Friday 19 June 2020

ജീവിക്കാനുള്ള ശക്തി നമുക്ക് തരുന്നത് ശാസ്ത്രീയ സമീപനമാണ്

എല്ലാവർക്കും വായനാദിന ആശംസകൾ .

  പ്രിയ കൂട്ടുകാരേ ,വായിച്ചാൽ മാത്രം പോരാ .വായിച്ചതിന്റെ സത്ത് ഉൾക്കൊണ്ട് നാം അവനവന്റെ ജീവിതത്തെ ഒന്നു കൂടെ നന്മയിലേക്കും കരുത്തിലേക്കും അടുപ്പിക്കേണ്ടതുമുണ്ട് .വായിച്ചതിനെ ഡൈജസ്റ്റു    ( digest - ദഹിപ്പിച്ചു പോഷകാംശങ്ങൾ  പ്രയോജനപ്പെടുത്തുക  ) ചെയ്യുക എന്ന് പറയും .എത്ര കൂടുതൽ വായിച്ചാലും വായിച്ചതിനെ ഒരല്പം പോലും ഉൾകൊള്ളുന്നില്ലായെങ്കിൽ  അത്തരം വായന പ്രയോജനമില്ലാത്ത ഒന്നാണ് .

വൈലോപ്പിള്ളി യുടെ മാമ്പഴം എന്ന  കവിത   വായിക്കുന്ന ഒരാൾ കുഞ്ഞുങ്ങളുടെ വാശികൾക്ക് മുൻപിൽ ചെറിയൊരു ശ്രദ്ധ കൊടുക്കും . അവരുടെ ചെറിയ കുസൃതികളെ ബാല്യകാല ആനന്ദമായി  കാണുകയും  അവർ പൂക്കുലകളാണ്  ഒടിക്കുന്നതെങ്കിൽപ്പോലും   കഠിനമായി ശിക്ഷിക്കാതിരിക്കാൻ ശ്രമിക്കും.ബഷീറിന്റ  നല്ലവനായ പോക്കറ്റടിക്കാരനെ കുറിച്ചുള്ള കഥ വായിക്കുമ്പോൾ എല്ലാത്തരം മാനുഷരിലും അടങ്ങിയ നന്മയെ കുറിച്ചു നാം ഓർമിക്കുകയും മനുഷ്യനെന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യും .പാവങ്ങൾ എന്ന കഥയിലെ വെള്ളി മെഴുകുതിരിക്കാലുകൾ മോഷ് ടിച്ച കുറ്റവാളിയെ സ്വന്തം സഹോദരനായി കണ്ട് കുറ്റ വിമുക്തനാക്കുന്ന ബിഷപ്പിനെ പോലെ  ,നമ്മളും ,വിശപ്പ് സഹിക്കാതെ  മോഷണം നടത്തേണ്ടി വരുന്നതു പോലെയുള്ള  തെറ്റ് ചെയ്യുന്നവരോട് കരുണ കാണിക്കാനും അവരോട് ക്ഷമിക്കാനും ശ്രമിക്കും .ഇങ്ങനെയാണ്  വായന മനുഷ്യനെ നന്മയിലേക്കും കാരുണ്യത്തിലേക്കും ധീരതയിലേക്കും ഉയർത്തുന്നത് .  ജീവിതത്തി ൽ എല്ലാം നമ്മൾ ഉദ്ദേശിക്കുന്നത് പോലെ നടക്കണമെന്നില്ല .അതിൽ നിരാശപ്പെട്ടിട്ടു ദുഖിച്ചിരുന്നിട്ടോ ജീവിതം മതിയാക്കാൻ തീരുമാനിച്ചത് കൊണ്ടോ ഒരു ഗുണവുമില്ല .ഒരല്പം കാത്തു നിന്നാൽ ,കുറച്ചു കൂടി അദ്ധ്വാനിച്ചാൽ ,വീണ്ടുമൊന്നു ശ്രമിച്ചാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും .

ഇടശ്ശേരി കവിതകൾ പകർന്നു തരുന്ന ശക്തിയുടെ സന്ദേശം വായനക്കാരന്റെ മനസ്സിനെ ബലപ്പെടുത്തുകയേയുള്ളൂ.കുഴിവെട്ടി മൂടുക വേദനകൾ ,കുതികൊൾക ശക്തിയിലേക്കു നമ്മൾ .ഇതെല്ലാംകൊണ്ട്  ധാരാളം വായിക്കുക ,വായിച്ചു ശക്തി നേടുക  എന്ന് തന്നെയാണ് എനിക്ക് എന്റെ കൊച്ചു കൂട്ടുകാരോട് പറയാനുള്ളത് .

ജീവിക്കാനുള്ള ശക്തി നമുക്ക് തരുന്നത് ശാസ്ത്രീയ സമീപനമാണ്  എന്നത് ഈ കോവിഡ് കാലത്തു നമ്മൾ തിരിച്ചറിഞ്ഞതാണ് .അണുവിനെ നശിപ്പിക്കാൻ സോപ്പ് ഉപയോഗിക്കണമെന്ന കാര്യം  വായിച്ചറിഞ്ഞതാണല്ലോ. ഇങ്ങനെ ജീവിതത്തെ നില നിറുത്തുന്ന പല അറിവുകളും നമുക്ക് തരുന്നത് ശാസ്ത്രമാണ് .യുറീക്ക ,ശാസ്ത്രകേരളം ,ശാസ്ത്രഗതി  തുടങ്ങിയ മാസികകൾ വായിക്കണം .പത്രങ്ങളിൽ കുട്ടികൾക്കുള്ള വിശേഷാൽ പതിപ്പുകൾ വരുന്നുണ്ട് .അക്ഷര മുറ്റം പോലുള്ളവ .അവയിലെ ശാസ്ത്രലേഖനങ്ങൾ വായിക്കണം .വാർത്തകൾ വായിച്ചു കുറിപ്പുകൾ ഉണ്ടാക്കണം .വായിച്ച വിഷയങ്ങളെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യാനുള്ള കുട്ടികളുടെ കൂട്ടായ്മ്മകൾ ഉണ്ടാകണം .ബാലവേദികൾ പോലെ .വായനശാലകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം .എന്റെ കുട്ടിക്കാലത്തു ശാസ്ത്ര വായനയെ പോഷിപ്പിക്കാൻ നാട്ടിൻപുറത്തു ഞങ്ങൾ കുട്ടികൾ ഒരു  ക്ലബ് രൂപികരിച്ചു പ്രവർത്തിച്ചിരുന്നു .ഗലീലിയോ സയൻസ് ക്ലബ്.ആഴ്ചയിൽ ഒരു ദിവസം യോഗം ചേർന്ന് എല്ലാവരും ഒരു വിഷയത്തെ കുറിച്ച് സംസാരിക്കണം .ഏതു വിഷയമാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടാവും .യോഗത്തിൽ  സംസാരിക്കണമെങ്കിൽ വിഷയത്തെക്കുറിച്ചും നന്നായി വായിക്കണമല്ലോ .അപ്പോൾ വായിക്കുക മാത്രമല്ല,വായിച്ചതിനെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുകയും അതേക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്യും .  ഇതാണ് വേണ്ടത് .വായിക്കുക ,ചിന്തിക്കുക ,പ്രവർത്തിക്കുക .


പ്രിയ കൂട്ടുകാരെ ,ധാരാളം വായിക്കാനുള്ള തീരുമാനം ഇന്നത്തെ വായനാദിനത്തിൽ ഒന്ന് കൂടെ പുതുക്കുകയും നടപ്പിലാക്കുകയും ചെയ്യാം .ഇന്നത്തെ  വായനാ ദിന പ രിപാടിക്ക്  മുൻകൈ എടുക്കുന്ന ലതാബായി ടീച്ചറെ പോലുള്ള അദ്ധ്യാപക സുഹൃത്തുക്കളെ അഭിനന്ദിക്കുകയും കേരളത്തിൽ വായനയെ പ്രോത്സാഹിപ്പിച്ച  ശ്രീ പി എൻ പണിക്കർ ,ഐ വി ദാസ് ,പി ടി ഭാസ്കരപ്പണിക്കർ തുടങ്ങി നിരവധി നിരവധി ഗ്രന്ഥശാലാ പ്രവർത്തകരെ  വീണ്ടും ഓർമിക്കുകയും  ചെയ്യുന്നു .ആശംസകൾ .കുഴിവെട്ടി മൂടുക വേദനകൾ ,കുതികൊൾക ശക്തിയിലേക്കു നമ്മൾ .-CKR








No comments: