Monday 23 September 2019

ലൈലാബീവിയുടെ അനുഭവസാക്ഷ്യങ്ങൾ


ചിന്തോദ്ദീപക മായ കവിതകൾ കൊണ്ട്  ഇതിനകം തന്നെ നവമാധ്യമ വായനക്കാരുടെയിടയിൽ  ശ്രദ്ധേയായിക്കഴിഞ്ഞ ലൈലാ ബീവിയുടെ ആദ്യ പുസ്തകം "കാർമേഘം മറക്കാത്ത വെയിൽ നാമ്പുകൾ" കോടോം ബേളൂർ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ സി കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ പു രോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വാസു ചോറോട് പ്രകാശനം ചെയ്തു .സ്‌കൂൾ മുൻ പ്രിൻസിപ്പൽ ശ്രീ സി കെ  രാധാകൃഷ്ണൻ  പുസ്തകം എറ്റുവാങ്ങി .സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ  ഗണേശൻ അദ്ധ്യ ക്ഷത വഹിച്ചു .സ്‌കൂൾ സീനിയർ അസിസ്റ്റൻറ്  ശ്രീമതി എലിസബത്ത്  അബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോക്ടർ അബ്ദുൽ ഹകീം  ,സ്‌കൂൾ ഹെഡ്മാസ്റ്റർ  ശ്രീ കെ മോഹനൻ ,മുൻ ഹെഡ്‌മാസ്റ്റർ ശ്രീ പി സുഗുണൻ ,സ്‌കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി ഗീതാ പി വി ,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു .കുമാരി അശ്വതി ലൈലാബീവി ടീച്ചറുടെ ഭ്രാന്തിയും വടവൃക്ഷവും എന്ന കവിത ആലപിച്ചു .




ശ്രീ സി കെ  രാധാകൃഷ്ണൻ  നടത്തിയ പ്രസംഗത്തിൻറെ കുറിപ്പുകൾ
***************************************************************************

ലൈലാബീവി മങ്കൊമ്പ് ,ആമി മങ്കൊമ്പ് എന്നപേരിലാണ് എഴുതിത്തുടങ്ങിയത് എന്നത് അവരുടെ ആദ്യകാല കവിതകളിൽ നിന്നും വ്യക്തമാണ് .കമലാദാസിന്റെ എഴുതുകളിൽകാണുന്ന അനുഭവസാക്ഷ്യത്തിന്റെ മൂർച്ച ലൈലയുടെ വരികളിലും തെളിയുന്നുണ്ട് . കുറിപ്പുകളിലും കവിതകളിലുമായി നമ്മോടു സംവദിക്കുന്ന ഈ മനസ്സ്  ഇന്നത്തെ കറുത്ത കാലത്തോട് കൃത്യമായി പ്രതികരിക്കുന്നുണ്ട് .പെണ്ണെഴുത്തു എന്ന പദത്തോടു പോലും പരിഭവിക്കുന്ന കവി "ഭ്രാന്തിയും വടവൃക്ഷവും" എന്ന കവിതയിൽ നമ്മളോട് ചോദിക്കുന്നത്  "സ്‌നേഹത്തിന്റെ മുഖം ഇത്രയും വികൃതമാക്കിയത് എന്തിനാണ് മകനേ നീ  "എന്ന് തന്നെയാണ് .ഹിന്ദി അധ്യാപകയിരുന്നിട്ടു പോലും ഹിന്ദി രാജ്യത്തെ ഏകഭാഷയാക്കുന്നതിനുള്ള ശ്രമത്തിലെ അപകടം തിരിച്ചറിയുകയും അത്തരം ശ്രമങ്ങളോട് തന്റെ ഒരു കുറിപ്പിലൂടെ വ്യക്തമായ ഭാഷയിൽ  കലഹിക്കുകയും ചെയ്യുന്നു

"ഞാൻ ഒരു അഹല്യയായി"എന്ന കവിതയിൽ  ലൈലബീവി എന്ന കവി നയം പ്രഖ്യാപിക്കുന്നു
--
പിന്നിട്ട ജീവിതപാതയോരത്ത് പാറക്കല്ലായി കിടന്നപ്പോൾ
ആരുമെന്നെയറിഞ്ഞിരുന്നില്ലയെൻ സഖി
എന്നിലെ ഞാൻ ഏതാണെഞ്ഞറിരുന്നില്ല
കാലം അതിന്റെ പ്രയാണം തുടർന്നു കൊണ്ടിരിക്കുമ്പോൾ
മൗനം കുടിച്ചിറക്കി ഓർമ്മയുടെ തൂണ് ചാരി
ഞാനിരിക്കുമായിരുന്നു എൻ സഖി
ഒരു നാൾ രാമപാദസ്പർശമേറ്റ
ഞാനൊ രഹല്യയായി മാറി
വിരൽ തുമ്പിലൊരു എഴുത്താണിയുമായി
പുഞ്ചിരി തൂകി നിന്നീ വഴിത്താരയിൽ
ഇരുട്ടിൽ ഞാൻ കണ്ണുനീരിൽ എണ്ണ പകർന്ന്
എൻ തൂലികയെ തീ പന്തമാക്കി.


.ദുരിതമഴപ്പെയ്ത്തായി നിറഞ്ഞാടിയ പ്രളയവും  അതിനോട് കേരളം നിർഭയം പൊരുതി നിന്ന രാപ്പകലുകളും ലൈലയുടെ കവിതകളിൽ നിഴലും വെളിച്ചവുമായി നിറയുന്നുണ്ട് .പ്രളയ കണ്ണീർ വീണ റോസാപുഷ്പം എന്ന കവിത യിലെ സർവവും പ്രളയത്തിൽ നഷ്‍ടപ്പെട്ടു അച്ഛനമ്മമാരുടെ ശവക്കൂനക്കു മുകളിൽ ഓണനാളിൽ പകച്ചു നിൽക്കുന്ന കൊച്ചുമകൾ ശ്രുതിയെ ജീവിതത്തിലേക്ക് തിരികെ വിളിക്കുന്ന ഖാഇദർ ബാപ്പയെ അവൾ പിതാവാ യി കാണുന്നിടത്തു ലൈലയുടെ കവിത മതനിരപേക്ഷതയുടെയും മാനവ സ്നേഹത്തിന്റെയും ഉണർത്തു പാട്ടായി മാറുകയാണ്  .
 പ്രളയവും നിശാകാമുകിയും എന്ന കവിതയിലാകട്ടെ ഏകയായ 'രാത്രിയുടെ കാമുകി ' കലങ്ങിയ കണ്ണുകളുമായി ,മുറിവേറ്റ ചങ്കുമായി പുഴയോടൊത്തു കടലിലേക്ക് യാത്രയാകുമ്പോൾ "ഇല്ല ,വിട്ടുകൊടുക്കില്ല " എന്നോതി ജീവൻറെ തുടിപ്പിനെ സ്നേഹിച്ച മനുഷ്യ സ്‌നേഹി അവളുടെ നീട്ടിയ വിരൽത്തുമ്പു അമർത്തിപ്പിടിക്കുന്ന കാഴ്ച യിലേക്ക് കവി നമ്മളെ തുഴഞ്ഞടുപ്പിക്കുന്നുണ്ട് .നമ്മളെ വല്ലാതെ അമ്പരിപ്പിക്കുന്ന ശക്തിയും ലാളിത്യവും ഉള്ള വാക്കുകളാണ് ഈ കവിതകളുടെയെല്ലാം പ്രത്യേകത ."പ്രളയം .അത് ഒരു മണ്ണ് രണ്ടായി പിളർന്ന നേരം ,ഏതോ മരവേരിലാ സ്ത്രീ തട്ടിത്തടഞ്ഞു വീണു" എന്ന തുടക്കം തന്നെ നിരവധി തലങ്ങളിൽ  -ദൃശ്യ ,ചലന ബിംബങ്ങളും -വ്യാഖ്യാന സാദ്ധ്യതയുള്ളതുംഅർത്ഥധ്വനികളുള്ളതും അതു കൊണ്ടു തന്നെ കാവ്യാൽമകവുമാണ് .കവിത ഇവിടെ മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത  സ്‌നേഹത്തിന്റെ സ്തുതി തിഗീതമാവുന്നു  .

സ്നേഹം എന്ന മൂന്നക്ഷരങ്ങളിലൂടെ ,ഗാന്ധിയും നെഹ്‌റുവും തെളിച്ച പാതയിലൂടെ വേണം നമ്മുടെ രാജ്യം മുന്നോട്ടു പോവേണ്ടത് എന്നു തൻ്റെ ഫേസ്ബുക് കുറിപ്പുകളിലൊന്നിൽ കവി അടിവരയിടുന്നുണ്ട് .ആ കുറിപ്പ് അവസാനിക്കുന്നിടത്തു ഈശ്വരസ്നേഹം പ്രകൃതിയിലേക്ക് ചൊരിയുകയും പ്രകൃതി കോപിക്കാതിരിക്കുകയും ചെയ്യട്ടെ എന്നാണ് അവർ പറഞ്ഞു നിർത്തുന്നതു . പ്രകൃത്യുപാസകരായ വേർഡ്‌വേർതിന്റെയും ചങ്ങമ്പുഴയുടേയുമൊക്കെ വരികളെ ഓർമിപ്പിക്കുന്ന നിലപാടിലേക്ക് ലൈലബീവി മാറുന്നത്കൗതുകകരമാണ് .

"സ്നേഹം കൊണ്ട് ഹൃദയത്തിൽ കുറിച്ചിടുന്ന ഓരോ കവിതകളാകുന്നു എൻ്റെ സൗഹൃദം "എന്ന സൗമ്യതയിൽ നിന്നും "അല്ലയോ മകളേ നീ പുനർജ്ജനിക്കണം ,ശാപമോക്ഷം കിട്ടിയ അഹല്യയായീടണം ;ഉന്നാവിലെ മലാലയായ് ഗർജ്ജിക്കണം നീതിക്കു വേണ്ടി നീ ; കാത്തിരിക്കുന്നു നിനക്കായ് ഞാനും എൻ പുസ്തകത്താളുകളും  " എന്ന ശക്തി സ്വരൂപത്തിലേക്കു ലൈലയുടെ കവിത രൂപാന്തരപ്പെടുന്നുണ്ട് .

"മരണത്തിന്റെ നിറം വീണ്
ആത്മാവ് സ്വതന്ത്യമാകുമ്പോൾ
നാക്കിലയിൽ ചോറുരുളകൾ ഉരുട്ടിവെച്ച്
ബലി കാക്കകളെ കൈകൊട്ടി വിളിക്കുന്ന "വിരോധാഭാസം നിറഞ്ഞ ചടങ്ങുകൾ കാണുമ്പോൾ ,ഭ്രാന്തിയായി തീരുന്നു ഈ കവയിത്രിയും എന്ന മുന്നറിയിപ്പുണ്ട് ആ വരികളിൽ  .ഭ്രാന്തമായ ഈ ലോകത്തിന്റെ വികൃതികൾ കണ്ടിട്ട് ഒന്നുറക്കെ ച്ചിരിക്കണം ,ഈ കവിയിത്രിക്ക് .പിന്നീട് ദുഃഖത്തിന്റെ സങ്കീർത്തനം പാടി തളർന്നിരിക്കണം .

മരണമെന്ന മഹാ സത്യത്തെ പുൽകും മുമ്പ് ആത്മാവ് ചിതലു തിന്നു തുടങ്ങിയതിലുള്ള വ്യഥയാണ് അവർ എഴുതാൻ ശ്രമിക്കുന്നത് .മുഖമില്ലാത്ത ബന്ധങ്ങളുടെ ഓരോ ഇലയും ഞെട്ടറ്റു വീഴുന്ന അനാഥമായ ഒരു കാലത്തിൻറെ ഇരുട്ടും നൊമ്പരവും പകർത്തുന്ന ലൈലയുടെ വരികളിൽ പ്രതീക്ഷയും ജീവിത പ്രണയവും പൂക്കുന്നുമുണ്ട്  .സ്നേഹമെന്ന നൂലിൽ കോർത്ത മുത്തുമണികൾ പോലെ ജീവിക്കാൻ ,മത രാഷ്‌ടീയ വേലിക്കെട്ടില്ലാത്ത ഇന്ത്യയെ സ്വപ്‍നം കാണാൻ പ്രേരിപ്പിക്കുന്ന ഊർജം അവരുടെ വരികളിൽകാണാനുണ്ട് .

ചിന്തോദ്ദീപക മായ കവിതകൾ കൊണ്ട്  ഇതിനകം തന്നെ നവമാധ്യമ വായനക്കാരുടെയിടയിൽ  ശ്രദ്ധേയായിക്കഴിഞ്ഞ ലൈലാ ബീവിയുടെ ആദ്യ പുസ്തകം -കാർമേഘം മറക്കാത്ത വെയിൽ നാമ്പുകൾ -  ഒരു ആത്മകഥാംശമുള്ള  ലഘു നോവൽ ആണ് എന്നതും കൗതുക കരമാണ് .രേവതി ടീച്ചർ ,മകൾ അശ്വതി ,അമ്മ ജാനകി തുടങ്ങിയ മുഖ്യ കഥാപാത്രങ്ങളിലൂടെ  വികസിക്കുന്ന ഈ കഥ അനുഭവസാക്ഷ്യമാണെന്നു നോവലിസ്റ്റു അവകാശപ്പെടുന്നുമുണ്ട് .  കേട്ട പാട്ടുകൾ മധുരം ,കേൾക്കാനുള്ളത് അതിമധുരം എന്ന പ്രതീക്ഷയോടെ ഈ പുസ്തകം  ഏറ്റുവാങ്ങുകയാണ് .മത രാഷ്ട്രീയത്തിന്റെ ഇരുട്ട് നിറയുന്ന ഒരു കാലത്തു  മാനവ സ്നേഹത്തിന്റെ വെളിച്ചമായി തെളിയുന്ന  എഴുത്തുകളെ നമ്മൾ ഏറ്റെടുക്കുക തന്നെ വേണം .-CKR 23/ 09 / 2019

ലൈലാബീവി യുടെ കവിതകൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക











No comments: