മഹത്തായ ഭാരതീയ അടുക്കള ഉപദ്രവകരമായ ഒരു സിനിമയാണ്. കാണരുത്. നമ്മുടെ മഹത്തായ പാരമ്പര്യങ്ങളെ അടുക്കള പ്രശ്നമാക്കി അത് വിശകലനം ചെയ്യുകയാണ്. അതിന്റെ സംവിധായകന്റെ പേര് ജിയോ ബേബിയാണ് എന്നതും ശ്രദ്ധിക്കണം. ശാസ്ത്രത്തിനു നന്ദി എന്ന പതിവില്ലാത്ത ഒരു മുൻകുറിപ്പിലാണ് ഈ ദൃശ്യാനുഭവം തുടങ്ങുന്നത്. ശാസ്ത്രത്തിനു നന്ദി പറയേണ്ട വല്ല കാര്യമുണ്ടോ ? നന്ദി പറയേണ്ടത് നമ്മുടെ പവിത്രങ്ങളായ ചില ആചാരങ്ങൾക്കും പുരുഷ കേന്ദ്രീകൃത സമ്പ്രദായങ്ങൾക്കുമല്ലേ. ? സ്ത്രീയേക്കാൾ എന്തുകൊണ്ടും മുൻ തൂക്കം പുരുഷന്മാർക്കല്ലേ ? ഏതു സിസ്റ്റത്തിലും ഒരു ജോലി വിഭജനം ഉണ്ടാകില്ലേ ? അങ്ങിനെയെങ്കിൽ അടുക്കളക്കാര്യങ്ങൾ സ്ത്രീകളും മറ്റുള്ളവ പുരുഷന്മാരും മാനേജ് ചെയ്യുന്നതിൽ എന്താണ് തെറ്റ് ? ദാഹിച്ചു തളർന്നു വരുന്ന ഒരാൾ സോദരിയോട് വെള്ളം ചോദിച്ചു വെന്നാൽ അത് പുരുഷാധിപത്യ പ്രകടനമാവുന്നതെങ്ങിനെ ? ആർത്തവ കാലത്ത് ശാരീരിക ക്ഷീണമുള്ളവർക്ക് വീട്ടിൽ ഒരു ഒഴിഞ്ഞ മൂലക്ക് വിശ്രമമനുവദിക്കുന്നതിൽ എന്താണ് തെറ്റ് ? പുരുഷന്മാർക്ക് ആർത്തവ മില്ലല്ലോ. അതു കൊണ്ടല്ലേ, അവരെ മാറ്റി നിർത്താത്തത് ? പിന്നെ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ കൈയുറയിട്ടാൽ പോരേ? ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് വീടു വിട്ടിറങ്ങേണ്ട കാര്യം വല്ലതുമുണ്ടോ ? ചടുലതാളത്തിൽ സ്ത്രീ സ്വാതന്ത്ര്യ പ്രധാനമായ ഒരു നൃത്തവിശേഷം ചിട്ടപ്പെടുത്തുന്നതിൽ വിജയം വരിച്ചാൽ എല്ലാമായോ ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ ഈ സിനിമയുടെ നിഗൂഢ തലങ്ങൾ വെളിവാക്കപ്പെടും. വികാരങ്ങൾ എളുപ്പം വ്രണപ്പെടുന്നവർ ഈ സിനിമ കാണരുത്. മാത്രമല്ല, "ഈ സിനിമ നിർമ്മിച്ചവരെ സകുടുംബം ചന്ദ്ര ഗോളത്തിലേക്കോ പാക്കിസ്ഥാനിലേക്കോ പറഞ്ഞയക്കുകയും വേണം" എന്ന് പറഞ്ഞു നടക്കുകയും ചെയ്യാം .
വ്യക്തികളിൽ നിന്നു മാറി മനുഷ്യബന്ധങ്ങൾ നിർമ്മിക്കപ്പെടുന്ന ചെറുചലനങ്ങളിലും മുറി വാക്കുകളിലും ഫോക്കസ് ചെയ്യുന്ന ഈ സിനിമ ഒരു വഴിമാറ്റമാണ്. വഴിമാറ്റങ്ങളെ സ്നേഹിക്കാത്തവർ ഈ സിനിമ കാണരുത്. നരസിംഹ അവതാരങ്ങളിലേയും ആറാം തമ്പുരാന്റെയും പുലിമുകന്റേയും ജീർണിച്ച പ്രഭുത്വ ചിഹ്നങ്ങളും പേശിക്കൊഴുപ്പുകളും ആണധികാര ചിഹ്നങ്ങളും അശ്ലീല മുനയുള്ള വാക്കുകളും നോക്കുകളും കണ്ട് ,കേട്ട്,പുളകം കൊള്ളാൻ മാത്രം ശീലിച്ചവർ ഇതു കാണാൻ ചില പുതിയ വഴക്കങ്ങൾ പഠിക്കേണ്ടി വരും.
വിരുന്നുകാരുടെ വരവ് ഓരോ അടുക്കളയിലും ഉണ്ടാക്കുന്ന ചലനങ്ങൾക്ക് ഒരു കാണാപ്പുറമുണ്ടെന്ന് സിനിമ മനസ്സിൽ തറപ്പിക്കുന്നു. അടുക്കള സിങ്ക് ഒരു പ്രധാന വില്ലൻ കഥാപാത്രമായിട്ടുണ്ട്. അറേഞ്ചസ് മാര്യേജിൽ എല്ലാം ഭദ്രമാണെന്ന വിധത്തിൽ ഇതേവരേക്കും വ്യാഖ്യാനിക്കപ്പെട്ട സെക്സിനെ, സ്ത്രീ പുരുഷ ബന്ധത്തെ സൂക്ഷ്മ വിശകലനം ചെയ്യുന്നുണ്ട്. സ്ത്രീയുടെ ഭാഗത്തു നിന്നുമുള്ള "ഫോർ പ്ലേ" എന്ന പരാമർശം പോലും പുരുഷനെ അലോസരപ്പെടുത്തുന്നതും അതും അവളുടെ "അനാവശ്യ "അറിവുകൾ ക്കുള്ള ഉദാഹരണമാകുന്നതും കാണാം. ഇടത്തരം കുടുംബങ്ങളിൽ ടേബിൾ മാനേർസ് ചർച്ച ചെയ്യേണ്ട ഒരു വിഷയമാക്കി മാറ്റുന്നു. കുടുംബത്തിലെ ഓരോ ആളിന്റേയും രുചിഭേദങ്ങൾക്കനുസരിച്ച് പാചക വേഷം കെട്ടേണ്ട ഒരു അടുക്കള യന്ത്രമായി സ്ത്രീ ജീവിതം നിയന്ത്രിക്കപ്പെടുന്നു. അത്തരം നിയന്ത്രണങ്ങളെ നിലനിറുത്തുന്ന ആചാരങ്ങളും വ്യവസ്ഥകളും ആണധികാരത്തെ ഉറപ്പിക്കുകയും ചെയ്യുന്നു.
കിച്ചൻ സിങ്കിൽ നിന്നു ചോർന്നൊലിക്കുന്ന അഴുക്കു വെള്ളത്തിന്റെ മടുപ്പിക്കുന്ന മണമാണ് പുരുഷ മേൽക്കോയ്മയിൽ ചലിക്കുന്ന വീട്ടിലെ പരസ്പര ബന്ധങ്ങളിൽ കാണാൻ കഴിയുന്നത്. ഭക്തിയും വിശ്വാസങ്ങളും എങ്ങിനെയാണ് വീട്ടിലെ അധികാര വ്യവസ്ഥകളെ തൃപ്തിപ്പെടുത്തുന്നത് എന്ന് സിനിമ കൃത്യതയോടെ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീയെ ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനും ആവശ്യമില്ലാത്തപ്പോൾ മൂലക്കിരുത്താനും സഹായിക്കുന്ന ഒന്നായി അയ്യപ്പസേവയും ആർത്തവ നിഷ്ഠകളും മാറുന്നു. ഇതിനു കൂട്ടുനിൽക്കാനും ചില സ്ത്രീ ജീവിതങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു. തൊട്ടുകൂടായ്യ അംഗീകരിക്കപ്പെട്ട ഒരു വ്യവസ്ഥയായി തുടങ്ങിയത് വീടുകളിൽ നിന്നാണ്. വീടുകളിൽ തുടങ്ങുന്ന ഈ അനാചാരം, കരയോഗത്തിന്റെ ( ജാതി മത ശക്തികളുടെ ) പിൻബലത്തോടെ മറ്റു ജാതികളിലും മതങ്ങളിലും പ്രയോഗിക്കാവുന്ന വിവേചന അധികാര ഉപകരണമായി മാറുന്നതെങ്ങിനെയെന്ന് സിനിമ ചിന്തിപ്പിക്കുന്നു.
"ഡാൻസോ ? അതൊന്നും നമുക്ക് ശരിയാവില്ല മോളേ " "അകത്ത് എന്റെ മാനേഴ്സിനെന്താ കുഴപ്പം ?" ",വീട്ടിലെന്താ പ്രശ്നം " "എന്റെ വീട്, എന്റെ സൗകര്യം " " "എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും " "ഇയ്യ് പറയുന്നത് തെറ്റാണെന്ന് യ്ക്ക് ബോധ്യമുണ്ടെങ്കിൽ യ്യ് എന്നോട് സോറി പറ " " വാടീ മനേഴ് സേ " 'അനക്കീ വേസ്റ്റ് ബയങ്കര പ്രശ്നാല്ലേ " തുടങ്ങിയ സംഭാഷണ ശകലങ്ങൾ മർമ്മവേധികളാണ്. വിരുന്നുകാർക്ക് മുമ്പിൽ നമ്മുടെ വീട്ടമ്മമാർ (അമ്മ, പെങ്ങൻമാർ ) എന്തെല്ലാം മനോധർമ്മമാടിയിരിക്കണം ! വിശ്രമമനുവദിക്കപ്പെട്ടവൾക്ക് ഉപഹാരമായി കിട്ടുന്നത് വേസ്റ്റിന്റെ കൂമ്പാരവും ശുചീകരണ യജ്ഞവും. ഇങ്ങനെ ചില പണികൾ എന്നും എല്ലാ നേരവും നടക്കുന്ന അടുക്കളകളിലേക്ക് നമ്മളെ അടുപ്പിക്കുവാൻ ഈ സിനിമ ശ്രമിക്കുന്നുണ്ട്. കലക്ടറേക്കാൾ വല്യ പണിയെടുക്കുന്നവൾ എന്ന് സ്ത്രീയെ സുഖിപ്പിക്കുന്നവർ ,അവളെ സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കാതെ , അടിമ ജീവിതത്തിൽ ഉറപ്പിക്കുന്നതിന്റെ വൈരുധ്യം വെളിപ്പെടുത്തുന്നുമുണ്ട് .
ശബരിമല വിധിക്കെതിരെയുള്ള പ്രവർത്തനത്തിലെ ഭരണഘടനാ ലംഘനവും ആർത്തവം അശുദ്ധിയാണെന്ന പ്രഖ്യാപനവും വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി സ്കൂട്ടർ കത്തിക്കുന്ന സാംസ്കാരിക ഫാസിസവും ചൂണ്ടിക്കാണിക്കുന്ന ദൃശ്യങ്ങൾ സമകാലിക രാഷ്ട്രീയ ജീവിതത്തിന്റെ കൃത്യമായ വിമർശനമായി ത്തീരുന്നു. പകൽ മുഴുവൻ സ്ത്രീ സമത്വം പ്രസംഗിക്കുകയും രാത്രി മദ്യപാനവേളകളിൽ സ്വന്തം ഭാര്യയെപ്പോലും അധിക്ഷേപിക്കുകയും ഉപഭോഗവസ്തുക്കളായി കാണുകയും ചെയ്യുന്ന വിപ്ലവ വായാടിത്തങ്ങളെയും ആത്മവിമർശനത്തിനു സഹായിക്കുന്നതാണ് ഈ ചലച്ചിത്രം.
ആഡംബരത്തിൽ നിന്നും അനുസരണയിൽ നിന്നും തിരിച്ചറിവിന്റെ ലാളിത്യത്തിലേക്കും താൻപോരിമയിലേക്കും നടക്കാൻ പഠിക്കുന്ന സ്ത്രീ കഥാപാത്രത്തിന്റെ വളർച്ച ഈ സിനിമയെ ആശാവഹമായ ഒരു കലാപ്രവർത്തനമാക്കി മാറ്റുന്നു. തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾ ഇങ്ങനെയൊക്കെ പെരുമാറണം എന്നൊക്കെ നിഷ്കർഷയുള്ളവർ അടുക്കളയിലേക്ക് ഇനി ചായ ഓർഡർ ചെയ്യാതിരിക്കുകയും അടുക്കളയിൽ ചെന്ന് വെള്ളം സ്വന്തം കൈ കൊണ്ട് എടുത്തു കുടിച്ചു തുടങ്ങുകയും ചെയ്യുന്നതാണ് നല്ലത്. അവർ ഈ സിനിമ കാണുമെന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെ പല മാർഗങ്ങളിൽ നമ്മൾ പറയേണ്ടി വരും.
ക്ലൈമാക്സിലേക്കടുക്കുമ്പോൾ സംഭാഷണത്തിലും ശ ബ്ദ സംയോജനത്തിലും ദൃശ്യങ്ങളുടെ എഡിറ്റിംഗിലും യോജനത്തിലും കാണിച്ചിട്ടുള്ള കൈയടക്കം സിനിമയെ മികച്ച ദൃശ്യാനുഭവമാക്കി നിർത്തുന്നു.
എല്ലാ ഭക് തശിരോമണികളുടേയും അടുക്കളകൾ ഇങ്ങനെയാണെന്നു സിനിമ പറയുന്നില്ല. എന്നാൽ പലരുടെയും ചിന്താഗതികൾ ഇങ്ങനെ തന്നെയല്ലേ ?ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിലേക്ക് തിരിച്ചു പോകാനും ആ വരികൾ വീണ്ടും വീണ്ടും വായിക്കാനും "ശരി ,പാവയോ യിവൾ ? "എന്ന സീതയുടെ ചോദ്യത്തിൽ രാമരാജ്യത്തെ കുറിച്ചാലോചിച്ചു തരിച്ചു നിൽക്കാനും ഇടയാക്കി എന്നത് ഈ സിനിമയുടെ ശക്തിയായി ഞാൻ തിരിച്ചറിയുന്നു. സിനിമയും സാഹിത്യവും കാലഭേദങ്ങളുടെ ഇരുൾമേഘക്കപ്പുറവും ഇപ്പുറവുമായി നിന്ന് സംവദിക്കുകയും സ്വാതന്ത്ര്യത്തിന്റേയും സമത്വ ത്തിന്റെയും അവബോധത്തിന്റെ മിന്നൽപ്പിണരുകളുണ്ടാവുകയുമാണ്.
എന്ന് ചേർത്ത് വായിക്കുക .parag 1 last line
No comments:
Post a Comment