂക്കൾ കൊരുത്ത പൂമാല വാടിക്കിടന്നു .പതിനെട്ടാം നൂറ്റാണ്ടിന്റെ തുടർച്ചപോലെ ,കറുമ്പന്മാരും കറുമ്പികളും മാളിക പീഠിക മുതൽ തിരുനക്കര പറച്ചിക്കല്ല് വരെ , വരി വരിയായി അടിമക്കമ്പോളത്തിലെ വില്പനച്ചരക്കുകളായി നില്ക്കുന്നതായി അയാൾക്ക് തോന്നി .മൗനത്തിന്റെ കടുത്ത വെയിൽ വന്നു കണ്ണ് മൂടുമ്പോൾ അവരെല്ലാരും കൂടെ ഈ ജനാലക്കലേക്ക് ഒന്നിച്ചൊന്നു നോക്കിയാലോ . എന്തായാലും ഇന്ന് ഈ ജനാല അടഞ്ഞുകിടക്കുന്നതാണ് നല്ലത് എന്ന് അയാൾക്ക് തോന്നി . ഒട്ടും ശബ്‌ദം ഉണ്ടാക്കാതെ അയാൾ ജനാല മുഴുവനായും ചേർത്തടച്ചു .
-രാധാകൃഷ്ണൻ , കണ്ണൂർ 10 04 2021
No comments:
Post a Comment