Monday 2 September 2019

സത്യാനന്തര കാലത്തെ വായന

സത്യാനന്തര കാലത്തെ വായന

വായന അപകടകരമായ വിധത്തിൽ ഏകതാനമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവി ക്കുന്നത് .ഈ ഏകതാനമായ വായനയാണ് നൂറു ശതമാനം സാക്ഷരത നേടിയ കേരളീയ  സമൂഹത്തിലെ എല്ലാ കുടുംബങ്ങളിലും ( ധനിക, ഇടത്തരം, അരാഷ്ട്രീയ, രാഷ്ട്രീയ ഭേദമില്ലാതെ )  നടക്കുന്നത് എന്നത്‌ കൊണ്ടും     പൊതു അഭിപ്രായത്തെ രൂപപ്പെടുത്തുന്നത് ഇത്തരം വായനയാണ് എന്നതു കൊണ്ടും  ഏക തല  വായന നമ്മൾ കൃത്യമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായി മാറിയിരിക്കുന്നു .


ഒരേ    പത്രം മാത്രം വായിക്കുകയും ആ പത്രത്തിന്റെ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ സ്വന്തം നിലപാടുകളായി സ്വീകരിക്കുകയോ ചെയ്യുന്ന രീതിയെയാണ് ഏകതാന വായന എന്നോ ഏകതല വായന എന്നോ ഞാൻ ഉദ്ദേശിക്കുന്നത് .പാർട്ടി മുഖപത്രങ്ങൾ മാത്രം വായിക്കുന്നവരിലും നിഷ്പക്ഷ പത്രം എന്ന് അവകാശപ്പെട്ട് സ്വന്തം പക്ഷങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന പത്രങ്ങൾ വായിക്കുന്നവരിലും ഏകതാന വായനയുടെ അപകടങ്ങൾ  വ്യത്യസ്ത അളവുകളിൽ പതിയിരിക്കുന്നു .ഒരു പക്ഷേ പാർട്ടി പത്ര വായനക്കാരിൽ ഈ അപകടം കുറഞ്ഞ തോതിലാണ്  എന് പറയാം .പാർട്ടി നിലപാടുകൾ  എപ്പോഴെങ്കിലും തിരുത്താവുന്ന ഒന്നായതിനാൽ അത് താമസമില്ലാതെ വായനക്കാരിൽ എത്തിക്കാനും  നിലപാട് മാറ്റിയെടുക്കാനും കഴിയും .എന്നാൽ നിഷ്പക്ഷ മുഖം മൂടി യുള്ള പത്രങ്ങൾക്കു തെറ്റ് തിരുത്തുക എന്നത് ഒരു ബാധ്യതയാകുന്നില്ല .കാരണം അവർക്കു തെറ്റ് പറ്റാറില്ലല്ലോ .

"  അത്നിങ്ങൾ ദേശാഭിമാനി വായിച്ചിട്ടു പറയുന്നതല്ലേ "എന്ന അഭിപ്രായം പറയുന്ന ആൾ മനോരമ /മാതൃഭൂമി മാത്രമാണ് താൻ വായിക്കുന്നത്  എന്നും അതിനാൽ തൻ്റെ അഭിപ്രായം എന്നത് മനോരമ / മാതൃഭൂമിയുടെ അഭിപ്രായത്താൽ സ്വാധീനിക്കപെട്ടതെന്നും ഒരിക്കലും ആലോചിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ല .ഇത് തിരിച്ചും സംഭവിക്കുന്നുണ്ട് . "  അത്നി ങ്ങൾ മനോരമ / മാതൃഭൂമി  വായിച്ചിട്ടു പറയുന്നതല്ലേ " എന്ന്   പറയുന്ന ആൾ ഒരുപക്ഷേ  ദേശാഭിമാനിയോ ജൻമ ഭൂമിയോ മാത്രം വായിച്ചാണ് സ്വന്തം അഭിപ്രായം രൂപീകരിക്കുന്നത് .ചന്ദ്രികയോ വീക്ഷണമോ ജന്മഭൂമിയോ ഇന്ത്യൻ എക്സ്പ്രെസ്സോ ദ് ഹിന്ദുവോ മാത്രം വായിക്കുന്നവർക്കും സമഗ്ര വീക്ഷണത്തിൻറെ അഭാവം സ്വാഭാവികമായും കാണും .  ഒരേ വാർത്താ ചാനൽ മാത്രം കണ്ടു നിലപാടുകളിലെത്തുക എന്ന രീതിയാണ് ഭൂരിപക്ഷം പ്രേക്ഷകരും അനുവർത്തിക്കുന്നത് .ഓരോ  പത്രത്തിനുംചാനലിനും  ഓരോ  വ്യാപാര താല്പര്യമുണ്ടെന്നും അതിനു യോജിച്ച ഒരു രാഷ്‌ട്രീയ താല്പര്യമുണ്ടെന്നും അത്തരത്തിലുള്ള അഭിപ്രായം സമൂഹത്തിൽ നിലനിൽക്കാൻ വേണ്ട വിധത്തിൽ വാർത്തകളെ  അവർ ക്രമീകരിക്കുമെന്നും ഒരു വാർത്ത വായിക്കുന്ന അല്ലെങ്കിൽ കാണുന്ന അവസരത്തിൽ നമ്മൾ ഓർക്കുമോ ? പലപ്പോഴും നമ്മളുടെ ശീലങ്ങൾക്കും ഇഷ്ടങ്ങൾക്കും മുൻധാരണകൾക്കും ചേരുന്ന വാർത്തകൾ വന്നാൽ അതങ്ങ് കണ്ണടച്ച് വിശ്വസിക്കാനാണ് നമുക്കിഷ്ടം . ഈ കണ്ണടച്ച് വിശ്വസിക്കൽ തന്നെയാണ് ഏകതാന വായനയുടെ അപകടവും .ബഹുസ്വര വായനയുടെ സാധ്യതകൾ തുറന്നിടേണ്ടതുണ്ട് എന്നു മനമ്മളെ ഓർമിപ്പിക്കുന്നതും ഈ അപകട സാദ്ധ്യ തയാണ് .ദുരിതാശ്വാസ ക്യാമ്പിലെ ഓമനക്കുട്ടൻ കള്ളനാവുന്നതു ഏകതാന വായനയുടെ ഫലമാണ് .ഓമനക്കുട്ടൻ സത്യ സന്ധനാവുന്നതോ ബഹുസ്വരവായനയുടെ ഫലവും .സാജന്റെ ആൽമഹത്യയെക്കുറിച്ചുള്ള പോലീസ്  റിപ്പോർട്ട്  വിവിധ പത്രങ്ങൾ അവതരിപ്പിക്കുന്നത് എങ്ങിനെ എന്ന് എത്ര വായനക്കാർ ശ്രദ്ധിച്ചിരിക്കും ? ഏറ്റവും ഒടുവിൽ വന്ന വാർത്തക്കു  മനോരമയുടെ തലേക്കെട്ട്    "മരണകാരണം കുടുംബ പ്രശ്‌നം അല്ല " എന്നാണ് .( അപ്പോൾ പിന്നെ ഗ്രാമപഞ്ചായത്തു തന്നെ കുറ്റക്കാർ  എന്ന് വായനക്കാർ ചിന്തിച്ചോളും .)  മാതൃഭൂമി അതെ വാർത്തക്ക് കൊടുത്ത മേൽവാചകം "അന്വേഷണത്തിൽ ഒന്നിനും തെളിവില്ല " എന്നാണ് .ദേശാഭിമാനിയാകട്ടെ " പാർത്ഥ കൺവെൻഷൻ സെന്റർ പ്രവർത്തന സജ്ജമായി " എന്നും റിപ്പോർട് ചെയ്യുന്നു .തങ്ങൾ ഉദ്ദേശിക്കുന്ന ആംഗിളിലേക്കു ഓരോ മാധ്യമവും വാർത്തയെ തിരിച്ചു വെക്കുന്നുണ്ട് എന്ന കാര്യം വായന സമയത്തു എത്ര പേർ തിരിച്ചറിയുന്നുണ്ട് എന്നത് ഗൗരവപൂർവം കാണേണ്ടതാണ് .അതുകൊണ്ട് തന്നെ ബഹുസ്വര വായനയുടെ സൂക്ഷ്മ ഘട്ടങ്ങൾ അപഗ്രഥിക്കേണ്ടതും അത്തരം വായനയിലേക്ക് സമൂഹത്തെ കൂട്ടിക്കൊണ്ടു പോകേണ്ടതും  സത്യാനന്തര കാലഘട്ടത്തിലെ അടിയന്തിര കർത്തവ്യമാണ് . 

ഏകതാന വായനയിൽ നിന്നും ബഹുസ്വരവായനയിലേക്കുള്ള ദൂരം വലുതാണ് . സമയ ലഭ്യത ഏറ്റവും വലിയ തടസ്സമാണ്. നവമാധ്യമങ്ങളുടെ കടന്നു കയറ്റത്തോടെ ഉള്ള സമയം അവ കവർന്നെടുത്തു  എന്ന സ്ഥിതിയുണ്ട് .ഒന്നിലധികം പത്രങ്ങൾ വായിക്കാൻ പണം മുടക്കാനും  പലർക്കും സാദ്ധ്യമല്ല .അങ്ങിനെ ഒരു താല്പര്യവും വായനക്കാരന് കാണാറുമില്ല .മാത്രമല്ല ബഹുസ്വര വായന ഇല്ലാതിരിക്കുന്ന ഒരാളെയാണ് സത്യത്തിൽ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും  ആഗ്രഹിക്കുന്നത് .പുതിയ വായനക്കൂട്ടങ്ങൾക്കും വീട്ടുമുറ്റചർച്ചകൾക്കും നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളി ഏകതല വായനയിൽ നിന്നും ബഹുസ്വരവായനയിലേക്കു വായനക്കാരനെ എങ്ങിനെ കൊണ്ടുപോകാം എന്നുള്ളത് തന്നെയാണ് .


ഇന്നലെ ചെറുസിനിമ കളുടെ ഒരു  പ്രദര്ശനത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ദി ലോക്ക് എന്ന  ഹ്രസ്വ സിനിമയിലെ ഒരു ദൃശ്യം ചർച്ച ചെയ്യപ്പെട്ടു .മദ്യപിച്ചു ബോധം കെട്ട് കടത്തിണ്ണയിൽ ഉറങ്ങിയ ഒരാൾ അതിരാവിലെ  പത്രം വീഴുന്നതോടെ ഉണരുന്ന ദൃശ്യം .ഇതിൽ മനോരമ പത്രം കടവരാന്തയിലേക്കു പറന്നു വീഴുന്ന രംഗം എന്തിനാണ് കാണിച്ചത് എന്ന ഒരു ചർച്ചയുടെ ഭാഗമായി ആ സിനിമയുടെ സംഭാഷണരചയിതാവിൻറെ (script writer )എടുത്ത  നിലപാട്  "ദേശാഭിമാനി പത്രം കാണിച്ചാൽ അത് ഒരു പ്രചാരണ രീതിയായി കാണും ;എന്നാൽ മനോരമയായാൽ അതു ഒരു സ്വാഭാവികതയായി കാണും മാത്രമല്ല മനോരമ ഒരു നിഷ്പക്ഷ പത്രമാണല്ലോ " എന്നതായിരുന്നു .ബഹുസ്വരവായന നേരിടുന്ന വലിയ വെല്ലുവിളി ഇത്തരം നിരുപദ്രവമെന്നും സത്യസന്ധമെന്നും പ്രത്യക്ഷത്തിൽ തോന്നിക്കുന്ന  പൊതു ബോധ്യങ്ങളെ എങ്ങിനെ തിരുത്താൻ കഴിയുമെന്നത് തന്നെയാണ് .നിഷ്പക്ഷ നിലപാട് എന്ന് നാം കരുതുന്നവ ആസൂത്രിതവും കൃത്യവുമായ വാണിജ്യ താല്പര്യങ്ങളാ ണെന്നും ആ താല്പര്യങ്ങൾക്കുതകുന്ന രാഷ്ട്രീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് അത്തരം മാദ്ധ്യമങ്ങൾ ചെയ്യുന്നതെന്നും ഇന്നത്തെ വായനക്കാർ   തിരിച്ചറിയേണ്ടതുണ്ട് .ബഹുസ്വരവായന വിമർശനാത്മക വായനയിലൂടെ മാത്രമേ ലക്ഷ്യവേധിയാവുക യുള്ളൂ  .

ഒരുപാടു വായിച്ചാൽ മാത്രം പോരാ ,വായിച്ചതിനെ ഇതുവരെ ആർജിച്ച മൂല്യങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ  സ്വന്തയൊരു കാഴ്ചപ്പാടോടെ  സംസ്കരിക്കുക എന്നതാണ് പ്രധാനം .ഈ പ്രക്രിയയെ  വിമര്ശനാല്മക വായന എന്നു പറയാം .ഇന്ന് വായനയുടെ പേരിൽ നടക്കുന്നത് വിവരശേഖര ണവും അവിടവിടെ  തൊട്ടു വായനയും മാത്രമാണ് .ആഴത്തിൽ വായിക്കാൻ ആർക്കാണ് നേരം ?

ഇന്നത്തെ ചെറുപ്പക്കാർ നവമാദ്ധ്യമങ്ങളിൽ ( വാട്സാപ്പ് / ഫേസ്ബുക്ക്  /  ഇൻസ്റ്റഗ്രാം,.......... ) ഒരുപാട് പോസ്റ്റു ചെയ്യുകയും വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയോ ഓഡിയോ ഫയലുകളായി അയക്കുകയോ  ചെയ്യുന്നുമുണ്ട്  എന്നത് പരിഗണിക്കാനുണ്ട് .സ്വന്തം അഭിപ്രായങ്ങളോട് യോജിക്കുന്ന പോസ്റ്റുകൾ അതിൻറെ സത്യാവസ്ഥ അന്വേഷിക്കാതെ ഫോർവേഡ് ചെയ്യുന്ന രീതിയും കൂടിവരുന്നു ,പോസ്റ്റിനു ശേഷം അതേ പോസ്റ്റിനെക്കുറിച്ചു എതിർത്തും അനുകൂലിച്ചും ധാരാളം അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട് .ഇതൊക്കെ വായിച്ചു ശരി തെറ്റുകൾ വിശകലനം ചെയ്തു അഭിപ്രായരൂപീകരണം നടത്തുകയാണെങ്കിൽ അവിടെ ബഹുസ്വരവായനയും വിമർശനാല്മക വായനയും നടക്കുന്നുണ്ട് എന്ന് പറയാം .  കരുതിക്കൂട്ടി ഒന്നിലേറെ പത്രങ്ങൾ പ്രതിദിനം വായിക്കുന്ന നിരവധി ചെറുപ്പക്കാർ  ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല .വാർത്താ ചാനലുകൾ തന്നെ പലതു കണ്ട് സ്വന്തം അഭിപ്രായത്തിലെത്താനൊക്കെ എത്ര പേർ മെനക്കെടുന്നുണ്ട് ? ഒരിക്കൽ പ്രസിദ്ധീകരിച്ചത് തെറ്റായ വസ്തുതയാ ണെന്നു അതേ ചാനലിൽ തന്നെ എഴുതി വരുന്നത് ഈയിടെ ഒരു പതിവായിട്ടുണ്ട് .പക്ഷെ ഈ കുറ്റസമ്മതം ആദ്യ റിപ്പോർട്ട് കണ്ട എത്ര പേർ കണ്ടു കാണും ?മാത്രമല്ല ഇനി രണ്ടാമത്തെ വാർത്ത കണ്ടാൽത്തന്നെ ബ്രേക്കിംഗ് ന്യൂസ് ആയി കൊട്ടുംകുരവയുമായി ആദ്യം അവതരിപ്പിച്ച കളവു വാർത്താശകലം പ്രേക്ഷകൻറെ മനസ്സിൽ പതിഞ്ഞ പോലെ സത്യം ഓർമ്മയിൽ വരണമെന്നുമില്ല .നമ്മൾ  സത്യാനന്തര കാലഘട്ടത്തിലാണ് എന്നു പറയുന്നത് ഇതുകൊണ്ടാണ് .സത്യാന്വേഷണത്തിനുള്ള വ്യഗ്രത മാധ്യമങ്ങൾക്കു നഷ്ടപ്പെടുന്നതിന് വാണിജ്യ താല്പര്യം , രാഷ്ട്രീയ അജണ്ട  , പിടിച്ചു നിൽക്കാനുള്ള വ്യഗ്രത  തുടങ്ങി ഒട്ടേറെ കാരണങ്ങൾ കണ്ടെത്താം .പക്ഷെ നവമാദ്ധ്യമങ്ങളിൽ സത്യമെന്നുറ പ്പില്ലാത്ത  പോസ്റ്റുകൾ അയക്കുന്ന തിൽ നമ്മളിൽ ചിലർ കാണിക്കുന്ന വ്യഗ്രത അതിലേറെ അപകടകരമാണ് .പോലീസിങ്ങിലെ പോരായ്മകളോടപ്പം വ്യാജവാർത്തകളുടെ പ്രചാരണവുമാണ് ഉത്തർപ്രദേശിലെന്ന പോലെ പലയിടങ്ങളിലും ആൾക്കൂട്ട കൊലപാതകങ്ങൾക്കു കാരണമാകുന്നത് എന്നതും ശ്രദ്ധിക്കാനുണ്ട്  .ഇത്തരം പല കേസുകളിലും പ്രതികാളാ  യി വരുന്നത് ചെറുപ്പക്കാരാണ് എന്നതും കാണണം .വായന വഴി തെറ്റുമ്പോൾ ജനാധിപത്യ ബോധം ഇല്ലാതാവുകയും ബൈക്ക് മോഷണം,ഗൂഢാലോചന , കൊലപാതക പരമ്പര,തീവ്രവാദം ,ഫാസിസം   തുടങ്ങിയ കുറ്റകൃത്യമേഖലകളി ലേക്കു വ്യക്തി നയിക്കപ്പെടുകയും ചെയ്യുന്നു.ചെറുപ്പകരുടെയിടയിൽ വിമർശനാ ല്മക വായനയുടെ സാംഗത്യം ഇക്കാരണങ്ങളാൽ വളരെ കൂടുതലാണ് .








No comments: