തൊഴുതു , പിന്നെ നിറയൊഴിക്കുന്നവർ
കൊന്നവർ.രാഷ്ട്രപിതാവിനെ ,
സംഘ വർഗീയ വാദികൾ .
രാഷ്ട്രത്തെക്കുറിച്ചാണയിടുന്നവർ,
സ്വന്തം പിതാവിനേപ്പോലും
കൊല്ലാൻ പരിശീലനം കിട്ടിയോർ
തൊഴുന്നു , പിന്നെ നിറയൊഴിക്കുന്നു.
തൊഴലോ നിന്റെ തൊഴിൽ,
നുണയാ, നിറയൊഴിക്കലോ ?
തൊഴാൻ തള്ളുന്നവരുടെ സംഘം,
ക്രമത്തിൽ, നിറതോക്കുമായി
നിരക്കുന്നതക്രമത്തിനായ്.
തൊഴാൻ ചെല്ലാത്തവനെ
നിരീശ്വരനായിട്ടൊറ്റപ്പെടുത്തും മരത്തലയാ,
നിന്നോടൊരു ചോദ്യമുണ്ട്,
ഈശ്വരനായി നീയർപ്പിക്കുന്നതു
നിറതോക്കുകളല്ലേ , യിതു നന്മയാണോ ?
മാപ്പു പറഞ്ഞു
സായിപ്പിനോടു നീ ,
സംഘ മിത്രമേ,
ഗാന്ധിക്കു നേരെ
തീയുണ്ട തുപ്പുന്നു നീ ,
ദേശാഭിമാനിയെ
ഹനിക്കലോ ദേശ സ്നേഹം,
കപട ദേശസ്നേഹി ഗോഡ്സേ ,
നീയും വേടനും സമം.
കാക്കി ട്രൗസറിട്ട വേടന്മാരുണ്ടു നാട്ടിൽ,
നാടൻ തോക്കുകൾ കുടിൽ-
വ്യവസായമാകുന്നിവിടെ പല ദിക്കിലും.
കരുതി ജീവിക്ക മതേതര വാദികൾ,
കുരുതി ദാഹിച്ചു ചുര മാന്തുന്നു ഗോഡ്സേമാർ.
ആയിരം നുണകളാലിവർ മൂടും
സത്യത്തിൻ കനലിനെ ,
ഊതിപ്പെരുപ്പിച്ചു കാണിക്കണം
മായക്കാഴ്ചയിൽ മയങ്ങും
പുതിയ തലമുറപ്പൈതങ്ങളെ ,
ആൾക്കൂട്ടങ്ങളെ നയിച്ചിവരടക്കും
നേരിൻപോർമുഖങ്ങളെ ,
മരിക്കയല്ല ,കൊന്നിടുന്നു വേടരി-
ന്നുണർന്നു പോരിടുംകൃഷിക്കാരെ.
പ്രിയ ജനങ്ങളേ ,മരിച്ചതല്ല ഗാന്ധിയിവർ
കൊന്നതാണെന്നു പറയണമിന്നു
കുഞ്ഞു മക്കളോടല്ലായ്കിലപകടമവർ നിനപ്പതീ -
വേടരും സകലരും കണക്കെന്നാകും ചിരം.
- CKR 30 JAN 2021
No comments:
Post a Comment