Saturday, 5 October 2019

രക്തദാനം നടത്തി.05/10/2019



57  വയസ്സിൽ ഞാനും 63  വയസ്സിൽ രാജു കൊച്ചില്ലാത്തും ആലക്കോട് കൊട്ടയാടു കവല  മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ എന്ന നിലയിൽ രക്തദാനം നടത്തി.


ആകപ്പാടെ അര മണിക്കൂർ മതി .സൂചി കുത്തുമ്പോഴുള്ള ആദ്യ വേദന മാത്രമേ ഉള്ളു .വലിയ ക്ഷീണവും ഇല്ല .10 മിനിട്ടിനുള്ളിൽ  ചോരയെടു ത്തു കഴിയും .  ഞാൻ പലതവണ  ചെയ്തിട്ടുണ്ട് .ചെറുപ്പക്കാരെ രക്തദാനം ചെയ്തു ശീലിപ്പിക്കാനുണ്ട് .പലരും പേടി കൊണ്ട് മാറി നിൽക്കുന്നുണ്ട് .മെലിഞ്ഞവർക്കു രക്തദാനം പറ്റില്ല എന്ന തെറ്റിദ്ധാരണയും മാറ്റണം .





Wednesday, 2 October 2019

അശാന്തിപർവം -സുഷമ സുരേഷ് 02/10/2019

അശാന്തിപർവം -സുഷമ സുരേഷ്  02/10/2019


സുഷമയുടെ കഥകളിൽ നഗര ജീവിതത്തിൻറെ വ്യഥകളും മിഥ്യാധാരണ കളും  സ്ത്രീ ശാക്തീകരണത്തിന്റെ പ്രവണതകളും  ചർച്ച ചെയ്യപ്പെ ടുന്നുണ്ട് .സ്വാശ്രയസംരംഭങ്ങളിലേക്കു മാറുന്ന സ്ത്രീജീവിതം  നേരിടുന്ന വെല്ലുവിളികൾ "വക്രദൃഷ്ടി" എന്ന കഥയിൽ  ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളും ഗൂഢാലോചനക ളുമായി മാറുന്നത് വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട് .  വളരെ ലളിതവും മറകളില്ലാത്തതു മായ ഒരു കഥനരീതി  കഥകളെ വായനയോഗ്യമാക്കുന്നു .താളം തെറ്റിയ ചുവടുകൾ എന്ന കഥയിൽ ചേരിപ്രദേശങ്ങളിലെ ജീവിതത്തിലേക്ക് കഥ കടന്നു ചെല്ലുകയും ചേരിജീവിതത്തിന്റെ ദൈന്യങ്ങളിൽ അനുതപിക്കുകയും ചെയ്യുന്നു .

മനസ്സിന്റെ മാറാലകൾ  എന്ന  കഥയിലെ ജയലക്ഷ്മിയും  അച്ഛൻറെ സ്‌നേഹം അനുഭവിക്കാനായി മാത്രം അമ്പലത്തിൽ പോകുന്ന കാവേരിയെന്ന കഥാപാത്രവും മൗലികതയുള്ള ചിത്രങ്ങളാണ് .   "പുഴയുടെ ദുഃഖം പുഴ മാത്രമേ അറിയൂ .തീരങ്ങളിൽ നിൽക്കുന്നവർക്ക് അതിൻറെ ആഴങ്ങളിൽ കണ്ണയച്ചു നിൽക്കാനേ കഴിയൂ  .ആഴങ്ങളിലെ ചുഴികൾ  കാണാൻ പോലുമാവില്ല"  ഇത് പോലെ മനസ്സിൽത്തട്ടുന്ന ധാരാളം പ്രകൃതി നിരീക്ഷണങ്ങൾ  സുഷമയുടെ കഥകളിൽ തിളങ്ങുന്നുണ്ട് .

മഞ്ഞുരുകുമ്പോൾ  എന്ന കഥയും  വ്യത്യസ്തമായ പശ്ചാത്ത ലത്തിലാ ണ്  ഒരുക്കിയിരിക്കുന്നത്  .കലാലയമേധാവിയുടെ കർശനമായ ചിട്ടകൾ  അയാളെ സഹപ്രവർത്തകരിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റി നിറുത്തുന്നതും വ്യക്തി  ജീവിത ത്തിൻറെ കയ്പുകളിൽ അയാളുടെ   മനസ്സ്  നീറുന്നതും ഈ കഥ  സമർത്ഥമായി നമ്മളെ ബോധ്യപ്പെടുത്തുന്നു .അകത്തും പുറത്തുമുള്ള  ഏകാന്തതകളുടെ കഥാകാരിയാണ് സുഷമ .

അനുപല്ലവി  എന്ന  കഥയിൽ അഭിമാനിയായ  ഭാഗവതരുടെ ദൈന്യമാർന്ന ചിത്രം നമ്മളോട് വിശദമായി വിവരിക്കുന്നത് സെൻസസിനായി   അയാളുടെ വീട്ടിൽ പോയിരുന്ന ഒരു പുരുഷ കഥാപാത്രമാണ് .കഥകളിൽ സുഷമ  പുരുഷ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് കൗ തുകകരമാണ് .രാഷ്ട്രീയക്കാരും മറ്റു സംഘടനക്കാരും അയാളുടെ ( ഭാഗവതരുടെ )കലയെ മറ്റെന്തോ ആക്കി മാറ്റിയിരിക്കുന്നു എന്ന വരികൾ ഉള്ള ഖണ്ഡിക കേവല വിവരണവും അരാഷ്ടീയ വാദത്തോട് ഇഴചേരുന്നതുമായി മായി മാറിപ്പോവുന്നുണ്ട് .ഈ കഥയുടെ അവസാന ഖണ്ഡികയിലെ വരികളിലും വാക്കുകൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നതായി തോന്നി.

അശാന്തിപർവ്വം എന്ന കഥ സ്ത്രീപീഡന വാർത്തകളോടുള്ള അതിശക്തമായ പ്രതികരണമായി മാറുന്നു .ഇതിലെ സ്ത്രീമനസ്സു  കാമപ്പിശാചുകൾക്കു അതി കഠിനവും മൃഗീയവുമായ ശിക്ഷകൾ സ്വപ്നം കാണുന്നു ,അതോടൊപ്പം ദുഷ്ടനിഗ്രഹത്തിനായി ഈശ്വരൻ അവതരിക്കുമെന്ന പ്രതീക്ഷയുമുണ്ട് .അപമാനിതയായ പെൺകുട്ടിയുടെ ശരീരത്തിനേറ്റ മുറിവു കൾ ചികിൽസിച്ചു മാറ്റാം .പക്ഷേ അവളുടെ മനസ്സിനേറ്റ  മുറിപ്പാടുകൾ ആർക്കാണ് ചികിൽസിച്ചു മാറ്റാനാവുക എന്ന് ശാരദ എന്ന വീട്ടമ്മ വിലപിക്കുന്നു .നേരം വണ്ണം വെച്ചുണ്ടാക്കാത്തതിന്  മക്കളുടേയും ഭർത്താവിന്റേയും കുറ്റപ്പെടുത്തലുകൾക്ക്  ഇത്തവണ  ഒന്നും പ്രതികരിക്കാതെ ശാരദ ഒരു പ്രതികാരസ്വപ്നത്തിൽ  ശാന്തി തേടുന്ന വിധത്തിലാണ് സുഷമ സുരേഷ് കഥ തീർക്കുന്നത് .ഞെട്ടിക്കുന്ന ദൃശ്യ ബിംബങ്ങൾ  അസ്വസ്ഥമായ മനസ്സിൻറെ തീക്ഷ്‌ണ ചിന്തകളെ പ്രതിഫലിപ്പിക്കാൻ ഉതകുന്നുണ്ട് . നേരം വണ്ണം വെച്ചുണ്ടാക്കൽ  സ്ത്രീയുടെ  മാത്രം ഉത്തരവാദിത്തമാകുന്ന കാഴ്ചപ്പാടുകൾ  എവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല .  വിലാപത്തിലും ഈശ്വര സഹായം എന്ന കിനാവിനുമപ്പുറം കഥ പോകുന്നില്ല എന്ന പരിമിതിയും കാണേണ്ടതാണ് ."ഇടക്ക് ഇറച്ചിക്കും ബിരിയാണിക്കുമായി നടക്കുന്ന സമരങ്ങളെ" അനവസരത്തിലും മതരാഷ്ട്രീയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണങ്ങളാണവ  എന്ന്ഉൾക്കൊള്ളാതെയുമാണ്   പരാമർശിച്ചിരിക്കുന്നത് എന്നു തോന്നി .ദുഷ്ട നിഗ്രഹത്തിനായി ആരെങ്കിലും അവതരിക്കും  എന്ന് കാത്തിരു ന്നിട്ട്  കാര്യമൊന്നുമില്ല .സമത്വത്തിനും നീതിക്കും  വേണ്ടിയുള്ള കലാപം വീട്ടകങ്ങളിൽ അവനവൻ തന്നെ തുടങ്ങേണ്ടതുണ്ട് .മക്കളിൽ നിന്നും പുരുഷനിൽ നിന്നും സ്ത്രീക്ക് ലഭിക്കേണ്ടത് ആഹാരം പാകം ചെയ്യലടക്കം എല്ലാ വീട്ടു  ജോലികളിലും പങ്കാളിത്തവും സമത്വവും പരസ്പരബഹുമാനവുമാണ് .താൻ  അടിമയാണെന്നും ആരാലെങ്കിലും രക്ഷിക്കപ്പെടാൻ മാത്രം വിലപിക്കലാണ് തൻ്റെ ജോലിയെന്നും സ്ത്രീ കരുതിയാൽ മാറ്റം അസാദ്ധ്യമാണ് .
" വാനപ്രസ്ഥം " മക്കളുടെ വിധിയിൽ കഴിയേണ്ടിവരുന്ന വാർദ്ധക്യത്തിൻറെ ആകുലതകൾ പറയുന്നു .
തൻ്റെ ആരുമ ല്ലാത്ത എങ്ങോ കിടക്കുന്ന ഒരു ഭ്രാന്തന് വേണ്ടി അസ്വസ്ഥപ്പെടുന്ന ഒരു മനസ്സാണ് പാവം മണിസ്വാമിയെ നമുക്ക് പരിചയപ്പെടുത്തുന്നത് .ആധുനിക സൗകര്യങ്ങളെല്ലാം അനുഭവിക്കുന്ന മാളികവീടുകളിൽ താമസിക്കുന്ന മനുഷ്യർ എത്ര അസംതൃപ്‌തരാണ് .അത്  കണ്ടിട്ടാവാം ഭ്രാന്തൻ ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന കഥാകാരിയെയാണ്  ഈ കഥയിൽ    നാം കാണുന്നത് .ഇതിലും രാഷ്‌ട്രീയത്തിന്റെ പേരിൽ ഓടി നടക്കുന്ന മനുഷ്യരേ യും മാനസിക രോഗികളായാണ് കഥാകാരി വരച്ചു വെക്കുന്നത് എന്നത് എനിക്ക് അസ്വീകാര്യമായി തോന്നി .ആർദ്രതയും വെളിവുമുള്ള എത്രയോ രാഷ്ട്രീയക്കാരാണ് കേരള സമൂഹത്തിൽ ഇന്നു കാണുന്ന നന്മകൾക്ക് കാരണക്കാർ എന്നത് മറച്ചു വെക്കേണ്ട ഒരു കാര്യമല്ല .

കശാപ്പുകാരൻ കോഴികളെ വളർത്തുന്നതും രാഷ്ട്രീയ നേതാവ് അണികളെ വളർത്തുന്നതും ഒരേ ലക്ഷ്യത്തോടെയാണെന്നു  തൊട്ടടുത്ത നിയോഗം എന്ന കഥയിൽ  കഥാകാരി എടുത്തുപറയുന്നുണ്ട് .മുൻ വിധിയോടെയുള്ള സാമാന്യ വൽക്കരണം എന്നേ ഇതേക്കുറിച്ചു പറയാനുള്ളൂ .ചില നേതാക്കളും ചില  അണികളും അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നുണ്ടാകാം .സർക്കാർ ജീവനക്കാരെല്ലാം അഴിമതിക്കാരാണെന്നു പറയുന്നത് പോലെയുള്ള അസത്യമായി കഥകളിലെ ചില നിരീക്ഷണങ്ങൾ മാറുന്നുണ്ട് . അന്യ മതത്തിൽപ്പെട്ടവരെ  കൊന്നൊടുക്കാനുള്ള  ആയുധ പരിശീലനം നേടി രാഷ്ട്രീയ ത്തിന്റെ മുഖം മൂടി അണിഞ്ഞു മനുഷ്യരെ പച്ചക്കു കൊല്ലുന്ന ചില സംഘങ്ങളുടെ നിരന്തര ഇടപെടലുകളാണ് രാഷ്ട്രീയക്കാരനെ കൊലക്ക് കൊടുക്കുന്നത് എന്ന്‌ തിരിച്ചറിയാനും കഥക്ക് കഴിയേണ്ടതല്ലേ ? കഥ  ചില പ്രത്യേക സംഭവങ്ങളിൽ നിന്നും ചില മനുഷ്യരിലേക്കും ആശയങ്ങളിലേക്കും വികസിക്കുന്നതിനു പകരം സംഭവങ്ങൾക്കും വായനക്കാരനുമിടയിൽ   പൊതുവായ വിവരണം മാത്രമായിപ്പോവുമ്പോഴാണ്  കഥയുടെ ആഴം കുറഞ്ഞു പോവുന്നത് .

