Thursday, 18 June 2020

കേരളത്തിൽ ,അതിരുകളായി അറബിക്കടലോ പശ്ചിമഘട്ടമോ വരാത്ത ഒരേ ഒരു ജില്ലയുണ്ട് .അത് ഏതാണ്‌ എന്ന് പറയാമോ ?

കേരളത്തിൽ ,അതിരുകളായി അറബിക്കടലോ പശ്ചിമഘട്ടമോ വരാത്ത ഒരേ ഒരു ജില്ലയുണ്ട് .അത് ഏതാണ്‌ എന്ന് പറയാമോ ?

2020 ജൂൺ 15 മുതൽ ഞങ്ങൾ അവിടെയാണ് താമസം .ഇതു മൂന്നു എല്ലുകളുടെ ( 3 L s ) നഗരം എന്നും അറിയപ്പെടുന്നു .ഏതൊക്കെയാണ്  ഈ എല്ലുകൾ ?

literacy (സാക്ഷരത  ) ; lakes (കായലുകൾ )   and  latex ( റബർ )

100 ശതമാനം  സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം (ജില്ലയും )കോട്ടയം ആണ് .  ഇത് അക്ഷര നഗരം എന്നും അറിയപ്പെടുന്നു .ചുവർചിത്ര നഗരി എന്നും അറിയപ്പെടുന്നു .കേരളത്തിലെ ആദ്യത്തെ പുകയില രഹിത ജില്ല  കൂടിയാണിത് .

ഇന്ന് ഞാൻ തിരുവാതുക്കൽ ഭാഗത്തേക്ക് നടന്നു.ആദ്യം ഭീമൻപടി .പിന്നെ തിരുവാതുക്കൽ ജംക്ഷൻ .ഇത് കുമരകം റോഡ് ,എംസി റോഡ് എന്നിവ സന്ധിക്കുന്ന അല്പം ചെറിയ ഒരു ടൌൺ ആണ് .വൈകുന്നേരം ആറുമണിയായി തുടങ്ങിയതിനാൽ ടൗണിൽ  ചെറിയൊരു ആൾക്കൂട്ടം  ഉണ്ട് .കോവിഡ് കാലമായതിനാൽ ആളുകൾ മിക്കവാറും മാസ്ക് മുഖത്ത് വെച്ചിട്ടുണ്ട് .ചിലരാകട്ടെ ,ഒരു ചെവിയിൽ കമ്മൽ പോലെ ഞാത്തിയിട്ട് ഓരം ചാരി നിൽക്കുന്നു .ഒരാൾ രണ്ട് കൈകൾ കൊണ്ടും മാസ്ക് അകറ്റിപ്പിടിച്ചു വിശറി  പോലെ തിരിക്കുന്നുണ്ട് .മറ്റുചിലരുടെ  മൂക്കുകൾ മാസ്കിനു വെളിയിൽ കാറ്റ് കൊള്ളുന്നുണ്ട് .പച്ചക്കറിക്കടയിലും മീൻ മാർക്കറ്റിലും ബേക്കറിയിലുമൊക്കെ ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ തിരക്കു കൂട്ടി നിൽക്കുകയാണ് . ബ്രേക്ക് ദി ചെയിൻ എന്ന് ഒരിടത്തു എഴുതി വച്ചതു വായിച്ചിട്ടായിരിക്കണം ,അതിനടുത്തു ഒരൊറ്റ മനുഷ്യൻ പോലും പോകുന്നതായി കണ്ടില്ല . കണ്ണൂരിൽ  എക്‌സൈസ് ഡ്രൈവറായ ഒരു യുവാവിന്റെ മരണ വാർത്ത മനസ്സിൽ ഉള്ളതു കാരണം ആകണം ആളുകൾ ഇവിടെ എത്ര അ ശ്രദ്ധമായാണ്  പെരുമാറുന്നത് എന്നതു എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു .

മൽസ്യഫെഡിന്റെ വലിയ  ഒരു വില്പനകേന്ദ്രം ഇവിടത്തെ സവിശേഷതയാണ് .സാമാന്യ സൗകര്യമുള്ള  ഒരു നല്ല ബസ് ബേയും ഈ ടൗണിന്റെ മറ്റൊരു സൗകര്യമാണ്‌ .

തിരിച്ചു  നടക്കുമ്പോൾ ഭീമൻ പടി  എന്ന സ്ഥലത്തു  മൂന്നാലു പേര്  ചേർന്ന്  നീലനിറമുള്ള  പോസ്റ്ററുകൾ തകൃതിയായി ഒട്ടിക്കുന്നു .  പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുന്നതിനായി നാളെ രാവിലെ ഒമ്പതരമണി മുതൽ തിരുനക്കരയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  ഉപവാസ സമരമാരംഭിക്കുന്നു എന്നതാണ് പോസ്റ്ററിലെ വിവരം . ചാർട്ടേർഡ്‌ വിമാനത്തിൽ വരുന്നവർ കോവിദഃ ടെസ്റ്റ് ചെയ്തിരിക്കണം എന്ന നിബന്ധനയെ യാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് .അസാധാരണമായി പെരുമാറുന്ന ആൾക്കൂട്ടങ്ങൾ ആയി മാറുകയാണ് പലരും .

കിണറുകൾ തേവികൊടുക്കും ,വിറകു കെട്ടുകൾ വില്പനക്ക് ,പണിയായുധങ്ങൾ വാടകക്ക് തുടങ്ങിയ പരസ്യങ്ങൾ മറ്റു പല ജില്ലകളിലും കാണാൻ കഴിയാത്തതായി തോന്നി .

കോട്ടയത്തെ സ്ഥലനാമങ്ങളിൽ പലതും "തിരു" കൂടി ചേർന്നുണ്ടായതായിക്കാണാം.തിരുനക്കര ,തിരുവഞ്ചൂർ ,തിരുവാതുക്കൽ ,തൃക്കാക്കര ,.....

തിരുവാതുക്കൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെയാണ്  കുമരകം ടൂറിസ്റ്റ് കേന്ദ്രം .ഇത് അറിയപ്പെടുന്ന ഒരു പക്ഷി സങ്കേതം കൂടിയാണ് .മീനച്ചിലാറും വേമ്പനാടുകായലും ചേരുന്ന ഈ സ്ഥലത്തു ബോട്ടു യാത്രക്കുള്ള അവസരം കൂടിയുണ്ട്.


കടൽ നിരപ്പിൽ നിന്നും 3500 മീറ്റർ ഉയരെ കിടക്കുന്ന ഇല്ലിക്കൽ എന്ന സ്ഥലവും ഇവിടെ നിന്നും 35 കി മി അകലെയാണ് .ഒരു കിലോമീറ്ററിലധികം ട്രക്കിങ്ങിനുള്ള അവസരമുണ്ടെന്നതാണ് ഇല്ലിക്കൽ കുന്നിനെ വ്യത്യസ്തമാക്കുന്നത് .മാള കയറി ചെന്നാൽ മൂന്നാറിലെത്തിയാലെന്ന പോലെ പ്രകൃതി ദൃശ്യങ്ങളാണത്രെ .അറബിക്കടലിന്റെ മനോ ഹരമായ കാഴ്ച മറുഭാഗത്തും .
കോവിഡ് കാലം യാത്രകൾക്കൊക്കെ ഒരു തടസ്സമായി നിൽക്കുന്നു .







No comments: