Monday, 29 June 2020

നാട്ടകം -കായലിനും വയലുകൾക്കും ഇടയിൽ ഒരു കൊച്ചു ടൌൺ ഷിപ്

നാട്ടകം -കോട്ടയം നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം അകലെ കോഡൂർ  നദിയുടെ തീരത്തായി കായലിനും വയലുകൾക്കും ഇടയിൽ ഒരു കൊച്ചു ടൌൺ ഷിപ്



.ഇവിടെയാണ് ഇന്ത്യയിലെ ആദ്യ ഉൾനാടൻചരക്കു കയറ്റിറക്കു  തുറമുഖം .( India's first port and ICD to use inland waterway with Customs notified area for Exports & Imports.) വേമ്പനാട്ടു കായൽ വഴി ഇത്  85 കിലോ മീറ്റർ അകലെയുള്ള കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ടു കിടക്കുന്നു .2009 ആഗസ്ത് 17 നു ഉൽഘാടനം ചെയ്യപ്പെട്ട ഈ തുറമുഖം വഴി പ്രതിവർഷം 18000 കണ്ടൈനറുകൾ റോഡിലേക്കും തിരിച്ചും കൈമാറ്റം ചെയ്യപ്പെടുന്നു 



ട്രാവൻകോർ സിമന്റ്സ് , ഗവ .കോളേജ് , പോളിടെക്‌നിക്‌ ,വൊക്കേഷണൽ ഹയർ സെക്കന്ററി ,ഇതൊക്കെ പ്രധാന പൊതുസ്ഥാപനങ്ങൾ .
കോട്ടയം എന്ന പേരു വന്നത് കോട്ടക്കകം എന്നത് ലോപിച്ചാണത്രേ .കോട്ടക്കകവും നാട്ടകവും -നല്ല ചേർച്ചയാണ് !

Saturday, 27 June 2020

കോട്ടയത്തേക്ക് കാൽനടയായി ഒരു ഏകാംഗ ജാഥ

26 06 2020 :മഴയില്ലാത്ത ഉച്ചനേരം ഇന്നലെ കാരാപ്പുഴ നിന്ന് കോട്ടയം  നഗരത്തിലേക്ക്    കാൽനടയായി ഒരു ഏകാംഗ ജാഥ പുറപ്പെട്ടു .പുറപ്പെടുമ്പോൾ 1 .6  കി മി ( 2 0 മിനിട്ടു )ആയിരുന്നു ഗൂഗിളേച്ചി പറഞ്ഞ ദൂരം .താഴത്തങ്ങാടിയിലെ കുറുക്ക് വഴികളിലെവിടെയോ  വെച്ച്  വഴി  മാറുകയും  കോട്ടയം നഗരത്തിന്റെ ഉൾവഴികളെ പുളകമണിയിച്ചു  കൊണ്ട് ആ ജാഥ മാർത്താണ്ഡ വർമയുടെയും തെക്കുംകൂർ രാജാവിന്റെയും പടയാളികൾ പോരാടി നിന്ന  രാജവീഥികളിലൂടെ  3 കിലോമീറ്ററിലധികം സഞ്ചരിച്ചു കൊണ്ട് സമാപന കേന്ദ്ര മായ സബ് ട്രഷറിയിലെത്തുകയും ചെയ്തു .പഴയ ബോട്ടു ജെട്ടി യിൽ നിന്നും പാലസ് റോഡിലേക്ക് ഉള്ള ലിങ്ക് റോഡിലേക്ക് പോവുന്നതിനു പകരം കാരാപ്പുഴയുടെ തീരത്തുള്ള നടപ്പാതയിലൂടെ (വയസ്കര ലെയിൻ )നേരെ പോയതാണ് പ്രശ്നമായത് .ഇത്തിരി മുൻപോട്ടു പോയാൽ വസ്‌കര ലെയ്ൻ വലത്തോട്ട് തിരിയുന്നുണ്ട് .അതിലെ പോയാലും ദൂരം കുറവായിരുന്നു .പകരം പുഴയുടെ ഭംഗിയും കണ്ട് നേരെ മുന്നോട്ടു തന്നെ  മഠത്തിൽപറമ്പിൽ ലെയിൻ വഴി പോയി .ദൂരക്കൂടുതലെന്നാണ് ഗൂഗിളേച്ചി പറഞ്ഞു കൊണ്ടിരുന്നത് .തെക്കോട്ടു തിരിയാനും പറയുന്നുണ്ടായിരുന്നു .തെക്കേതാ ,വടക്കേതാ എന്ന് തിരിയേണ്ടേ .നടപ്പാത തീരുന്നിടത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലോട്ടു കേറിയപ്പോൾ ജി പി എസ് സിഗ്നൽ പോയി .പുണ്യ പുരാതന തളിയിൽ കോട്ടക്കകത്തു ഗൂഗിളിന് നട്ടപ്പിരാന്തായി .മഠത്തിൽപറമ്പിൽ ലെയിൻ മുഴുവൻ നടന്നു പുഴ തീർന്നു .പിന്നെ വേറെ നിവർത്തിയില്ലാതെ വലത്തോട്ട് തിരിഞ്ഞു നടന്നു .ഏതാണ്ടോരൂഹം വെച്ച് നടത്തമായി പിന്നെ .ഒരു വഴി ചെന്ന് ചെന്ന് ഒരു വീട് മുറ്റത്തെത്തി തിരിച്ചു നടക്കുമ്പോൾ മഴയില്ലായിരുന്നു .കുട നിവർത്തുകയും ചെയ്തു .ഒരു വഴി യടയുമ്പോൾ ഒൻപതു വഴി തുറക്കും .കാലം ഒൻപതു വഴി തുറക്കും എന്ന പാട്ടും പാടി തിരിച്ചു നടന്നു .സിഗ്നൽ തിരിച്ചു കിട്ടിയപ്പോൾ ഗൂഗിളേച്ചി തെറി പറയാൻ തുടങ്ങി .NH 183 ൽ എങ്ങിനെയും കേറീട്ടു ഇനിയും 15 മിനിറ്റ് നടന്നോളാൻ പറഞ്ഞു .പലവഴിയും കുത്തിട്ടു കാണിച്ചു .ഇങ്ങോട്ടു പോയാ 5 മിനിറ്റ്‌  വൈകും ,അങ്ങോട്ടു പോയാ 13 മിനിറ്റു ചുറ്റാം ,നീല കുത്തുകൾ വഴി പോയാൽ നേരത്തെ എത്താം .നീല വഴി പിടിച്ചു .മഠത്തിൽപറമ്പിൽ ലെയിൻ മുഴുവൻ ചുറ്റി പഴയ എം സി റോഡ് വഴി ഹലോ പെറ്റ്സ്  നടുത്തു NH 183 ൽ കേറി .കല്യാൺ സിൽക്സിന്റെ കെട്ടിടം എതിരെയുണ്ട് .അങ്ങോട്ടല്ല .ഇടത്തോട്ട് നടന്നു . KSRTC ബസ്‌സ്റ്റാൻഡും കണ്ട് മുന്നോട്ടു പോയി.ബസ്സ്റ്റാൻഡ് തീരുന്നിടത്തു ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡ് വഴി കേറിയാൽ സബ് ട്രഷറി ആയി .3 കി മീ മൊത്തം ആയിക്കാണും .35 മിനിറ്റും .1 .6 കി മീറ്റർ നടക്കേണ്ടയിടത്തു പരമാവധി ദൂരം  സഞ്ചരിക്കാൻ കഴിഞ്ഞു .ഗൂഗിളേച്ചി കൂടെയുണ്ടായിട്ടും .ഉണ്ണുനീലി സന്ദേശത്തിലെ  പ്രാവായിരുന്നു ഇതിലും ഭേദം.

സബ് ട്രഷറിയിൽ ഗേറ്റ് ഒരാൾക്ക് കടക്കാന് മാത്രം പാകത്തിൽ ക്രമീകരിച്ചിരുന്നു .തിരക്ക് നന്നേ കുറവ് .ജീവനക്കാർ മാസ്ക് ധരിച്ചിരുന്നു .ഒറ്റ കൗണ്ടർ ഇടപാട് മാത്രം . ദൂരെ നിൽക്കാൻ / ഇരിക്കാൻ  സൂചിപ്പിക്കുന്നു ണ്ടായിരുന്നു .പൊതുവെ ഒരു നിശ്ശബ്ദത തളം കെട്ടി നിന്നു .എന്റെ ഇടപാട് വേഗം നടന്നു കിട്ടി .കണ്ണൂർ ക്കാരൻ എങ്ങിനെ കോട്ടയത്തെ ബ്രാഞ്ചിലെത്തി എന്നും ഇതിനകം കാഷ്യർ എന്നോട് ചോദിച്ചുറപ്പാക്കി .ജോൺ എന്ന് പേരുള്ള കാഷ്യർക്കും കണ്ണൂർ സർവീസുണ്ട് .പറശ്ശിനിക്കടവൊക്കെ വന്നിട്ടുണ്ട് . എന്നോട് മിസ്സിസിനു കോട്ടയമൊക്കെ കാണിച്ചു കൊടുത്തിട്ടു പോയാൽ  മതിയെന്ന് പറഞ്ഞു .

തിരിച്ചു വരവ്  കുറെക്കൂടി എളുപ്പമായി .പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞു ഇടത്തോട്ടാണ് ബോട്ടു ജെട്ടി റോഡ് .അതുവഴി നേരെ പാലസ് റോഡ് വഴി താഴോട്ട് ഇറക്കമാണ് .ഈ വഴിയിൽ ഇരു വശത്തും ബൈക്ക് ,കാർ സ്പെയർ പാർട് സാധനങ്ങൾ വിൽക്കുന്ന കടകളാണ് .കേടായ പഴയ ബൈക്കുകളും കാറുകളും പൊളിക്കുന്നതും പലഭാഗങ്ങ്ളായി  പൊളിച്ചതും  പൊളിക്കാനായി നട  തള്ളിയതും കാണാം .പഴയ ബോട്ടു ജെട്ടിയിൽ പച്ച ബസുകള് പാർക്ക് ചെയ്തിട്ടുണ്ട് . ബിവറേജസ് കോപ്പറേഷന്റെ ഒരു ഔട്ലെട്ടുള്ളത് പൂട്ടികിടപ്പാണ് .കുറുക്കുവഴികൾ രാജപാതകളല്ല .മാത്രമല്ല ,ചതിക്കുഴികളുമാണ് എന്ന് ഈ വഴിയേ കടന്നു വരുമ്പോൾ മനസ്സിലാകും .ബോട്ടു ജെട്ടി യിൽ നിന്നും കാരാപ്പുഴ റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ   ഇരു വശത്തും നടപ്പാതയിൽ പലയിടത്തുംഒടിഞ്ഞ സ്ലാബുകളാണ് .നടു  റോഡീൽ  തന്നെ വലിയ കുഴികൾ ഉണ്ട് .മഴകനത്താൽ ഇവിടം അപകട മേഖലയാകും .

നഗരത്തിൽ നല്ല തിരക്കുണ്ട് .എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് .അവിടവിടെ  പോലീസ് ചെക്കിങ് ഉണ്ട് . പോലീസ് വണ്ടി റോന്തു ചുറ്റുന്നുണ്ട് .മാസ്കിടാത്തവരെ ഇന്ന് മുതൽ അറസ്റ്റു ചെയ്യുമെന്നാണ് അറിയിപ്പ് .ഉച്ച കഴിഞ്ഞ നേരമാണ് .അതു  കൊണ്ടാവണം ആളുകൾ കൂട്ടം കൂടുന്നതായി കാണുന്നില്ല .ബാറിന് മുൻപിലും ഹോട്ടലുകളുടെ മുൻപിലും തുണിക്കടയിലുമൊക്കെ ആളുകളായി തുടങ്ങി .കാറിലിരുന്ന ഒരു ചെറുപ്പക്കാരൻ തൊട്ടടുത്തു കൂടി നിന്ന ഒരു യുവതിയെ തുറിച്ചു നോക്കുന്നു .എന്ത് ചെയ്യാൻ .അവളും മാസ്ക് വെച്ചിരുന്നു .അവനും .കൊറോണക്കാലത്തു പൂവാലന്മാരുടെ സ്ഥിതിയാണ് ദയനീയം .നോക്കാൻ വായില്ല.

കാരാപ്പുഴ-തിരുവാർപ്പ്  റോഡിൽ ഇരു വശത്തും കാന ചെളി കോരി തെളിച്ചു വച്ചിട്ടുണ്ട് .അത്രയും നല്ലത് .സ്വതവേ തിരക്കുള്ള റോഡിൽ നടപ്പാതയില്ലാത്തതു കാൽനട യാത്ര വിഷമകരമാക്കുന്നു .ഒരു കിലോമീറ്റര് നടന്നാൽ കോട്ടയം നഗരത്തെക്കാൾ പഴക്കമുള്ള ഒരു ഗവണ്മെന്റ് സ്‌കൂൾ കാണാം .1895 ൽ സ്ഥാപിതമായ ആ സ്‌കൂളിനടുത്താണ് എന്റെ ഇപ്പോഴത്തെ താമസം .