ഇരുൾച്ചുഴികളിൽ  നഗരപാതയിലൂടെ തൻ്റെ കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചു കൊണ്ട് ഓടേണ്ടിവരുന്ന യുവതിയായ യാചകിയുടെ ചിത്രം ഏതു മനസ്സിനേയും അസ്വസ്ഥപ്പെടുത്തും .ആളുകളും വാഹനങ്ങളും പശുക്കളും ഒഴുകുന്ന നഗരത്തിൽ ഇരുട്ടിൻറെ നീക്കങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദീപസ്‌തംഭമായി ഈ  കഥ ഉയരുന്നു .

മദ്യദുരന്തത്തിൽ മരണപ്പെട്ട ആളിന്റെ കുടുംബത്തിന് അനുവദിക്കപ്പെടുന്ന ധനസഹായം മദ്യപാനികൾക്കുള്ള പ്രോത്സാഹനമെന്നു തിരിച്ചറിഞ്ഞു ഞെട്ടുന്ന ജാനകി എന്ന വിധവയെ അവതരിപ്പിക്കുകയാണ് ചിതയെരി യുമ്പോൾ എന്ന കഥയിൽ .ആക്ഷേപഹാസ്യവും അത്യുക്തിയും ഇഴചേരുന്ന ഈ കഥ ചിന്തോദ്ദീപകമാണ് ,

അദ്ധ്യാപക ജീവിതത്തിലെ ചില ഇടപെടലുകൾ തൻ്റെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വരുത്തുന്ന വ്യതിയാന ങ്ങളിൽ  നൊമ്പരപ്പെടുന്ന സുഷമ ടീച്ചറെയാണ് ചിരിയിലെ നൊമ്പരങ്ങൾ എന്ന കഥയിൽ കാണാവുന്നത് .മതനിരപേക്ഷമായ ഒരു പശ്ചാത്തലത്തിലേക്ക് അലി അക്ബറിൻറെ ജീവിത കഥ വളരുകയും ചെയ്യുന്നു..താളംതെറ്റിയ ചുവടുകളിൽ ചേരിപ്രദേശത്തിൻറെ വ്യഥകളിലും കൊച്ചു സന്തോഷങ്ങളിലും അലിഞ്ഞു ചേരാൻ കഴിയാതെ വിഷമിക്കുന്ന അദ്ധ്യാപക മനസ്സ്   നഗരജീവിതത്തിൽ വന്നു ചേർന്ന സാംസ്കാരികമായ വിടവുകളെ കുറിച്ച് നമ്മെ ബോധവത്കരിക്കുകയാണ്‌ .

നന്ദിതയുടെ അമ്മ എന്ന കഥയിൽ  വളരെ വ്യത്യസ്തമായ  ഒരു പെണ്മനസ്സിനെ നാം അറിയുന്നു.അമ്മയുടെ ആൽമഹത്യ വരുത്തിയ വിടവുകളിൽ ഉത്തരവാദിത്തവും സ്നേഹവും തന്റേടവുമാർന്നു  കഥ വികസിക്കുമ്പോൾ  പ്രകാശം പൊലിഞ്ഞു പോയ തൻ്റെ ജീവിതത്തിൽ ഒരു തിരിച്ചു വരവ്‌ നടത്തുന്ന നന്ദിതയെന്ന പെൺകിടാവിൻറെ ധീരമായ നീക്കങ്ങൾ തെളിയുന്നുണ്ട് .കണ്ണീരു തുടച്ചു കളയാനും ശക്തിയിലേക്കു കുതിക്കാനും പ്രേരിപ്പിക്കുന്ന ഈ കഥ സുഷമ എന്ന കഥാകാരിയുടെ നയപ്രഖ്യാപനമായി മാറുന്നു .

ജീവിത യാത്രകളിൽ അകക്കണ്ണ് തുറന്നുവെച്ച ആർദ്രമായ ഒരു മനസ്സിൻറെ   അതിശക്തമായ ജീവിത വ്യാഖ്യാനങ്ങളാണ് സുഷമ സുരേഷ്  തൻ്റെ ആദ്യ പുസ്തകത്തിലെ  പതിമൂന്നു കഥകളിൽ പകർന്നുവെച്ചിരിക്കുന്നത് .കഥക്ക് വേണ്ടിയുള്ള കഥകളല്ല .ഒരു പുസ്തകത്തിന് വേ ണ്ടിയുള്ള  പുസ്തകവുമല്ല .ചില കഥകളിൽ അശാന്തിക്ക് കാരണമായി കഥാകാരി കണ്ടെത്തുന്ന കാരണങ്ങളോടും  മുൻധാരണകളോടും  വിയോജിച്ചുകൊണ്ടു തന്നെ നട്ടുച്ചക്ക് പോലും ഫാസിസത്തിൻറെ ,മതരാഷ്ട്രീയത്തിന്റെ ഇരുട്ടുപരക്കുന്ന ഈ കെട്ട  കാലത്തു അനുവാചകമനസ്സിൽ അശാന്തി വിതക്കുന്ന   ധീരവും ഒന്നിനൊന്നു വ്യത്യസ്തവും മൗലികവുമായ ഈ കഥകളെ സാദരം സസ്നേഹം സ്വീകരിക്കുന്നു .ഇനിയും ചിന്തിക്കാനും സ്വയം ശാക്തീകരിക്കാനും എഴുതാനും  സമയവും സാവകാശവും ലഭിക്കട്ടെ എന്ന് ആശം സിക്കുകയും ചെയ്യുന്നു .
 ജനാധിപത്യ ക്രമത്തിലെത്താൻ
ഗാന്ധിയുടേയും  ജവഹർലാൽ നെഹ്‌റുവിൻറെയും  നേതൃത്വത്തിൽ  ഇന്ത്യൻ ജനത നടത്തിയ പോരാട്ടം രണ്ടു തലങ്ങളിൽ ആയിരുന്നു .ഇഷ്ടപ്പെടാത്ത  അഭിപ്രായം പറയുന്ന ആളുകളെ വീട്ടിൽ നിന്ന് പുറത്താക്കാനും പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും അയക്കാനും ചില ആളുകൾ പദ്ധതിയിടുന്ന ഈ കറുത്ത കാലത്തു നേരത്തെ പറഞ്ഞ രണ്ടു തലങ്ങളിൽ ഉള്ള പോരാട്ടം തുടരേണ്ടിയിരിക്കുന്നു .രണ്ടു തലം  എന്ന് പറഞ്ഞത് ഒന്ന് നിലവിലുള്ള ഫാസിസ്റ്റു പ്രവണതകളെ നിരന്തരം പ്രതിരോധിക്കുക എന്നതാണ് .രണ്ടാമതാകട്ടെ , നമ്മുടെ ഇടയിലുള്ള സാമൂഹ്യ അനീതികളെയും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ-കലാസാംസ്കാരിക പ്രവർത്തങ്ങളിലൂടെയുള്ള പ്രചാരണങ്ങളും മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയുള്ള നിയമ നിർമ്മാണവും  അതിശ്രദ്ധയോടെ തുടരുക എന്നുള്ളതാണ് .സുഷമ സുരേഷിന്റെ പുസ്തക പ്രസിദ്ധീകരണം അർഥപൂർണമായ ഒരു സംസ്കാരിക പ്രവർത്തനമാകുന്നത് രണ്ടാമത് പറഞ്ഞ തലത്തിലാണ് .നമ്മുടെ ജീവിതത്തിലുള്ള അനീതികളെ വിശകലനം ചെയ്യാനും അവക്കെതിരെയുള്ള പ്രവർത്തന ങ്ങൾ ശക്തിപ്പെടുത്താനും ഈ കഥകളുടെ വായനയും തുടർന്നുള്ള ചർച്ചകളും ഉപകരിക്കും എന്നതിൽ സംശയമില്ല .അശാന്തിപർവ്വത്തിലെ 13 കഥകളും ഒന്നിനൊന്നു വ്യത്യസ്ഥമായ സാമൂഹ്യപ്രശ്നങ്ങൾ ആണ് ചർച്ച ചെയ്യുന്നത് .വാർദ്ധക്യത്തിന്റെ പ്രശ്നങ്ങൾ ,സ്ത്രീ ശാക്തീകരണം നേരിടുന്ന വെല്ലു വിളികൾ,സ്ത്രീ പീഢന ത്തിന്റെ മുറിവുകൾ ,രാഷ്‌ടീയത്തിൻറെ അപചയമായ അക്രമ ങ്ങൾ ,അരാഷ്ട്രീയവാദത്തിന്റെ ഉള്ളറകൾ ,നഗര ജീവിതത്തിന്റെ മാനസിക ചാപല്യങ്ങൾ ,വ്യക്തികൾ അകത്തും പുറത്തുമായി അനുഭവിക്കുന്ന ഏകാന്തതയുംചൂഷണവും    എന്നിങ്ങനെ സമൂഹ ജീവിതത്തിന്റെ താളക്കേടുകൾ ചർച്ച ചെയ്യുന്ന ഈ പുസ്തകം വർത്തമാനകാലത്തു പ്രസക്തമാകുന്നത് ഇങ്ങനെയൊക്കെയാണ്.സുഷമയുടെ തുടർന്നുള്ള എഴുത്തു നേരത്തെ സൂചിപ്പിച്ച ഇരുട്ടിന്റെ ശക്തികളെ    പ്രതിരോധിക്കുന്നതിനുള്ള  വഴികൾ - അവതാരങ്ങളുണ്ടാകുമെന്ന മോഹങ്ങൾക്കപ്പുറം -തേടുമെന്നും അങ്ങിനെ  കൂടുതൽ ചര്ച്ച ചെയ്യപ്പെടാനിടയാക്കുമെന്നും  പ്രത്യാശിക്കുന്നു .












Tuesday, 1 October 2019

വയോജനദിന ആചരണം തളിപ്പറമ്പ് ,ഒക്ടോബര് 1,2019

  വയോജനദിന ആചരണം തളിപ്പറമ്പ്  ,ഒക്ടോബര് 1 ,2019 :    കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്  യൂനിയൻ തളിപ്പറമ്പ് ബ്ലോക്കിന്റെ നേതൃത്വത്തിൽ വയോജനദിന ആചരണം മുൻ എം എൽ എ ശ്രീ സി കെ പി പദ്മനാഭൻ ഉത്ഘാടനം ചെയ്തു .ടൌൺ കമ്മിറ്റി  പ്രസിഡണ്ട്  ശ്രീ കെ ശിവശങ്കര പ്പിള്ള  മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക്കമ്മിറ്റീ സെക്രട്ടറി ശ്രീ പി കുഞ്ഞിക്കണ്ണൻ ,ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ ഓ വി  ഗോപാലൻ മാസ്റ്റർ മുൻ ജില്ലാ  കമ്മിറ്റി മെമ്പർ  ശ്രീ സി ഓ ശങ്കരൻ മാസ്റ്റർ ,ടൌൺ സെക്രട്ടറി ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .

മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം മുതിർന്ന പൗരന്മാരായി തീരുന്ന കാലം വിദൂരമല്ല .വയോജനങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കൂടി പ്രശ്നങ്ങളാണ് എന്ന് മനസ്സിലാക്കി ഏറ്റെടുക്കാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട് .സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താൻ കർമ്മശേഷിയുള്ളവരായി അവരെ എങ്ങിനെ നിലനിറുത്താമെന്നും സാമൂഹികവും രാഷ്ടീയവു മായ പ്രവർത്തന ങ്ങളിൽ എങ്ങിനെ പങ്കാളികളാക്കാമെന്നും ചിന്തിക്കേണ്ടതുണ്ട് .അവർ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനും നമുക്ക് പ്രതിജ്ഞയെടുക്കമെന്നും പൊതുവെ അഭിപ്രായങ്ങളുണ്ടായി .

ആയുർ ദൈർഘ്യം 74 ആകുന്ന വിധത്തിൽ ഇപ്പോഴത്തെ കേരളം സമൂഹം മുന്നോട്ടുവന്നതിൽ നവോത്ഥാന ശ്രമങ്ങളുടെ പങ്കു മുൻ എം എൽ എ ശ്രീ സി കെ പി പദ്മനാഭൻ വിശദീകരിച്ചു .തൊള്ളായിരത്തി ഇരുപതുകളിൽ തൊഴിലിനും  വിദ്യാഭ്യാസത്തിനും അവകാശമില്ലാതിരുന്ന  ജനവിഭാഗങ്ങൾ  മലയാളീ മെമ്മോറിയൽ , ഈഴവ മെമ്മോറിയൽ തുടങ്ങിയ സമരഘട്ടങ്ങളിലൂടെ ഡോ പല്പുവിന്റെയും ശ്രീനാരായണഗുരുവിൻ്റെയും മറ്റു സാമൂഹ്യ പരിഷ്ക ർത്താക്കളുടെയും നേതൃത്വത്തിൽ നടത്തിയ വിവിധ മുന്നേറ്റങ്ങളാണ് ഇന്നത്തെ കേരളമായിമാറാനിടയാക്കിയത് എന്ന് ഓർമിപ്പിക്കപ്പെട്ടു .ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും ഇന്ന് നേടിയ വളർച്ച നിലനിറുത്തുന്നത് എളുപ്പമല്ലാതായിരിക്കുന്നു .യുവാക്കൾ മയക്കു മരുന്നിന്റെയും മദ്യത്തിന്റെയും കമ്പ്യൂട്ടർ ഗെയിമുകളുടേയും  സ്വാധീനത്തിൽ പെട്ടി രിക്കുന്നു   .ഭക്ഷണം വിഷമയമായിരിക്കുന്നു .മരുന്നുകളുടെ വില ക്രമാതീതമായി കൂടിയിരിക്കുന്നു .ഇങ്ങനെ പോയാൽ വരുംതലമുറക്ക് ഇന്നുള്ള ആയുർദൈർഘ്യം ഉണ്ടാകുമെന്നു പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത് .അത് കൊണ്ട് തന്നെ  പ്രവർത്തിക്കാൻ ഒരുപാടു മേഖലകൾ വയോജനങ്ങളെ കാത്തിരിക്കുന്നുണ്ട് .അണുകുടുംബ സാഹചര്യത്തിൽ അവർ അരക്ഷിതരായി മാറുന്നുണ്ട് .സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വയോജനങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട് .സാന്ത്വന രംഗത്ത് പഞ്ചായത്തു തലത്തിൽ നീക്കിയാൽ ദൈന്യ സാഹചര്യമുള്ള 40 ഓളം കുടുമ്ബങ്ങളെ ഓരോ പഞ്ചായത്തിലും കാണാം .അവരെയൊക്കെ സഹായിക്കുക എന്ന വെല്ലുവിളിയും ഏറ്റെടുക്കേണ്ടതുണ്ട് .



 തളിപ്പറമ്പ് ടൗണിലെ കുറച്ചു സീനിയർ സിറ്റിസൻമാരെയെങ്കിലും ചടങ്ങിൽ ആദരിക്കുക കൂടി ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നി .-ckr 1/10/2019




Monday, 30 September 2019

ഒഴിമുറിയെക്കുറിച്ചു സുഹൃത്തുക്കൾ

ഒഴിമുറിയെക്കുറിച്ചു സുഹൃത്തുക്കൾ UPDATED 30/09/2019


മധുപാൽ സാറിന്റെ ഒഴുമുറി സിനിമ വളരെ യധികം ഹൃദയസ്പർശിയായ കഥയാണ് . ഒരുപാട് ഫ്ലാഷ് ബായ്ക്കുകൾ കഥ പറയുന്നു.  ഒരു പാട് സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു  മകൻ, ഭർത്താവ്, അച്ഛൻ എന്നീ റോളുകൾ ലാൽ സർ ഭംഗിയായി അവതരിപ്പിക്കുന്നു. ഭാര്യയോടുള്ള അമിത സ്നേഹം  പലപ്പോഴും ക്രൂരതയാവുന്നു.  തന്റെ അച്ഛന് അമ്മ യിൽ നിന്നുണ്ടായ അനുഭവം  തന്റെ ഭാര്യയിൽ നിന്നും തനിക്കുണ്ടാവാതിരിക്കാൻഭയപ്പെട്ട്  പരദൂഷണക്കാരുടെ വാക്കുകൾക്ക് വില കല്പ്പിച്ച്‌  ഭാര്യയെ തന്റെ ചൊല്പടിക്ക് നിർത്താൻ പലപ്പോഴും ക്രൂരനാകേണ്ടി വന്നു .  നല്ല മരുമകൾ ആയും നല്ല ഭാര്യ യായും നല്ല അമ്മ യായും മീനാക്ഷി യമ്മ എന്ന കഥാപാത്രവും .  ഭർത്താവിനെയും മകനെയും അമ്മയെയും നല്ല പോലെ അവരുടെ മനസ് തിരിച്ചറി ഞ്ഞു  മനസ്സിലാക്കുന്നുണ്ട് .  തിരുവനന്തപുരം കന്യാകുമാരി പ്രദേശങ്ങളി ലുള്ള കുടുംബ ങ്ങളിൽ താമസിക്കുന്ന കുല സ്ത്രീ കളുടെ സ്വഭാവ സവിശേഷതകൾ പ്രകടമാ ക്കു ന്ന  ശ്വേതയുടെ അഭിനയവും വളരെ ശ്രദ്ധേയമാണ്.  മകന്റെ ഓർമ്മയിൽ തെളിയുന്ന അച്ഛന്റെ ചിത്ര ത്തിനു ക്രൂരതയുടെ മുഖമാണ്.  അമ്മ യെയും തന്നെ യും ഉപദ്രവിക്കു ന്ന ദുഷ്ടനായ അച്ഛൻ.  ഫ്ലാഷ് ബാക്കി ലൂടെ യാണ് നാം അറിയുന്നത്.  മകന്റെ രോഗ ശാ ന്തി ക്കായുള്ള അതി കഠിന മായ ചികിത്സാ വിധി യായിരുന്നു  ഈ മർദ്ദന മുറയെന്ന്.  അവിടെ യാണ് നാം ആ അച്ഛനെ തിരിച്ചറി യുന്ന ത്.  സഹോദരി യോട് എത്ര തന്നെ സ്നേഹ മുണ്ടെങ്കിലും ഒരു പരിധി ക്കപ്പുറം തന്റെ കുടുംബം എന്ന സ്വാർത്ഥത മൂലം മകനെ വിധിക്കു വിട്ടു കൊടുക്കാൻ നിർദേശി ക്കു ന്ന സഹോദരൻ.  പുതിയ കാല ഘട്ട ത്തി ന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവി ക്കു ന്ന  ആസിഫ് അലിയുടെയും ഭാവ നായുടെ യും അഭിനയ തികവ്. അങ്ങനെ ജീവിത ഗന്ധി യായ ഒരു പാട് കഥാ പാത്രങ്ങ ൾ ക്ക് ഈ സിനിമ യിലൂടെ ജീവൻ നൽകിയിരിക്കുന്നു.  ഇത്തരം മുഹൂർത്തങ്ങ ൾ സമ്മാനിച്ച ഓർമ്മ കൾ ക്കു മുന്നിൽ പ്രണാമം-സ്മിത ( FORWARDED BY PRASAD A R)
*********************************************************************************സ്മിത നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ.👏👏

 ഇവിടെ  സൂചിപ്പിച്ചതു പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ നായർ തറവാടുകളിൽ നിലനിന്നിരുന്ന മരുമക്കത്തായ, മക്കത്തായ സമ്പ്രദായങ്ങളുടെ സങ്കീർണ്ണതകളെ മൂന്നു തലമുറകളുടെ കഥ പറഞ്ഞു കൊണ്ട് വിശകലനം ചെയ്യുകയാണ് ഒഴിമുറിയിൽ മധുപാൽ.

ഭാര്യയെ അടിമ യേപ്പോലെ കാണുന്ന പുരുഷനെ , തന്റെ ഇച്ഛക്കനുസരണമല്ലെങ്കിൽ അവളെ നിഷ്കരുണം അടിച്ചമർത്താൻ ശ്രമിക്കുന്ന അഹംഭാവിയായ പുരുഷനെ, അതുപോലെ തന്നെ പുരുഷനെ അടക്കിവാണ് ചൊൽപ്പടിക്കു നിർത്തിയിരുന്ന സ്ത്രീയെ, പുരുഷന്റെ കരുത്തിൽ അഭിരമിക്കയും ഒപ്പം അവന്റെ കീഴടങ്ങലിൽ ഗൂഢമായ ആനന്ദം കൊള്ളുകയും ചെയ്യുന്ന സ്ത്രീയെ,
പുരുഷനിൽ നിന്ന് മോചനം ആഗ്രഹിക്കുമ്പോഴും അവനു വേണ്ടി ഉള്ളിലെവിടെയോ കരുതി വച്ച സ്നേഹത്തെ കെടാതെ സൂക്ഷിക്കുന്ന സ്ത്രീയെ , തന്നെ അടിമയായി വയ്ക്കാൻ ആഗ്രഹിച്ച പുരുഷനു നേരേയുള്ള ചെറുത്തു നില്പിൽ വിജയിച്ച്‌, അവനേയും തന്റെ സ്നേഹത്തണലിലേക്കാകർഷിച്ച്, സ്വീകരിക്കുന്ന സ്ത്രീയെ -
ഒക്കെയായി അന്നത്തെ സ്ത്രീത്വത്തിന്റെ വ്യത്യസ്ത വ്യാഖ്യാനത്തിനു വഴി തുറക്കുന്ന സിനിമയാണ് ഒഴിമുറി.

ഒഴിമുറിക്ക് - വിവാഹ മോചനത്തിന് - ആഗ്രഹിച്ചവരുടെ കോടതിവ്യവഹാരവുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.
മകന്റെ ഓർമ്മകളിൽ, അമ്മയും ,കുഞ്ഞു നാളു മുതൽ അവനും അച്ഛനിൽ നിന്നനുഭവിച്ച ക്രൂര പീഢനങ്ങൾ flash Back ൽ നാം കാണുന്നു.
(ഒരു പക്ഷേ ഇത്രയേറെ flash Back കൾ ഒരു സിനിമയിൽ ആദ്യമാണെന്നു തോന്നുന്നു) എങ്കിലും അത്  ഇഴച്ചിലിനോ രസഭംഗത്തിനോ കാരണമാകുന്നില്ലതാനും. ഒരു പക്ഷേ കഥയെ ഒരു തീവ്രാനുഭവമാക്കി മാറ്റുന്നതും ഈ flash Back കളുടെ തെരഞ്ഞെടുപ്പും ഒതുക്കുമാണെന്നു തോന്നുന്നു.

അന്തരീക്ഷസൃഷ്ടിയിൽ (40 - 50 കളിലെ കേരളം)(?) സംവിധായകൻ തികഞ്ഞ  ശ്രദ്ധ ചെല്ലുത്തിയിട്ടുണ്ട്. അന്നത്തെ ക്ഷേത്രങ്ങൾ, തറവാട്ടു വീടുകൾ, വെളിയിടങ്ങൾ, പ്രവർത്തികൾ, സദ്യവട്ടങ്ങൾ, ഒക്കെ അവധാനതയോടെ പുന സൃഷ്ടിച്ചിരിക്കുന്നു.
(എന്നാൽ മാർക്കറ്റ് ബൈക്ക് യാത്ര ഇവകളിൽ പുതിയ കാലം കടന്നുകയറിയോ...?)

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് പ്രസാദം അലസമായി ഇട്ടു കൊടുക്കുന്ന പൂജാരിയെ( ?,) അവതരിപ്പിക്കുന്നതിലൂടെ ഭക്തിമാർഗ്ഗത്തിൽ വന്നു ചേർന്ന പുതിയ കാലത്തിന്റെ രസക്കാഴ്ചകളെ , ച്യുതിയെ ഒറ്റ ഷോട്ടിൽ രസകരമായവതരിപ്പിക്കുന്നു സംവിധായകൻ.

അഭിനയത്തിൽ, ലാലിന്റെ ഗംഭീര പ്രകടനമാണ് ഒഴിമുറിയിലുള്ളത്. പുതിയൊരപ്പിയറൻസിൽ (താടി വയ്ക്കാത്ത ലാൽ  .ഒരു പക്ഷേ ഇതാദ്യം ) പ്രത്യക്ഷപ്പെടുന്ന ലാലിന്റെ മുഴക്കമാർന്ന ശബ്ദം ഡയലോഗിനെ അവ്യക്തമാക്കുന്നത്  അലോസരപ്പെടുത്തും.
മല്ലികയുടെ മീനാക്ഷിയും മികച്ചതു തന്നെ. പ്രത്യേകിച്ചും പ്രായമായ അവസ്ഥയിൽ ആ തളർന്ന കണ്ണുകളും ഭാവഹാവാദികളും ആ കഥാപാത്രം അനുഭവിക്കുന്ന മുഴുവൻ വ്യഥയും വേപഥുവും നമുക്ക് കാണിച്ചു തരുന്നു.
അതുപോലെ തന്നെ ആസിഫ് അലിയുടെ വേഷം, സ്വേദാ മേനോന്റെ വേഷം, പയ്യന്റെ, നന്ദുവിന്റെ , ജഗദീഷിന്റെ ഒക്കെ വേഷങ്ങൾ മികച്ച നിലവാരം പുലർത്തുന്നവതന്നെ.

അന്നത്തെ കോടതി രംഗം ഒരു സൗഹൃദ കൂട്ടായ്മപോലെയാണനുഭവപ്പെട്ടത്.  സരസനായ നായാധിപനും പുതുമയുളള അനുഭവം.

തീർത്തും ചെത്തി മിനുക്കി പരുവപ്പെടുത്തിയ സ്ക്രിപ്റ്റ്.
പശ്ചാത്തല സംഗീതവും  ക്യാമറയും ചിത്രത്തിന്റെ മൂഡിന് അനുഗുണമായി
പ്രവർത്തിക്കുന്നു.

കഴിഞ്ഞ കാലത്തെ ഒരു സമുദായത്തിന്റെ ചരിത്രം, സാമൂഹികാന്തരീക്ഷം,സംസ്കാരം , ജീവിത സംഘർഷങ്ങൾ ,ഒക്കെ വ്യക്തമാകുന്ന മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന മികച്ച സിനിമ തന്നെയാണ് ഒഴിമുറി.

SAKHARIAS  KALAMANKUZHY ( BOTH COLLECTED FROM THE WHATSAPP GROUP FILM SOCIETY ALAKODE)
ഒഴിമുറി  (2012 / മലയാളം / 2 മണിക്കൂർ 17 മിനിറ്റ് )

സംവിധാനം - മധുപാൽ
രചന - ജയമോഹൻ
അഭിനേതാക്കൾ - ലാൽ ആസിഫ് അല ഭാവന മല്ലിക ശ്വേത മേനോൻ തുടങ്ങിയവർ
ഛായാഗ്രഹണം - അഴകപ്പൻ

       പ്രമുഖ എഴുത്തുകാരന്‍   ജയമോഹന്റെ 'ഉറവിടങ്ങള്‍'  മിക്കവരും വായിച്ചിട്ടുണ്ടാവും. ആത്മാനുഭവ സ്പർശമുള്ള പ്രസ്തുത കൃതിയെ ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി മധുപാൽ സംവിധാനം ചെയ്ത ചിത്രമാണ് ഒഴിമുറി.  മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം  ഈ ചിത്രത്തിനായിരുന്നു.

