Monday, 30 September 2019

ഒഴിമുറിയെക്കുറിച്ചു സുഹൃത്തുക്കൾ

ഒഴിമുറിയെക്കുറിച്ചു സുഹൃത്തുക്കൾ UPDATED 30/09/2019


മധുപാൽ സാറിന്റെ ഒഴുമുറി സിനിമ വളരെ യധികം ഹൃദയസ്പർശിയായ കഥയാണ് . ഒരുപാട് ഫ്ലാഷ് ബായ്ക്കുകൾ കഥ പറയുന്നു.  ഒരു പാട് സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു  മകൻ, ഭർത്താവ്, അച്ഛൻ എന്നീ റോളുകൾ ലാൽ സർ ഭംഗിയായി അവതരിപ്പിക്കുന്നു. ഭാര്യയോടുള്ള അമിത സ്നേഹം  പലപ്പോഴും ക്രൂരതയാവുന്നു.  തന്റെ അച്ഛന് അമ്മ യിൽ നിന്നുണ്ടായ അനുഭവം  തന്റെ ഭാര്യയിൽ നിന്നും തനിക്കുണ്ടാവാതിരിക്കാൻഭയപ്പെട്ട്  പരദൂഷണക്കാരുടെ വാക്കുകൾക്ക് വില കല്പ്പിച്ച്‌  ഭാര്യയെ തന്റെ ചൊല്പടിക്ക് നിർത്താൻ പലപ്പോഴും ക്രൂരനാകേണ്ടി വന്നു .  നല്ല മരുമകൾ ആയും നല്ല ഭാര്യ യായും നല്ല അമ്മ യായും മീനാക്ഷി യമ്മ എന്ന കഥാപാത്രവും .  ഭർത്താവിനെയും മകനെയും അമ്മയെയും നല്ല പോലെ അവരുടെ മനസ് തിരിച്ചറി ഞ്ഞു  മനസ്സിലാക്കുന്നുണ്ട് .  തിരുവനന്തപുരം കന്യാകുമാരി പ്രദേശങ്ങളി ലുള്ള കുടുംബ ങ്ങളിൽ താമസിക്കുന്ന കുല സ്ത്രീ കളുടെ സ്വഭാവ സവിശേഷതകൾ പ്രകടമാ ക്കു ന്ന  ശ്വേതയുടെ അഭിനയവും വളരെ ശ്രദ്ധേയമാണ്.  മകന്റെ ഓർമ്മയിൽ തെളിയുന്ന അച്ഛന്റെ ചിത്ര ത്തിനു ക്രൂരതയുടെ മുഖമാണ്.  അമ്മ യെയും തന്നെ യും ഉപദ്രവിക്കു ന്ന ദുഷ്ടനായ അച്ഛൻ.  ഫ്ലാഷ് ബാക്കി ലൂടെ യാണ് നാം അറിയുന്നത്.  മകന്റെ രോഗ ശാ ന്തി ക്കായുള്ള അതി കഠിന മായ ചികിത്സാ വിധി യായിരുന്നു  ഈ മർദ്ദന മുറയെന്ന്.  അവിടെ യാണ് നാം ആ അച്ഛനെ തിരിച്ചറി യുന്ന ത്.  സഹോദരി യോട് എത്ര തന്നെ സ്നേഹ മുണ്ടെങ്കിലും ഒരു പരിധി ക്കപ്പുറം തന്റെ കുടുംബം എന്ന സ്വാർത്ഥത മൂലം മകനെ വിധിക്കു വിട്ടു കൊടുക്കാൻ നിർദേശി ക്കു ന്ന സഹോദരൻ.  പുതിയ കാല ഘട്ട ത്തി ന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവി ക്കു ന്ന  ആസിഫ് അലിയുടെയും ഭാവ നായുടെ യും അഭിനയ തികവ്. അങ്ങനെ ജീവിത ഗന്ധി യായ ഒരു പാട് കഥാ പാത്രങ്ങ ൾ ക്ക് ഈ സിനിമ യിലൂടെ ജീവൻ നൽകിയിരിക്കുന്നു.  ഇത്തരം മുഹൂർത്തങ്ങ ൾ സമ്മാനിച്ച ഓർമ്മ കൾ ക്കു മുന്നിൽ പ്രണാമം-സ്മിത ( FORWARDED BY PRASAD A R)
*********************************************************************************സ്മിത നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ.👏👏