നഗര  മധ്യത്തിൽ ഒ രു കടയിൽ ഞാൻ  സാനിട്ടയ്‌സർ ചോദിച്ചു .50 രൂപ വില പറഞ്ഞു അവർതന്ന കുപ്പിയുടെ ലേബൽ വായിച്ചു നോക്കി .ലെമണും വേപ്പിൻ നീരും ചേർന്ന മിശ്രിതമാണത്രെ .ഞാനത് തിരികെ കൊടുത്തു .65 ശതമാന മെങ്കിലും ആൽക്കഹോൾ അടങ്ങിയ മിശ്രിതമാണ് കോവിഡിനെതിരെ ഫലപ്രദമാകുന്നത്  .

കോട്ടയത്തെക്കുറിച്ചു കൂടുതൽ (വിക്കി പീഡിയയിൽ നിന്ന് )
തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു[1]. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം[2]. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമദീപികമംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിനിമാ താരം മമ്മൂട്ടി, അരുന്ധതി റോയ്, എന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ്.
ആധുനിക കോട്ടയത്തിന്റെ ശില്പി
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്[3] . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി[4] , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്[5] .
കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളിരാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്[5]കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ[6] കോട്ടയംജില്ലയിൽ പ്രശ്തമായ പൂർണ്ണാപുഷ്കലസമേധനായശാസ്താക്ഷേത്രമാണ് പാണ്ഡവംശാസ്താക്ഷേത്രം അയ്മനംഗ്രാമത്തിൽപണ്ട്. പാണ്ഡവരുടെവനവാസകാലത്ത് അവർപ്രതിഷ്ഠനടത്തിഎന്നാണ് ഐതിഹ്യം.




Friday, 19 June 2020

ജീവിക്കാനുള്ള ശക്തി നമുക്ക് തരുന്നത് ശാസ്ത്രീയ സമീപനമാണ്

എല്ലാവർക്കും വായനാദിന ആശംസകൾ .

  പ്രിയ കൂട്ടുകാരേ ,വായിച്ചാൽ മാത്രം പോരാ .വായിച്ചതിന്റെ സത്ത് ഉൾക്കൊണ്ട് നാം അവനവന്റെ ജീവിതത്തെ ഒന്നു കൂടെ നന്മയിലേക്കും കരുത്തിലേക്കും അടുപ്പിക്കേണ്ടതുമുണ്ട് .വായിച്ചതിനെ ഡൈജസ്റ്റു    ( digest - ദഹിപ്പിച്ചു പോഷകാംശങ്ങൾ  പ്രയോജനപ്പെടുത്തുക  ) ചെയ്യുക എന്ന് പറയും .എത്ര കൂടുതൽ വായിച്ചാലും വായിച്ചതിനെ ഒരല്പം പോലും ഉൾകൊള്ളുന്നില്ലായെങ്കിൽ  അത്തരം വായന പ്രയോജനമില്ലാത്ത ഒന്നാണ് .

വൈലോപ്പിള്ളി യുടെ മാമ്പഴം എന്ന  കവിത   വായിക്കുന്ന ഒരാൾ കുഞ്ഞുങ്ങളുടെ വാശികൾക്ക് മുൻപിൽ ചെറിയൊരു ശ്രദ്ധ കൊടുക്കും . അവരുടെ ചെറിയ കുസൃതികളെ ബാല്യകാല ആനന്ദമായി  കാണുകയും  അവർ പൂക്കുലകളാണ്  ഒടിക്കുന്നതെങ്കിൽപ്പോലും   കഠിനമായി ശിക്ഷിക്കാതിരിക്കാൻ ശ്രമിക്കും.ബഷീറിന്റ  നല്ലവനായ പോക്കറ്റടിക്കാരനെ കുറിച്ചുള്ള കഥ വായിക്കുമ്പോൾ എല്ലാത്തരം മാനുഷരിലും അടങ്ങിയ നന്മയെ കുറിച്ചു നാം ഓർമിക്കുകയും മനുഷ്യനെന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യും .പാവങ്ങൾ എന്ന കഥയിലെ വെള്ളി മെഴുകുതിരിക്കാലുകൾ മോഷ് ടിച്ച കുറ്റവാളിയെ സ്വന്തം സഹോദരനായി കണ്ട് കുറ്റ വിമുക്തനാക്കുന്ന ബിഷപ്പിനെ പോലെ  ,നമ്മളും ,വിശപ്പ് സഹിക്കാതെ  മോഷണം നടത്തേണ്ടി വരുന്നതു പോലെയുള്ള  തെറ്റ് ചെയ്യുന്നവരോട് കരുണ കാണിക്കാനും അവരോട് ക്ഷമിക്കാനും ശ്രമിക്കും .ഇങ്ങനെയാണ്  വായന മനുഷ്യനെ നന്മയിലേക്കും കാരുണ്യത്തിലേക്കും ധീരതയിലേക്കും ഉയർത്തുന്നത് .  ജീവിതത്തി ൽ എല്ലാം നമ്മൾ ഉദ്ദേശിക്കുന്നത് പോലെ നടക്കണമെന്നില്ല .അതിൽ നിരാശപ്പെട്ടിട്ടു ദുഖിച്ചിരുന്നിട്ടോ ജീവിതം മതിയാക്കാൻ തീരുമാനിച്ചത് കൊണ്ടോ ഒരു ഗുണവുമില്ല .ഒരല്പം കാത്തു നിന്നാൽ ,കുറച്ചു കൂടി അദ്ധ്വാനിച്ചാൽ ,വീണ്ടുമൊന്നു ശ്രമിച്ചാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും .

ഇടശ്ശേരി കവിതകൾ പകർന്നു തരുന്ന ശക്തിയുടെ സന്ദേശം വായനക്കാരന്റെ മനസ്സിനെ ബലപ്പെടുത്തുകയേയുള്ളൂ.കുഴിവെട്ടി മൂടുക വേദനകൾ ,കുതികൊൾക ശക്തിയിലേക്കു നമ്മൾ .ഇതെല്ലാംകൊണ്ട്  ധാരാളം വായിക്കുക ,വായിച്ചു ശക്തി നേടുക  എന്ന് തന്നെയാണ് എനിക്ക് എന്റെ കൊച്ചു കൂട്ടുകാരോട് പറയാനുള്ളത് .

ജീവിക്കാനുള്ള ശക്തി നമുക്ക് തരുന്നത് ശാസ്ത്രീയ സമീപനമാണ്  എന്നത് ഈ കോവിഡ് കാലത്തു നമ്മൾ തിരിച്ചറിഞ്ഞതാണ് .അണുവിനെ നശിപ്പിക്കാൻ സോപ്പ് ഉപയോഗിക്കണമെന്ന കാര്യം  വായിച്ചറിഞ്ഞതാണല്ലോ. ഇങ്ങനെ ജീവിതത്തെ നില നിറുത്തുന്ന പല അറിവുകളും നമുക്ക് തരുന്നത് ശാസ്ത്രമാണ് .യുറീക്ക ,ശാസ്ത്രകേരളം ,ശാസ്ത്രഗതി  തുടങ്ങിയ മാസികകൾ വായിക്കണം .പത്രങ്ങളിൽ കുട്ടികൾക്കുള്ള വിശേഷാൽ പതിപ്പുകൾ വരുന്നുണ്ട് .അക്ഷര മുറ്റം പോലുള്ളവ .അവയിലെ ശാസ്ത്രലേഖനങ്ങൾ വായിക്കണം .വാർത്തകൾ വായിച്ചു കുറിപ്പുകൾ ഉണ്ടാക്കണം .വായിച്ച വിഷയങ്ങളെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യാനുള്ള കുട്ടികളുടെ കൂട്ടായ്മ്മകൾ ഉണ്ടാകണം .ബാലവേദികൾ പോലെ .വായനശാലകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം .എന്റെ കുട്ടിക്കാലത്തു ശാസ്ത്ര വായനയെ പോഷിപ്പിക്കാൻ നാട്ടിൻപുറത്തു ഞങ്ങൾ കുട്ടികൾ ഒരു  ക്ലബ് രൂപികരിച്ചു പ്രവർത്തിച്ചിരുന്നു .ഗലീലിയോ സയൻസ് ക്ലബ്.ആഴ്ചയിൽ ഒരു ദിവസം യോഗം ചേർന്ന് എല്ലാവരും ഒരു വിഷയത്തെ കുറിച്ച് സംസാരിക്കണം .ഏതു വിഷയമാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടാവും .യോഗത്തിൽ  സംസാരിക്കണമെങ്കിൽ വിഷയത്തെക്കുറിച്ചും നന്നായി വായിക്കണമല്ലോ .അപ്പോൾ വായിക്കുക മാത്രമല്ല,വായിച്ചതിനെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുകയും അതേക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്യും .  ഇതാണ് വേണ്ടത് .വായിക്കുക ,ചിന്തിക്കുക ,പ്രവർത്തിക്കുക .


പ്രിയ കൂട്ടുകാരെ ,ധാരാളം വായിക്കാനുള്ള തീരുമാനം ഇന്നത്തെ വായനാദിനത്തിൽ ഒന്ന് കൂടെ പുതുക്കുകയും നടപ്പിലാക്കുകയും ചെയ്യാം .ഇന്നത്തെ  വായനാ ദിന പ രിപാടിക്ക്  മുൻകൈ എടുക്കുന്ന ലതാബായി ടീച്ചറെ പോലുള്ള അദ്ധ്യാപക സുഹൃത്തുക്കളെ അഭിനന്ദിക്കുകയും കേരളത്തിൽ വായനയെ പ്രോത്സാഹിപ്പിച്ച  ശ്രീ പി എൻ പണിക്കർ ,ഐ വി ദാസ് ,പി ടി ഭാസ്കരപ്പണിക്കർ തുടങ്ങി നിരവധി നിരവധി ഗ്രന്ഥശാലാ പ്രവർത്തകരെ  വീണ്ടും ഓർമിക്കുകയും  ചെയ്യുന്നു .ആശംസകൾ .കുഴിവെട്ടി മൂടുക വേദനകൾ ,കുതികൊൾക ശക്തിയിലേക്കു നമ്മൾ .-CKR








Thursday, 18 June 2020

കേരളത്തിൽ ,അതിരുകളായി അറബിക്കടലോ പശ്ചിമഘട്ടമോ വരാത്ത ഒരേ ഒരു ജില്ലയുണ്ട് .അത് ഏതാണ്‌ എന്ന് പറയാമോ ?

കേരളത്തിൽ ,അതിരുകളായി അറബിക്കടലോ പശ്ചിമഘട്ടമോ വരാത്ത ഒരേ ഒരു ജില്ലയുണ്ട് .അത് ഏതാണ്‌ എന്ന് പറയാമോ ?

2020 ജൂൺ 15 മുതൽ ഞങ്ങൾ അവിടെയാണ് താമസം .ഇതു മൂന്നു എല്ലുകളുടെ ( 3 L s ) നഗരം എന്നും അറിയപ്പെടുന്നു .ഏതൊക്കെയാണ്  ഈ എല്ലുകൾ ?

literacy (സാക്ഷരത  ) ; lakes (കായലുകൾ )   and  latex ( റബർ )

100 ശതമാനം  സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം (ജില്ലയും )കോട്ടയം ആണ് .  ഇത് അക്ഷര നഗരം എന്നും അറിയപ്പെടുന്നു .ചുവർചിത്ര നഗരി എന്നും അറിയപ്പെടുന്നു .കേരളത്തിലെ ആദ്യത്തെ പുകയില രഹിത ജില്ല  കൂടിയാണിത് .

ഇന്ന് ഞാൻ തിരുവാതുക്കൽ ഭാഗത്തേക്ക് നടന്നു.ആദ്യം ഭീമൻപടി .പിന്നെ തിരുവാതുക്കൽ ജംക്ഷൻ .ഇത് കുമരകം റോഡ് ,എംസി റോഡ് എന്നിവ സന്ധിക്കുന്ന അല്പം ചെറിയ ഒരു ടൌൺ ആണ് .വൈകുന്നേരം ആറുമണിയായി തുടങ്ങിയതിനാൽ ടൗണിൽ  ചെറിയൊരു ആൾക്കൂട്ടം  ഉണ്ട് .കോവിഡ് കാലമായതിനാൽ ആളുകൾ മിക്കവാറും മാസ്ക് മുഖത്ത് വെച്ചിട്ടുണ്ട് .ചിലരാകട്ടെ ,ഒരു ചെവിയിൽ കമ്മൽ പോലെ ഞാത്തിയിട്ട് ഓരം ചാരി നിൽക്കുന്നു .ഒരാൾ രണ്ട് കൈകൾ കൊണ്ടും മാസ്ക് അകറ്റിപ്പിടിച്ചു വിശറി  പോലെ തിരിക്കുന്നുണ്ട് .മറ്റുചിലരുടെ  മൂക്കുകൾ മാസ്കിനു വെളിയിൽ കാറ്റ് കൊള്ളുന്നുണ്ട് .പച്ചക്കറിക്കടയിലും മീൻ മാർക്കറ്റിലും ബേക്കറിയിലുമൊക്കെ ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ തിരക്കു കൂട്ടി നിൽക്കുകയാണ് . ബ്രേക്ക് ദി ചെയിൻ എന്ന് ഒരിടത്തു എഴുതി വച്ചതു വായിച്ചിട്ടായിരിക്കണം ,അതിനടുത്തു ഒരൊറ്റ മനുഷ്യൻ പോലും പോകുന്നതായി കണ്ടില്ല . കണ്ണൂരിൽ  എക്‌സൈസ് ഡ്രൈവറായ ഒരു യുവാവിന്റെ മരണ വാർത്ത മനസ്സിൽ ഉള്ളതു കാരണം ആകണം ആളുകൾ ഇവിടെ എത്ര അ ശ്രദ്ധമായാണ്  പെരുമാറുന്നത് എന്നതു എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു .

മൽസ്യഫെഡിന്റെ വലിയ  ഒരു വില്പനകേന്ദ്രം ഇവിടത്തെ സവിശേഷതയാണ് .സാമാന്യ സൗകര്യമുള്ള  ഒരു നല്ല ബസ് ബേയും ഈ ടൗണിന്റെ മറ്റൊരു സൗകര്യമാണ്‌ .

തിരിച്ചു  നടക്കുമ്പോൾ ഭീമൻ പടി  എന്ന സ്ഥലത്തു  മൂന്നാലു പേര്  ചേർന്ന്  നീലനിറമുള്ള  പോസ്റ്ററുകൾ തകൃതിയായി ഒട്ടിക്കുന്നു .  പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുന്നതിനായി നാളെ രാവിലെ ഒമ്പതരമണി മുതൽ തിരുനക്കരയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  ഉപവാസ സമരമാരംഭിക്കുന്നു എന്നതാണ് പോസ്റ്ററിലെ വിവരം . ചാർട്ടേർഡ്‌ വിമാനത്തിൽ വരുന്നവർ കോവിദഃ ടെസ്റ്റ് ചെയ്തിരിക്കണം എന്ന നിബന്ധനയെ യാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് .അസാധാരണമായി പെരുമാറുന്ന ആൾക്കൂട്ടങ്ങൾ ആയി മാറുകയാണ് പലരും .

കിണറുകൾ തേവികൊടുക്കും ,വിറകു കെട്ടുകൾ വില്പനക്ക് ,പണിയായുധങ്ങൾ വാടകക്ക് തുടങ്ങിയ പരസ്യങ്ങൾ മറ്റു പല ജില്ലകളിലും കാണാൻ കഴിയാത്തതായി തോന്നി .

കോട്ടയത്തെ സ്ഥലനാമങ്ങളിൽ പലതും "തിരു" കൂടി ചേർന്നുണ്ടായതായിക്കാണാം.തിരുനക്കര ,തിരുവഞ്ചൂർ ,തിരുവാതുക്കൽ ,തൃക്കാക്കര ,.....

തിരുവാതുക്കൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെയാണ്  കുമരകം ടൂറിസ്റ്റ് കേന്ദ്രം .ഇത് അറിയപ്പെടുന്ന ഒരു പക്ഷി സങ്കേതം കൂടിയാണ് .മീനച്ചിലാറും വേമ്പനാടുകായലും ചേരുന്ന ഈ സ്ഥലത്തു ബോട്ടു യാത്രക്കുള്ള അവസരം കൂടിയുണ്ട്.


കടൽ നിരപ്പിൽ നിന്നും 3500 മീറ്റർ ഉയരെ കിടക്കുന്ന ഇല്ലിക്കൽ എന്ന സ്ഥലവും ഇവിടെ നിന്നും 35 കി മി അകലെയാണ് .ഒരു കിലോമീറ്ററിലധികം ട്രക്കിങ്ങിനുള്ള അവസരമുണ്ടെന്നതാണ് ഇല്ലിക്കൽ കുന്നിനെ വ്യത്യസ്തമാക്കുന്നത് .മാള കയറി ചെന്നാൽ മൂന്നാറിലെത്തിയാലെന്ന പോലെ പ്രകൃതി ദൃശ്യങ്ങളാണത്രെ .അറബിക്കടലിന്റെ മനോ ഹരമായ കാഴ്ച മറുഭാഗത്തും .
കോവിഡ് കാലം യാത്രകൾക്കൊക്കെ ഒരു തടസ്സമായി നിൽക്കുന്നു .







Sunday, 17 May 2020

മാസ്കണിഞ്ഞു നിൽക്കുമ്പോൾ

മാസ്കണിഞ്ഞു നിൽക്കുമ്പോൾ,
 നിന്റെ കണ്ണുകളുടെ ഭംഗി ഞാനറിയുന്നു.
**************************************************
യാതനകൾക്കും വേദനകൾക്കുമപ്പുറത്ത്,
സ്വയമൊരു മെഴുകു തിരിയായെരിയുന്ന
നിന്റെ പ്രാണന്റെ ജ്വാലയെ,
മതിലുകൾക്കുമടഞ്ഞ
വാതായനങ്ങൾക്കുമെതിരെ
 നിന്റെ തീനോട്ടങ്ങളെ,
**************************************************
കൂട്ടത്തിലായിരിക്കുമ്പോഴും
 തനിച്ചാകുന്ന നിൻ മോഹഭംഗങ്ങളെ,
എയ്തു വിട്ടു കുതിക്കുന്നരമ്പിന്റെ
മൂർച്ചയിൽ മദിക്കുന്ന ജീവിത തൃഷ്ണകളെ.
**************************************************
മൂടുപടത്തിന്റെ മങ്ങിയ നിറച്ചാർത്തുകളിൽ
തെളിയുന്ന നിൻ കണ്ണുകളിൽ,
കണ്ണുകളിലെ നറു മുന്തിരി തളിർപ്പുകളിൽ,
കണ്ണിലെ വെളിച്ചത്തിൻ മൊട്ടുകളിൽ, ഞാൻ കാണുന്നു, വീണ്ടും തളിർക്കാനും പൂക്കാനും പടർന്നു പന്തലിക്കാനും ഒരാകാശം .
**************************************************
അവിടെ ഞാനില്ലെങ്കിലെന്ത് ?
നിന്റെ കണ്ണുകളിൽ
വീണ്ടും വീണ്ടും ഞാൻ നിന്നെ കാണുകയാണ്. -CKR 16/05/2020
**************************************************


Friday, 8 May 2020

ന്യൂയോർക്ക് 2020 :

ന്യൂയോർക്ക് 2020 :

 ഇന്നെന്റെ പെങ്ങളു ...പോയി. 
അവളുടെ കുഞ്ഞുങ്ങളിവിടെ  കരഞ്ഞു തളർന്നുറങ്ങുന്നു.
എന്റെ പെങ്ങളെ കൊറോണ കൊണ്ടു പോയതാണ്.
 എങ്ങിനെയതു സംഭവിച്ചെന്നോ?
 പറയാം. 
പേരുകേട്ട ആശുപത്രിയിലാദ്യമെത്തിയപ്പോൾ ബ്രോങ്കൈറ്റിസാണെന്നും 
ടെസ്റ്റുവേണ്ടെന്നും പറഞ്ഞവരവളെ പറഞ്ഞു വിട്ടു.
 പിറ്റേന്നു ചെന്നപ്പോളവരവൾക്ക് ന്യൂമോണിയയാണെന്നും 
ടെസ്റ്റ് വേണ്ടെന്നും പറഞ്ഞൊഴിവാക്കി. 
തൊട്ടടുത്ത ദിവസം ചെന്ന ദിനം വെറും ഫ്ലൂവാണെന്നും 
കോവിഡ് ടെസ്റ്റു വേണ്ടെന്നും മൊഴിഞ്ഞു.
 അവസാനമവൾക്കൊരു വെൻറിലേറ്റർ കിട്ടിയപ്പോഴേക്കും
 അവളതറിയാത്തവസ്ഥയിലായിരുന്നു. 
അപ്പോഴവളെ  കോ വിഡ് ടെസ്റ്റ് ചെയ്യാനവർ തീരുമാനിച്ചു. 
പിന്നെ അവൾ കടന്നു പോവുകയും ചെയ്തു.
എനിക്കിനി ചോദിക്കാനുള്ളത് നിങ്ങളോടാണ് .

പണക്കാർക്കും പ്രശസ്തർക്കും കളിക്കാർക്കും 
പാട്ടുകാർക്കു മതി വേഗ പരിശോധന ലഭ്യമാകുന്നതെങ്ങിനെ ? 

പണിയെടുപ്പോർ, പണമില്ലാത്തോർ, പേരെ വിടെയും കേൾക്കാത്തവർ, 
ഞങ്ങൾക്ക്, പരിശോധന നടത്തി കിട്ടാത്തതെന്തേ ?

എന്തുകൊണ്ടാണെന്നെനിക്കറിയാം. 

സംപൂജ്യ രവർക്കു നാം വെറും പൂജ്യങ്ങൾ മാത്രം. 
എന്റയീ യി രു ണ്ട നിറമ വർക്കു വെറുമിരുട്ടു മാത്രം. 

മഹാമാരിക്കാലത്തവർക്കു  പ്രധാനം പണം. 
മഹാനഗരത്തിൽ, വീണടിയുമീയാംപാറ്റകൾ ഞങ്ങൾ. 

അവരെന്തു പറയുന്നു പുറത്തതവരൊട്ടും നാട്ടിൽ ചെയ് തുമില്ല,
 നുണകളവർ പറയുന്നു, 
രാജ്യത്തോടും ലോകത്തോടും 
കല്ലുവെച്ച നുണകൾ മാത്രം.
 പടരട്ടേ മഹാരോഗമെന്നു കൊതിക്കുമ്പോലെ. 

വിളിക്കുകിലാ ശുപത്രി റിസപ്ഷനിൽ നിന്നു കിട്ടും മറുപടി,
 "ക്ഷമിക്കണം. ഇവിടെ കോ വിഡ് ടെസ്റ്റ് ലഭ്യമല്ലല്ലോ."
മരിച്ചു വീഴുന്നായിരങ്ങളെന്നു മീ മഹാനഗരത്തിൽ. 

നടക്കുന്നിതേവിധം പല നഗരങ്ങളിൽ. 
നടന്നേക്കു മീവിധമെല്ലാ നഗരങ്ങളിലും. 
ഇതൊരു പരിദേവനത്തിന്റെ പരാവർത്തനം മാത്രം .-CKR 08 05 2020

Tuesday, 5 May 2020

കേരളത്തിൽ മാത്രമല്ല ഗവൺമെന്റ് ജീവനക്കാരൻ ഉള്ളത്

സർക്കാർജീവനക്കാർക്ക് ശംബളം കൊടുക്കാൻ റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തോളം ചെലവാക്കുന്നതിനെ കുറിച്ച് ധാരാളം ചർച്ച നടക്കുന്ന സമയമാണല്ലോ ഇപ്പോൾ. വാസ്തവം എന്താണെന്ന് നോക്കാം

ലോകത്തിൽ ഇപ്പോൾ 195 രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിൽ എല്ലാം തന്നെ, ഗവൺമെന്റുകളും, അതിന്റെ ഭാഗമായ ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരും ഉണ്ട്.  ഉദ്യോഗസ്ഥൻമാർ ഇല്ലാത്ത ഒരു രാജ്യവും ലോകത്തിൽ ഇന്നില്ല. ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ, ഒരു രാജ്യത്തെ ഗവൺമെൻറ് ചലിക്കണമെങ്കിൽ,  ജീവനക്കാർ വേണമെന്ന് .
കേരളത്തിൽ മാത്രമല്ല ഗവൺമെന്റ് ജീവനക്കാരൻ ഉള്ളത് . ലോകത്തിലെ എല്ലാ രാജ്യത്തും , ജീവനക്കാരൻ ഉണ്ട്. അവർക്ക് അവിടുത്തെ ഗവൺമെന്റുകൾ ശംബളം കൊടുക്കുന്നുമുണ്ട് .
വെറുതെ ശംബളം കൊടുക്കാൻ വേണ്ടി സൃഷ്ടിച്ച വിഭാഗമല്ല  ജീവനക്കാർ  . ഓരോരോ രാജ്യത്തേയും ജനങ്ങൾക്കു വേണ്ടി ഗവൺമെന്റിന്റെ സേവനങ്ങൾ നടത്തുന്നത് ഗവ ജീവനക്കാരാണ് . ആ പ്രവർത്തനത്തിനാണ് അവർക്ക് ശംബളം കൊടുക്കുന്നത്. ഇങ്ങിനെ ശംബളം കൊടുക്കേണ്ട ആവശ്യത്തിലേയ്ക്കും, മറ്റുമാണ് നികുതി പിരിക്കുന്നതും.

138 കോടി  (1380004385) ജനങ്ങളുള്ള ഇന്ത്യയിൽആകെ ഗവൺമെൻറ് ജീവനക്കാരുടെ എണ്ണം, 2.154 കോടിയാണ്.
ഉദ്യോഗസ്ഥ, ജനസംഖ്യാനുപാതം 1.57 ശതമനം .

‌3 കോടി 45 ലക്ഷം (3,45, 45, 868) ജനസംഖ്യയുള്ള കേരളത്തിൽ ഗവൺമെന്റ് ജീവനക്കാരുടെ എണ്ണം 5,15,639 .  അനുപാതം 1.49 ശതമാനം.