ഏതാണ്ട് 60 വർഷം മുൻപു വരെ  നിലനിന്ന തെക്കന്‍ തിരുവിതാകൂറിലെ നായര്‍ ജീവിതവും അവിടെ സ്ത്രീകളുടെ സ്ഥാനവും ചര്‍ച്ച ചെയ്യുകയാണ്  ഈ സിനിമ.

സംസ്ഥാന വിഭജനാനന്തരം തമിഴ്നാട്ടിലാവുന്നെങ്കിലും നാഞ്ചിനാട്ടിലെ മലയാളിമനസുകള്‍ പലതും പഴയകാലത്തിലാണ് ജീവിതം. ആ മേഖലയുടെ പശ്ചാത്തലത്തിലാണ് ആത്മകഥാംശമുള്ള 'ഉറവിടങ്ങള്‍' ജയമോഹന്‍ രചിച്ചത്. സിനിമയായപ്പോള്‍ സ്വാഭാവികമായ മാറ്റങ്ങള്‍ കഥയിലും വന്നിട്ടുണ്ട്. മൂലകൃതിയായ 'ഉറവിട'ങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സിനിമാപരമായ കാരണങ്ങളാല്‍ കൂടുതല്‍ ലാളിത്യത്തോടെയാണ് 'ഒഴിമുറി' അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

നാഞ്ചിനാട്ടിലെ നായര്‍ കുടുംബങ്ങളിലെ സ്ത്രീ ജീവിതം രണ്ടുതലമുറകളെ മുന്‍നിര്‍ത്തി പറയുകയാണ് 'ഒഴിമുറി'യില്‍. സ്വത്തവകാശവും അധികാരവും കൈയാളി രാജ്ഞിയേപ്പോലെ വാണിരുന്ന കാലവും ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വിധേയയായി കഴിയുന്ന കാലവും കാളിപ്പിള്ള എന്ന അമ്മായിയമ്മയിലൂടെയും മീനാക്ഷിയമ്മ എന്ന മരുമകളിലൂടെയും കൃത്യമായി പറഞ്ഞുവെക്കുന്നു.

ഇപ്പോഴത്തെ പുതുതലമുറ ചിത്രങ്ങളില്‍ ഒറ്റവരിയില്‍ പറഞ്ഞുപോകാവുന്ന കഥയാണ് പതിവെങ്കില്‍, ഒഴിമുറിയില്‍ ഒരുപാട് തലങ്ങളില്‍ വിശദീകരിക്കാവുന്ന, വിലയിരുത്താവുന്ന കഥയാണെന്നതാണ് പ്രത്യേകത. അതാകട്ടെ, ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും കൃത്യമായ സാക്ഷ്യപ്പെടുത്തലുമാണ്.

'ഒഴിമുറി'യില്‍ ഭൂതകാലവും വര്‍ത്തമാനവും  ഒഴുക്കോടെ വിളക്കിച്ചേര്‍ക്കാനായത് സംവിധായകന്റെ മികവാണ്. കാളിപ്പിള്ള തന്റെ ഭര്‍ത്താവ് ശിവന്‍പിള്ള ചട്ടമ്പിയോട് പെരുമാറുന്നതും, അവരുടെ മകന്‍ താണുപിള്ളയോട് ഭാര്യ മീനാക്ഷി പെരുമാറുന്നതിലെ വ്യത്യാസങ്ങളിലൂടെയാണ് പറയാനുള്ളത് തിരക്കഥാകൃത്തും സംവിധായകനും മനസിലാക്കിത്തരുന്നത്.

ബാലയും ( ഭാവന ) ശരത്തും (അസിഫ് അലി ) തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥ പറയുന്നെങ്കിലും ഇവര്‍ തമ്മിലുള്ള സൌഹൃദം അല്‍പം പൈങ്കിളിയാകുന്നുണ്ട്.. 'നാന്‍ കടവുള്‍', 'അങ്ങാടിത്തെരു' പോലുള്ള ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയ  ജയമോഹന്‍ 'ഒഴിമുറി'യില്‍ ചിലയിടത്തെങ്കിലും ശില്‍പഭദ്രത കൈവിടുന്നു.

 അപ്പോഴും പെണ്‍കരുത്തിന്റെ ഉയര്‍ച്ചതാഴ്ചകളും അവരുടെ ഭരണവും സഹനവുമെല്ലാം പറഞ്ഞുവെക്കുന്നതില്‍ 'ഒഴിമുറി' വിജയിക്കുന്നു.

 നിഴലുകളില്‍ നിന്ന്മാറി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ അവള്‍ കാട്ടുന്ന ആര്‍ജവവും നമുക്ക് ചിത്രം കാട്ടിത്തരുന്നു.
******************************************************************************

NOTE :
ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കേരള രാജ്യാന്തര വനിത ചലച്ചിത്രോത്സവം ഒക്ടോബർ 11 മുതൽ 15 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ നടക്കും. 5 ദിവസങ്ങളിലായി 25 സിനിമകൾ പ്രദർശിപ്പിക്കും. ഓപ്പൺ ഫോറവുമുണ്ടാകും.

 കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലംഗവുമായ ദീദി ദാമോദരൻ, ഡപ്യൂട്ടി മേയർ മീര ദർശക്, കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ ഡോ.ഖദീജ മുംതാസ് എന്നിവർ ഉപാദ്ധ്യക്ഷരുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷ ബീന പോൾ ആർട്ടിസ്റ്റിക് ഡയരക്ടറും ഫിലിം സൊസൈറ്റി ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ചെലവൂർ വേണു ഫെസ്റ്റിവൽ ഡയരക്ടറുമാണ്. FFSI കേരള റീജിയണൽ സെക്രട്ടറി കെ.ജി.മോഹൻകുമാർ ആണ് ജനറൽ കൺവീനർ. റീജിയണൽ കൗൺസിലംഗം കെ.ജെ.തോമസ് ഫെസ്റ്റിവൽ കോ-ഓർഡിനേറ്ററും ചലച്ചിത്ര അക്കാദമി കോഴിക്കോട് പ്രാദേശിക കേന്ദ്രം കോ ഓർഡിനേറ്റർ നവീന സുഭാഷ് ജോയിന്റ് കോ-ഓർഡിനേറ്ററുമായിരിക്കും.

ഡെലിഗേറ്റ് രെജിസ്ട്രേഷൻ ഇന്നാരംഭിക്കും. സ്ത്രീകൾക്ക് 200 രൂപയും പുരുഷന്മാർക്ക് 300 രൂപയുമാണ് ഫീസ്. ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും വേണം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ല. കോഴിക്കോട് ടൗൺ ഹാളിന് പിന്നിലുള്ള ആനക്കുളം സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി പ്രാദേശിക കേന്ദ്രത്തിൽ ഒക്ടോബർ 4 വരെ രജിസ്റ്റർ ചെയ്യാം. സമയം 10 AM ടു 7 PM.

സംശയങ്ങൾ / നിർദ്ദേശങ്ങൾ എന്നിവ 94470 42004 നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ wiffok2019@gmail.com ൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം.

