ഭൂമി മലയാളത്തിലെ കഞ്ഞിവര്‍ത്തമാനങ്ങള്‍ അഥവാ ചില കഞ്ഞികളുടെ ചരിത്രം 😁
ലോക ഭാഷാശാസ്ത്രത്തിന് കേരളം നല്‍കിയ മനോഹരമായ രണ്ടു പദങ്ങള്‍ ആണ് കഞ്ഞിയും കഞ്ഞികളും . ഒരു കാലത്ത് കേരളം കണികണ്ടുണരുന്നതും കിടക്കുന്നതും കഞ്ഞിയിലൂടെയായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പഴയ കഞ്ഞികള്‍ പോയി പുതിയ കഞ്ഞികള്‍ വന്നു കാരണം കഞ്ഞികളില്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല ഒരു ശരാശരി മലയാളിക്ക് കാരണം അവന്റെ ജീവിതവുമായി അത്ര അടുത്തു പോയിരുന്നു കഞ്ഞികള്‍.,. ജാതി, മത, വര്‍ഗ, രാഷ്ട്രീയ ഭേദമില്ലാതെ മലയാളത്തെ അടക്കി വാഴുന്ന വെറും കഞ്ഞികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലെങ്കിലും, സാക്ഷാല്‍ കഞ്ഞികള്‍ അന്യം നിന്ന് പോയത് കൊണ്ട് അവയെ കുറിച്ച് മലയാളികള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. അതിനാല്‍ അവയെ ഒന്നൊന്നായി നമുക്ക് പരിചയപ്പെടാം.
എന്താണ് കഞ്ഞി ?
അരി, ഗോതമ്പ് തുടങ്ങിയ ഏതെങ്കിലും ധാന്യം കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു ദ്രാവക രൂപത്തില്‍ തന്നെ ഭക്ഷിക്കത്തക്ക വിധം തയാറാക്കുന്ന ആഹാര പദാര്‍ത്ഥം ആണ് കഞ്ഞി. കേരളീയമായ ഈ കഞ്ഞി, ആരോഗ്യ ശാസ്ത്ര വിധി അനുസരിച്ച് ശരീരത്തിന് സുഖകരവും പത്യവുമാണ് . കഞ്ഞിക്ക് ഒപ്പം കൂട്ടാന്‍ അസ്ത്രം, പുഴുക്ക്, ചുട്ട പര്‍പ്പടകം, മുതിര, അച്ചാര്‍, അവല്‍ നനച്ചത് എന്നിവയും ഉപയോഗിക്കാറുണ്ടായിരുന്നു.
ആദ്യം എത്ര തരം കഞ്ഞികള്‍ ഉണ്ടെന്നു നോക്കാം..
പഴങ്കഞ്ഞി
കഞ്ഞിയും പയറും.
കണ്ടിക്കിഴങ്ങു കഞ്ഞി.
കാടന്‍
കാടിക്കഞ്ഞി
കാടിയോണക്കഞ്ഞി
കായക്കഞ്ഞി
ഗോതമ്പ് കഞ്ഞി
ചാമക്കഞ്ഞി
ചീപോതി കഞ്ഞി
ചീരോക്കഞ്ഞി
തമ്പായി കഞ്ഞി
തരിക്കഞ്ഞി
തെക്കഞ്ഞി
തെക്കഞ്ഞി (2)
ധര്മ്മക്കഞ്ഞി
നാളികേര കഞ്ഞി
നാറക്കിഴങ്ങ് കഞ്ഞി
നോയമ്പ് കഞ്ഞി.
പണിയരുടെ കഞ്ഞി
പഴയരിക്കഞ്ഞി
പാല്‍ക്കഞ്ഞി(1)
പാല്‍ക്കഞ്ഞി (2)
പാല്‍ക്കഞ്ഞി (3)
പൂക്കന്‍ (1)
പൂക്കന്‍ (2)
പൂക്കന്‍ (3)
പൂക്കന്‍ (4)
പൂച്ചക്കഞ്ഞി
മാങ്ങയണ്ടിക്കഞ്ഞി
മുളയരിക്കഞ്ഞി
കഞ്ഞികള്‍ ഉണ്ടാകുന്ന വിധം
പഴങ്കഞ്ഞി
പഴങ്കഞ്ഞിയില്‍ തന്നെ തുടങ്ങാം കഞ്ഞിപുരാണം. കഞ്ഞി വെറും പഴങ്കഞ്ഞി ആണെങ്കിലും കഞ്ഞികളില്‍ രാജാവിണിത്. ഓരോ മലയാളിയുടെയും നോസ്ടാല്ജിയയും. കിരീടം വക്കാത്ത രാജാവായി വിദേശത്തു വാഴുന്ന ആള്‍ ആണെങ്കിലും ഞാന്‍ ഇന്ന് പഴങ്കഞ്ഞി കുടിച്ചു എന്ന് പറയുന്നത് സെവെന്‍ സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം കഴിച്ചു എന്ന് പറയുന്നതിലും ഗമയാണ് ഇക്കാലത്ത്, അതാണ് പഴങ്കഞ്ഞിയുടെ ഒരിത് . ഇനി എങ്ങനെ പഴങ്കഞ്ഞി ഉണ്ടാക്കാം എന്ന് നോക്കാം.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറില്‍ തണുത്ത വെള്ളം ഒഴിച്ച് ചുവന്നുള്ളിയും പച്ചമുളകും ചതചിടുന്നു. ഒപ്പം തൈരും ചേര്‍ത്തു ഒരു ന്ച്ചട്ടിയില്‍ ഒഴിച്ച് സൂക്ഷിച്ചു വക്കുന്നു. പിറ്റേന്ന് രാവിലെ മാങ്ങാ ചമ്മന്തിയോ, മീന്‍ പീരയോ, അല്ലെങ്കില്‍ ചെമ്മീനും മാങ്ങയും ചേര്‍ത്ത കരിയോ ചേര്‍ത്തു കഴിക്കുന്നു. കരികലോന്നും ഇല്ലെങ്കില്‍ കാന്താരി ഞെരടി ചേര്‍ത്തോ കഴിക്കുന്നു. പഴങ്കഞ്ഞി സ്ഥിരമായി കുടിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.ഇങ്ങനെ പഴങ്കഞ്ഞി കുടിച്ചാല്‍ ഉച്ചവരെ അവര്ക് ദാഹമോ വിശപ്പോ ഉണ്ടാകില്ല.
കഞ്ഞിയും പയറും.
ദേഹത്തിനു ബലമുണ്ടാകുന്ന ഒരു വിഭവമാണ്. ഒട്ടു കിണ്ണത്തിന് നടുവില്‍ ഒരു ഉരുള വെണ്ണ വക്കുന്നു. അതില്‍ ആവി പറക്കുന്ന അരി കൊണ്ടുണ്ടാക്കിയ കഞ്ഞി ഒഴിക്കുന്നു. ഉരുകിയ വെണ്ണ ചേര്‍ന്ന കഞ്ഞി വളരെ സ്വാദുള്ളതാണ് . ഒപ്പം ചെറു പയര്‍ പുഴുങ്ങി തേങ്ങ തിരുമ്മിയിട്ട തോരനും കൂട്ടിക്കഴിക്കുന്ന ആള്‍ക്ക് ഏത് കഠിന ജോലിയും ചെയ്യുവാന്‍ കഴിയും.
കണ്ടിക്കിഴങ്ങു കഞ്ഞി.
കണ്ടിക്കിഴങ്ങ് (കാച്ചിലിനോട് സാമ്യമുള്ള ഒരു കിഴങ്ങ്) തൊലി കളഞ്ഞു ചെറുതാക്കി അരിഞ്ഞ് ഉപ്പു ചേര്‍ത്തു വേവിച്ചെടുത്ത്, തേങ്ങാപ്പാല്‍ ചേര്‍ത്തു, അത് കഞ്ഞിയില്‍ പാകപ്പെടുത്തി എടുക്കുന്നു.
കാടന്‍.
പശു പ്രസവിച്ച ആദ്യ ദിവസങ്ങളിലെ പാല്‍ കറന്നെടുത്തു ഉറയോഴിച്ച് തൈരാക്കുന്നു. ഒരു ദിവസത്തെ പുളിപ്പുള്ള തൈര് മങ്കലത്തിലോഴിച്ചു ഉണക്കലരി കഴുകിയിട്ട് വേവിക്കും. തൈരില്‍ കിടന്നു അരി വെന്തു പാകമാകുമ്പോള്‍ പച്ചമഞ്ഞളിന്റെ തെളി നീരോഴിച്ച് നന്നായി ചേര്‍ക്കുക. എന്നിട്ട് ആവശ്യത്തിനു ഉപ്പും വേപ്പിലയും ചേര്‍ത്ത് കഴിക്കുന്നു.
കാടിക്കഞ്ഞി
പഴകിയ കാടി വെള്ളത്തില്‍ ഉപ്പും തവിടും നുറുങ്ങരിയും ചേര്‍ത്തു വേവിച്ചുണ്ടാക്കുന്നു. ചിലപ്പോള്‍ മത്സ്യത്തലയും ചേര്‍ക്കും. കണ്ണൂരിലെ മാപ്പിളമാര്‍ ഉണ്ടാക്കിയിരുന്ന കഞ്ഞിയാണിത്.
കാടിയോണക്കഞ്ഞി
തിരുവോണ ദിവസത്തെ ചോറിന്റെ കൊഴുത്ത കഞ്ഞിവെള്ളത്തില്‍ മിച്ചം വരുന്ന കൂട്ടാനെല്ലാം അല്പാല്പം ചേര്‍ത്തു വക്കും. ചതയത്തിന് ഇതിന്റെ തെളിവൂറ്റി അന്ന് അരി കഴുകിയ കാടി ഇതിലൊഴിച്ച് വക്കും. ആറാമോണത്തിന് ഇതില്‍ ചമ്പാവിന്റെ പച്ചരിയിട്ടു കഞ്ഞിയുണ്ടാക്കും. (ഇന്നത്തെ പോലത്തെ ഫ്രിഡ്ജ് ഒന്നും ഇല്ലാതെ തന്നെ അന്നത്തെ കാലത്ത് ദിവസങ്ങളോളം ഭക്ഷണം കേടു കൂടാതെ ഇരുന്നിരുന്നു എന്നുള്ളത് പ്രസ്താവ്യം)
കായക്കഞ്ഞി
ഉണക്കലരി, വെള്ളം, തേങ്ങ, പഴം എന്നിവ കൊണ്ടുണ്ടാക്കുന്ന പായസം പോലുള്ള ഒരു കഞ്ഞി. മുച്ചിലോട്ടു കാവില്‍ പെരുംകളിയാട്ടത്തിന്റെ സമാപനത്തില്‍ അന്നദാനമായി ഈ കഞ്ഞിയാണ് വിളമ്പുക.
ഗോതമ്പ് കഞ്ഞി
തലേ ദിവസം വെള്ളത്തിലിട്ടു വച്ച ഗോതമ്പ് നുറുക്ക് പിഴിഞ്ഞെടുത്ത് വയ്ക്കുന്ന കഞ്ഞി.
ചാമക്കഞ്ഞി
ഏകാദശി, തിരുവാതിര എന്നിവയ്ക്ക് അനുഷ്ടാന കര്‍മങ്ങള്‍ നോറ്റിരിക്കുന്നവരും അരി ഭക്ഷണത്തിനു പകരം ചാമ കൊണ്ടുണ്ടാക്കുന്ന കഞ്ഞി.
ചീപോതി കഞ്ഞി
കര്‍ക്കിടക മാസത്തില്‍ പുഴുക്കലരിയും ഉണക്കലരിയും ചേര്‍ത്തു ഉണ്ടാക്കുന്ന കഞ്ഞി. ഇതില്‍ ഉപ്പും നാളികേരവും ചേര്‍ക്കും.
ചീരോക്കഞ്ഞി
മുസ്ലീങ്ങള്‍ക്കിടയില്‍ നോമ്പ് കാലത്ത് ഉണ്ടാക്കുന്ന വിശേഷപ്പെട്ട കഞ്ഞി.
തമ്പായി കഞ്ഞി
വയനാടന്‍ വിത്തിനമായ ഗന്ധകശാലയുടെ കഞ്ഞിയെ തമ്പായി (ദൈവം) കഞ്ഞി എന്ന് വിശേഷിപ്പിക്കുന്നു.
തരിക്കഞ്ഞി
നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ കഴിക്കുന്ന ഒരു തരം കഞ്ഞി. റവ കുറച്ചധികം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്, അതില്‍ നെയും ചുവന്നുള്ളിയും താളിച്ചതും ചേര്‍ത്തു പാകമാക്കുന്നതാണ് തരിക്കഞ്ഞി. രുചിക്ക് വേണ്ടി അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പഞ്ചസാര എന്നിവയും ചേര്‍ക്കാറുണ്ട്.
തെക്കഞ്ഞി
തലേന്നത്തെ അത്താഴം തിളക്കുമ്പോള്‍ വറ്റോട് കൂടിയ കഞ്ഞി മന്കുടുക്കയില്‍ ചിരട്ടക്കയില്‍ കൊണ്ട് കോരി ഒഴിക്കും. ഇത് നിലം തൊടാതെ ഉറിയില്‍ എടുത്തു വക്കും. രാവിലെ പണിക്കു പോകും മുമ്പ് നല്ലെണ്ണയും ഉപ്പു ചേര്‍ത്തു പയറ്, മുതിര, കടല ഇവയിലേതെങ്കിലും ഒന്ന് കൂട്ടി കഞ്ഞി കുടിക്കും. (കഞ്ഞി നിലം തൊടാതെ വച്ചാല്‍ മാത്രമേ ഗുണം ലഭിക്കൂ. ഈ കഞ്ഞി കുടിച്ചാല്‍ ദേഹത്തിനു പുഷ്ടിയും ബലവും ഉണ്ടാകും).
തെക്കഞ്ഞി (2)
അരി തിളച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് വറ്റും വെള്ളവും ഞെക്കി എടുക്കുന്നതാണ് ഈ കഞ്ഞി. അത്താഴം വക്കുംപോഴാണ് ഇങ്ങനെ ചെയ്യുക. അത് മന്പാത്രത്തിലാക്കി സൂക്ഷിച്ചു പിറ്റേ ദിവസം പ്രഭാത ഭക്ഷണമായി ഉപയോഗിക്കും. തെക്കന്‍ കേരളത്തില്‍ ആണിത് പതിവ്.
ധര്മ്മക്കഞ്ഞി
മിഥുനം, കര്‍ക്കിടകം മാസങ്ങളില്‍ നമ്പൂതിരിമാരില്‍ ഒരു വിധം നിവര്‍ത്തിയുള്ള ആഡ്യന്‍മാരെല്ലാം സാധുക്കള്‍ക്ക് കൊടുത്തിരുന്ന കഞ്ഞി.
നാളികേര കഞ്ഞി
ചുവന്ന അരി കൊണ്ടുണ്ടാക്കുന്ന കഞ്ഞിയില്‍ നാളികേരം ചിരകിയിട്ട് അല്പം ഉപ്പും ചേര്‍ത്തുണ്ടാക്കുന്നു. മറ്റു കറികളോ ചേരുവകളോ പതിവില്ല.
നാറക്കിഴങ്ങ് കഞ്ഞി
മണ്ണിന് അടിയില്‍ നിന്ന് ശേഖരിക്കുന്ന നാറ ക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് മുളങ്കുഴലില്‍ ശേഖരിച്ചു വക്കുന്നു. പഞ്ഞകാലത്ത് ഇത് പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കഞ്ഞിയുണ്ടാക്കുന്നു.
നോയമ്പ് കഞ്ഞി.
അരി, മഞ്ഞള്‍, ഉള്ളി, ഉലുവ, പെരുംജീരകം, തേങ്ങ ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന മുസ്ലീം സമുദായത്തിന്റെ നോയമ്പ് കാലത്തുണ്ടാക്കുന്ന കഞ്ഞി.
പണിയരുടെ കഞ്ഞി
കൂലിയായി കിട്ടുന്ന നെല്ല് വീട്ടില്‍ കൊണ്ട് വന്നു കുത്തിയെടുത്ത് പൊടി പോലും കളയാതെ, കഴുകാതെ നേരെ അടുപ്പത്തു വച്ച തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കഞ്ഞി.
പഴയരിക്കഞ്ഞി
കൊളപ്പാല, കൊച്ചു വിത്ത്, തുടങ്ങിയ സ്വാദുള്ള പഴയരി തവിട് കളയാതെ നുറുക്കി കഞ്ഞി വച്ച് , നെയ്യും, ഉപ്പും, ചുട്ട പപ്പടവും കൂട്ടി കഴിക്കുന്നു. നല്ല ദഹനത്തിന് ഇതിലെ ചേരുവകള്‍ പ്രയോജനപ്പെടുന്നു.
പാല്‍ക്കഞ്ഞി
മൂന്നു തരം പാല്‍ ചേര്‍ത്താണ് പാല്‍ക്കഞ്ഞി ഉണ്ടാക്കുന്നത്. പശുവിന്‍ പാല്‍, എരുമപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യമായി എടുക്കണം.ഇതില്‍ നവര നെല്ലിന്റെ അരി വേവിച്ചു കഞ്ഞിയാക്കി കഴിക്കാം.
പാല്‍ക്കഞ്ഞി (2)
അരിയിട്ട് വേവിച്ചെടുത്ത കഞ്ഞിയില്‍ പാലൊഴിച്ച് പഞ്ചസാരയും ചേര്‍ത്താണ് പാല്‍ക്കഞ്ഞി ഉണ്ടാക്കുന്നത്. ഓട്ടു കിണ്ണത്തില്‍ ചൂടുള്ള പാല്‍ക്കഞ്ഞി കുടിച്ചിരുന്നത് പ്രധാനമായും കളരിയഭ്യാസികളും രാജാക്കന്മാരും ആയിരുന്നു.
പാല്‍ക്കഞ്ഞി (3)
പശുവിന്‍ പാലിലോ തെങ്ങാപ്പാലിലോ ഉണക്കലരി വേവിചെടുക്കുന്നത്. ദേഹ പുഷ്ടിക്കും ശരീര രക്ഷക്കും അത്യുത്തമം.
പൂക്കന്‍ (1)
ചിങ്ങ മാസത്തിലെ പുത്തരി കഴിഞ്ഞാല്‍ പുന്നെല്ലിന്റെ കൈക്കുത്തരി കഴുകിയെടുത്ത അരിക്കാടി വെള്ളവും ബാക്കി വരുന്ന പഴങ്കഞ്ഞി വെള്ളവും മന്കലത്തില്‍ ഇറക്കി ഭദ്രമായി മൂടി വക്കും. നാലഞ്ചു ദിവസം ഇത് സൂക്ഷിച്ചു വച്ച ശേഷം വെള്ളം ഊറ്റിക്കഴിഞ്ഞു അടിയില്‍ ഊറുന്ന അരിക്കാടിയില്‍ ഉണക്കലരിയിട്ടു വേവിചെടുക്കും. ഇളം പുളിയോട് കൂടിയ ഇത് ചൂടാറിക്കഴിഞ്ഞാല്‍ ഉറച്ചു അപ്പം പോലെ കട്ടയാകും. ഇതാണ് പൂക്കന്‍,. അരിക്കാടി പൂക്കന്‍ എന്നും ഇതിനെ പറയാറുണ്ട്. ചിലര്‍ ഉണക്കലരിയോടൊപ്പം ശര്‍ക്കര ചേര്‍ത്തും വേവിക്കും.
പൂക്കന്‍ (2)
മിച്ചം വരുന്ന ചോറ്, കഞ്ഞി വെള്ളം, തവിട്, നുറുങ്ങരി, എന്നിവ ഒരു മങ്കലത്തിലിട്ടു ഒരാഴ്ചയോളം ഭദ്രമായി അടച്ചു വക്കും. പിന്നീട് അത് അടുപ്പത്തു വച്ച് വേവിക്കുന്നു. ഇതോടൊപ്പം മുളക്, ശര്‍ക്കര, ചുട്ടെടുത്ത ഉണക്കമത്സ്യം എന്നിവ ചേര്‍ത്തു കഴിക്കും. തവിട് കഞ്ഞി എന്നും പറയാറുണ്ട്.
പൂക്കന്‍ (3)
അരി കഴുകിയ കാടി വെള്ളത്തില്‍ നിച്ചേരി (പൊടിയരിയും തവിടും) ചേര്‍ത്തു രണ്ടു ദിവസം അടച്ചു വക്കണം. ഇതിനു പുളി വന്നു കഴിഞ്ഞാല്‍ അതെടുത്തു ഉപ്പു ചേര്‍ത്തു വേവിച്ചെടുക്കണം. പായസം പോലെ കൊഴുത്തിരിക്കുന്ന ഔഷധ ഗുണമുള്ള ഈ പൂക്കന്‍ സാധാരണക്കാരുടെ പത്യാഹാരമായിരുന്നു.
പൂക്കന്‍ (4)
അരി കഴുകിയ കാടി വെള്ളം കുറച്ചു സമയം വച്ചാല്‍ അതിന്റെ ഊറല്‍ അടിഞ്ഞു കൂടും. ഇങ്ങനെ അഞ്ചോ ആരോ ദിവസത്തെ ഊറല്‍ എടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചാണ് ഇതുണ്ടാക്കുന്നത്.
പൂച്ചക്കഞ്ഞി
ഉത്തര കേരളത്തിലെ ചാലിയ വിഭാഗത്തില്‍ പെട്ടവര്‍ രണ്ടു ദിവസം മുമ്പ് മാറ്റി വച്ച കാടി വെള്ളത്തില്‍ നുറുങ്ങരി, തവിട്, വെള്ളം ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന കഞ്ഞി. ഓണത്തിനു മുമ്പ് വരുന്ന പൂരാടത്തിനാണ് പൂച്ചക്കഞ്ഞി ഉണ്ടാക്കുന്നത്..,.
മാങ്ങയണ്ടിക്കഞ്ഞി
മാങ്ങയണ്ടി പരിപ്പ് കൊണ്ടുണ്ടാക്കുന്ന കഞ്ഞി. മാങ്ങയണ്ടി നല്ലവണ്ണം കഴുകി എടുത്തു പൊളിക്കുന്നു. ഇതിലെ പരിപ്പ് വെയിലത്ത് വച്ച് ഉണക്കി വെള്ളത്തില്‍ കഴുകി എടുക്കുന്നു. പല പ്രാവശ്യം കഴുകി കട്ട് മാറ്റണം. ഈ പരിപ്പിനെ തേങ്ങാപ്പാലില്‍ വേവിച്ചു കഞ്ഞി ആക്കി കുടിക്കുന്നു. മലബാറില്‍ ആണ് ഇതിനു കൂടുതല്‍ പ്രചാരം.
മുളയരിക്കഞ്ഞി
മുള പൂത്തു അരി വയ്ക്കുന്ന കാലത്ത് മുളന്കൂട്ടത്തിന്റെ ചുവട് അടിച്ചു വൃത്തിയാക്കിയിടും. മൂത്ത് കഴിഞ്ഞു കൊഴിഞ്ഞു വീഴുന്ന മുളയരി അടിച്ചു വാരിയെടുത്ത് ഉമി കളഞ്ഞു കഞ്ഞി ഉണ്ടാക്കുന്നു.
അങ്ങനെയങ്ങനെ അനേക തരം കഞ്ഞികളാല്‍ സമൃദ്ധമായിരുന്നു ഈ കൊച്ചു കേരളം. എന്നാല്‍ ആ കഞ്ഞികളൊക്കെ പോയി, വെറും കഞ്ഞികള്‍ മാത്രമായി ഇവിടം. ഇപ്പോഴും ക്ഷേത്രങ്ങളിലും മരണ വീടുകളിലും (പഷ്ണിക്കഞ്ഞി) കഞ്ഞി കൊടുക്കുന്ന പതിവുണ്ട്എന്നുള്ളത് മറക്കുന്നില്ല ..... 🙏
🌷 കടപ്പാട് 🌷COLLECTED FROM WHATSAPP
No comments:
Post a Comment