 ഇവിടെ  സൂചിപ്പിച്ചതു പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ നായർ തറവാടുകളിൽ നിലനിന്നിരുന്ന മരുമക്കത്തായ, മക്കത്തായ സമ്പ്രദായങ്ങളുടെ സങ്കീർണ്ണതകളെ മൂന്നു തലമുറകളുടെ കഥ പറഞ്ഞു കൊണ്ട് വിശകലനം ചെയ്യുകയാണ് ഒഴിമുറിയിൽ മധുപാൽ.

ഭാര്യയെ അടിമ യേപ്പോലെ കാണുന്ന പുരുഷനെ , തന്റെ ഇച്ഛക്കനുസരണമല്ലെങ്കിൽ അവളെ നിഷ്കരുണം അടിച്ചമർത്താൻ ശ്രമിക്കുന്ന അഹംഭാവിയായ പുരുഷനെ, അതുപോലെ തന്നെ പുരുഷനെ അടക്കിവാണ് ചൊൽപ്പടിക്കു നിർത്തിയിരുന്ന സ്ത്രീയെ, പുരുഷന്റെ കരുത്തിൽ അഭിരമിക്കയും ഒപ്പം അവന്റെ കീഴടങ്ങലിൽ ഗൂഢമായ ആനന്ദം കൊള്ളുകയും ചെയ്യുന്ന സ്ത്രീയെ,
പുരുഷനിൽ നിന്ന് മോചനം ആഗ്രഹിക്കുമ്പോഴും അവനു വേണ്ടി ഉള്ളിലെവിടെയോ കരുതി വച്ച സ്നേഹത്തെ കെടാതെ സൂക്ഷിക്കുന്ന സ്ത്രീയെ , തന്നെ അടിമയായി വയ്ക്കാൻ ആഗ്രഹിച്ച പുരുഷനു നേരേയുള്ള ചെറുത്തു നില്പിൽ വിജയിച്ച്‌, അവനേയും തന്റെ സ്നേഹത്തണലിലേക്കാകർഷിച്ച്, സ്വീകരിക്കുന്ന സ്ത്രീയെ -
ഒക്കെയായി അന്നത്തെ സ്ത്രീത്വത്തിന്റെ വ്യത്യസ്ത വ്യാഖ്യാനത്തിനു വഴി തുറക്കുന്ന സിനിമയാണ് ഒഴിമുറി.

ഒഴിമുറിക്ക് - വിവാഹ മോചനത്തിന് - ആഗ്രഹിച്ചവരുടെ കോടതിവ്യവഹാരവുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.
മകന്റെ ഓർമ്മകളിൽ, അമ്മയും ,കുഞ്ഞു നാളു മുതൽ അവനും അച്ഛനിൽ നിന്നനുഭവിച്ച ക്രൂര പീഢനങ്ങൾ flash Back ൽ നാം കാണുന്നു.
(ഒരു പക്ഷേ ഇത്രയേറെ flash Back കൾ ഒരു സിനിമയിൽ ആദ്യമാണെന്നു തോന്നുന്നു) എങ്കിലും അത്  ഇഴച്ചിലിനോ രസഭംഗത്തിനോ കാരണമാകുന്നില്ലതാനും. ഒരു പക്ഷേ കഥയെ ഒരു തീവ്രാനുഭവമാക്കി മാറ്റുന്നതും ഈ flash Back കളുടെ തെരഞ്ഞെടുപ്പും ഒതുക്കുമാണെന്നു തോന്നുന്നു.