കെ.ജെ.തോമസ്
ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ
ഇന്നത്തെ ദേശാഭിമാനിയിൽ ഷെറിയുടെ സിനിമയെപ്പറ്റി

Sunday, 29 September 2019

അശാന്തിപർവം -ശ്രീമതി സുഷമാ സുരേഷ്

ശ്രീമതി സുഷമാ സുരേഷ് ഏറെ വായിക്കുകയും എഴുതുകയും ആകർഷകമായി സംസാരിക്കുകയും ചെയ്യുന്നു .ആകാശവാണി കണ്ണൂരിന്റെ സുഭാഷിതം പരിപാടിയിൽ സന്ദേശങ്ങൾ നൽകാറുള്ള അവരുടെ ശബ്ദവും നിലപാടുകളും കണ്ണൂർ ജില്ലയിലേ  റേഡിയോ ശ്രോതാക്കൾക്ക് ഇതിനകം പരിചിതമാ ണ് . സ്ത്രീ എന്നത് വെറും ശരീരം മാത്രമായി  കരുതുന്നവരുടെ എണ്ണം കൂടിവരുന്നത് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇടപെടൽ ഉണ്ടാവണം എന്ന് തൻ്റെ  സുഭാഷിത  പ്രഭാഷണങ്ങളിൽ  അവർ സൂചിപ്പിക്കുന്നു .   അവർ എൻ്റെ സുഹൃത്താണ്. വേങ്ങാട് ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിലും  ഡോ .അംബേദ്‌കർ  കോടോത് ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിലും ഞങ്ങൾ സഹപ്രവർത്തകയായിരുന്നു .നമ്മുടെ  കാഴ്ചപ്പാടുകളെ ബലപ്പെടുത്തുന്നതിലും നേർവഴിക്കു നയിക്കുന്നതിലും അവരുടെ വാക്കുക ൾ ഏറെ ഉപകരിക്കുന്നുണ്ട് .

ശ്രീമതി സുഷമാ സുരേഷ് എഴുതിയ പുസ്തകം 2019 ഒക്ടോബർ രണ്ടാംതീയതി  10  മണിക്ക് കണ്ണൂർ IMA ഹാളിൽ വെച്ച് പ്രശസ്ത കഥാകൃത്തു ടി പദ്മനാഭൻ പ്രകാശനം ചെയ്യുന്നു .

Thursday, 26 September 2019

ഉണ്ട ചോറിനു നന്ദി എന്ന ലഘു ചലച്ചിത്രം-മികച്ച സന്ദേശമാണ്

ഉണ്ട ചോറിനു നന്ദി എന്ന ലഘു ചലച്ചിത്രം കണ്ടു .നല്ല തീമാണ് .
സംഭാഷണങ്ങൾ അവതരിപ്പിച്ചതിൽ നാടകീയത കൂടുതലായി തോന്നി .സ്ക്രിപ്റ്റിലും കുറച്ചു കൂടി എഡിറ്റിംഗ് ചെയ്യാനുണ്ട് .കുറച്ചു കൂടി സംഭാഷണ ശകലങ്ങൾ ആകാമായിരുന്നു .അവസാന ഡയലോഗ് ഡെലിവറിയിലെ  കുറച്ചു കൂടി സ്വാഭാവികത വരണമായിരുന്നു  .സംഭാഷണങ്ങൾ ദീർഘമായ വാക്യങ്ങളാക്കുന്നതിനു പകരം  ചെറു വാക്യങ്ങളാക്കാമായിരുന്നു .ഓരോ വാക്യത്തിന്റേയും പ്രതികരണമായി കഥാപാത്രങ്ങൾ പറയുകയും പെരുമാറുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നില്ല ."അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ " ശൈലിയിലാണ് അവസാന ഡയലോഗ് പോലും .പശ്ചാത്തല സംഗീതവും തീമിനോട് നീതി പുല ർത്തിയിട്ടില്ല ( ആഴത്തിലുള്ള വിഷാദം / ശോകം ധ്വനിപ്പിക്കാൻ മതിയാകുന്നില്ല ) .കവിതയുടെ തെരഞ്ഞെടുപ്പും ആലാപനവും മികച്ചതാണ് .ശബ്ദ മിശ്രണം മെച്ചപ്പെടുത്താനുണ്ട് .മികച്ച സന്ദേശമാണ് .അവസാനത്തെ ഒരു മിനിട്ടു വരെ സസ്പെൻസ് നിലനിർത്തിയിട്ടുണ്ട് .കഥ പറഞ്ഞ രീതി നല്ലതാണ് ...ടെക്നോളജിയിലും സ്വാർത്ഥതയിലും മുഴുകുന്ന ലോകം വാർദ്ധക്യത്തെ  അവഗണിക്കുകയാണ്  .അനാഥാലയത്തിലെ അമ്മയെ കാണാൻ ആർക്കും താല്പര്യമില്ല .കാണാതായ വളർത്തു പട്ടിയും പെട്ടിയുടെ താക്കോലും വലിയ പ്രശ്ന മാണ്‌ താനും .പുതിയകാലത്തെ ഏറെ പ്രസക്തിയുള്ള ഒരു തീം  , വ്യത്യസ്ഥമായ ഒരു ശൈലിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ . സൂരജ് രവീന്ദ്രൻ  ഇനിയും സിനിമകൾ ചെയ്യുക തന്നെ വേണം .-CKR  26/09/2019

Screenplay and direction:Sooraj Raveendran സംവിധാനം ,തിരക്കഥ
Story and production : Aravindan Pilicode കഥ ,നിർമ്മാണം Co director :Jomal Mathew സഹസംവിധാനം Cinematography : Rajesh & Ratheesh സിനിമാറ്റോഗ്രഫി Editor : Jishnushaj K Pഎഡിറ്റർ Sound: Sangeeth Johnson ശബ്‌ദം Lyrics : Suresh Ramanthali കവിത Singer: Dinesh Kalliaseri ആലാപനം .

കഥ - കവിത രചന മത്സരം ;സൃഷ്ടികൾ ഒക്ടോ.8 ന് മുമ്പായി


     പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല കഥ - കവിത രചനാ മത്സങ്ങൾ നടത്തുന്നു- പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇതുവരെ പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികൾ ഒക്ടോ.8 ന് മുമ്പായി താഴെ പറയുന്ന മേൽവിലാസത്തിൽ കിട്ടുന്ന വിധത്തിൽ അയച്ചു തരണം. അയക്കുന്നയാളുടെ പേരും വിലാസവും ഫോൺ നമ്പറും ചേർക്കണം.
എം. രാജേഷ്, കൺവീനർ,പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖലാ സമ്മേളന സംഘാടക സമിതി,
യുവപ്രതിഭക്ക് സമീപം, കുണിയൻ (പി.ഒ), കരിവെള്ളൂർ.670521
ഇ -മെയിലായി അയച്ചുതരാനാഗ്രഹിക്കുന്നവർ pdf ഫയലാക്കി rajeshambadim@gmail.com എന്ന വിലാസത്തിൽ അയക്കണം.