കർഷകസമരം: കോടതിയല്ല ആശ്രയമാകേണ്ടത്
സ്വാതന്ത്ര്യാനന്തരം വിവിധ ജനവിഭാഗങ്ങൾ അവരവരുടെ ജീവിതപ്രശ്നങ്ങളുയർത്തി എണ്ണമറ്റ സമരങ്ങൾ നടത്തിയിട്ടുണ്ട്, നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒരുമഹാപ്രക്ഷോഭമാണ് തലസ്ഥാനത്തിനരികെ നടക്കുന്നത്. രാജ്യത്താകെ അതിന്റെ അനുരണനവുമുണ്ട്. കൃഷിചെയ്ത് ജീവിക്കുന്നതിനുള്ള അവകാശത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള ജീവന്മരണ സമരമാണതെന്നാണ് കർഷകർ വിളിച്ചുപറയുന്നത്. അതിന് കക്ഷിരാഷ്ട്രീയ ഉള്ളടക്കമില്ലെന്ന് കർഷകസംഘടനകൾ അസന്ദിഗ്ധമായി വ്യക്തമാക്കിയതുമാണ്. കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്ര സർക്കാർ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയും ജനാധിപത്യരീതികൾ പൂർണതോതിൽ പാലിക്കാതെയും പാസാക്കി എന്നാരോപിക്കപ്പെടുന്ന മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതുവരെ ഒരടിപോലും പിറകോട്ടില്ലെന്നാണ് നാല്പതിലേറെ കർഷക സംഘടനകളിലായി അണിനിരന്നിട്ടുള്ള കൃഷിക്കാരുടെ തീരുമാനം. കൊടും തണുപ്പും മറ്റ് പ്രതികൂലാവസ്ഥകളും കാര്യമാക്കാതെ ഒന്നരമാസമായി നടന്നുകൊണ്ടിരിക്കുന്ന കർഷകമഹാസമരം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.വെള്ളിയാഴ്ച നടന്ന എട്ടാംവട്ട ചർച്ചയിൽ കർഷകരുടെ വികാരം മനസ്സിലാക്കി പ്രതികരിക്കുന്നതിനുപകരം നിർഭാഗ്യകരമായ പ്രസ്താവനയാണ് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ ഭാഗത്തുനിന്നുണ്ടായത്. കർഷകർ എതിർക്കുന്ന നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ല, കർഷകസംഘടനകൾ കോടതിയെ സമീപിക്കുന്നതാണ് നല്ലത് എന്നാണ് തോമർ പറഞ്ഞത്. ജനുവരി 11-ന് സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ നിങ്ങളുടെ ഭാഗം ജയിക്കുമോയെന്ന് നോക്കൂ എന്ന് വെല്ലുവിളിസ്വരത്തിൽ പറയുന്നതിന് തുല്യമായി ആ പ്രസ്താവന. കർഷകനേതാക്കൾ തത്സമയംതന്നെ നൽകിയ മറുപടി കോടതി പുതിയ കാർഷികനിയമങ്ങൾക്ക് അനുകൂലമായി വിധിച്ചാലും സമരംചെയ്യുന്ന കർഷകർക്ക് സ്വീകാര്യമാകില്ല എന്നാണ്. നയപരമായ പ്രശ്നങ്ങളിൽ തീരുമാനം കോടതിയല്ല, രാഷ്ട്രീയഭരണനേതൃത്വം തന്നെയാണ് സ്വീകരിക്കേണ്ടതെന്നതാണ് ജനാധിപത്യ തത്ത്വം. കൃഷിയുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കടന്നുകയറുന്നുവെന്ന ആക്ഷേപം, ഫെഡറൽ തത്ത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കോടതികൾ ഇക്കാര്യങ്ങളിൽ കർഷക താത്‌പര്യം ഉയർത്തിപ്പിടിക്കുമെന്ന് ആശിക്കാമെങ്കിലും പാർലമെന്റിൽ പാസാക്കിയെടുത്ത നിയമമാണ് ഇവിടെ പ്രശ്നമെന്നതിനാൽ ആത്യന്തികമായി രാഷ്ട്രീയപരിഹാരമാണ് ഇതിലുണ്ടാകേണ്ടത്. സമരം ചെയ്യുന്ന കർഷകജനതയെ രാഷ്ട്രീയ വീക്ഷണത്തോടെ സമീപിച്ച് സ്വന്തം നിയമങ്ങളെ മുറുകെപ്പിടിക്കുന്ന ശാഠ്യമാണിവിടെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന ആരോപണത്തിന് മറുപടിയുണ്ടാവേണ്ടതുണ്ട്. പ്രശ്നം കക്ഷിരാഷ്ട്രീയപരമല്ല എന്ന തിരിച്ചറിവോടെ പരിഹാരമാർഗങ്ങളാരായുകയായിരുന്നു വേണ്ടിയിരുന്നത്. ലക്ഷക്കണക്കിനാളുകൾ കുടുംബസമേതം കാർഷികോപകരണങ്ങളുമായി തലസ്ഥാനത്തേക്ക് മാർച്ചുചെയ്ത് ആഴ്ചകളായി പൊതുനിരത്തുകളിൽ മഞ്ഞുംമഴയും കൊണ്ട് സഹനസമരം നടത്തുന്നത് തുടരുമ്പോൾ അതിന് ഇനി രാഷ്ട്രീയസ്വഭാവം കൈവന്നാൽ അത് അസ്വാഭാവികമല്ല. വിധ്വംസകശക്തികൾ ഇതു മറയാക്കിയെന്നും വരാം.ആദായകരമായ താങ്ങുവില ഉറപ്പാക്കുന്നതിന് വ്യവസ്ഥയില്ലാതെയും പരിമിതമായെങ്കിലുമുള്ള വിൽപ്പന സൗകര്യം ഉറപ്പാക്കിയിരുന്ന കാർഷികവിള വിപണനസമിതിയെ നിരാകരിക്കുന്നതും കരാർ കൃഷിയിലൂടെ കാർഷികമേഖലയെ കോർപ്പറേറ്റുവത്‌കരിക്കുന്നതും കർഷകനെ അന്യവത്‌കരിക്കുന്നതും ഭാവിയിൽ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്നതുമാണ് പുതിയ നിയമങ്ങളെന്നതാണ് സമരത്തിനാധാരമായ പ്രശ്നം. എന്നാൽ, വില കൂടുതൽ എവിടെ കിട്ടുന്നോ നിബന്ധനകളേതുമില്ലാതെ അവിടെ കൊണ്ടുചെന്ന് വിൽക്കാമെന്നതും എത്ര വില കിട്ടുമെന്ന് മുൻകൂർ മനസ്സിലാക്കി കൃഷി നടത്താമെന്നതുമടക്കമുള്ള ആനുകൂല്യങ്ങളിലൂടെ കാർഷികമേഖലയെ ആദായകരവും ആധുനികവുമാക്കുകയാണ് പുതിയ നിയമമെന്നാണ് സർക്കാരിന്റെ മറുപടി.ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യമാണ് തലസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകകണ്ഠങ്ങളിൽനിന്നുയരുന്നത്. വെള്ളിയാഴ്ച മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കിടയിൽ ദീർഘനേരം മൗനസമരം നടത്തിയ കർഷകനേതൃത്വം ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ ആ മുദ്രാവാക്യമാണുണ്ടായിരുന്നത്. ഇന്നാട്ടിലെ ജനങ്ങളെയാകെ ഊട്ടുന്നതിനുള്ള വിഭവങ്ങളുണ്ടാക്കുന്ന കൃഷീവലന്മാരുടെ പ്രതിനിധികളാണവർ. അധ്വാനത്തിന്റെ മൂല്യത്തിന്റെ നാലയലത്തുപോലുമെത്താത്ത വിലയാണ് ഉത്‌പന്നങ്ങൾക്ക് ലഭിക്കുന്നതെന്നതാണ് അവരുടെ അനുഭവം. വിളത്തകർച്ചയും വിലത്തകർച്ചയും കാരണം ഗത്യന്തരമില്ലാതെ മൂന്നുലക്ഷത്തിലേറെ കർഷകരാണ് ഈ രാജ്യത്ത് കാൽ നൂറ്റാണ്ടിനിടയിൽ ജീവനൊടുക്കിയത്. തിക്തമായ ജീവിതാനുഭവങ്ങളാണ് വിവരണാതീതമായ ത്യാഗത്തിലൂന്നിയ സമരത്തിലേക്കവരെ നയിച്ചത്. ഇനിയെങ്കിലും സമരം തീർക്കാൻ ആത്മാർഥമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.- Mathrubhoomi 10/01/2021
No comments:
Post a Comment