കേരളത്തിന്റെ അയൽ സംസ്ഥാനമായ , 7 കോടി 7 ലക്ഷം ജനങ്ങളുള്ള തമിഴ്നാട്ടിൽ , 12 ലക്ഷം ഗവൺമെന്റ് ജീവനക്കാരുണ്ട്. അനുപാതം 1.56 ശതമാനം .

2 കോടി 11 ലക്ഷം (2, 11,90,977) ജനസംഖ്യയുള്ള നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ ഗവൺമെന്റ് ജീവനക്കാർ, 14 ലക്ഷത്തി 90000 പേരുണ്ട്. അനുപാതം 7.03 %

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റ് ജീവനക്കാരുടെ ജനസംഖ്യാ അനുപാതം നോക്കാം .
‌ലോകത്തിലുള്ള എല്ലാവരും, മാതൃ -കയാക്കാൻ ആവശ്യപ്പെടുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് സർക്കാർ ജീവനക്കാരുടെ അനുപാതം കൂടുതൽ .

1) നോർവേ                    : 30 %
2) ഡെൻമാർക്ക്            : 29.1 %
3) സ്വീഡൻ                     : 28.6 %
4) ഫിൻലാൻറ്               : 24.9 %
5) റഷ്യ                            :24.5 %
6) ഫ്രാൻസ്                    : 21.4 %
7 ) ചൈന                      : 21.2%
8) കാനഡ                      : 18.2 %
9) ഗ്രീസ്                          : 18 %
10) യു.കെ                     : 16.4 %
(11) സ്പെയിൻ             :  I5.7 %
12) യു.എസ്.എ            : 15.3 %
13 ) ഖത്തർ                   : 14.8 %
14) ഇറ്റലി                       :13.6 %
15) ടർക്കി                      : 12.4%
16) ജർമനി                    : 10.6 %
17) യു.എ.ഇ                   : 10.3 %
18) സൗദി അറേബിയ  : 10.00 %
19) സൗത്ത് കൊറിയ   : 7. 6 %
20) ജപ്പാൻ                       : 5.9 %

ലോകത്തിൽ ആകെ ആവറേജ് 9.7% ഗവൺമെന്റ് ജീവനക്കാരുണ്ട്. കേരളത്തിൽ അത് 1.49 ശതമാനം മാത്രമാണ് .

കേരളത്തിൽ നിലവിലുള്ള ജീവനക്കാരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

ആകെ ജീവനക്കാർ.   5, 15,639

1) അദ്ധ്യാപകർ                       : 3,50000
(പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ്, ആരോഗ്യ വിദ്യാഭ്യാസം (അലോപ്പതി, ഹോമിയോ, ആയുർവ്വേദം) , ITI , പോളിടെക്നിക്, മുതലായവ)

2) പോലീസ് ഫോഴ്സ്                : 68,000
(പോലീസ്, ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ, മുതലായവ)

3) ഹെൽത്ത് ഡിപ്പാർട്ട്മെന്റ്     : 37,000
(അലോപതി, ആയുർവേദം, ഹോമിയോ)
(ഡോക്ടർ, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് / എക്സറെടെക്നിഷ്യൻ, മറ്റു ആരോഗ്യ പ്രവർത്തകർ )

4) നിയമം , കേടതികൾ         :10,000
(ജഡ്ജി, പബ്ലിക് പ്രൊസിക്യൂട്ടർ, ആമീൻ ,പ്രൊസസ്സ് സർവർ, മുതലായവ.)

5) കൃഷി                                     :   7,000

6) മൃഗസംരക്ഷണം, സയറി      :3,000

7 ) ട്രഷറികൾ                                : 2000

8 ) സാമൂഹ്യനീതി വകുപ്പ്            : 1000
(അംഗനവാടികൾ, ജുവനൈൽ ഹോം , ബാലമന്ദിരം, മന്ദബുദ്ധികൾ, വികലാംഗർ മുതലായവർക്കുള്ള സ്പെഷൽ സ്ക്കൂളുകൾ, കേർടേക്കർ ,ആയമേട്രൻ, നഴ്സ് മുതലായവ)

(9) പട്ടികജാതി, പട്ടികവർഗ്ഗ 
വികസന വകുപ്പ്                       :  1,500
(അതിന്റെ കീഴിലുള്ള ഹോസ്റ്റലുകൾ, , റെസിഡൻഷ്യൽ സ്കൂളുകൾ, പരിശീലന കേന്ദ്രങ്ങൾ )

(10) പഞ്ചായത്ത്, മുനിസിപ്പൽ, 
കോർപ്പറേഷൻ ഓഫീസുകൾ       : 12,000
(നികുതി പിരിവ്, റോഡ് ക്ലീനിംഗ്)
മുതലായവ)

(11) മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ്: 1000

(12) റവന്യൂ ഡിപ്പാർട്ട്മെന്റ്            :   6000
(വില്ലേജ്‌ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ ,കലക്റ്ററേറ്റ്  etc)

(13) GST ,നികുതി പിരിവ്               :1,500

ആകെയുള്ള 122 ഡിപ്പാർട്ട്മെൻറുകളിൽ, മേൽ പറഞ്ഞ 43 പ്രധാന ഓഫീസുകളിൽ മാത്രം 5 ലക്ഷം ജീവനക്കാർ ഉണ്ട് . ബാക്കി വരുന്ന 79 ഓളം ഡിപ്പാർട്ടുമെന്റുകളിൽ ( രജിസ്ട്രേഷൻ, PSC, സെക്രട്ടറിയേറ്റ്, ഇറിഗേഷൻ, PWD, ലോട്ടറി, ബീവറേജസ് ,ടൂറിസം , ഫിഷറീസ് ,
തുറമുഖം, സിവിൽ സപ്ലൈസ്, ലേബർ, മൈനിംഗ് ജിയോളജി, പ്ലാനിംഗ് ബോർഡ്,
മുതലായവ) .15000 ത്തോളം  ജീവനക്കാർ മാത്രമാണ്  ഉള്ളത്.