അന്തരീക്ഷസൃഷ്ടിയിൽ (40 - 50 കളിലെ കേരളം)(?) സംവിധായകൻ തികഞ്ഞ  ശ്രദ്ധ ചെല്ലുത്തിയിട്ടുണ്ട്. അന്നത്തെ ക്ഷേത്രങ്ങൾ, തറവാട്ടു വീടുകൾ, വെളിയിടങ്ങൾ, പ്രവർത്തികൾ, സദ്യവട്ടങ്ങൾ, ഒക്കെ അവധാനതയോടെ പുന സൃഷ്ടിച്ചിരിക്കുന്നു.
(എന്നാൽ മാർക്കറ്റ് ബൈക്ക് യാത്ര ഇവകളിൽ പുതിയ കാലം കടന്നുകയറിയോ...?)

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് പ്രസാദം അലസമായി ഇട്ടു കൊടുക്കുന്ന പൂജാരിയെ( ?,) അവതരിപ്പിക്കുന്നതിലൂടെ ഭക്തിമാർഗ്ഗത്തിൽ വന്നു ചേർന്ന പുതിയ കാലത്തിന്റെ രസക്കാഴ്ചകളെ , ച്യുതിയെ ഒറ്റ ഷോട്ടിൽ രസകരമായവതരിപ്പിക്കുന്നു സംവിധായകൻ.

അഭിനയത്തിൽ, ലാലിന്റെ ഗംഭീര പ്രകടനമാണ് ഒഴിമുറിയിലുള്ളത്. പുതിയൊരപ്പിയറൻസിൽ (താടി വയ്ക്കാത്ത ലാൽ  .ഒരു പക്ഷേ ഇതാദ്യം ) പ്രത്യക്ഷപ്പെടുന്ന ലാലിന്റെ മുഴക്കമാർന്ന ശബ്ദം ഡയലോഗിനെ അവ്യക്തമാക്കുന്നത്  അലോസരപ്പെടുത്തും.
മല്ലികയുടെ മീനാക്ഷിയും മികച്ചതു തന്നെ. പ്രത്യേകിച്ചും പ്രായമായ അവസ്ഥയിൽ ആ തളർന്ന കണ്ണുകളും ഭാവഹാവാദികളും ആ കഥാപാത്രം അനുഭവിക്കുന്ന മുഴുവൻ വ്യഥയും വേപഥുവും നമുക്ക് കാണിച്ചു തരുന്നു.
അതുപോലെ തന്നെ ആസിഫ് അലിയുടെ വേഷം, സ്വേദാ മേനോന്റെ വേഷം, പയ്യന്റെ, നന്ദുവിന്റെ , ജഗദീഷിന്റെ ഒക്കെ വേഷങ്ങൾ മികച്ച നിലവാരം പുലർത്തുന്നവതന്നെ.

അന്നത്തെ കോടതി രംഗം ഒരു സൗഹൃദ കൂട്ടായ്മപോലെയാണനുഭവപ്പെട്ടത്.  സരസനായ നായാധിപനും പുതുമയുളള അനുഭവം.

തീർത്തും ചെത്തി മിനുക്കി പരുവപ്പെടുത്തിയ സ്ക്രിപ്റ്റ്.
പശ്ചാത്തല സംഗീതവും  ക്യാമറയും ചിത്രത്തിന്റെ മൂഡിന് അനുഗുണമായി
പ്രവർത്തിക്കുന്നു.

കഴിഞ്ഞ കാലത്തെ ഒരു സമുദായത്തിന്റെ ചരിത്രം, സാമൂഹികാന്തരീക്ഷം,സംസ്കാരം , ജീവിത സംഘർഷങ്ങൾ ,ഒക്കെ വ്യക്തമാകുന്ന മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന മികച്ച സിനിമ തന്നെയാണ് ഒഴിമുറി.

SAKHARIAS  KALAMANKUZHY ( BOTH COLLECTED FROM THE WHATSAPP GROUP FILM SOCIETY ALAKODE)
ഒഴിമുറി  (2012 / മലയാളം / 2 മണിക്കൂർ 17 മിനിറ്റ് )

സംവിധാനം - മധുപാൽ
രചന - ജയമോഹൻ
അഭിനേതാക്കൾ - ലാൽ ആസിഫ് അല ഭാവന മല്ലിക ശ്വേത മേനോൻ തുടങ്ങിയവർ
ഛായാഗ്രഹണം - അഴകപ്പൻ

       പ്രമുഖ എഴുത്തുകാരന്‍   ജയമോഹന്റെ 'ഉറവിടങ്ങള്‍'  മിക്കവരും വായിച്ചിട്ടുണ്ടാവും. ആത്മാനുഭവ സ്പർശമുള്ള പ്രസ്തുത കൃതിയെ ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി മധുപാൽ സംവിധാനം ചെയ്ത ചിത്രമാണ് ഒഴിമുറി.  മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം  ഈ ചിത്രത്തിനായിരുന്നു.

ഏതാണ്ട് 60 വർഷം മുൻപു വരെ  നിലനിന്ന തെക്കന്‍ തിരുവിതാകൂറിലെ നായര്‍ ജീവിതവും അവിടെ സ്ത്രീകളുടെ സ്ഥാനവും ചര്‍ച്ച ചെയ്യുകയാണ്  ഈ സിനിമ.

സംസ്ഥാന വിഭജനാനന്തരം തമിഴ്നാട്ടിലാവുന്നെങ്കിലും നാഞ്ചിനാട്ടിലെ മലയാളിമനസുകള്‍ പലതും പഴയകാലത്തിലാണ് ജീവിതം. ആ മേഖലയുടെ പശ്ചാത്തലത്തിലാണ് ആത്മകഥാംശമുള്ള 'ഉറവിടങ്ങള്‍' ജയമോഹന്‍ രചിച്ചത്. സിനിമയായപ്പോള്‍ സ്വാഭാവികമായ മാറ്റങ്ങള്‍ കഥയിലും വന്നിട്ടുണ്ട്. മൂലകൃതിയായ 'ഉറവിട'ങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സിനിമാപരമായ കാരണങ്ങളാല്‍ കൂടുതല്‍ ലാളിത്യത്തോടെയാണ് 'ഒഴിമുറി' അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

നാഞ്ചിനാട്ടിലെ നായര്‍ കുടുംബങ്ങളിലെ സ്ത്രീ ജീവിതം രണ്ടുതലമുറകളെ മുന്‍നിര്‍ത്തി പറയുകയാണ് 'ഒഴിമുറി'യില്‍. സ്വത്തവകാശവും അധികാരവും കൈയാളി രാജ്ഞിയേപ്പോലെ വാണിരുന്ന കാലവും ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വിധേയയായി കഴിയുന്ന കാലവും കാളിപ്പിള്ള എന്ന അമ്മായിയമ്മയിലൂടെയും മീനാക്ഷിയമ്മ എന്ന മരുമകളിലൂടെയും കൃത്യമായി പറഞ്ഞുവെക്കുന്നു.

ഇപ്പോഴത്തെ പുതുതലമുറ ചിത്രങ്ങളില്‍ ഒറ്റവരിയില്‍ പറഞ്ഞുപോകാവുന്ന കഥയാണ് പതിവെങ്കില്‍, ഒഴിമുറിയില്‍ ഒരുപാട് തലങ്ങളില്‍ വിശദീകരിക്കാവുന്ന, വിലയിരുത്താവുന്ന കഥയാണെന്നതാണ് പ്രത്യേകത. അതാകട്ടെ, ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും കൃത്യമായ സാക്ഷ്യപ്പെടുത്തലുമാണ്.

'ഒഴിമുറി'യില്‍ ഭൂതകാലവും വര്‍ത്തമാനവും  ഒഴുക്കോടെ വിളക്കിച്ചേര്‍ക്കാനായത് സംവിധായകന്റെ മികവാണ്. കാളിപ്പിള്ള തന്റെ ഭര്‍ത്താവ് ശിവന്‍പിള്ള ചട്ടമ്പിയോട് പെരുമാറുന്നതും, അവരുടെ മകന്‍ താണുപിള്ളയോട് ഭാര്യ മീനാക്ഷി പെരുമാറുന്നതിലെ വ്യത്യാസങ്ങളിലൂടെയാണ് പറയാനുള്ളത് തിരക്കഥാകൃത്തും സംവിധായകനും മനസിലാക്കിത്തരുന്നത്.

ബാലയും ( ഭാവന ) ശരത്തും (അസിഫ് അലി ) തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥ പറയുന്നെങ്കിലും ഇവര്‍ തമ്മിലുള്ള സൌഹൃദം അല്‍പം പൈങ്കിളിയാകുന്നുണ്ട്.. 'നാന്‍ കടവുള്‍', 'അങ്ങാടിത്തെരു' പോലുള്ള ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയ  ജയമോഹന്‍ 'ഒഴിമുറി'യില്‍ ചിലയിടത്തെങ്കിലും ശില്‍പഭദ്രത കൈവിടുന്നു.

 അപ്പോഴും പെണ്‍കരുത്തിന്റെ ഉയര്‍ച്ചതാഴ്ചകളും അവരുടെ ഭരണവും സഹനവുമെല്ലാം പറഞ്ഞുവെക്കുന്നതില്‍ 'ഒഴിമുറി' വിജയിക്കുന്നു.

 നിഴലുകളില്‍ നിന്ന്മാറി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ അവള്‍ കാട്ടുന്ന ആര്‍ജവവും നമുക്ക് ചിത്രം കാട്ടിത്തരുന്നു.
******************************************************************************

NOTE :
ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കേരള രാജ്യാന്തര വനിത ചലച്ചിത്രോത്സവം ഒക്ടോബർ 11 മുതൽ 15 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ നടക്കും. 5 ദിവസങ്ങളിലായി 25 സിനിമകൾ പ്രദർശിപ്പിക്കും. ഓപ്പൺ ഫോറവുമുണ്ടാകും.

 കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലംഗവുമായ ദീദി ദാമോദരൻ, ഡപ്യൂട്ടി മേയർ മീര ദർശക്, കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ ഡോ.ഖദീജ മുംതാസ് എന്നിവർ ഉപാദ്ധ്യക്ഷരുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷ ബീന പോൾ ആർട്ടിസ്റ്റിക് ഡയരക്ടറും ഫിലിം സൊസൈറ്റി ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ചെലവൂർ വേണു ഫെസ്റ്റിവൽ ഡയരക്ടറുമാണ്. FFSI കേരള റീജിയണൽ സെക്രട്ടറി കെ.ജി.മോഹൻകുമാർ ആണ് ജനറൽ കൺവീനർ. റീജിയണൽ കൗൺസിലംഗം കെ.ജെ.തോമസ് ഫെസ്റ്റിവൽ കോ-ഓർഡിനേറ്ററും ചലച്ചിത്ര അക്കാദമി കോഴിക്കോട് പ്രാദേശിക കേന്ദ്രം കോ ഓർഡിനേറ്റർ നവീന സുഭാഷ് ജോയിന്റ് കോ-ഓർഡിനേറ്ററുമായിരിക്കും.

ഡെലിഗേറ്റ് രെജിസ്ട്രേഷൻ ഇന്നാരംഭിക്കും. സ്ത്രീകൾക്ക് 200 രൂപയും പുരുഷന്മാർക്ക് 300 രൂപയുമാണ് ഫീസ്. ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും വേണം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ല. കോഴിക്കോട് ടൗൺ ഹാളിന് പിന്നിലുള്ള ആനക്കുളം സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി പ്രാദേശിക കേന്ദ്രത്തിൽ ഒക്ടോബർ 4 വരെ രജിസ്റ്റർ ചെയ്യാം. സമയം 10 AM ടു 7 PM.

സംശയങ്ങൾ / നിർദ്ദേശങ്ങൾ എന്നിവ 94470 42004 നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ wiffok2019@gmail.com ൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം.

കെ.ജെ.തോമസ്
ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ
ഇന്നത്തെ ദേശാഭിമാനിയിൽ ഷെറിയുടെ സിനിമയെപ്പറ്റി

No comments: