Wednesday, 18 September 2019

മതവിശ്വാസികളോടുള്ള പാർട്ടിയുടെ സമീപനം

മതവിശ്വാസികളോടുള്ള പാർട്ടിയുടെ സമീപനം
ഇ എം എസ് (23-11-1979) ചിന്ത വാരികയിൽ നൽകിയ മറുപടി

ചോദ്യം: ഒരു ഇസ്ലാംമത വിശ്വാസിയായ എനിക്ക് കമ്യൂണിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയിൽ പ്രവർത്തിക്കുവാൻ സാധിക്കുമോ? അതിലെ അംഗങ്ങളും നിരീശ്വരവാദികളാകണം എന്ന് ചില സുഹൃത്തുക്കൾ വാദിക്കുന്നു. അങ്ങും സിപിഐ നേതാവ് എം എൻ ഗോവിന്ദൻനായരും മതവിശ്വസത്തിനു എതിരാണെന്ന് അവർ സമർത്ഥിക്കുന്നു.

ഹിന്ദു, കൃിസ്ത്യൻ, മുസ്ലീം മത വിശ്വാസികൾക്ക് എന്റെ പ്രിയപ്പെട്ട പാർട്ടിയായ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി എതിരാണോ? അങ്ങയുടെയും മാർക്സിസ്റ്റു പാർട്ടി സഖാക്കളുടെയും തൊഴിലാളി പ്രേമം, ആർ എസ് എസിന്റെ വർഗ്ഗീയതയെ ചെറുക്കൽ, ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സന്ധിയില്ലാസമരം എന്നിവ എന്നിൽ വർധിച്ച സന്തോഷം പകരുമ്പോൾ മതവിശ്വാസ നിലപാട് വേദനപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അങ്ങയുടെ വിശദീകരണം പ്രതീക്ഷിക്കുന്നു.

 ഉത്തരം: ഇസ്ലാമിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കുന്നുവെന്നത് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയിൽ സജീവമായ പ്രവർത്തിക്കുന്നുവെന്നതിനോ പാർട്ടി അംഗമാകുന്നതിനുപോലുമോ തടസ്സമല്ല.പാർട്ടിയുടെ പരിപാടി, പാർട്ടി അതതുകാലത്ത് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങൾ എന്നിവ നടപ്പിൽ വരുത്തണം. അങ്ങനെ ചെയുന്നത് താൻ അംഗമായ പാർട്ടി ഘടകത്തിന്റെ തീരുമാനമനുസരിച്ച് ആയിരിക്കണം. ഇതു മാത്രമാണ് പാർട്ടി മെംബർഷിപ്പിനുള്ള വ്യവസ്ഥ.
മതവിശ്വാസികൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ടോ എന്ന ചോദ്യം ലെനിന്റെ കാലത്തുതന്നെ ഉന്നയിക്കപെടുകയുണ്ടായി. അതിന് അദ്ദേഹം നൽകിയ മറുപടിയെ ആസ്പദമാക്കിയാണ് മുകളിൽ കൊടുത്ത ഉത്തരം നൽകിയത്.
ഒരു ദർശനമെന്ന നിലയ്ക്ക് മാർക്സിസം ഭൗതികവാദപരമാണ്. ആ നിലയ്ക്ക് മാർക്സിസ്റ്റ് ദാർശനിക നിലവാരത്തിൽ മതവിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ല.

പക്ഷേ മാർക്സിസത്തെ ആസ്പദമാക്കി പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും പ്രായോഗിക പ്രവർത്തനം തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ അധ്വാനിക്കുന്ന ബഹുജനങ്ങൾ, എല്ലാ വിഭാഗങ്ങളിലും പെട്ട ജനാധിപത്യവാദികൾ എന്നിവരാകട്ടെ അവിശ്വാസികളെന്നപോലെ വിശ്വാസികളും ധാരാളമുണ്ടാകും.

അപ്പോൾ മാർക്സിസത്തെ ആസ്പദമാക്കി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി, ഒരു വശത്ത് ഭൗതികവാദത്തിനുവേണ്ടി ആത്മീയവാദ ചിന്താഗതിക്കെതിരായി ആശയരംഗത്ത് സമരം നടത്തുന്നു; ഇതിൽ മറ്റെല്ലാ വിഭാഗങ്ങളിലുംപെട്ട ഭൗതികവാദികളുമായി സഹകരിക്കുന്നു. മറുവശത്ത് ദൈനംദിനം ഉയർന്നുവരുന്ന സാമ്പത്തിക- രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളെ ആസ്പദമാക്കി പ്രായോഗികസമരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വിത്യാസമില്ലാതെ അതത് പ്രശ്നത്തെ ആസ്പദമാക്കി സമരം നടത്താൻ തയാറുള്ള എല്ലാവരെയും യോജിപ്പിച്ച് അണിനിരത്തുന്നു.

ഇതിൽ രണ്ടാമത്തെ ജോലി സത്യസന്ധമായും കൂറോടുകൂടിയും ചെയ്യാൻ തയാറാവുകയെന്നതാണ് പാർട്ടി മെംബർ ആകുന്നതിനുള്ള ഉപാധി.
ഈ കാഴ്ചപാടനുസരിച്ച് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്)പാർട്ടിക്കെതിരായി യുക്തിവാദികൾ ഒരു ആരോപണം ഉന്നയിക്കാറുണ്ട്. മതവിശ്വാസത്തിന്റെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയുന്നു; ഭൗതികവാദത്തെ ആസ്പദമാക്കിയ മാർക്സിസത്തിനു ഇത് യോജിച്ചതല്ല.

ഈ ആരോപണത്തിന്റെ മറുപുറമാണ് ഈയിടെ കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാർ ഈശ്വരവിശ്വാസത്തെയും നിരീശ്വരത്വത്തെയും ആസ്പദമാക്കി പുറപ്പെടുവിച്ച പ്രസ്താവന.

ഇങ്ങനെ ഇരുവശത്തുനിന്നുംവരുന്ന വിമർശനത്തെ ആസ്പദമാക്കിയാണ് ഈ ചോദ്യം
ഈ രണ്ടു വിഭാഗങ്ങളിലുംപെട്ട വിമർശകർ മറക്കുന്ന ഒരു കാര്യമുണ്ട്: കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി അടക്കമുള്ള എല്ലാ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളും കേവല ദാർശനികരുടെ സംഘടനയല്ല, പ്രായോഗിക വിപ്ലവകാരികളുടെ ഒരു സുസംഘടിത സേനയാണ്.

മാർക്സിന്റെ സുപ്രസിദ്ധമായ ഒരു വാചകമെടുത്ത് ഉദ്ധരിക്കാമെങ്കിൽ ‘ദാർശനികർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നു. നമുക്കാവശ്യമോ പ്രപഞ്ചത്തെ മാറ്റിത്തീർക്കലാണ്’.

പ്രപഞ്ചത്തെ മാറ്റിത്തീർക്കുനതിനുള്ള ശക്തി കിടക്കുന്നതാകട്ടെ തൊഴിലാളിവർഗ്ഗത്തിലും മറ്റധ്വാനിക്കുന്ന ബഹുജനങ്ങളിലുമാണ്. അതിൽ ഭൂരിപക്ഷവും ഇതിനു മുകളിൽ ചൂണ്ടികാണിച്ചതുപോലെ മതവിശ്വാസികളുമാണ്.

 അപ്പോൾ മതവിശ്വാസികളും അവിശ്വാസികളുമടങ്ങുന്ന തൊഴിലാളികളെയും മറ്റധ്വാനിക്കുന്ന ജനങ്ങളെയും സംഘടിപ്പിച്ചണിനിരത്തി ചൂഷകവർഗ്ഗ ഭരണകൂടത്തെ തകർക്കുകയെന്ന ജോലിയിൽ നിന്നൊഴിഞ്ഞുനിന്നുകൊണ്ട് ഭൗതികവാദദർശനത്തെ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുനതുകൊണ്ട് ഒരു തൊഴിലാളി വിപ്ലവകാരിക്ക് അയാളുടെ കടമ നിർവഹിക്കാൻ കഴിയുകയില്ല.

ഇവിടെയാണ് യുക്തിവാദവും മാർക്സിസവും തമ്മിലുള്ള അന്തരം കിടക്കുന്നത്. യുക്തിവാദിയുടെ ദൃഷ്ടിയിൽ മതം യുക്തിരഹിതമാണ്.അതിനെതിരായ സമരമല്ലാതെ മറ്റൊന്നും ചെയ്യാനില്ല. മാർക്സിസ്റ്റിനാകട്ടെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിതസമരമാണ് സർവ്വപ്രധാനം.

ഈ സമരവുമായി ബന്ധപെടുത്തികൊണ്ടുവേണം ദാർശനികരംഗത്ത് ആത്മീയവാദത്തിനെതിരായ സമരം നടത്തുവാൻ.
ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ എം എൻ ഗോവിന്ദൻ നായരും ഈ ലേഖകനുമടക്കം കമ്യൂണിസ്റ്റ് നേതാക്കൾ മാർക്സിസ്റ്റ് ദർശനത്തിൽ വിശ്വാസിക്കുന്നവരാണ്. അക്കാര്യത്തിൽ ഞങ്ങളും യുക്തിവാദികളും തമ്മിൽ വിത്യാസമില്ല.

പക്ഷേ ഞങ്ങളുടെ പ്രായോഗികപ്രവർത്തനം ചോദ്യകർത്താവിനെപോല്ലുള്ള മതവിശ്വാസികളെകൂടി പങ്കാളികളാക്കിക്കൊണ്ടുള്ള ബഹുജനസംഘടനകൾ കെട്ടിപ്പടുക്കലും ശക്തിപ്പെടുത്തലുമാണ്. അതുകൊണ്ടാണ് ലോകത്തിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണഘടനയിൽ പാർട്ടി മെംബറാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തിൽ 'മതവിശ്വാസിയല്ലാതാവു ക’ എന്നു ചേർക്കാത്തത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി അടക്കം ലോകത്തെങ്ങുമുള്ള മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടികളുടെ അണികളിൽ മതവിശ്വാസികളായ കൃിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുകൾ മുതലായവർ ലക്ഷകണക്കിനുണ്ട്. അവരുടെ മതവിശ്വാസം പാർട്ടിയോടുള്ള വിശ്വാസത്തിൽനിന്നും അവരെ പിന്തിരിപ്പിച്ചീട്ടില്ല. എന്നുമാത്രമല്ല, തങ്ങൾ അംഗീകരിക്കുന്ന മതവിശ്വാസമനുസരിച്ചുള്ള ജനസേവനത്തിനു തികച്ചും പറ്റിയ ഒരു വേദിയാണ് പാർട്ടി എന്ന് അവരിൽ പലരും കരുതുന്നു. അതുപോലെ ഒരാളാകാൻ, തന്റെ ഇസ്ലാം മതവിശ്വാസംപുലർത്തികൊണ്ടുതന്നെ പാർട്ടിയുടെ നയപരിപാടികൾ നടപ്പാക്കാൻ ചോദ്യകർത്താവിനു ഒരു തടസ്സമുണ്ടാകേണ്ടതില്ല....

No comments: