സന്തോഷംകൊണ്ട് ആത്മഹത്യ ചെയ്യാൻ തോന്നിട്ടുണ്ടോ?
സന്തോഷിക്കാൻ ഒരു നൂറ് കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിലും എന്തുകൊണ്ടോ സങ്കടത്തോടാണ് നമുക്കൊരു ചായ്‌വ് കൂടുതൽ. നമ്മൾ ചെയ്ത ഒരു കാര്യത്തിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ കിട്ടിയാലും ആരെങ്കിലും ഒരു മോശം കാര്യം പറഞ്ഞാൽ എത്രപെട്ടന്നാണ് നമ്മൾ ആ ഒരൊറ്റ അഭിപ്രായത്തിൽ കുരുങ്ങിപ്പോകുന്നത്.
'World Happiness Report 2020' എന്ന സർവേ അനുസരിച്ച് ,സന്തോഷത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫിൻലൻഡ് എന്ന രാജ്യമാണ്. ഫിൻലൻഡിലെ ജനങളുടെ സന്തോഷത്തിന്റെ രഹസ്യം 'Balance of life' എന്നതാണ്, എല്ലാം ആവശ്യത്തിന് മാത്രം. ഒരുമാസം അഞ്ചക്ക ശമ്പളം ലഭിക്കുന്ന ജോലിയാണെങ്കിലും അത് ആവശ്യത്തിൽ കൂടുതൽ സ്ട്രെസ് നല്കുന്നതാണെങ്കിൽ, കുടുംബവുമായി ചിലവഴിക്കുന്ന സമയത്തെ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിൽ അധിക കാലം ആ ജോലിയിൽ അവർ തുടരില്ല, കുടുംബവും, ജോലിയും, പണവും, സംതൃപ്തിയും ശരിയായ അനുപാതത്തിൽ ചേരുന്നതാണ് അവരുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഈ റിപ്പോർട്ടിന്റെ എഡിറ്ററായിട്ടുള്ള 'ജെഫ്രി സാഷ്സ്' പറയുന്നത് "ഫിൻലൻഡിൽ ഒരാൾ പെട്ടന്ന് പണക്കാരനായാൽ മറ്റുള്ളവർ ചിന്തിക്കുന്നത് അയാൾക്കെന്തൊക്കയോ പ്രശനങ്ങൾ ഉണ്ട് എന്നാണ്".
നമ്മിൽ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഗതി ഈ റിപ്പോർട്ടിൽ ഉള്ളത് ഇങ്ങനെയാണ്, ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫിൻലൻഡ് എന്ന രാജ്യം തന്നെയാണ് ആത്മഹത്യാ നിരക്കിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തുള്ളത്. അതൊരു വിരോധാഭാസമായി തോന്നുന്നില്ലേ?ഒരുപാട് സന്തോഷിക്കുന്നവർ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? ഈ കൊറോണ കാലഘട്ടത്തിൽ ഫിൻലൻഡിലെ ആത്മഹത്യാനിരക്ക് 15 % കൂടിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. അതിന് കാരണമായിട്ടുള്ള പല കാര്യങ്ങളിൽ ഒന്നിലേക്കാണ് ഞാൻ നിങ്ങളുടെ ഹൃദയത്തെ ക്ഷണിക്കുന്നത്,
'Happiness can be boring'
സന്തോഷത്തിന് വിലയുണ്ടാകുന്നത് അത് വല്ലപ്പോഴും കടന്നുവരുന്നതുകൊണ്ടാണ്, നമ്മുടെ ജീവിതം ഒരു പ്രശ്നങ്ങളുമില്ലാതെ ഒരുപാട് കാലം മുൻപോട്ട് പോയാൽ അത് 'മടുപ്പ്' എന്നൊരു അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. നമ്മുടെ ജീവിതത്തിന് 'ജീവൻ'(life ) നൽകുന്നത് ശരിക്കും സങ്കടങ്ങളാണ്, ആ സങ്കടങ്ങളിൽ നമ്മൾ മുങ്ങിപ്പോകാതിരിക്കാൻ മാത്രം ഇടയ്ക്കു വരേണ്ടതാണ് സന്തോഷം. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം സ്വന്തമാക്കുന്നതുവരെ നമ്മൾ യഥാർത്ഥത്തിൽ അനുഭവിക്കുന്നത് അതിലേക്കുള്ള യാത്രയുടെ സന്തോഷമാണ് ! സ്വന്തമായി കഴിഞ്ഞതിനുശേഷം പതിയെ അത് നമുക്ക് ആദ്യത്തേതുപോലെ അത്ര പ്രിയപ്പെട്ടതായി മാറുന്നില്ല. മേടിച്ചപ്പോൾ ഒരു പോറൽപോലും ഏൽപ്പിക്കാതെ നമ്മൾ കൊണ്ടുനടന്ന അതേ മൊബൈൽഫോൺ തന്നെയാണല്ലോ ഇപ്പോൾ ചിലന്തിവല കണക്കുള്ള പൊട്ടിയ സ്‌ക്രീനുമായി നമ്മുടെ കയ്യിലുള്ളത്. സന്തോഷം എന്നത് നമ്മൾ എത്തിച്ചേരേണ്ട ഒരിടമില്ല! മറിച്ച് എത്തിച്ചേരേണ്ട ഇടങ്ങളിലേക്കുള്ള യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ആനന്ദമാണ്. എല്ലാം നമ്മൾ ആഗ്രഹിക്കുന്നപോലെത്തന്നെ നടന്നാൽ ജീവിതം വൈകാതെ മടുക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലോകപ്രശസ്ത ഹാസ്യനടൻ ജിം കാരി(Jim Carrey) ഡിപ്രെഷൻ എന്ന രോഗത്തെ അതിജീവിച്ചതിന് ശേഷം നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം ഇങ്ങനെയാണ്
'I think everybody should get rich and famous and do everything they ever dreamed of so they can see that it's not the answer.'
ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ഡിപ്രെഷൻ എന്ന മാനസികാവസ്ഥയിലേക്ക് കൂപ്പ് കുത്തിയ ഒരാളുടെ വാക്കുകളാണിത്.
സപ്പ്ളി കിട്ടിയ മൂന്ന് പേപ്പറുകൾ രണ്ടാമത്തെ ശ്രമത്തിൽ വിജയം കണ്ട ആ രാത്രിയിൽ നേരെ പോയത് ചേട്ടനെപ്പോലെ കരുതുന്ന സുഹൃത്തിന്റെ അടുത്തേയ്ക്കായിരുന്നു. "ഇനിയങ്ങോട്ട് മനഃസമാധാനമായി ഉറങ്ങാം, എല്ലാ ടെൻഷനും കഴിഞ്ഞു" എന്ന് പറഞ്ഞപ്പോൾ ഇന്ത്യൻ ഫിലോസോഫയിൽ ഡോക്ടറേറ്റുള്ള അദ്ദേഹം പറഞ്ഞത് കൗതുകം ഉണർത്തിയ കാര്യമായിരുന്നു.
"ഇനിയാണ് നീ സൂക്ഷിക്കേണ്ടത്, ഇത്രയും കാലം നിന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നേടിയെടുക്കാനുള്ള ഈ പേപ്പറുകളായിരുന്നു. ഇപ്പോൾ നിന്റെ ജീവിതത്തിൽ പറയത്തക്ക സങ്കടങ്ങൾ ഒന്നുംതന്നെയില്ല, ഒരു മടുപ്പു നിന്നെ മൂടാൻ സാധ്യതയുണ്ട്". അത് വളരെ സത്യമായ കാര്യമായിരുന്നു, പുതിയൊരു സങ്കടം എന്നെ തേടിവരുന്നതുവരെ 'ആ അങ്ങനെയൊക്കെ പോകുന്നു' എന്ന ഏറ്റവും വിരസമായ മറുപടിയായിരുന്നു എല്ലാവരുടെയും സുഖാന്വേഷണങ്ങൾക്ക് ഞാൻ കൊടുത്തുകൊണ്ടിരുന്നത്'.
വായിച്ചുതീർക്കാനുള്ള പുസ്തകങ്ങൾ എന്റെ ടേബിളിൽ ഇരിക്കുന്നിടത്തോളം കാലം,ഇനിയും സ്വന്തമാക്കാൻ സാധിക്കാത്ത ആ സ്‌പോർട്സ് കാർ ഷോറൂമിൽ ഇരിക്കുന്നിടത്തോളം കാലം, ഇതുവരെയും വിവാഹത്തിലെത്തിച്ചേരാത്ത പ്രണയം എനിക്ക് ചുറ്റും ഇങ്ങനെ വട്ടം വയ്ക്കുന്നിടത്തോളം കാലം, എന്നെങ്കിലും ബിഗ് സ്‌ക്രീനിൽ ജീവൻ വച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന തിരക്കഥ എഴുതി പൂർത്തിയാകാത്തിടത്തോളം കാലം ഞാൻ സന്തോഷവാനായിരിക്കും. ഒരിക്കൽ ഇതെല്ലാം ഞാൻ നേടുമായിരിക്കും അന്ന് പുതിയ ചില സ്വപ്നങ്ങൾ കൂടെ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമാണ് ഇപ്പോഴുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ഇനിയും ബാക്കിയായിട്ടുള്ള സ്വപ്നങ്ങളാണ് ജീവിതം എന്ന വണ്ടി ഓടിക്കാനുള്ള ഇന്ധനം.പ്രാർത്ഥനകളൊക്കെ ചെറുതായിട്ട് തിരുത്താവുന്നതാണ്!
"ദൈവമേ അത്ര വലുതല്ലാത്ത സങ്കടങ്ങൾ നൽകി നീ എന്നെ അനുഗ്രഹിക്കണമേ! എന്തെന്നാൽ സങ്കടങ്ങൾ മാത്രമാണ് സന്തോഷത്തിലേക്കുള്ള താക്കോൽ എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു."
Happy New Year-
Joseph Annamkutty Jose
(From a write up for Madhyamam Kudumbam Magazine, Jan 2021)
No comments:
Post a Comment