രാധീഷ് കുമാർ എഴുതിയ "ഭാരത ഹൃദയത്തിലൂടെ ഒരു യാത്ര " എന്ന പുസ്തകം വായിച്ചു. അതിവേഗത്തിൽ ദൽഹി മുതൽ ആലപ്പുഴ വരെ പോയി വന്ന പ്രതീതി ഉണ്ടായി. അങ്ങോട്ടു വിമാനത്തിലും ഇങ്ങോട്ടു കാറിലുമായിരുന്നു രാധീഷ് സാറിന്റെ തികച്ചും ആസൂത്രിതമായ ഈ യാത്ര. ഹ്രസ്വവും എന്നാൽ കാര്യമാത്ര പ്രസക്തവുമായ വിവരണങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. മാനവികതയുള്ള കാഴ്ചപ്പാടിലൂടെ നഗരങ്ങളേയും ഗ്രാമങ്ങളേയും താരതമ്യം ചെയ്യുന്ന കുറിപ്പുകളുണ്ട് ഇതിൽ. നാഷനൽ സർവീസ് സ്കീമിന്റെ സമ്മാനിതനായ ഒരു പ്രോഗ്രാം ഓഫിസറെന്ന നിലക്ക് മഹാത്മജിയുടെ ജീവിതവും ആശയങ്ങളും നഗര ഗ്രാമ ജീവിതങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നൊരു അന്വേഷണം ഈ യാത്രയിൽ നടന്നതായി അദ്ദേഹത്തിന് വിവരണങ്ങളിൽ നിന്നും മനസിലാക്കാം.
ആദ്യ വിമാനയാത്രയുടെ വേവലാതികളുടെ വിവരണം യഥാതഥവും പുതിയ യാത്രക്കാർക്ക് വളരെ ഉപകാര പ്രദവുമായതാണ് . പിന്നീട് കാർ യാത്രയിൽ തെളിയുന്ന ധാബകളിലെ വൃത്തിഹീനമായ അന്തരീക്ഷവും നിറം മങ്ങിയ വീട്ടു ചുമരുകളും ചാണകവരളികൾ നിരത്തിയിട്ട ഓടുകൾ പാകിയ വീടുകളും വഴിയോരങ്ങളിൽ ചിലയിടങ്ങളിലെ കവർച്ചക്കാരുടെ സാന്നിദ്ധ്യവും ഇന്ത്യൻ ഗ്രാമ ജീവിതത്തിന്റെ പിന്നാക്കാവസ്ഥയെ അടയാളപ്പെടുത്തുന്നു. സ്മൃതി മണ്ഡപങ്ങളെ ക്കുറിച്ച് വിവരിക്കുമ്പോൾ രാഷ്ട്രപിതാവായ ഗാന്ധിജിയുടേതിനേക്കാൾ പ്രാധാന്യത്തോടെ ഇന്ദിരാഗന്ധി യുടെ ജീവിതത്തെയും ജീവത്യാഗത്തേയും അവതരിപ്പിക്കുന്നത് കാണാം. അതോടൊപ്പം ഇന്ദിരാഗാന്ധി മ്യൂസിയത്തിന്റെ മുമ്പിൽ എഴുത്തുകാരൻ നിൽക്കുന്ന ചിത്രത്തിൽ "അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച " വാർത്ത വലുതായി വായിച്ചെടുക്കാൻ പാകത്തിൽ നൽകിയിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിൽ ജനാധിപത്യ ധ്വംസനത്തിന്റെ ആദ്യ മാതൃകകൾ പാകിയ ഇന്ദിരാഭരണത്തിന്റേതായ ഇരുണ്ട കാലഘട്ടത്തിന്റെ ഓർമ്മകളാണ് എന്റെ മനസിൽ ഉണർത്തിയത് . ഇങ്ങനെ വിവരണങ്ങളിൽ പറയാതെ വിട്ടതിനെ ചിത്രങ്ങളിലൂടെ സംവദിക്കാനുള്ള ഒരു ശ്രമം ഉണ്ട് എന്നതും അത് മിക്കവാറും വിജയിക്കുന്നു എന്നതും ഈ പുസ്തകത്തിന്റെ ഒരു വ്യത്യസ്തതയാണ്. തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചിലതെങ്കിലും ബഹുവർണ പേജുകളായി വന്നിരുന്നെങ്കിൽ വിവരണം കുറേക്കൂടി ആകർഷകമായേനെ.
വരികൾക്കിടയിൽ ശക്തമായ തിരിച്ചറിവുകൾ ധ്വനിപ്പിക്കുന്ന പുസ്തകമാണിത് . രാവണനെ ആരാധിക്കുന്ന ഒരു ഭാരതീയ ഗ്രാമത്തിന്റെ വിവരണം , നഗരസഭാ ചുവരുകളിൽ പോലും "ജയ ശ്രീരാം "പതിപ്പിക്കാൻ ശ്രമിക്കുന്ന ചിലർക്കെങ്കിലും ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യമെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള പാഠമാകേണ്ടതാണ്. 22 വർഷത്തോളം പതിനായിരത്തിലധികം തൊഴിലാളികൾ പണിത താജ് മഹൽ എന്ന വിവരണത്തിൽ താജ്മഹലിന്റെ ശിൽപിയായി ഉസ്താദ് അഹമ്മദ് ലാഹോറി യുടെ പേര് എഴുതി വെക്കുമ്പോൾ രാധീഷ് കുമാർ എന്ന എഴുത്തുകാരൻ ചരിത്ര സത്യങ്ങളിലേക്ക് ആഴമുള്ള ഒരു കാഴ്ചപ്പാടോടെ ഒരു പൊളിച്ചെഴുത്താണ് നടത്തുന്നത്. ഒരു ശവകുടീരത്തിന്റെ പേരോട് ചേർത്തു മാത്രമാണ് ഷാജഹാനെ പരാമർശിക്കുന്നത്. കുത്തബ് മിനാറിന്റേയും മറ്റനേകം ചരിത്ര സൗധങ്ങളുടേയും പിന്നാമ്പുറത്തെ വിയർപ്പിന്റേയും കണ്ണീരിന്റെയും കഥകളുടെ ചില സൂചനകൾ അതാതിടങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി.
വിശക്കുന്ന ഇന്ത്യൻ കൗമാരങ്ങളുടെ ദൈന്യത സൂചിപ്പിക്കുന്ന വിവരണങ്ങൾ ഈ ഗ്രന്ഥത്തെ സജീവമാക്കുന്നു എന്നത് പറയാതെ വയ്യ. ദൈന്യമാർന്ന മുഖമുള്ള പയ്യന്റെ വെറ്റിലക്കറ പിടിച്ച ചുവന്ന പല്ലുകൾ, പിന്നീട് കാറുകഴുകുമ്പോൾ പല്ലുകളും തേച്ചു കഴുകിയതുകൊണ്ടാകാം, നല്ല വെളുപ്പായത് ! ഫൂലൻ ദേവിയെക്കുറിച്ചുള്ള വിവരണം വായിച്ച ശേഷം ഞാൻ പുസ്തകവായന ഒരു ദിവസത്തേക്ക് നിർത്തി , ബാൻഡിറ്റ് ക്വീൻ എന്ന സിനിമ കാണുകയും ചെയ്തു. പുരുഷമേധാവിത്വത്തിലമർന്ന ഉത്തരേന്ത്യൻ ഗ്രാമ ജീവിതത്തിൽ സ്ത്രീത്വം ചവുട്ടിയര ക്കപ്പെടുന്നതും ജന്മിത്വം നര നായാട്ടു നടത്തുന്നതും ഫുലൻ എന്ന പാവം പെണ്ണ് ജാതിവ്യവസ്ഥക്കും മറ്റു അനീതികൾക്കും എതിരെ ഒരു തീപ്പന്തമായി ജ്വലിക്കുന്നതും വീണ്ടും അനുഭവിച്ചറിഞ്ഞു. രാധീഷ് സാറിനു പ്രത്യേക കടപ്പാട്. ചമ്പൽക്കാട്ടിലെ ജീവിധ വൈരുധ്യങ്ങളിലേക്ക് കണ്ണോടിക്കാൻ എന്നെ പ്രേരിപ്പിച്ചതിന് .ഇന്ദിരാഗാന്ധിയുടെ ദേശാഭിമാനത്തിനു മുമ്പിൽ വാചാലനാവുന്ന എഴുത്തുകാരൻ ഫുലൻ ദേവിയിലെ സ്ത്രീ ശാക്തീകരണ പ്രവണതകൾ പരമാർശിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.കുത്തനെയുള്ള പാറക്കെട്ടുകളും നൂൽ കനം മാത്രമുള്ള ,നെടുംകുത്തായ ഊടു വഴികളും ചോരമണക്കുന്ന കൊള്ളക്കാരുടെ ജീവിതങ്ങളും മറപിടിക്കുന്ന ചമ്പൽക്കാടിന്റെ ചിത്രം ഒരു നിഗൂഢഭൂമിയെ ഓർമിപ്പിക്കുന്ന വിധം ചുരുങ്ങിയ ചെലവിൽ (പേജ് 44 ) അവ്യക്തമാക്കി നിർത്തിയ ബുദ്ധിവൈഭവത്തിനും തൊഴുകൈ !
നമ്മുടെ തീൻമേശയിൽ നിന്നും ഈയിടെ അപ്രത്യക്ഷമായ ഗ്രീൻപീസിനെ രാധീഷ് കുമാർ കണ്ടെത്തിയത് രസകരമായി തോന്നി. സാധാരണക്കാരുടെ കറിക്കൂട്ടായിരുന്ന ഗ്രീൻ പീസ് കേന്ദ്ര ഗവൺമെന്റിന്റെ പുതിയ ഇറക്കുമതി നിയമ പ്രകാരം ( M I P 200 രൂ ) വില കയറ്റി വിൽക്കാനുള്ള സൗകര്യം നൽകിയിരിക്കയാണല്ലോ. അതിന്റെ ഭാഗമായി ഗ്രീൻപീസ് മാർക്കറ്റുകളിൽ നിന്നും കുറേക്കാലം അപ്രത്യക്ഷമാവുകയും പിന്നീട് ഇപ്പോൾ കിലോക്ക് 100- 140 രൂ വിലക്ക് മാളുകളിൽ മാത്രം ലഭ്യമാവുകയും ചെയ്തിരിക്കുന്നു. യഥാർത്ഥ കൃഷിക്കാരനാവട്ടെ , ഈ വില വർധനവിന്റെ ഗുണം ലഭിച്ചിട്ടുമില്ല. ഇടത്തട്ടുകാരെ പോഷിപ്പിക്കുന്ന ഇത്തരം നയങ്ങളെ കുറിച്ച് പരാമർശിക്കാവുന്ന നല്ലോരവസരം കരുതിക്കൂട്ടി ഒഴിവാക്കിയതാണോ ?
മധുരം കിനിയുന്ന വയലേലകളും താണ്ടി ,ബന്ദിപ്പൂർ വനമേഖലയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പ്ലാനും മനസ്സിലിട്ടു , പെഞ്ച് കടുവാസങ്കേതത്തിലൂടെയും പരുത്തിപ്പാടങ്ങളിലൂടെയും മുളകുപാടങ്ങളിലൂടെയും വിശാലമായ നെല്പാടങ്ങളി ലൂടെയും നഗര പാതകളിലൂടെയും നടത്തുന്ന യാത്ര .ഈ വിവരണം ജനങളുടെ ഭാഷയെക്കുറിച്ചും രുചി ഭേദങ്ങളെ ക്കുറിച്ചും കെട്ടിട നിർ മാണശൈലിയെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ഉള്ള പുതുമയാർന്ന നിരീക്ഷണങ്ങളാൽ സമ്പന്നമാണ് .
ടാങ്കറുകളിൽ വെള്ളമെത്തിച്ച് പാടങ്ങളിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ പ്രയത്നം വിലമതിക്കാൻ ആവാത്തതാണ് എന്ന നിരീക്ഷണം കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ ഏറേ പ്രസക്തമാണ്. ഒരേ സമയം കേരളത്തിന്റെ ജീവിത ശൈലിയെയും കാലാവസ്ഥയെയും കുറിച്ച് അഭിമാനിക്കാനും ,മററു സംസ്ഥാനങ്ങളിലെ കാർഷിക വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിയാനും അങ്ങിനെ പരസ്പ രാ ശ്രയത്തിന്റേയും വൈവിധ്യത്തിലെ ഐക്യത്തിന്റെയും പ്രസക്തി ശ്രദ്ധിക്കാനും പ്രേരിപ്പിക്കുന്ന ധാരാളം നിരീക്ഷണങ്ങളുള്ള ഈ യാത്രാവിവരണം ഏറെ ചിന്തോദ്ദീപകവും സൂക്ഷ്മതല സ്പർശിയുമായി നിലനിർത്താൻ എഴുത്തുകാരനു കഴിയുന്നുണ്ട്.ചെറുതെങ്കിലും സുന്ദരമായ ഈ പരിശ്രമം സ്വന്തമായ രീതിയിൽ ഇന്ത്യയെ വീണ്ടും വീണ്ടും കണ്ടെത്താനുള്ള അദമ്യമായ ഒരു പ്രേരണ വായനക്കാരനിലേക്കു പകരുന്നുണ്ട് .
-CKR 09 01 2021
No comments:
Post a Comment