Saturday, 30 January 2021

തൊഴുതു , പിന്നെ നിറയൊഴിക്കുന്നവർ

തൊഴുതു  പിന്നെ നിറയൊഴിക്കുന്നവർ 



കൊന്നവർ.രാഷ്ട്രപിതാവിനെ ,

സംഘ വർഗീയ വാദികൾ .

രാഷ്ട്രത്തെക്കുറിച്ചാണയിടുന്നവർ,

സ്വന്തം പിതാവിനേപ്പോലും

 കൊല്ലാൻ പരിശീലനം കിട്ടിയോർ 

തൊഴുന്നു , പിന്നെ നിറയൊഴിക്കുന്നു.

തൊഴലോ നിന്റെ തൊഴിൽ

നുണയാ, നിറയൊഴിക്കലോ ?

തൊഴാൻ തള്ളുന്നവരുടെ സംഘം,

ക്രമത്തിൽ, നിറതോക്കുമായി 

നിരക്കുന്നതക്രമത്തിനായ്.

തൊഴാൻ ചെല്ലാത്തവനെ 

നിരീശ്വരനായിട്ടൊറ്റപ്പെടുത്തും മരത്തലയാ

നിന്നോടൊരു ചോദ്യമുണ്ട്,

ഈശ്വരനായി നീയർപ്പിക്കുന്നതു

നിറതോക്കുകളല്ലേ , യിതു നന്മയാണോ ?


മാപ്പു പറഞ്ഞു 

സായിപ്പിനോടു നീ ,

സംഘ മിത്രമേ,

ഗാന്ധിക്കു നേരെ 

തീയുണ്ട തുപ്പുന്നു നീ ,

ദേശാഭിമാനിയെ 

 ഹനിക്കലോ ദേശ സ്നേഹം,

കപട ദേശസ്നേഹി ഗോഡ്സേ ,

നീയും വേടനും സമം.


കാക്കി ട്രൗസറിട്ട വേടന്മാരുണ്ടു നാട്ടിൽ,

നാടൻ തോക്കുകൾ കുടിൽ-

 വ്യവസായമാകുന്നിവിടെ പല ദിക്കിലും.

കരുതി ജീവിക്ക മതേതര വാദികൾ,

കുരുതി ദാഹിച്ചു ചുര മാന്തുന്നു ഗോഡ്സേമാർ.



ആയിരം നുണകളാലിവർ മൂടും  

സത്യത്തിൻ കനലിനെ ,

ഊതിപ്പെരുപ്പിച്ചു കാണിക്കണം 

 മായക്കാഴ്ചയിൽ മയങ്ങും  

പുതിയ തലമുറപ്പൈതങ്ങളെ  ,

ആൾക്കൂട്ടങ്ങളെ നയിച്ചിവരടക്കും 

നേരിൻപോർമുഖങ്ങളെ   ,

മരിക്കയല്ല ,കൊന്നിടുന്നു വേടരി-

ന്നുണർന്നു പോരിടുംകൃഷിക്കാരെ. 

  


പ്രിയ ജനങ്ങളേ ,മരിച്ചതല്ല ഗാന്ധിയിവർ 

കൊന്നതാണെന്നു പറയണമിന്നു 

കുഞ്ഞു മക്കളോടല്ലായ്കിലപകടമവർ  നിനപ്പതീ  -

വേടരും സകലരും കണക്കെന്നാകും ചിരം.



-  CKR  30 JAN 2021 









Friday, 29 January 2021

"ശരി ,പാവയോ യിവൾ ? "

 




 മഹത്തായ ഭാരതീയ അടുക്കള ഉപദ്രവകരമായ ഒരു സിനിമയാണ്. കാണരുത്. നമ്മുടെ മഹത്തായ പാരമ്പര്യങ്ങളെ അടുക്കള പ്രശ്നമാക്കി അത് വിശകലനം ചെയ്യുകയാണ്. അതിന്റെ സംവിധായകന്റെ പേര് ജിയോ ബേബിയാണ് എന്നതും ശ്രദ്ധിക്കണം. ശാസ്ത്രത്തിനു നന്ദി  എന്ന പതിവില്ലാത്ത ഒരു മുൻകുറിപ്പിലാണ് ഈ ദൃശ്യാനുഭവം തുടങ്ങുന്നത്. ശാസ്ത്രത്തിനു നന്ദി പറയേണ്ട വല്ല കാര്യമുണ്ടോ ? നന്ദി പറയേണ്ടത് നമ്മുടെ പവിത്രങ്ങളായ ചില ആചാരങ്ങൾക്കും പുരുഷ കേന്ദ്രീകൃത സമ്പ്രദായങ്ങൾക്കുമല്ലേ. ? സ്ത്രീയേക്കാൾ എന്തുകൊണ്ടും മുൻ തൂക്കം പുരുഷന്മാർക്കല്ലേ ? ഏതു സിസ്റ്റത്തിലും ഒരു ജോലി വിഭജനം ഉണ്ടാകില്ലേ ? അങ്ങിനെയെങ്കിൽ അടുക്കളക്കാര്യങ്ങൾ സ്ത്രീകളും മറ്റുള്ളവ പുരുഷന്മാരും മാനേജ് ചെയ്യുന്നതിൽ എന്താണ് തെറ്റ് ? ദാഹിച്ചു തളർന്നു വരുന്ന ഒരാൾ സോദരിയോട് വെള്ളം ചോദിച്ചു വെന്നാൽ അത് പുരുഷാധിപത്യ പ്രകടനമാവുന്നതെങ്ങിനെ ? ആർത്തവ കാലത്ത് ശാരീരിക ക്ഷീണമുള്ളവർക്ക് വീട്ടിൽ ഒരു ഒഴിഞ്ഞ മൂലക്ക് വിശ്രമമനുവദിക്കുന്നതിൽ എന്താണ് തെറ്റ് ? പുരുഷന്മാർക്ക് ആർത്തവ മില്ലല്ലോ. അതു കൊണ്ടല്ലേ, അവരെ മാറ്റി നിർത്താത്തത് ? പിന്നെ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ കൈയുറയിട്ടാൽ പോരേ? ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് വീടു വിട്ടിറങ്ങേണ്ട കാര്യം വല്ലതുമുണ്ടോ ? ചടുലതാളത്തിൽ സ്ത്രീ സ്വാതന്ത്ര്യ പ്രധാനമായ ഒരു നൃത്തവിശേഷം ചിട്ടപ്പെടുത്തുന്നതിൽ വിജയം വരിച്ചാൽ എല്ലാമായോ ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ ഈ സിനിമയുടെ നിഗൂഢ തലങ്ങൾ വെളിവാക്കപ്പെടും. വികാരങ്ങൾ എളുപ്പം വ്രണപ്പെടുന്നവർ ഈ സിനിമ കാണരുത്. മാത്രമല്ല, "ഈ സിനിമ നിർമ്മിച്ചവരെ സകുടുംബം ചന്ദ്ര ഗോളത്തിലേക്കോ പാക്കിസ്ഥാനിലേക്കോ പറഞ്ഞയക്കുകയും വേണം" എന്ന് പറഞ്ഞു നടക്കുകയും ചെയ്യാം .

 വ്യക്തികളിൽ നിന്നു മാറി മനുഷ്യബന്ധങ്ങൾ നിർമ്മിക്കപ്പെടുന്ന ചെറുചലനങ്ങളിലും മുറി വാക്കുകളിലും ഫോക്കസ് ചെയ്യുന്ന ഈ സിനിമ ഒരു വഴിമാറ്റമാണ്. വഴിമാറ്റങ്ങളെ സ്നേഹിക്കാത്തവർ ഈ സിനിമ കാണരുത്. നരസിംഹ അവതാരങ്ങളിലേയും ആറാം തമ്പുരാന്റെയും പുലിമുകന്റേയും ജീർണിച്ച പ്രഭുത്വ ചിഹ്നങ്ങളും പേശിക്കൊഴുപ്പുകളും ആണധികാര ചിഹ്നങ്ങളും അശ്ലീല മുനയുള്ള വാക്കുകളും നോക്കുകളും  കണ്ട് ,കേട്ട്,പുളകം കൊള്ളാൻ മാത്രം ശീലിച്ചവർ ഇതു കാണാൻ ചില പുതിയ വഴക്കങ്ങൾ പഠിക്കേണ്ടി വരും.

വിരുന്നുകാരുടെ വരവ് ഓരോ അടുക്കളയിലും ഉണ്ടാക്കുന്ന ചലനങ്ങൾക്ക് ഒരു കാണാപ്പുറമുണ്ടെന്ന് സിനിമ മനസ്സിൽ തറപ്പിക്കുന്നു. അടുക്കള സിങ്ക്  ഒരു പ്രധാന വില്ലൻ കഥാപാത്രമായിട്ടുണ്ട്. അറേഞ്ചസ് മാര്യേജിൽ എല്ലാം ഭദ്രമാണെന്ന വിധത്തിൽ ഇതേവരേക്കും വ്യാഖ്യാനിക്കപ്പെട്ട   സെക്സിനെ, സ്ത്രീ പുരുഷ ബന്ധത്തെ സൂക്ഷ്മ വിശകലനം ചെയ്യുന്നുണ്ട്. സ്ത്രീയുടെ ഭാഗത്തു നിന്നുമുള്ള "ഫോർ പ്ലേ"  എന്ന പരാമർശം പോലും പുരുഷനെ അലോസരപ്പെടുത്തുന്നതും അതും അവളുടെ "അനാവശ്യ "അറിവുകൾ ക്കുള്ള ഉദാഹരണമാകുന്നതും കാണാം. ഇടത്തരം കുടുംബങ്ങളിൽ ടേബിൾ മാനേർസ് ചർച്ച ചെയ്യേണ്ട ഒരു വിഷയമാക്കി മാറ്റുന്നു. കുടുംബത്തിലെ ഓരോ ആളിന്റേയും രുചിഭേദങ്ങൾക്കനുസരിച്ച് പാചക വേഷം കെട്ടേണ്ട ഒരു അടുക്കള യന്ത്രമായി സ്ത്രീ ജീവിതം  നിയന്ത്രിക്കപ്പെടുന്നു. അത്തരം നിയന്ത്രണങ്ങളെ നിലനിറുത്തുന്ന ആചാരങ്ങളും വ്യവസ്ഥകളും  ആണധികാരത്തെ ഉറപ്പിക്കുകയും ചെയ്യുന്നു.

കിച്ചൻ സിങ്കിൽ നിന്നു ചോർന്നൊലിക്കുന്ന അഴുക്കു വെള്ളത്തിന്റെ മടുപ്പിക്കുന്ന മണമാണ്  പുരുഷ മേൽക്കോയ്മയിൽ  ചലിക്കുന്ന വീട്ടിലെ പരസ്പര ബന്ധങ്ങളിൽ കാണാൻ കഴിയുന്നത്. ഭക്തിയും വിശ്വാസങ്ങളും എങ്ങിനെയാണ് വീട്ടിലെ  അധികാര വ്യവസ്ഥകളെ തൃപ്തിപ്പെടുത്തുന്നത് എന്ന് സിനിമ കൃത്യതയോടെ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീയെ ആവശ്യമുള്ളപ്പോൾ  ഉപയോഗിക്കാനും ആവശ്യമില്ലാത്തപ്പോൾ മൂലക്കിരുത്താനും സഹായിക്കുന്ന ഒന്നായി അയ്യപ്പസേവയും ആർത്തവ നിഷ്ഠകളും മാറുന്നു. ഇതിനു കൂട്ടുനിൽക്കാനും ചില സ്ത്രീ ജീവിതങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു. തൊട്ടുകൂടായ്യ  അംഗീകരിക്കപ്പെട്ട  ഒരു വ്യവസ്ഥയായി തുടങ്ങിയത്  വീടുകളിൽ നിന്നാണ്.  വീടുകളിൽ തുടങ്ങുന്ന ഈ അനാചാരം, കരയോഗത്തിന്റെ ( ജാതി മത ശക്തികളുടെ ) പിൻബലത്തോടെ മറ്റു ജാതികളിലും മതങ്ങളിലും പ്രയോഗിക്കാവുന്ന വിവേചന അധികാര ഉപകരണമായി മാറുന്നതെങ്ങിനെയെന്ന് സിനിമ ചിന്തിപ്പിക്കുന്നു.

"ഡാൻസോ ? അതൊന്നും നമുക്ക് ശരിയാവില്ല മോളേ " "അകത്ത് എന്റെ മാനേഴ്സിനെന്താ കുഴപ്പം ?" ",വീട്ടിലെന്താ പ്രശ്നം "  "എന്റെ വീട്, എന്റെ സൗകര്യം " " "എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും " "ഇയ്യ് പറയുന്നത് തെറ്റാണെന്ന് യ്ക്ക് ബോധ്യമുണ്ടെങ്കിൽ യ്യ് എന്നോട് സോറി പറ "    " വാടീ മനേഴ് സേ " 'അനക്കീ വേസ്റ്റ് ബയങ്കര പ്രശ്നാല്ലേ "  തുടങ്ങിയ സംഭാഷണ ശകലങ്ങൾ മർമ്മവേധികളാണ്.  വിരുന്നുകാർക്ക് മുമ്പിൽ നമ്മുടെ വീട്ടമ്മമാർ (അമ്മ, പെങ്ങൻമാർ ) എന്തെല്ലാം മനോധർമ്മമാടിയിരിക്കണം ! വിശ്രമമനുവദിക്കപ്പെട്ടവൾക്ക് ഉപഹാരമായി കിട്ടുന്നത് വേസ്റ്റിന്റെ കൂമ്പാരവും ശുചീകരണ യജ്ഞവും. ഇങ്ങനെ ചില പണികൾ എന്നും എല്ലാ നേരവും നടക്കുന്ന അടുക്കളകളിലേക്ക് നമ്മളെ അടുപ്പിക്കുവാൻ ഈ സിനിമ ശ്രമിക്കുന്നുണ്ട്.  കലക്ടറേക്കാൾ വല്യ പണിയെടുക്കുന്നവൾ എന്ന്  സ്ത്രീയെ സുഖിപ്പിക്കുന്നവർ ,അവളെ സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കാതെ , അടിമ ജീവിതത്തിൽ ഉറപ്പിക്കുന്നതിന്റെ വൈരുധ്യം വെളിപ്പെടുത്തുന്നുമുണ്ട്  .

ശബരിമല വിധിക്കെതിരെയുള്ള പ്രവർത്തനത്തിലെ ഭരണഘടനാ ലംഘനവും ആർത്തവം അശുദ്ധിയാണെന്ന പ്രഖ്യാപനവും വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി സ്കൂട്ടർ കത്തിക്കുന്ന സാംസ്കാരിക ഫാസിസവും ചൂണ്ടിക്കാണിക്കുന്ന ദൃശ്യങ്ങൾ സമകാലിക രാഷ്ട്രീയ ജീവിതത്തിന്റെ കൃത്യമായ വിമർശനമായി ത്തീരുന്നു. പകൽ മുഴുവൻ സ്ത്രീ സമത്വം പ്രസംഗിക്കുകയും രാത്രി  മദ്യപാനവേളകളിൽ സ്വന്തം ഭാര്യയെപ്പോലും അധിക്ഷേപിക്കുകയും ഉപഭോഗവസ്തുക്കളായി കാണുകയും ചെയ്യുന്ന വിപ്ലവ വായാടിത്തങ്ങളെയും  ആത്മവിമർശനത്തിനു സഹായിക്കുന്നതാണ് ഈ ചലച്ചിത്രം.

ആഡംബരത്തിൽ നിന്നും അനുസരണയിൽ നിന്നും തിരിച്ചറിവിന്റെ ലാളിത്യത്തിലേക്കും താൻപോരിമയിലേക്കും നടക്കാൻ പഠിക്കുന്ന സ്ത്രീ കഥാപാത്രത്തിന്റെ വളർച്ച ഈ സിനിമയെ ആശാവഹമായ ഒരു കലാപ്രവർത്തനമാക്കി മാറ്റുന്നു. തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾ ഇങ്ങനെയൊക്കെ പെരുമാറണം എന്നൊക്കെ നിഷ്കർഷയുള്ളവർ അടുക്കളയിലേക്ക്  ഇനി ചായ ഓർഡർ ചെയ്യാതിരിക്കുകയും അടുക്കളയിൽ ചെന്ന് വെള്ളം സ്വന്തം കൈ കൊണ്ട്  എടുത്തു കുടിച്ചു തുടങ്ങുകയും ചെയ്യുന്നതാണ് നല്ലത്. അവർ ഈ സിനിമ കാണുമെന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെ പല മാർഗങ്ങളിൽ നമ്മൾ പറയേണ്ടി വരും.

ക്ലൈമാക്സിലേക്കടുക്കുമ്പോൾ സംഭാഷണത്തിലും  ശ ബ്ദ സംയോജനത്തിലും ദൃശ്യങ്ങളുടെ എഡിറ്റിംഗിലും യോജനത്തിലും കാണിച്ചിട്ടുള്ള കൈയടക്കം സിനിമയെ മികച്ച ദൃശ്യാനുഭവമാക്കി നിർത്തുന്നു.

എല്ലാ ഭക് തശിരോമണികളുടേയും അടുക്കളകൾ ഇങ്ങനെയാണെന്നു  സിനിമ പറയുന്നില്ല. എന്നാൽ പലരുടെയും ചിന്താഗതികൾ ഇങ്ങനെ തന്നെയല്ലേ ?ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിലേക്ക് തിരിച്ചു പോകാനും ആ വരികൾ വീണ്ടും വീണ്ടും വായിക്കാനും  "ശരി ,പാവയോ യിവൾ ? "എന്ന സീതയുടെ ചോദ്യത്തിൽ രാമരാജ്യത്തെ കുറിച്ചാലോചിച്ചു  തരിച്ചു നിൽക്കാനും ഇടയാക്കി എന്നത്  ഈ സിനിമയുടെ ശക്തിയായി ഞാൻ തിരിച്ചറിയുന്നു. സിനിമയും സാഹിത്യവും കാലഭേദങ്ങളുടെ ഇരുൾമേഘക്കപ്പുറവും ഇപ്പുറവുമായി നിന്ന്  സംവദിക്കുകയും  സ്വാതന്ത്ര്യത്തിന്റേയും സമത്വ ത്തിന്റെയും അവബോധത്തിന്റെ മിന്നൽപ്പിണരുകളുണ്ടാവുകയുമാണ്. 


എന്ന് ചേർത്ത് വായിക്കുക .parag 1 last line

Friday, 15 January 2021

ഫ്യൂസായ ബൾബുകൾ

 ഫ്യൂസായ ബൾബുകൾ-ഡോ.എം.എൻ.ശശിധരൻ

അറിയപ്പെടുന്ന  ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല  കൊട്ടാരസദൃശമായ ആ കമ്പനിക്വാർട്ടേഴ്സ് വിട്ട്  ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്..റിട്ടയർമെൻെ് ആയതോടെ അതും സംഭവിച്ചു,

എങ്കിലും അധികമകലെയല്ലാതെയുള്ള    ഹൗസിങ്ങ് സൊസൈറ്റിയിൽ നല്ലൊരു വില്ല സ്വന്തമായി വാങ്ങി താമസമാക്കാൻ വലിയ  പ്രയാസമുണ്ടായില്ല,

സ്വയം താനൊരു ഉന്നതവ്യക്തിയാണെന്ന് കരുതിയിരുന്ന അദ്ദേഹം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ  ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കപോലുമോ ചെയ്യ്തിരുന്നില്ല.

ആ ഹൗസിങ്ങ് സൊസൈറ്റിയുടെ മനോഹരമായ പാർക്കിൽ സായന്ദനങ്ങളിൽ നടക്കാനിറങ്ങുന്ന അവസരങ്ങളിൽപ്പോലും  മറ്റുള്ളവരുമായി സംസാരിക്കയോ പരിചയപ്പെടാൻശ്രമിക്കയോ ചെയ്യ്തിരുന്നില്ലന്ന് മാത്രമല്ല അവരേയെല്ലാം വളരെ അകൽച്ചയോടും  അവഗണനാമനോഭാവത്തോടും കൂടിയാണ്  നോക്കികണ്ടിരുന്നത്.

ഒരുദിവസം നടത്തം കഴിഞ്ഞുപതിവുപോലെ പാർക്കിലെ ബഞ്ചിലിരുന്ന്  വിശ്രമിക്കുന്നതിനിടയിൽ സമീപത്തിരുന്ന മറ്റൊരു പ്രായംചെന്ന വ്യക്തിയുമായി അവിചാരിതമായി അല്പമൊന്ന് സംസാരിക്കാനിടയായി.

പേരിനൊരുപരിചയപ്പെടലിനുശേഷം  നടന്ന സംഭാഷണങ്ങളിലെല്ലാം സ്വന്തമായുണ്ടായിരുന്ന ജോലിയുടെ മഹത്വവും അധികാരത്തിൻെറ മഹിമയും ശമ്പളത്തിൻെറ വലിപ്പവുമെല്ലാമായിരുന്നു സംസാരവിഷയം. ഒപ്പം  ഈ വില്ലയിലെ താമസം  അത്ര തൃപ്തികരമല്ലെന്നും കുറച്ചുകാലത്തിനകം ഇവിടം വിട്ട് മറ്റൊരു നല്ല ഇടം അന്വേഷിച്ച് കണ്ടെത്തുമെന്നും കൂടി അയാൾ സൂചിപ്പിക്കാൻ മറന്നില്ല..

ഇത്രയൊക്കെ ആയിട്ടും പരിചയപ്പെട്ട വ്യക്തിയേകുറിച്ചൊ ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ് അന്തേവാസികളെ കുറിച്ചോ ഒരക്ഷരം അയാൾ ചോദിച്ചില്ലന്ന് മാത്രമല്ല അറിയാൻ താല്പര്യം കാണിച്ചതുമില്ല.


 അതൊരു തുടക്കമായിരുന്നു.വാർദ്ധക്യത്തിലേക്ക് ചുടുവച്ചുകൊണ്ടിരിക്കുന്ന  ആ മനുഷ്യൻ  വളരെശാന്തനായി  അയാൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നത്  ഒരു പതിവായിത്തീർന്നു.

അങ്ങിനെ  ആഴ്ചകൾ  കടന്നുപോയി ,.നമ്മുടെ റട്ടയേഡ് എക്സിക്യുട്ടിവദ്ദേഹം സാവകാശം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ്വില്ലകളിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ താല്പര്യം കാണിച്ചു.

അപ്പോഴാണ്  പ്രായംചെന്ന ആ പതിവ് കേഴ്വിക്കാരൻ  ആദ്യമായി വായ് തുറന്നൊന്ന് സംസാരിക്കാൻ ആരംഭിച്ചത്..


സുസ്മേരവദനായ അദ്ദേഹം ആമുഖമായി  ചിലത് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്.,

ഞാനീ സൊസൈറ്റിയിൽ ജീവിതം ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു.എന്നാൽ ഞാനിന്നേവരെ ആരോടും പറഞ്ഞിട്ടില്ല “ഞാനൊരുകാലത്ത്  ഇൻഡ്യൻ പാർലമെൻെറിൽ  രണ്ടുപ്രാവശ്യം മെമ്പറായിരുന്ന വ്യക്തിയാണ് ഞാനെന്ന്..”

“റട്ടയർമെൻെറ് കഴിഞ്ഞ  നമ്മളെല്ലാം ഫ്യൂസായ ബൾബുകൾ പോലെയാണ്”


, ആ ബൾബുകളുടെ വേൾട്ടേജ് എത്ര ആയിരുന്നൂ എന്നതോ, മുൻപതെത്രമാത്രം പ്രകാശം പരത്തിയിരുന്നൂഎന്നതോ ഒന്നും ഫ്യൂസായതിന്ശേഷം ഒരു വിഷയമേ ആകുന്നില്ല.

താങ്കളുടെ വലതുവശത്തെ വില്ലയിൽ താമസിക്കുന്ന  വർമാജി  ഇൻഡ്യൻറെയ്ൽവേയുടെ  ജനറൽ മാനേജരായി  റിട്ടയർ ചെയ്യ്ത വ്യക്തിയാണ്., അദ്ദേഹം തുടർന്നു.

താങ്കളുടെ തൊട്ടെതിർവശത്ത് താമസിക്കുന്ന  സിങ്ങ് സാബ്  ഇൻഡ്യൻ ആർമിയിൽ നിന്നും  മേജർ ജനറലായി റിട്ടയർ ചെയ്യ്ത വ്യക്തിയാണ്.

നമ്മളിപ്പോഴിരുന്നുസംസാരിക്കുന്ന ഈ പാർക്കിൻെറ അങ്ങേയറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഗുൽമോഹറിൻെറ കീഴിൽ പതിവായിവന്നിരുന്ന് കാറ്റുകൊള്ളാറുള്ള വ്യക്തിയെ ഓർക്കുന്നില്ലെ,തൂ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള അദ്ദഹമാണ് മെഹർജി , ഐ . എസ്സ് . ആർ.  ഓ  യുടെ  ചീഫായി റിട്ടയർ ചെയ്യ്ത  വ്യക്തിയാണദ്ദേഹം.

ഇവരാരും  ഇതൊന്നും  ആരോടും അങ്ങിനെ വെളിപ്പെടുത്തിയിട്ടില്ല.എന്നോടുപോലും, പക്ഷേ ഞാനിതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്.

മുൻപ് എത്ര വാൾട്ട്സ്  ആയിരുന്നൂ എന്നത്  ഫ്യൂസായിക്കഴിഞ്ഞ ബൾബുകളെ സംബന്ധിച്ചിടത്തോളം  ഒരു വിഷയമേയല്ല..എന്തിനേറെ  ഫ്യൂസാകുന്നതിനുമുൻപ് ഏതുടൈപ്പ് ബൾബായിരുന്നൂഎന്നതും വിഷയമല്ല.അതായത് എൽ ഇ ഡി ,സി എൽ എഫ് ,ഹാലോജിൻ ,ഇൻകാൻഡിസെൻെറ് ,ഫ്ളൂറസെൻെറ് അതുമല്ലെങ്കിൽ  അലങ്കാര ബൾബ് എന്തുമാകട്ടെ  അതൊന്നും ഫ്യൂസായിക്കഴിഞ്ഞാൽ  ഒരു വിഷയമേയല്ല.


ഇത് നിങ്ങൾക്കും ബാധകമാണ്.

 ഇത് മനസ്സിലാക്കിയാൽ  ഈ നിമിഷം മുതൽ സമാധാനവും ഉറക്കവും എല്ലാം  നിങ്ങളെ തേടി നിങ്ങളുടെ വില്ലയിലും  എത്തും.

ഉദയസൂര്യനും  അസ്തമയസൂര്യനും രണ്ടും മനോഹരവും ആരാധ്യവുമാണ്.എന്നാൽ സത്യത്തിൽ ഉദയസൂര്യനാണ് കൂടുതൽ ആദരവും ആരാധനയും ലഭിച്ചുകൊണ്ടിരിക്കുനനത്.അതേസമയം അസ്തമയസൂര്യന് അത്രക്ക് പ്രാധാന്യം ലഭിക്കാറില്ല.

വളരെ താമസിച്ചുപോയെങ്കിലും ഈ ഉദാഹരണം  കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായകമാണ്..

നമ്മുടെ ഇന്നത്തെ പദവിയും പ്രശസ്തിയും അധികാരവുമൊന്നും ഒരിക്കലും   സ്ഥിരമല്ല., ഇത്തരം കാര്യങ്ങളുമായി  വളരെയധികം വൈകാരികത വച്ചു പുലർത്തിയാൽ  എന്നെങ്കിലുമൊരുദിവസം അവയെല്ലാം നഷ്ടപ്പെട്ട് പോയീ എന്നറിയുമ്പോൾ അത് നമ്മുടെ ശിഷ്ട  ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു.

ഓർമിക്കുക,

ചതുരംഗം കളിച്ചുകഴിഞ്ഞാൽ  കഴിഞ്ഞാൽ ”  രാജാവും  ആളും “ എല്ലാം  ഒരു പെട്ടിയിലേക്കു തന്നേയാണ്  മടങ്ങുന്നത്. .

ഡോ.എം.എൻ.ശശിധരൻ

Wednesday, 13 January 2021

Happiness can be boring

 സന്തോഷംകൊണ്ട് ആത്മഹത്യ ചെയ്യാൻ തോന്നിട്ടുണ്ടോ?


സന്തോഷിക്കാൻ ഒരു നൂറ് കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിലും എന്തുകൊണ്ടോ സങ്കടത്തോടാണ് നമുക്കൊരു ചായ്‌വ് കൂടുതൽ. നമ്മൾ ചെയ്ത ഒരു കാര്യത്തിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ കിട്ടിയാലും ആരെങ്കിലും ഒരു മോശം കാര്യം പറഞ്ഞാൽ എത്രപെട്ടന്നാണ്‌ നമ്മൾ ആ ഒരൊറ്റ അഭിപ്രായത്തിൽ കുരുങ്ങിപ്പോകുന്നത്.


'World Happiness Report 2020'  എന്ന സർവേ അനുസരിച്ച് ,സന്തോഷത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിലായി  ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫിൻലൻഡ്  ‌ എന്ന രാജ്യമാണ്. ഫിൻലൻഡിലെ  ജനങളുടെ സന്തോഷത്തിന്റെ രഹസ്യം  'Balance of life' എന്നതാണ്, എല്ലാം ആവശ്യത്തിന് മാത്രം. ഒരുമാസം അഞ്ചക്ക ശമ്പളം ലഭിക്കുന്ന ജോലിയാണെങ്കിലും അത് ആവശ്യത്തിൽ കൂടുതൽ സ്ട്രെസ് നല്കുന്നതാണെങ്കിൽ, കുടുംബവുമായി ചിലവഴിക്കുന്ന സമയത്തെ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിൽ അധിക കാലം ആ ജോലിയിൽ അവർ തുടരില്ല, കുടുംബവും, ജോലിയും, പണവും, സംതൃപ്തിയും ശരിയായ അനുപാതത്തിൽ ചേരുന്നതാണ് അവരുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഈ റിപ്പോർട്ടിന്റെ  എഡിറ്ററായിട്ടുള്ള 'ജെഫ്രി സാഷ്സ്' പറയുന്നത്  "ഫിൻലൻഡിൽ  ഒരാൾ പെട്ടന്ന് പണക്കാരനായാൽ  മറ്റുള്ളവർ ചിന്തിക്കുന്നത്  അയാൾക്കെന്തൊക്കയോ പ്രശനങ്ങൾ ഉണ്ട് എന്നാണ്".


നമ്മിൽ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഗതി  ഈ റിപ്പോർട്ടിൽ ഉള്ളത് ഇങ്ങനെയാണ്,  ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫിൻലൻഡ്‌ എന്ന രാജ്യം തന്നെയാണ് ആത്മഹത്യാ നിരക്കിന്റെ കാര്യത്തിലും  ഒന്നാം സ്ഥാനത്തുള്ളത്. അതൊരു വിരോധാഭാസമായി തോന്നുന്നില്ലേ?ഒരുപാട് സന്തോഷിക്കുന്നവർ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? ഈ കൊറോണ കാലഘട്ടത്തിൽ ഫിൻലൻഡിലെ ആത്മഹത്യാനിരക്ക് 15 % കൂടിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.  അതിന് കാരണമായിട്ടുള്ള പല കാര്യങ്ങളിൽ ഒന്നിലേക്കാണ് ഞാൻ നിങ്ങളുടെ ഹൃദയത്തെ ക്ഷണിക്കുന്നത്, 

'Happiness can be boring'

സന്തോഷത്തിന് വിലയുണ്ടാകുന്നത് അത് വല്ലപ്പോഴും കടന്നുവരുന്നതുകൊണ്ടാണ്, നമ്മുടെ ജീവിതം ഒരു പ്രശ്നങ്ങളുമില്ലാതെ ഒരുപാട് കാലം മുൻപോട്ട് പോയാൽ അത് 'മടുപ്പ്' എന്നൊരു അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.  നമ്മുടെ ജീവിതത്തിന് 'ജീവൻ'(life ) നൽകുന്നത് ശരിക്കും സങ്കടങ്ങളാണ്, ആ സങ്കടങ്ങളിൽ നമ്മൾ മുങ്ങിപ്പോകാതിരിക്കാൻ മാത്രം ഇടയ്ക്കു വരേണ്ടതാണ് സന്തോഷം. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം സ്വന്തമാക്കുന്നതുവരെ നമ്മൾ യഥാർത്ഥത്തിൽ അനുഭവിക്കുന്നത്  അതിലേക്കുള്ള യാത്രയുടെ സന്തോഷമാണ് ! സ്വന്തമായി കഴിഞ്ഞതിനുശേഷം  പതിയെ അത് നമുക്ക് ആദ്യത്തേതുപോലെ അത്ര പ്രിയപ്പെട്ടതായി മാറുന്നില്ല. മേടിച്ചപ്പോൾ ഒരു പോറൽപോലും ഏൽപ്പിക്കാതെ നമ്മൾ കൊണ്ടുനടന്ന അതേ മൊബൈൽഫോൺ  തന്നെയാണല്ലോ ഇപ്പോൾ ചിലന്തിവല കണക്കുള്ള പൊട്ടിയ സ്‌ക്രീനുമായി നമ്മുടെ കയ്യിലുള്ളത്. സന്തോഷം എന്നത് നമ്മൾ എത്തിച്ചേരേണ്ട ഒരിടമില്ല! മറിച്ച്  എത്തിച്ചേരേണ്ട ഇടങ്ങളിലേക്കുള്ള യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ആനന്ദമാണ്. എല്ലാം നമ്മൾ ആഗ്രഹിക്കുന്നപോലെത്തന്നെ നടന്നാൽ ജീവിതം വൈകാതെ മടുക്കും  എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലോകപ്രശസ്ത ഹാസ്യനടൻ ജിം കാരി(Jim Carrey)   ഡിപ്രെഷൻ എന്ന രോഗത്തെ അതിജീവിച്ചതിന് ശേഷം നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം ഇങ്ങനെയാണ്    


'I think everybody should get rich and famous and do everything they ever dreamed of so they can see that it's not the answer.' 

ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ഡിപ്രെഷൻ എന്ന മാനസികാവസ്ഥയിലേക്ക് കൂപ്പ് കുത്തിയ ഒരാളുടെ വാക്കുകളാണിത്.  


സപ്പ്ളി കിട്ടിയ മൂന്ന് പേപ്പറുകൾ  രണ്ടാമത്തെ ശ്രമത്തിൽ വിജയം കണ്ട ആ രാത്രിയിൽ നേരെ പോയത് ചേട്ടനെപ്പോലെ കരുതുന്ന  സുഹൃത്തിന്റെ അടുത്തേയ്ക്കായിരുന്നു. "ഇനിയങ്ങോട്ട് മനഃസമാധാനമായി ഉറങ്ങാം, എല്ലാ ടെൻഷനും കഴിഞ്ഞു" എന്ന് പറഞ്ഞപ്പോൾ ഇന്ത്യൻ ഫിലോസോഫയിൽ ഡോക്ടറേറ്റുള്ള  അദ്ദേഹം പറഞ്ഞത് കൗതുകം ഉണർത്തിയ കാര്യമായിരുന്നു.

"ഇനിയാണ് നീ സൂക്ഷിക്കേണ്ടത്, ഇത്രയും കാലം നിന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നേടിയെടുക്കാനുള്ള ഈ പേപ്പറുകളായിരുന്നു. ഇപ്പോൾ നിന്റെ ജീവിതത്തിൽ പറയത്തക്ക സങ്കടങ്ങൾ ഒന്നുംതന്നെയില്ല, ഒരു മടുപ്പു നിന്നെ മൂടാൻ സാധ്യതയുണ്ട്". അത് വളരെ സത്യമായ കാര്യമായിരുന്നു, പുതിയൊരു സങ്കടം എന്നെ തേടിവരുന്നതുവരെ 'ആ അങ്ങനെയൊക്കെ പോകുന്നു' എന്ന ഏറ്റവും വിരസമായ മറുപടിയായിരുന്നു എല്ലാവരുടെയും സുഖാന്വേഷണങ്ങൾക്ക് ഞാൻ കൊടുത്തുകൊണ്ടിരുന്നത്'. 

 

വായിച്ചുതീർക്കാനുള്ള പുസ്തകങ്ങൾ എന്റെ ടേബിളിൽ ഇരിക്കുന്നിടത്തോളം കാലം,ഇനിയും സ്വന്തമാക്കാൻ സാധിക്കാത്ത  ആ സ്‌പോർട്സ് കാർ ഷോറൂമിൽ ഇരിക്കുന്നിടത്തോളം കാലം, ഇതുവരെയും വിവാഹത്തിലെത്തിച്ചേരാത്ത  പ്രണയം എനിക്ക് ചുറ്റും ഇങ്ങനെ വട്ടം വയ്ക്കുന്നിടത്തോളം കാലം, എന്നെങ്കിലും ബിഗ് സ്‌ക്രീനിൽ ജീവൻ വച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന  തിരക്കഥ എഴുതി  പൂർത്തിയാകാത്തിടത്തോളം കാലം ഞാൻ സന്തോഷവാനായിരിക്കും. ഒരിക്കൽ ഇതെല്ലാം ഞാൻ നേടുമായിരിക്കും അന്ന് പുതിയ ചില സ്വപ്നങ്ങൾ  കൂടെ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമാണ് ഇപ്പോഴുള്ളത്.  ചുരുക്കിപ്പറഞ്ഞാൽ ഇനിയും ബാക്കിയായിട്ടുള്ള സ്വപ്നങ്ങളാണ് ജീവിതം എന്ന വണ്ടി ഓടിക്കാനുള്ള ഇന്ധനം.പ്രാർത്ഥനകളൊക്കെ ചെറുതായിട്ട് തിരുത്താവുന്നതാണ്! 


"ദൈവമേ അത്ര വലുതല്ലാത്ത സങ്കടങ്ങൾ നൽകി നീ എന്നെ അനുഗ്രഹിക്കണമേ!  എന്തെന്നാൽ സങ്കടങ്ങൾ മാത്രമാണ് സന്തോഷത്തിലേക്കുള്ള താക്കോൽ എന്ന്  ഞാൻ  ഇന്ന് മനസ്സിലാക്കുന്നു."


Happy New  Year-

Joseph Annamkutty Jose

(From a write up for Madhyamam Kudumbam Magazine, Jan 2021)

Monday, 11 January 2021

കോടതിയല്ല ആശ്രയമാകേണ്ടത്

 കർഷകസമരം: കോടതിയല്ല ആശ്രയമാകേണ്ടത്

സ്വാതന്ത്ര്യാനന്തരം വിവിധ ജനവിഭാഗങ്ങൾ അവരവരുടെ ജീവിതപ്രശ്നങ്ങളുയർത്തി എണ്ണമറ്റ സമരങ്ങൾ നടത്തിയിട്ടുണ്ട്, നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒരുമഹാപ്രക്ഷോഭമാണ് തലസ്ഥാനത്തിനരികെ നടക്കുന്നത്. രാജ്യത്താകെ അതിന്റെ അനുരണനവുമുണ്ട്. കൃഷിചെയ്ത് ജീവിക്കുന്നതിനുള്ള അവകാശത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള ജീവന്മരണ സമരമാണതെന്നാണ് കർഷകർ വിളിച്ചുപറയുന്നത്. അതിന് കക്ഷിരാഷ്ട്രീയ ഉള്ളടക്കമില്ലെന്ന് കർഷകസംഘടനകൾ അസന്ദിഗ്ധമായി വ്യക്തമാക്കിയതുമാണ്. കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്ര സർക്കാർ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയും ജനാധിപത്യരീതികൾ പൂർണതോതിൽ പാലിക്കാതെയും പാസാക്കി എന്നാരോപിക്കപ്പെടുന്ന മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതുവരെ ഒരടിപോലും പിറകോട്ടില്ലെന്നാണ് നാല്പതിലേറെ കർഷക സംഘടനകളിലായി അണിനിരന്നിട്ടുള്ള കൃഷിക്കാരുടെ തീരുമാനം. കൊടും തണുപ്പും മറ്റ് പ്രതികൂലാവസ്ഥകളും കാര്യമാക്കാതെ ഒന്നരമാസമായി നടന്നുകൊണ്ടിരിക്കുന്ന കർഷകമഹാസമരം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.വെള്ളിയാഴ്ച നടന്ന എട്ടാംവട്ട ചർച്ചയിൽ കർഷകരുടെ വികാരം മനസ്സിലാക്കി പ്രതികരിക്കുന്നതിനുപകരം നിർഭാഗ്യകരമായ പ്രസ്താവനയാണ് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ ഭാഗത്തുനിന്നുണ്ടായത്. കർഷകർ എതിർക്കുന്ന നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ല, കർഷകസംഘടനകൾ കോടതിയെ സമീപിക്കുന്നതാണ് നല്ലത് എന്നാണ് തോമർ പറഞ്ഞത്. ജനുവരി 11-ന് സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ നിങ്ങളുടെ ഭാഗം ജയിക്കുമോയെന്ന് നോക്കൂ എന്ന് വെല്ലുവിളിസ്വരത്തിൽ പറയുന്നതിന് തുല്യമായി ആ പ്രസ്താവന. കർഷകനേതാക്കൾ തത്സമയംതന്നെ നൽകിയ മറുപടി കോടതി പുതിയ കാർഷികനിയമങ്ങൾക്ക് അനുകൂലമായി വിധിച്ചാലും സമരംചെയ്യുന്ന കർഷകർക്ക് സ്വീകാര്യമാകില്ല എന്നാണ്. നയപരമായ പ്രശ്നങ്ങളിൽ തീരുമാനം കോടതിയല്ല, രാഷ്ട്രീയഭരണനേതൃത്വം തന്നെയാണ് സ്വീകരിക്കേണ്ടതെന്നതാണ് ജനാധിപത്യ തത്ത്വം. കൃഷിയുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കടന്നുകയറുന്നുവെന്ന ആക്ഷേപം, ഫെഡറൽ തത്ത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കോടതികൾ ഇക്കാര്യങ്ങളിൽ കർഷക താത്‌പര്യം ഉയർത്തിപ്പിടിക്കുമെന്ന് ആശിക്കാമെങ്കിലും പാർലമെന്റിൽ പാസാക്കിയെടുത്ത നിയമമാണ് ഇവിടെ പ്രശ്നമെന്നതിനാൽ ആത്യന്തികമായി രാഷ്ട്രീയപരിഹാരമാണ് ഇതിലുണ്ടാകേണ്ടത്. സമരം ചെയ്യുന്ന കർഷകജനതയെ രാഷ്ട്രീയ വീക്ഷണത്തോടെ സമീപിച്ച് സ്വന്തം നിയമങ്ങളെ മുറുകെപ്പിടിക്കുന്ന ശാഠ്യമാണിവിടെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന ആരോപണത്തിന് മറുപടിയുണ്ടാവേണ്ടതുണ്ട്. പ്രശ്നം കക്ഷിരാഷ്ട്രീയപരമല്ല എന്ന തിരിച്ചറിവോടെ പരിഹാരമാർഗങ്ങളാരായുകയായിരുന്നു വേണ്ടിയിരുന്നത്. ലക്ഷക്കണക്കിനാളുകൾ കുടുംബസമേതം കാർഷികോപകരണങ്ങളുമായി തലസ്ഥാനത്തേക്ക് മാർച്ചുചെയ്ത് ആഴ്ചകളായി പൊതുനിരത്തുകളിൽ മഞ്ഞുംമഴയും കൊണ്ട് സഹനസമരം നടത്തുന്നത് തുടരുമ്പോൾ അതിന് ഇനി രാഷ്ട്രീയസ്വഭാവം കൈവന്നാൽ അത്‌ അസ്വാഭാവികമല്ല. വിധ്വംസകശക്തികൾ ഇതു മറയാക്കിയെന്നും വരാം.ആദായകരമായ താങ്ങുവില ഉറപ്പാക്കുന്നതിന് വ്യവസ്ഥയില്ലാതെയും പരിമിതമായെങ്കിലുമുള്ള വിൽപ്പന സൗകര്യം ഉറപ്പാക്കിയിരുന്ന കാർഷികവിള വിപണനസമിതിയെ നിരാകരിക്കുന്നതും കരാർ കൃഷിയിലൂടെ കാർഷികമേഖലയെ കോർപ്പറേറ്റുവത്‌കരിക്കുന്നതും കർഷകനെ അന്യവത്‌കരിക്കുന്നതും ഭാവിയിൽ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്നതുമാണ് പുതിയ നിയമങ്ങളെന്നതാണ് സമരത്തിനാധാരമായ പ്രശ്നം. എന്നാൽ, വില കൂടുതൽ എവിടെ കിട്ടുന്നോ നിബന്ധനകളേതുമില്ലാതെ അവിടെ കൊണ്ടുചെന്ന് വിൽക്കാമെന്നതും എത്ര വില കിട്ടുമെന്ന് മുൻകൂർ മനസ്സിലാക്കി കൃഷി നടത്താമെന്നതുമടക്കമുള്ള ആനുകൂല്യങ്ങളിലൂടെ കാർഷികമേഖലയെ ആദായകരവും ആധുനികവുമാക്കുകയാണ് പുതിയ നിയമമെന്നാണ് സർക്കാരിന്റെ മറുപടി.ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യമാണ് തലസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകകണ്ഠങ്ങളിൽനിന്നുയരുന്നത്. വെള്ളിയാഴ്ച മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കിടയിൽ ദീർഘനേരം മൗനസമരം നടത്തിയ കർഷകനേതൃത്വം ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ ആ മുദ്രാവാക്യമാണുണ്ടായിരുന്നത്. ഇന്നാട്ടിലെ ജനങ്ങളെയാകെ ഊട്ടുന്നതിനുള്ള വിഭവങ്ങളുണ്ടാക്കുന്ന കൃഷീവലന്മാരുടെ പ്രതിനിധികളാണവർ. അധ്വാനത്തിന്റെ മൂല്യത്തിന്റെ നാലയലത്തുപോലുമെത്താത്ത വിലയാണ് ഉത്‌പന്നങ്ങൾക്ക് ലഭിക്കുന്നതെന്നതാണ് അവരുടെ അനുഭവം. വിളത്തകർച്ചയും വിലത്തകർച്ചയും കാരണം ഗത്യന്തരമില്ലാതെ മൂന്നുലക്ഷത്തിലേറെ കർഷകരാണ് ഈ രാജ്യത്ത് കാൽ നൂറ്റാണ്ടിനിടയിൽ ജീവനൊടുക്കിയത്. തിക്തമായ ജീവിതാനുഭവങ്ങളാണ് വിവരണാതീതമായ ത്യാഗത്തിലൂന്നിയ സമരത്തിലേക്കവരെ നയിച്ചത്. ഇനിയെങ്കിലും സമരം തീർക്കാൻ ആത്മാർഥമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.- Mathrubhoomi 10/01/2021

Saturday, 9 January 2021

ഇന്ത്യയെ വീണ്ടും കണ്ടെത്താനുള്ള അദമ്യമായ ഒരു പ്രേരണ

 



രാധീഷ് കുമാർ എഴുതിയ "ഭാരത ഹൃദയത്തിലൂടെ ഒരു യാത്ര " എന്ന പുസ്തകം  വായിച്ചു. അതിവേഗത്തിൽ ദൽഹി മുതൽ ആലപ്പുഴ വരെ പോയി വന്ന പ്രതീതി ഉണ്ടായി. അങ്ങോട്ടു വിമാനത്തിലും ഇങ്ങോട്ടു കാറിലുമായിരുന്നു രാധീഷ് സാറിന്റെ  തികച്ചും ആസൂത്രിതമായ ഈ യാത്ര. ഹ്രസ്വവും  എന്നാൽ കാര്യമാത്ര പ്രസക്തവുമായ വിവരണങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. മാനവികതയുള്ള കാഴ്ചപ്പാടിലൂടെ നഗരങ്ങളേയും ഗ്രാമങ്ങളേയും താരതമ്യം ചെയ്യുന്ന കുറിപ്പുകളുണ്ട്  ഇതിൽ. നാഷനൽ സർവീസ് സ്കീമിന്റെ സമ്മാനിതനായ ഒരു പ്രോഗ്രാം ഓഫിസറെന്ന നിലക്ക് മഹാത്മജിയുടെ ജീവിതവും ആശയങ്ങളും  നഗര ഗ്രാമ ജീവിതങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നൊരു അന്വേഷണം ഈ യാത്രയിൽ നടന്നതായി അദ്ദേഹത്തിന് വിവരണങ്ങളിൽ നിന്നും മനസിലാക്കാം. 


 ആദ്യ  വിമാനയാത്രയുടെ വേവലാതികളുടെ വിവരണം   യഥാതഥവും പുതിയ യാത്രക്കാർക്ക് വളരെ ഉപകാര പ്രദവുമായതാണ്  . പിന്നീട്  കാർ യാത്രയിൽ തെളിയുന്ന  ധാബകളിലെ വൃത്തിഹീനമായ അന്തരീക്ഷവും  നിറം മങ്ങിയ വീട്ടു ചുമരുകളും ചാണകവരളികൾ നിരത്തിയിട്ട ഓടുകൾ പാകിയ വീടുകളും വഴിയോരങ്ങളിൽ ചിലയിടങ്ങളിലെ കവർച്ചക്കാരുടെ സാന്നിദ്ധ്യവും  ഇന്ത്യൻ ഗ്രാമ ജീവിതത്തിന്റെ പിന്നാക്കാവസ്ഥയെ അടയാളപ്പെടുത്തുന്നു.  സ്മൃതി മണ്ഡപങ്ങളെ ക്കുറിച്ച്  വിവരിക്കുമ്പോൾ രാഷ്ട്രപിതാവായ ഗാന്ധിജിയുടേതിനേക്കാൾ പ്രാധാന്യത്തോടെ ഇന്ദിരാഗന്ധി യുടെ ജീവിതത്തെയും ജീവത്യാഗത്തേയും അവതരിപ്പിക്കുന്നത് കാണാം. അതോടൊപ്പം ഇന്ദിരാഗാന്ധി മ്യൂസിയത്തിന്റെ  മുമ്പിൽ എഴുത്തുകാരൻ  നിൽക്കുന്ന ചിത്രത്തിൽ "അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച " വാർത്ത വലുതായി വായിച്ചെടുക്കാൻ പാകത്തിൽ നൽകിയിട്ടുണ്ട്.  സ്വതന്ത്ര ഭാരതത്തിൽ ജനാധിപത്യ ധ്വംസനത്തിന്റെ ആദ്യ മാതൃകകൾ പാകിയ ഇന്ദിരാഭരണത്തിന്റേതായ ഇരുണ്ട കാലഘട്ടത്തിന്റെ ഓർമ്മകളാണ് എന്റെ മനസിൽ ഉണർത്തിയത്   . ഇങ്ങനെ വിവരണങ്ങളിൽ പറയാതെ വിട്ടതിനെ ചിത്രങ്ങളിലൂടെ സംവദിക്കാനുള്ള ഒരു ശ്രമം ഉണ്ട് എന്നതും അത് മിക്കവാറും  വിജയിക്കുന്നു എന്നതും ഈ പുസ്തകത്തിന്റെ ഒരു വ്യത്യസ്തതയാണ്. തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചിലതെങ്കിലും ബഹുവർണ പേജുകളായി വന്നിരുന്നെങ്കിൽ വിവരണം കുറേക്കൂടി ആകർഷകമായേനെ.   


   വരികൾക്കിടയിൽ ശക്തമായ തിരിച്ചറിവുകൾ ധ്വനിപ്പിക്കുന്ന പുസ്തകമാണിത് .  രാവണനെ ആരാധിക്കുന്ന ഒരു ഭാരതീയ  ഗ്രാമത്തിന്റെ വിവരണം  , നഗരസഭാ ചുവരുകളിൽ പോലും "ജയ ശ്രീരാം "പതിപ്പിക്കാൻ ശ്രമിക്കുന്ന ചിലർക്കെങ്കിലും ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യമെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള പാഠമാകേണ്ടതാണ്.  22 വർഷത്തോളം പതിനായിരത്തിലധികം  തൊഴിലാളികൾ പണിത താജ് മഹൽ എന്ന വിവരണത്തിൽ താജ്മഹലിന്റെ ശിൽപിയായി ഉസ്താദ് അഹമ്മദ് ലാഹോറി യുടെ പേര് എഴുതി വെക്കുമ്പോൾ രാധീഷ് കുമാർ എന്ന എഴുത്തുകാരൻ ചരിത്ര സത്യങ്ങളിലേക്ക് ആഴമുള്ള ഒരു കാഴ്ചപ്പാടോടെ ഒരു പൊളിച്ചെഴുത്താണ് നടത്തുന്നത്. ഒരു ശവകുടീരത്തിന്റെ പേരോട് ചേർത്തു മാത്രമാണ് ഷാജഹാനെ പരാമർശിക്കുന്നത്. കുത്തബ് മിനാറിന്റേയും മറ്റനേകം ചരിത്ര സൗധങ്ങളുടേയും പിന്നാമ്പുറത്തെ വിയർപ്പിന്റേയും കണ്ണീരിന്റെയും കഥകളുടെ ചില സൂചനകൾ അതാതിടങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി. 


    വിശക്കുന്ന ഇന്ത്യൻ കൗമാരങ്ങളുടെ ദൈന്യത സൂചിപ്പിക്കുന്ന വിവരണങ്ങൾ ഈ ഗ്രന്ഥത്തെ സജീവമാക്കുന്നു എന്നത് പറയാതെ വയ്യ. ദൈന്യമാർന്ന മുഖമുള്ള പയ്യന്റെ  വെറ്റിലക്കറ പിടിച്ച ചുവന്ന പല്ലുകൾ, പിന്നീട് കാറുകഴുകുമ്പോൾ പല്ലുകളും തേച്ചു കഴുകിയതുകൊണ്ടാകാം, നല്ല വെളുപ്പായത് !    ഫൂലൻ ദേവിയെക്കുറിച്ചുള്ള വിവരണം വായിച്ച ശേഷം ഞാൻ പുസ്തകവായന ഒരു ദിവസത്തേക്ക് നിർത്തി , ബാൻഡിറ്റ് ക്വീൻ എന്ന സിനിമ കാണുകയും ചെയ്തു. പുരുഷമേധാവിത്വത്തിലമർന്ന ഉത്തരേന്ത്യൻ ഗ്രാമ ജീവിതത്തിൽ സ്ത്രീത്വം ചവുട്ടിയര ക്കപ്പെടുന്നതും ജന്മിത്വം നര നായാട്ടു നടത്തുന്നതും ഫുലൻ എന്ന പാവം പെണ്ണ്  ജാതിവ്യവസ്ഥക്കും മറ്റു അനീതികൾക്കും എതിരെ ഒരു തീപ്പന്തമായി ജ്വലിക്കുന്നതും വീണ്ടും അനുഭവിച്ചറിഞ്ഞു. രാധീഷ്‌  സാറിനു പ്രത്യേക കടപ്പാട്. ചമ്പൽക്കാട്ടിലെ ജീവിധ വൈരുധ്യങ്ങളിലേക്ക് കണ്ണോടിക്കാൻ എന്നെ പ്രേരിപ്പിച്ചതിന് .ഇന്ദിരാഗാന്ധിയുടെ ദേശാഭിമാനത്തിനു മുമ്പിൽ വാചാലനാവുന്ന എഴുത്തുകാരൻ  ഫുലൻ ദേവിയിലെ  സ്ത്രീ ശാക്തീകരണ പ്രവണതകൾ പരമാർശിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.കുത്തനെയുള്ള പാറക്കെട്ടുകളും നൂൽ കനം മാത്രമുള്ള ,നെടുംകുത്തായ  ഊടു വഴികളും ചോരമണക്കുന്ന കൊള്ളക്കാരുടെ ജീവിതങ്ങളും മറപിടിക്കുന്ന ചമ്പൽക്കാടിന്റെ ചിത്രം ഒരു നിഗൂഢഭൂമിയെ ഓർമിപ്പിക്കുന്ന വിധം ചുരുങ്ങിയ ചെലവിൽ (പേജ് 44 ) അവ്യക്തമാക്കി നിർത്തിയ ബുദ്ധിവൈഭവത്തിനും തൊഴുകൈ !     

    നമ്മുടെ തീൻമേശയിൽ നിന്നും ഈയിടെ അപ്രത്യക്ഷമായ ഗ്രീൻപീസിനെ രാധീഷ്‌ കുമാർ  കണ്ടെത്തിയത് രസകരമായി തോന്നി. സാധാരണക്കാരുടെ കറിക്കൂട്ടായിരുന്ന ഗ്രീൻ പീസ്  കേന്ദ്ര ഗവൺമെന്റിന്റെ പുതിയ ഇറക്കുമതി നിയമ പ്രകാരം ( M I P 200 രൂ ) വില കയറ്റി വിൽക്കാനുള്ള സൗകര്യം നൽകിയിരിക്കയാണല്ലോ. അതിന്റെ ഭാഗമായി ഗ്രീൻപീസ്  മാർക്കറ്റുകളിൽ നിന്നും കുറേക്കാലം അപ്രത്യക്ഷമാവുകയും പിന്നീട് ഇപ്പോൾ കിലോക്ക് 100- 140 രൂ വിലക്ക് മാളുകളിൽ മാത്രം ലഭ്യമാവുകയും ചെയ്തിരിക്കുന്നു. യഥാർത്ഥ കൃഷിക്കാരനാവട്ടെ , ഈ വില വർധനവിന്റെ ഗുണം ലഭിച്ചിട്ടുമില്ല. ഇടത്തട്ടുകാരെ പോഷിപ്പിക്കുന്ന ഇത്തരം നയങ്ങളെ കുറിച്ച് പരാമർശിക്കാവുന്ന നല്ലോരവസരം കരുതിക്കൂട്ടി ഒഴിവാക്കിയതാണോ ? 

മധുരം കിനിയുന്ന  വയലേലകളും താണ്ടി ,ബന്ദിപ്പൂർ വനമേഖലയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പ്ലാനും മനസ്സിലിട്ടു , പെഞ്ച് കടുവാസങ്കേതത്തിലൂടെയും പരുത്തിപ്പാടങ്ങളിലൂടെയും മുളകുപാടങ്ങളിലൂടെയും വിശാലമായ നെല്പാടങ്ങളി ലൂടെയും  നഗര പാതകളിലൂടെയും   നടത്തുന്ന   യാത്ര .ഈ വിവരണം  ജനങളുടെ ഭാഷയെക്കുറിച്ചും രുചി  ഭേദങ്ങളെ ക്കുറിച്ചും കെട്ടിട നിർ മാണശൈലിയെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും  ഉള്ള പുതുമയാർന്ന നിരീക്ഷണങ്ങളാൽ സമ്പന്നമാണ് .

ടാങ്കറുകളിൽ വെള്ളമെത്തിച്ച് പാടങ്ങളിൽ പൊന്നു വിളയിക്കുന്ന  കർഷകരുടെ പ്രയത്നം വിലമതിക്കാൻ ആവാത്തതാണ് എന്ന നിരീക്ഷണം കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ ഏറേ പ്രസക്തമാണ്. ഒരേ സമയം കേരളത്തിന്റെ ജീവിത ശൈലിയെയും കാലാവസ്ഥയെയും  കുറിച്ച് അഭിമാനിക്കാനും ,മററു സംസ്ഥാനങ്ങളിലെ കാർഷിക വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിയാനും അങ്ങിനെ പരസ്പ രാ ശ്രയത്തിന്റേയും വൈവിധ്യത്തിലെ ഐക്യത്തിന്റെയും പ്രസക്തി ശ്രദ്ധിക്കാനും പ്രേരിപ്പിക്കുന്ന ധാരാളം നിരീക്ഷണങ്ങളുള്ള ഈ യാത്രാവിവരണം ഏറെ ചിന്തോദ്ദീപകവും സൂക്ഷ്മതല സ്പർശിയുമായി നിലനിർത്താൻ എഴുത്തുകാരനു കഴിയുന്നുണ്ട്.ചെറുതെങ്കിലും സുന്ദരമായ ഈ പരിശ്രമം  സ്വന്തമായ രീതിയിൽ ഇന്ത്യയെ വീണ്ടും വീണ്ടും കണ്ടെത്താനുള്ള അദമ്യമായ ഒരു പ്രേരണ വായനക്കാരനിലേക്കു പകരുന്നുണ്ട് . 

-CKR 09 01 2021 

Thursday, 7 January 2021

കഞ്ഞിവര്‍ത്തമാനങ്ങള്‍ അഥവാ ചില കഞ്ഞികളുടെ ചരിത്രം

 ഭൂമി മലയാളത്തിലെ കഞ്ഞിവര്‍ത്തമാനങ്ങള്‍ അഥവാ ചില കഞ്ഞികളുടെ ചരിത്രം   😁


ലോക ഭാഷാശാസ്ത്രത്തിന് കേരളം നല്‍കിയ മനോഹരമായ രണ്ടു പദങ്ങള്‍ ആണ് കഞ്ഞിയും കഞ്ഞികളും . ഒരു കാലത്ത് കേരളം കണികണ്ടുണരുന്നതും കിടക്കുന്നതും കഞ്ഞിയിലൂടെയായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പഴയ കഞ്ഞികള്‍ പോയി പുതിയ കഞ്ഞികള്‍ വന്നു കാരണം കഞ്ഞികളില്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല ഒരു ശരാശരി മലയാളിക്ക് കാരണം അവന്റെ ജീവിതവുമായി അത്ര അടുത്തു പോയിരുന്നു കഞ്ഞികള്‍.,. ജാതി, മത, വര്‍ഗ, രാഷ്ട്രീയ ഭേദമില്ലാതെ മലയാളത്തെ അടക്കി വാഴുന്ന വെറും കഞ്ഞികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലെങ്കിലും, സാക്ഷാല്‍ കഞ്ഞികള്‍ അന്യം നിന്ന് പോയത് കൊണ്ട് അവയെ കുറിച്ച് മലയാളികള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. അതിനാല്‍ അവയെ ഒന്നൊന്നായി നമുക്ക് പരിചയപ്പെടാം.


എന്താണ് കഞ്ഞി ?


അരി, ഗോതമ്പ് തുടങ്ങിയ ഏതെങ്കിലും ധാന്യം കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു ദ്രാവക രൂപത്തില്‍ തന്നെ ഭക്ഷിക്കത്തക്ക വിധം തയാറാക്കുന്ന ആഹാര പദാര്‍ത്ഥം ആണ് കഞ്ഞി. കേരളീയമായ ഈ കഞ്ഞി, ആരോഗ്യ ശാസ്ത്ര വിധി അനുസരിച്ച് ശരീരത്തിന് സുഖകരവും പത്യവുമാണ് . കഞ്ഞിക്ക് ഒപ്പം കൂട്ടാന്‍ അസ്ത്രം, പുഴുക്ക്, ചുട്ട പര്‍പ്പടകം, മുതിര, അച്ചാര്‍, അവല്‍ നനച്ചത്‌ എന്നിവയും ഉപയോഗിക്കാറുണ്ടായിരുന്നു.


ആദ്യം എത്ര തരം കഞ്ഞികള്‍ ഉണ്ടെന്നു നോക്കാം..


പഴങ്കഞ്ഞി

കഞ്ഞിയും പയറും.

കണ്ടിക്കിഴങ്ങു കഞ്ഞി.

കാടന്‍

കാടിക്കഞ്ഞി

കാടിയോണക്കഞ്ഞി

കായക്കഞ്ഞി

ഗോതമ്പ് കഞ്ഞി

ചാമക്കഞ്ഞി

ചീപോതി കഞ്ഞി

ചീരോക്കഞ്ഞി

തമ്പായി കഞ്ഞി

തരിക്കഞ്ഞി

തെക്കഞ്ഞി

തെക്കഞ്ഞി (2)

ധര്മ്മക്കഞ്ഞി

നാളികേര കഞ്ഞി

നാറക്കിഴങ്ങ്‌ കഞ്ഞി

നോയമ്പ് കഞ്ഞി.

പണിയരുടെ കഞ്ഞി

പഴയരിക്കഞ്ഞി

പാല്‍ക്കഞ്ഞി(1)

പാല്‍ക്കഞ്ഞി (2)

പാല്‍ക്കഞ്ഞി (3)

പൂക്കന്‍‍ (1)

പൂക്കന്‍ ‍ (2)

പൂക്കന്‍ ‍ (3)

പൂക്കന്‍ ‍ (4)

പൂച്ചക്കഞ്ഞി

മാങ്ങയണ്ടിക്കഞ്ഞി

മുളയരിക്കഞ്ഞി


കഞ്ഞികള്‍ ഉണ്ടാകുന്ന വിധം


പഴങ്കഞ്ഞി


പഴങ്കഞ്ഞിയില്‍ തന്നെ തുടങ്ങാം കഞ്ഞിപുരാണം. കഞ്ഞി വെറും പഴങ്കഞ്ഞി ആണെങ്കിലും കഞ്ഞികളില്‍ രാജാവിണിത്. ഓരോ മലയാളിയുടെയും നോസ്ടാല്ജിയയും. കിരീടം വക്കാത്ത രാജാവായി വിദേശത്തു വാഴുന്ന ആള്‍ ആണെങ്കിലും ഞാന്‍ ഇന്ന് പഴങ്കഞ്ഞി കുടിച്ചു എന്ന് പറയുന്നത് സെവെന്‍ സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം കഴിച്ചു എന്ന് പറയുന്നതിലും ഗമയാണ്‌ ഇക്കാലത്ത്, അതാണ്‌ പഴങ്കഞ്ഞിയുടെ ഒരിത് . ഇനി എങ്ങനെ പഴങ്കഞ്ഞി ഉണ്ടാക്കാം എന്ന് നോക്കാം.


അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറില്‍ തണുത്ത വെള്ളം ഒഴിച്ച് ചുവന്നുള്ളിയും പച്ചമുളകും ചതചിടുന്നു. ഒപ്പം തൈരും ചേര്‍ത്തു ഒരു ന്ച്ചട്ടിയില്‍ ഒഴിച്ച് സൂക്ഷിച്ചു വക്കുന്നു. പിറ്റേന്ന് രാവിലെ മാങ്ങാ ചമ്മന്തിയോ, മീന്‍ പീരയോ, അല്ലെങ്കില്‍ ചെമ്മീനും മാങ്ങയും ചേര്‍ത്ത കരിയോ ചേര്‍ത്തു കഴിക്കുന്നു. കരികലോന്നും ഇല്ലെങ്കില്‍ കാ‍ന്താരി ഞെരടി ചേര്‍ത്തോ കഴിക്കുന്നു. പഴങ്കഞ്ഞി സ്ഥിരമായി കുടിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.ഇങ്ങനെ പഴങ്കഞ്ഞി കുടിച്ചാല്‍ ഉച്ചവരെ അവര്ക് ദാഹമോ വിശപ്പോ ഉണ്ടാകില്ല.


കഞ്ഞിയും പയറും.


ദേഹത്തിനു ബലമുണ്ടാകുന്ന ഒരു വിഭവമാണ്. ഒട്ടു കിണ്ണത്തിന് നടുവില്‍ ഒരു ഉരുള വെണ്ണ വക്കുന്നു. അതില്‍ ആവി പറക്കുന്ന അരി കൊണ്ടുണ്ടാക്കിയ കഞ്ഞി ഒഴിക്കുന്നു. ഉരുകിയ വെണ്ണ ചേര്‍ന്ന കഞ്ഞി വളരെ സ്വാദുള്ളതാണ് . ഒപ്പം ചെറു പയര്‍ പുഴുങ്ങി തേങ്ങ തിരുമ്മിയിട്ട തോരനും കൂട്ടിക്കഴിക്കുന്ന ആള്‍ക്ക് ഏത് കഠിന ജോലിയും ചെയ്യുവാന്‍ കഴിയും.


കണ്ടിക്കിഴങ്ങു കഞ്ഞി.


കണ്ടിക്കിഴങ്ങ് (കാച്ചിലിനോട് സാമ്യമുള്ള ഒരു കിഴങ്ങ്) തൊലി കളഞ്ഞു ചെറുതാക്കി അരിഞ്ഞ് ഉപ്പു ചേര്‍ത്തു വേവിച്ചെടുത്ത്, തേങ്ങാപ്പാല്‍ ചേര്‍ത്തു, അത് കഞ്ഞിയില്‍ പാകപ്പെടുത്തി എടുക്കുന്നു.


കാടന്‍.


പശു പ്രസവിച്ച ആദ്യ ദിവസങ്ങളിലെ പാല്‍ കറന്നെടുത്തു ഉറയോഴിച്ച് തൈരാക്കുന്നു. ഒരു ദിവസത്തെ പുളിപ്പുള്ള തൈര് മങ്കലത്തിലോഴിച്ചു ഉണക്കലരി കഴുകിയിട്ട് വേവിക്കും. തൈരില്‍ കിടന്നു അരി വെന്തു പാകമാകുമ്പോള്‍ പച്ചമഞ്ഞളിന്റെ തെളി നീരോഴിച്ച് നന്നായി ചേര്‍ക്കുക. എന്നിട്ട് ആവശ്യത്തിനു ഉപ്പും വേപ്പിലയും ചേര്‍ത്ത് കഴിക്കുന്നു.


കാടിക്കഞ്ഞി


പഴകിയ കാടി വെള്ളത്തില്‍ ഉപ്പും തവിടും നുറുങ്ങരിയും ചേര്‍ത്തു വേവിച്ചുണ്ടാക്കുന്നു. ചിലപ്പോള്‍ മത്സ്യത്തലയും ചേര്‍ക്കും. കണ്ണൂരിലെ മാപ്പിളമാര്‍ ഉണ്ടാക്കിയിരുന്ന കഞ്ഞിയാണിത്.


കാടിയോണക്കഞ്ഞി


തിരുവോണ ദിവസത്തെ ചോറിന്റെ കൊഴുത്ത കഞ്ഞിവെള്ളത്തില്‍ മിച്ചം വരുന്ന കൂട്ടാനെല്ലാം അല്പാല്പം ചേര്‍ത്തു വക്കും. ചതയത്തിന് ഇതിന്റെ തെളിവൂറ്റി അന്ന് അരി കഴുകിയ കാടി ഇതിലൊഴിച്ച് വക്കും. ആറാമോണത്തിന് ഇതില്‍ ചമ്പാവിന്റെ പച്ചരിയിട്ടു കഞ്ഞിയുണ്ടാക്കും. (ഇന്നത്തെ പോലത്തെ ഫ്രിഡ്ജ്‌ ഒന്നും ഇല്ലാതെ തന്നെ അന്നത്തെ കാലത്ത് ദിവസങ്ങളോളം ഭക്ഷണം കേടു കൂടാതെ ഇരുന്നിരുന്നു എന്നുള്ളത് പ്രസ്താവ്യം)


കായക്കഞ്ഞി


ഉണക്കലരി, വെള്ളം, തേങ്ങ, പഴം എന്നിവ കൊണ്ടുണ്ടാക്കുന്ന പായസം പോലുള്ള ഒരു കഞ്ഞി. മുച്ചിലോട്ടു കാവില്‍ പെരുംകളിയാട്ടത്തിന്റെ സമാപനത്തില്‍ അന്നദാനമായി ഈ കഞ്ഞിയാണ് വിളമ്പുക.


ഗോതമ്പ് കഞ്ഞി


തലേ ദിവസം വെള്ളത്തിലിട്ടു വച്ച ഗോതമ്പ് നുറുക്ക് പിഴിഞ്ഞെടുത്ത് വയ്ക്കുന്ന കഞ്ഞി.


ചാമക്കഞ്ഞി


ഏകാദശി, തിരുവാതിര എന്നിവയ്ക്ക് അനുഷ്ടാന കര്‍മങ്ങള്‍ നോറ്റിരിക്കുന്നവരും അരി ഭക്ഷണത്തിനു പകരം ചാമ കൊണ്ടുണ്ടാക്കുന്ന കഞ്ഞി.


ചീപോതി കഞ്ഞി


കര്‍ക്കിടക മാസത്തില്‍ പുഴുക്കലരിയും ഉണക്കലരിയും ചേര്‍ത്തു ഉണ്ടാക്കുന്ന കഞ്ഞി. ഇതില്‍ ഉപ്പും നാളികേരവും ചേര്‍ക്കും.


ചീരോക്കഞ്ഞി


മുസ്ലീങ്ങള്‍ക്കിടയില്‍ നോമ്പ് കാലത്ത് ഉണ്ടാക്കുന്ന വിശേഷപ്പെട്ട കഞ്ഞി.


തമ്പായി കഞ്ഞി


വയനാടന്‍ വിത്തിനമായ ഗന്ധകശാലയുടെ കഞ്ഞിയെ തമ്പായി (ദൈവം) കഞ്ഞി എന്ന് വിശേഷിപ്പിക്കുന്നു.


തരിക്കഞ്ഞി


നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ കഴിക്കുന്ന ഒരു തരം കഞ്ഞി. റവ കുറച്ചധികം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌, അതില്‍ നെയും ചുവന്നുള്ളിയും താളിച്ചതും ചേര്‍ത്തു പാകമാക്കുന്നതാണ് തരിക്കഞ്ഞി. രുചിക്ക് വേണ്ടി അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പഞ്ചസാര എന്നിവയും ചേര്‍ക്കാറുണ്ട്.


തെക്കഞ്ഞി


തലേന്നത്തെ അത്താഴം തിളക്കുമ്പോള്‍ വറ്റോട് കൂടിയ കഞ്ഞി മന്കുടുക്കയില്‍ ചിരട്ടക്കയില്‍ കൊണ്ട് കോരി ഒഴിക്കും. ഇത് നിലം തൊടാതെ ഉറിയില്‍ എടുത്തു വക്കും. രാവിലെ പണിക്കു പോകും മുമ്പ് നല്ലെണ്ണയും ഉപ്പു ചേര്‍ത്തു പയറ്, മുതിര, കടല ഇവയിലേതെങ്കിലും ഒന്ന് കൂട്ടി കഞ്ഞി കുടിക്കും. (കഞ്ഞി നിലം തൊടാതെ വച്ചാല്‍ മാത്രമേ ഗുണം ലഭിക്കൂ. ഈ കഞ്ഞി കുടിച്ചാല്‍ ദേഹത്തിനു പുഷ്ടിയും ബലവും ഉണ്ടാകും).


തെക്കഞ്ഞി (2)


അരി തിളച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് വറ്റും വെള്ളവും ഞെക്കി എടുക്കുന്നതാണ് ഈ കഞ്ഞി. അത്താഴം വക്കുംപോഴാണ് ഇങ്ങനെ ചെയ്യുക. അത് മന്പാത്രത്തിലാക്കി സൂക്ഷിച്ചു പിറ്റേ ദിവസം പ്രഭാത ഭക്ഷണമായി ഉപയോഗിക്കും. തെക്കന്‍ കേരളത്തില്‍ ആണിത് പതിവ്.


ധര്മ്മക്കഞ്ഞി


മിഥുനം, കര്‍ക്കിടകം മാസങ്ങളില്‍ നമ്പൂതിരിമാരില്‍ ഒരു വിധം നിവര്‍ത്തിയുള്ള ആഡ്യന്‍മാരെല്ലാം സാധുക്കള്‍ക്ക് കൊടുത്തിരുന്ന കഞ്ഞി.


നാളികേര കഞ്ഞി


ചുവന്ന അരി കൊണ്ടുണ്ടാക്കുന്ന കഞ്ഞിയില്‍ നാളികേരം ചിരകിയിട്ട് അല്പം ഉപ്പും ചേര്‍ത്തുണ്ടാക്കുന്നു. മറ്റു കറികളോ ചേരുവകളോ പതിവില്ല.


നാറക്കിഴങ്ങ്‌ കഞ്ഞി


മണ്ണിന് അടിയില്‍ നിന്ന് ശേഖരിക്കുന്ന നാറ ക്കിഴങ്ങ്‌ ഉണക്കിപ്പൊടിച്ച് മുളങ്കുഴലില്‍ ശേഖരിച്ചു വക്കുന്നു. പഞ്ഞകാലത്ത് ഇത് പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കഞ്ഞിയുണ്ടാക്കുന്നു.


നോയമ്പ് കഞ്ഞി.


അരി, മഞ്ഞള്‍, ഉള്ളി, ഉലുവ, പെരുംജീരകം, തേങ്ങ ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന മുസ്ലീം സമുദായത്തിന്റെ നോയമ്പ് കാലത്തുണ്ടാക്കുന്ന കഞ്ഞി.


പണിയരുടെ കഞ്ഞി


കൂലിയായി കിട്ടുന്ന നെല്ല് വീട്ടില്‍ കൊണ്ട് വന്നു കുത്തിയെടുത്ത് പൊടി പോലും കളയാതെ, കഴുകാതെ നേരെ അടുപ്പത്തു വച്ച തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കഞ്ഞി.


പഴയരിക്കഞ്ഞി


കൊളപ്പാല, കൊച്ചു വിത്ത്‌, തുടങ്ങിയ സ്വാദുള്ള പഴയരി തവിട് കളയാതെ നുറുക്കി കഞ്ഞി വച്ച് , നെയ്യും, ഉപ്പും, ചുട്ട പപ്പടവും കൂട്ടി കഴിക്കുന്നു. നല്ല ദഹനത്തിന് ഇതിലെ ചേരുവകള്‍ പ്രയോജനപ്പെടുന്നു.


പാല്‍ക്കഞ്ഞി


മൂന്നു തരം പാല്‍ ചേര്‍ത്താണ് പാല്‍ക്കഞ്ഞി ഉണ്ടാക്കുന്നത്‌. പശുവിന്‍ പാല്‍, എരുമപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യമായി എടുക്കണം.ഇതില്‍ നവര നെല്ലിന്റെ അരി വേവിച്ചു കഞ്ഞിയാക്കി കഴിക്കാം.


പാല്‍ക്കഞ്ഞി (2)


അരിയിട്ട് വേവിച്ചെടുത്ത കഞ്ഞിയില്‍ പാലൊഴിച്ച് പഞ്ചസാരയും ചേര്‍ത്താണ് പാല്‍ക്കഞ്ഞി ഉണ്ടാക്കുന്നത്‌. ഓട്ടു കിണ്ണത്തില്‍ ചൂടുള്ള പാല്‍ക്കഞ്ഞി കുടിച്ചിരുന്നത്‌ പ്രധാനമായും കളരിയഭ്യാസികളും രാജാക്കന്മാരും ആയിരുന്നു.


പാല്‍ക്കഞ്ഞി (3)


പശുവിന്‍ പാലിലോ തെങ്ങാപ്പാലിലോ ഉണക്കലരി വേവിചെടുക്കുന്നത്. ദേഹ പുഷ്ടിക്കും ശരീര രക്ഷക്കും അത്യുത്തമം.


പൂക്കന്‍ (1)


ചിങ്ങ മാസത്തിലെ പുത്തരി കഴിഞ്ഞാല്‍ പുന്നെല്ലിന്റെ കൈക്കുത്തരി കഴുകിയെടുത്ത അരിക്കാടി വെള്ളവും ബാക്കി വരുന്ന പഴങ്കഞ്ഞി വെള്ളവും മന്കലത്തില്‍ ഇറക്കി ഭദ്രമായി മൂടി വക്കും. നാലഞ്ചു ദിവസം ഇത് സൂക്ഷിച്ചു വച്ച ശേഷം വെള്ളം ഊറ്റിക്കഴിഞ്ഞു അടിയില്‍ ഊറുന്ന അരിക്കാടിയില്‍ ഉണക്കലരിയിട്ടു വേവിചെടുക്കും. ഇളം പുളിയോട് കൂടിയ ഇത് ചൂടാറിക്കഴിഞ്ഞാല്‍ ഉറച്ചു അപ്പം പോലെ കട്ടയാകും. ഇതാണ് പൂക്കന്‍,. അരിക്കാടി പൂക്കന്‍ എന്നും ഇതിനെ പറയാറുണ്ട്‌. ചിലര്‍ ഉണക്കലരിയോടൊപ്പം ശര്‍ക്കര ചേര്‍ത്തും വേവിക്കും.


പൂക്കന്‍ (2)


മിച്ചം വരുന്ന ചോറ്, കഞ്ഞി വെള്ളം, തവിട്, നുറുങ്ങരി, എന്നിവ ഒരു മങ്കലത്തിലിട്ടു ഒരാഴ്ചയോളം ഭദ്രമായി അടച്ചു വക്കും. പിന്നീട് അത് അടുപ്പത്തു വച്ച് വേവിക്കുന്നു. ഇതോടൊപ്പം മുളക്, ശര്‍ക്കര, ചുട്ടെടുത്ത ഉണക്കമത്സ്യം എന്നിവ ചേര്‍ത്തു കഴിക്കും. തവിട് കഞ്ഞി എന്നും പറയാറുണ്ട്‌.


പൂക്കന്‍ (3)


അരി കഴുകിയ കാടി വെള്ളത്തില്‍ നിച്ചേരി (പൊടിയരിയും തവിടും) ചേര്‍ത്തു രണ്ടു ദിവസം അടച്ചു വക്കണം. ഇതിനു പുളി വന്നു കഴിഞ്ഞാല്‍ അതെടുത്തു ഉപ്പു ചേര്‍ത്തു വേവിച്ചെടുക്കണം. പായസം പോലെ കൊഴുത്തിരിക്കുന്ന ഔഷധ ഗുണമുള്ള ഈ പൂക്കന്‍ സാധാരണക്കാരുടെ പത്യാഹാരമായിരുന്നു.


പൂക്കന്‍ (4)


അരി കഴുകിയ കാടി വെള്ളം കുറച്ചു സമയം വച്ചാല്‍ അതിന്റെ ഊറല്‍ അടിഞ്ഞു കൂടും. ഇങ്ങനെ അഞ്ചോ ആരോ ദിവസത്തെ ഊറല്‍ എടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചാണ് ഇതുണ്ടാക്കുന്നത്.


പൂച്ചക്കഞ്ഞി


ഉത്തര കേരളത്തിലെ ചാലിയ വിഭാഗത്തില്‍ പെട്ടവര്‍ രണ്ടു ദിവസം മുമ്പ് മാറ്റി വച്ച കാടി വെള്ളത്തില്‍ നുറുങ്ങരി, തവിട്, വെള്ളം ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന കഞ്ഞി. ഓണത്തിനു മുമ്പ് വരുന്ന പൂരാടത്തിനാണ് പൂച്ചക്കഞ്ഞി ഉണ്ടാക്കുന്നത്‌..,.


മാങ്ങയണ്ടിക്കഞ്ഞി


മാങ്ങയണ്ടി പരിപ്പ് കൊണ്ടുണ്ടാക്കുന്ന കഞ്ഞി. മാങ്ങയണ്ടി നല്ലവണ്ണം കഴുകി എടുത്തു പൊളിക്കുന്നു. ഇതിലെ പരിപ്പ് വെയിലത്ത് വച്ച് ഉണക്കി വെള്ളത്തില്‍ കഴുകി എടുക്കുന്നു. പല പ്രാവശ്യം കഴുകി കട്ട് മാറ്റണം. ഈ പരിപ്പിനെ തേങ്ങാപ്പാലില്‍ വേവിച്ചു കഞ്ഞി ആക്കി കുടിക്കുന്നു. മലബാറില്‍ ആണ് ഇതിനു കൂടുതല്‍ പ്രചാരം.


മുളയരിക്കഞ്ഞി


മുള പൂത്തു അരി വയ്ക്കുന്ന കാലത്ത് മുളന്കൂട്ടത്തിന്റെ ചുവട് അടിച്ചു വൃത്തിയാക്കിയിടും. മൂത്ത് കഴിഞ്ഞു കൊഴിഞ്ഞു വീഴുന്ന മുളയരി അടിച്ചു വാരിയെടുത്ത് ഉമി കളഞ്ഞു കഞ്ഞി ഉണ്ടാക്കുന്നു.


അങ്ങനെയങ്ങനെ അനേക തരം കഞ്ഞികളാല്‍ സമൃദ്ധമായിരുന്നു ഈ കൊച്ചു കേരളം. എന്നാല്‍ ആ കഞ്ഞികളൊക്കെ പോയി, വെറും കഞ്ഞികള്‍ മാത്രമായി ഇവിടം. ഇപ്പോഴും ക്ഷേത്രങ്ങളിലും മരണ വീടുകളിലും (പഷ്ണിക്കഞ്ഞി) കഞ്ഞി കൊടുക്കുന്ന പതിവുണ്ട്എന്നുള്ളത് മറക്കുന്നില്ല  .....   🙏


🌷  കടപ്പാട്   🌷COLLECTED FROM WHATSAPP

Wednesday, 6 January 2021

ഉണ്ട ചോറു മറക്കാതെ

ഉണ്ട ചോറു മറക്കാതെ


"വീടു വിട്ടു വന്ന പോരാളികൾ  ഞങ്ങൾ  ,

വിജയിക്കാതെ , വീട്ടിലേക്കില്ലിനി ഞങ്ങൾ  .

വെടിയുണ്ടകൾ പലയിടത്തൊരുക്കി നിൽപ്പൂ നിങ്ങൾ , 

കോടതിക്കു ചങ്ങലതീർത്തുറക്കിവിട്ടു നിങ്ങൾ  .


ചർച്ചയെന്ന ഭാവത്തിൽ തടഞ്ഞു വെപ്പു ഞങ്ങളെ ,

ചർച്ചയെന്നൊരായുധത്തിൽ തുടങ്ങിയല്ലോ ഞങ്ങളും ,

കർഷകനെയടിമയാക്കും നിയമമിതു  മാരണം "

ഭാരതത്തിൽ കർഷകന്റെ ധീര സമര  കാഹളം .


കർഷകനു വേണ്ടയെന്നു കർഷകൻ പറയുമ്പോൾ 

കർഷകന്റെ വായിലേക്കു തള്ളുവാനിറങ്ങുന്നോ ?

ഇതിനു പേരു ഫാസിസം , ഇതിനു പേരമിത വാശി 

ഇതു ദുരന്ത കാരകമീ നിയമമിന്നൊഴിവാക്കണം .


"വീടു വിട്ടു വന്ന പോരാളികൾ  ഞങ്ങൾ  ,

വിജയിക്കാതെ വീട്ടിലേക്കില്ലിനി ഞങ്ങൾ  ".

ഖാലിസ്ഥാനികളല്ലിവർ  ,കുറ്റവാളിക്കൂട്ടമല്ല ,

നേരു തേടും കർഷകർ ,ഭാരത മക്കൾ .


പൊതു വിതരണ സമ്പ്രദായം താങ്ങി നിൽപ്പൂ നമ്മളെ ,

പൊതുമേഖലാ സ്ഥാപനങ്ങളൊത്തു ചേർപ്പൂ  നമ്മളെ.

അന്നമായിട്ടറിവായി ,സമരവീര്യ സഖാക്കളായ് ,

ജാതി മത ഭേദമില്ലാ ഭാരതത്തിൻ മക്കൾ നമ്മളേവരും .


സഖാക്കളെയൊടുക്കുവാൻ ,സമര വീര്യം തകർക്കുവാൻ ,

ജാതി മത ഭേദമില്ലാ വീക്ഷണത്തെയമർത്തുവാൻ  ,

നിയമ നൂലാമാലകൾ ,തീർപ്പൂ മനുവാദികൾ ,

പോരടിച്ചു  കരുതലോടെ  നില്ക്കണം ,സഖാക്കളേ .


പുതിയ കൃഷി നിയമങ്ങളെന്തിനാണ്  കൂട്ടരേ ?

പൊതു വിതരണ സമ്പ്രദായം തകർക്കുവാൻ .

താങ്ങുവില നീക്കിയാലെന്തു ഗുണം കൂട്ടരേ ,

എഫ് സി ഐ പൂട്ടിടാം ,പൊതു വിതരണം നിർത്തിടാം .

പൊതു വിതരണം നിർത്തിയാൽ  ? വില കയറ്റം ,ക്ഷാമവും 


പുതിയ നിയമ മാരണങ്ങൾ  

അടിമയാക്കും നമ്മളെ, 

വറുതിയും ദുരിതവും 

ദൂരെയല്ലറിയുക ,

അന്നമൂട്ടും കർഷകർ ,

പോരിടുന്നു  നാടിനായ് .


"വീടു വിട്ടു വന്ന പോരാളികൾ  ഞങ്ങൾ  ,

വിജയിക്കാതെ വീട്ടിലേക്കില്ലിനി ഞങ്ങൾ  .

കൊടും തണുപ്പിലുമിരുട്ടിലും  പൊരുതുവോർ ഞങ്ങൾ 

ദുരിതമഴപ്പെയ്ത്തിലിന്നു  മിന്നും ചതി  കണ്ടു 

തെരുവിലേക്കിറങ്ങിയോർ നാം മണ്ണിന്റെ മക്കൾ ."


"ശഹീദ് ഭഗത്സിങ്ങിൻ വഴികളിൽ നടപ്പവർ  നമ്മൾ ,

ചമുക്കോർ യുദ്ധം സിരകളിൽ തിളപ്പവർ നമ്മൾ ,

വെട്ടുക്കിളികളെത്ര വരികിലും  

തടുത്തിടും നമ്മൾ ."

പിൻവലിക്ക ,ചതിയുടെ കെണികളായ നിയമങ്ങൾ 

അൻപതോളം ജീവനുകൾ കുരുതിയായി കിട്ടിയില്ലേ ?

പിൻവലിക്ക , കർഷകനു ബോദ്ധ്യമില്ലാ വ്യവസ്ഥകൾ 

മുന്നറിവും വിവേകവും നമ്മളെ ഭരിക്കട്ടെ .


"വീടു വിട്ടു ,സമര ജ്വാല യിലെരിയുവോർ ഞങ്ങൾ  ,

വിജയിക്കാതെ വീട്ടിലേക്കില്ലിനി ഞങ്ങൾ  .

കർഷകനെയടിമയാക്കും നിയമമൊക്കെ  മാറണം ,"

ഇന്നു ഭാരതത്തിലിതു  ,ധീര സമര  കാഹളം .

ചോറു തരും കൈകളുടെ യതിജീവന യജ്ഞം  ,

ഉണ്ട ചോറു മറക്കാതെ ,പിന്തുണയ്ക്ക കൂട്ടരേ .

-  CKR 05 01 2021 

************************************

TO BE ADDED AND MODIFIED













Monday, 4 January 2021

തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തു അംഗങ്ങളോട്

 തെരഞ്ഞെടുക്കപ്പെട്ട  ഗ്രാമപഞ്ചായത്തു അംഗങ്ങളോട്  , ഇത് ഒരു ഉപദേശമല്ല , ഒരു അഭിപ്രായം  മാത്രം .

വാർഡിലെ വിവിധ മേഖലകളെ ഏതെങ്കിലും ഭൂപ്രകൃതി ( ഉദാ-2റോഡ് കൾക്കിടയിലുള്ള സ്ഥലം , അല്ലെങ്കിൽ ഒരു റോഡിനും ഒരു ചാലിനും ഇടക്കുള്ള സ്ഥലം) അനുസരിച്ച് വിവിധ മേഖലകളായി തിരിക്കുക. ആ ഓരോ മേഖലയും വികസിപ്പിക്കാനുള്ള (25-50 വീടുകൾ) ഒരു മാതൃകാ ഗ്രാമ പദ്ധതി നടപ്പിലാക്കുക. ദുരന്ത പ്രതിരോധ സേനാ രൂപീകരണം, പകർച്ചവ്യാധി പ്രതിരോധം,പരിസ്ഥിതി സ oരക്ഷണം , എല്ലാ വീട്ടിലും ഒരു തൊഴിൽ സംരംഭം, എല്ലാ വീട്ടിലും മഴവെള്ള റീച്ചാർജിംഗ്, എല്ലാ വീട്ടിലും ഊർജ സംരക്ഷണം, സൗരോർജ പാനൽ, മാലിന്യശേഖരണം, പച്ചക്കറിത്തോട്ടം, എന്നിങ്ങനെ ഓരോ 6 മാസത്തിലും പൂർത്തിയാക്കാവുന്ന ചെറു പ്രൊജക്ടുകൾ നടപ്പിലാക്കുക. ആദ്യം ഓരോ ചെറു മേഖലയിലും മെമ്പർ മുൻകൈയെടുത്ത് ആലോചനായോഗങ്ങൾ വിളിക്കുക. ആ യോഗത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾ, ചെറുപ്പക്കാർ., ക്ലബ്ബ് / സംഘടനാ പ്രതിനിധികളായ മറ്റുള്ളവർ., മറ്റു സംഘടനാ പ്രതിനിധികൾ ഇവർ അംഗങ്ങളായ നടത്തിപ്പു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇതിനെ ശു ചിത്വ ഗ്രാമ പദ്ധതി, ഹരിതഗ്രാമ പദ്ധതി, സ്വാശ്രയ ഗ്രാമ പദ്ധതി തുടങ്ങിയ പേരുകൾ നൽകാം. ഇതിന്റെ ഗുണം വാർഡിൽ 6-10 വരെ ചെറു മേഖലാതല ഗ്രൂപ്പുകളിൽ നിന്ന് ചുരുങ്ങിയത് 2 പേരെങ്കിലും ( അതത് ഗ്രൂപ്പിന്റെ ചെയർമൻ, കൺവീനർ ) active ആയി വരും എന്നതാണ്.

പഞ്ചായത്തിന്റെ അറിയിപ്പുകൾ നൽകാനും പുതിയ പദ്ധതികൾ വിശദീകരിക്കാനും പ്രവർത്തനങ്ങൾക്ക് സഹായികളെ ലഭിക്കാനും ഈ മാതൃകാ ഗ്രാമയൂണിറ്റുകൾ ഉപകരിക്കും.

 ഓരോ മാതൃകാ ഗ്രൂപ്പിനും ഒരു പ്രവർത്തന 11 അംഗകമ്മിറ്റി, അവ ഓരോന്നിന്റെയും ചെയർമാനും കൺ വീനറും അംഗങ്ങളായ ഒരു വാർഡ്തല പ്രവർത്തന സമിതി യും വേണം. വാർഡ്തല പ്രവർത്തന സമിതിയുടെ അധ്യക്ഷ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിരിക്കണം. വാർഡിൽ 250 വീടുകൾ ഉണ്ടെങ്കിൽ 5 -10 വരെ മാതൃകാ ഗ്രാമങ്ങൾ ആകാം. അപ്പോൾ  10 x 2 = 20 അംഗങ്ങൾ വാർഡ് തല പ്രവർത്തന സമിതിയിൽ വരും.  ഓരോ മാതൃകാ ഗ്രാമസമിതിയിലും ഗ്രാമ പഞ്ചായത്ത് മെമ്പർസ്ഥിരം ക്ഷണിതാവും രക്ഷാധികാരിയും ആയി പ്രവർത്തിക്കണം.

പഞ്ചായത്തിലെ സ്കൂൾ ക്ലബുകൾ /  ജേസീസ് / വായനശാലകൾ തുടങ്ങിയവ യെ പല പ്രോജക്ടുകളിൽ വളണ്ടിയർമാരായി ഉൾപ്പെടുത്താനും കഴിയും. സോപ്പു നിർമ്മാണം, പരിശീലനം, കുട നിർമ്മാണ പരിശീലനം,  സാനിറ്റൈസ ർ ,മാസ്ക് നിർമ്മാണ പരിശീലനം , ഇങ്ങനെ വിവിധങ്ങളായ പല പ്രവർത്തനങ്ങളും വാർഡിന്റെ വിവിധ മേഖലകളിൽ ചെയ്യാൻ കഴിയും.

വിവിധ വാർഡ്തല സമിതികളെ  ഏകോപിപ്പിക്കാൻ ഗ്രാമപഞ്ചായത്ത്തല വികസന സമിതി പ്രവർത്തിക്കണം.അതിൽ ഓരോ ഗ്രാമ പഞ്ചായത്തിൽ നിന്നും മെമ്പറെ കൂടാതെ 2 /3 അംഗങ്ങളെ കൂടാതെ ഉൾപ്പെടുത്തണം. ഈ അംഗങ്ങൾ മാതൃകാ ഗ്രാമങ്ങളുടെ ( ഏറ്റവും ചെറിയ യൂണിറ്റ്) ചെയർമൻ/ കൺവീനർ ആയിരിക്കണം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് വിവിധ വാർഡുകളിലെ ചെറു മേഖലകളിലെ പ്രശ്നങ്ങളിൽ പോലും ഇടപെട്ടു സഹായിക്കാൻ ഈ ഘടന ഉപകരിക്കും

ഗ്രാമ സമിതി,വാർഡ് സമിതി , പഞ്ചായത്തു തല സമിതി  എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കും തുല്യ പ്രാധാന്യം നൽകാനും ശ്രമിക്കണം .യുവജന പ്രതിനിധികൾക്ക് പ്രാധാന്യം നൽകണം .വിവിധ തല യോഗങ്ങൾ എപ്പോഴും ഏതെങ്കിലും ഒരു വീട്ടുമുറ്റത്തു ,പരമാവധി ആളുകൾ പങ്കെടുക്കാൻ പറ്റിയ സമയങ്ങളിൽ ചേരണം .ഇത് ഒരു അനൗപചാരിക സമിതിയാണെന്നും അവസാന തീരുമാനങ്ങൾ ഗ്രാമപഞ്ചായത്തിന്റേതാണെന്നും തുടക്കം മുതലേ വ്യക്തമാക്കിയിരിക്കണം . നല്ലതു വരട്ടെ