ഇനി വിമർശകർ പറയണം, മേൽ പറഞ്ഞ  ജീവനക്കാരിൽ ആരെയൊക്കെ ഒഴിവാക്കണം. അദ്ധ്യാപകരെ ഒഴിവാക്കാൻ പറ്റുമോ, പോലീസുകാരെ ഒഴിവാക്കാൻ പറ്റുമോ, ആരോഗ്യ പ്രവർത്തകർ, കൃഷി, പഞ്ചായത്ത്, നികുതി, മുതലായവയിലെ ജീവനക്കാരെ ഒഴിവാക്കാൻ പറ്റുമോ ?
വിമർശകരോട് ഒരു ചോദ്യം  .ജനങ്ങൾക്കു
 വേണ്ടി ഗവൺമെന്റ് നടത്തുന്ന പ്രവർത്തനത്തിന് ,  ജീവനക്കാർ വേണ്ടെങ്കിൽ, പിന്നെ പ്രവർത്തനം എങ്ങിനെ വേണമെന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാൻ പറ്റുമോ? കേരളത്തിൽ ആരെയൊക്കെ ഒഴിവാക്കണം എന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാൻ സാധിക്കുമോ? .
വിമർശകർ ചെയ്യേണ്ടത്  ഡിപ്പാർട്ട്മെന്റ് തിരിച്ച് ,ഒഴിവാക്കേണ്ടവരുടെ ലിസ്റ്റ്  തയ്യാറാക്കി ഗവൺമെന്റിനു സമർപ്പിക്കണം. കൂടെ ഗവൺമെൻറിന്റെ ധൂർത്തുകൾ കൂടി ചൂണ്ടിക്കാണിച്ച് അതും ഒഴിവാക്കാൻ പറയണം.
ഉദാഹരണമായി, MLA പെൻഷൻ. 4 തവണ MLA ആയിട്ടുണ്ടെങ്കിൽ 4 പെൻഷൻ ' കൊടുക്കുന്നുണ്ട്, അത് ഒറ്റ പെൻഷൻ ആയി നിജപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ ശമ്പളത്തേയും, പെൻഷനേയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന P C .ജോർജ്ജ് പോലും, 4 MLA പെൻഷൻ വാങ്ങുന്നുണ്ട്.

ഭരണപരിഷ്കാര കമ്മീഷൻ, മുന്നോക്ക വിഭാഗ കമ്മീഷൻ, ചീഫ് വിപ്പ് മുതലായ , കാബിനറ്റ് പദവി നൽകിയുള്ള അനാവശ്യ തസ്തികൾ നിർത്തലാക്കണം. വിവിധ ഉപദേശക തസ്തികകൾ നിർത്തലാക്കണം, മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും വിദേശയാത്രകൾക്ക്  കടുത്ത നിബന്ധനകൾ ഏർപ്പെടുത്തണം.
പരസ്യങ്ങൾക്കായി മാത്രം സംസ്ഥാന ഗവൺമെന്റ് ചെലവഴിച്ചത്  250 കോടി രൂപയാണ്. ഇതു പോലെ നൂറുക്കണക്കിനു ധൂർത്തുകൾ വേറേയും കണ്ടെത്താൻ കഴിയും .

ഇൻകം ടാക്സ്, തൊഴിൽ നികുതി,,   ,മുതലായവ ഗവൺമെന്റ് ഉദ്യോഗസ്ഥരിൽ നിന്നും നിർബ്ബന്ധമായും പിടിക്കുന്നുണ്ട് . GSTനൽകാതെ ഒരു ഉദ്യോ ഗാന്ഥനും സാധനങ്ങൾ വാങ്ങാറില്ല ,ഇതെല്ലാംസ്വകാര്യ മേഘലയിലെ എല്ലാവർക്കം നിർബ്ബന്ധമായി നടപ്പിലാക്കി നികുതി വരുമാനം കൂട്ടാൻ നടപടി സ്വീകരിക്കുക.
മാനേജ്മെന്റ് സ്കൂളുകളിലേക്കും, കോളേജുകളിലേക്കുള്ള നിയമനം നിർബ്ബന്ധമായും, PSC വഴിയാക്കുക.
,
കേന്ദ്ര ഗവൺമെന്റിന്റെ  ധൂർത്ത് കൂടി ഇവിടെ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി മോദിജിയുടെ ഒന്നാം ഗവൺമെന്റ്, പ്രതിച്ചായ വർദ്ധിപ്പിക്കുവാൻ പരസ്യത്തിനായി ചെലവിട്ടത് 5245.73 കോടി രൂപ .

ഇന്ത്യൻ പ്രസിഡണ്ടിന് , അമേരിക്കൻ പ്രസിഡണ്ട് മോഡൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വാങ്ങുവാൻ പോകുന്ന വിമാനത്തിന്റെ വില 1000 കോടി രൂപ .

പട്ടേൽ പ്രതിമയുടെ ചിലവ് 3000 കോടി രൂപ

പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് മാത്രം വന്ന ചെലവ്  - 2021 കോടി രൂപക്ക് മുകളിൽ .

ലണ്ടനിലെ ഇന്ത്യൻ എംബസിയുടെ മാത്രം ഒരു വർഷത്തെ ആഡംബര ചെലവ് 800 കോടി രൂപ.

ഇപ്രകാരം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളിലെ ചെലവ് എത്രമാത്രം ഉണ്ടാകും.

കുത്തകക്കാരുടെ ബാങ്കുകളിലെ കടം എഴുതി തള്ളിയത് ഒന്നേകാൽ ലക്ഷം കോടി രൂപ.
പരിശോധിച്ചാൽ ഇതുപോലുള്ള നൂറുക്കണക്കിന് ധൂർത്തുകൾ കണ്ടെത്താൻ കഴിയും.

ഇനിയെങ്കിലും, സർക്കാർ ജീവനക്കാരന്റെ ശംബളവും, പെൻഷനും നോക്കി, അസൂയ പൂണ്ട് ടെൻഷനടിച്ച് നെടുവീർപ്പിടാതെ , സ്വന്തമായോ, മക്കൾക്കോ ഗവ ജോലി നേടിയെടുക്കാൻ ശ്രമിക്കുക .
കഠിനമായി പരിശ്രമിച്ച്  PSC പരീക്ഷ നന്നായി എഴുതിയാൽ ആർക്കും
സംസ്ഥാന ഗവ ജോലി കിട്ടും.

ഗവ ജോലി ചില ആളുകൾക്ക് മാത്രം കിട്ടുന്നതല്ല . കഠിനമായി പരിശ്രമിച്ച് PSC, SSC , UP SC പരീക്ഷകൾ എഴുതിയാൽ ,പരീക്ഷയിൽ മികവ് കാട്ടുന്ന ആർക്കും കേന്ദ്ര , സംസ്ഥാന ഗവ ജോലി കിട്ടും.

ആയതിനാൽ ,അസൂയ നന്നല്ല ,സ്വന്തമാക്കി അഭിമാനിക്കൂ.

ഇതിൽ പറഞ്ഞ എല്ലാ Data കളും ഗൂഗിളിൽ നിന്ന് ലഭ്യമായതു മാത്രമാണ് .-DISCLAIMER : copied from whatsapp group. PRESENTED for discussion. the blogger does not agree with all the opinions presented.