Monday, 27 April 2020

അടിമ ജീവിതം : by CKR

അടിമ ജീവിതം : by  CKR 

ഭരണയന്ത്രത്തിനു കൊറോണക്കാലം,
മദകരമൊരുൾപുളകകാലം,
ചിലപ്പൊഴെങ്കിലും.
ഒരു വിരൽ ഞൊടിക്കലിലണഞ്ഞു
ദില്ലിയിൽ തീനാളങ്ങളെങ്ങു-
മൊതുക്കവും കിതപ്പും ഭയവും മാത്രം.

ഒരു കൊട്ടിയടക്കലിൽ നിസ്വരുടെ പലായനം,
 ഒരു വടി ചുഴറ്റുമ്പോൾ വെൺപ്രാവുകൾ പറക്കുന്നു.
ഒരു വിസിൽ മതി ഭ്രാന്തനൃത്തങ്ങൾ പിറക്കുന്നു,
 ഭരണകൂടക്കരങ്ങളിൽ മാന്ത്രികന്റെ കയ്യടക്കം,
ഗോ കൊറോണപ്പാട്ടിൽ ജനമൊറ്റ മുയലായി,
 ഒരു പേടകത്തിനുള്ളിലേറുന്നു,
പിന്നെ മാനത്തുയരുന്നു, പല ചൂട്ടിൻ തിളക്കങ്ങളായ്!


ഭയത്തിന്റെ മതിലുകൾ, താനെ മുളക്കുന്നുറക്കുന്നു, മതിലനപ്പുറമൊളിക്കുന്നു മാനവനും ശുനകനും,
ഒതുക്കത്തോടൊരേ വണക്കത്തോടെത്തി നോക്കുന്ന
-റിയിപ്പു കേട്ടിട്ടുൾ വലയുന്നു, പുളകിതരാവുന്നുടുപ്പിട്ട കരുത്തുകൾ.

അതുപോലെ പൂത്തൊരുൾപ്പുളക
നിമിഷത്തിലേത്തമിടൽ പിറക്കുന്നു,
പുറത്തടി നടക്കുന്നു, ഡ്രോണുകളുയരുന്നു,
ചെറുമീൻചൂണ്ടകൾ നോറ്റ ചെറു ബാല്യം
വലിയ പക്ഷിയെക്കണ്ടു
വിറയോടെ പല പാടും ചിതറുന്നു,
 വെറും ഭ്രാന്തൻ കിനാവല്ല,
വിചിത്രം ജനാധിപത്യം.

 രാജപാതകളിലുയരുന്ന മൺചിറകൾ,
കാട്ടുവഴികളിൽ പൊലിയുന്ന ശ്വാസങ്ങൾ,
തോളിലുടക്കുന്ന മുനയുള്ള ബയണറ്റ്,
നീയറിയുന്നോ ഭ്രാന്താ,
 ഭക്ഷണപ്പൊതിയഴിക്കു,
പശിമാറ്റിപ്പതുങ്ങിക്കോ,
തീർന്നു നിന്റെ ചാലുവെപ്പ് ,
കുതിക്കേണ്ട,
 കുതറേണ്ട,
ചിലക്കേണ്ട,
 നിനക്കായീ ,
ചങ്ങലപ്പൂട്ട്.
- CKR

No comments: