Monday, 27 April 2020

ഇഴയടുപ്പം* ---സ്വാതി രാജന്‍റെ കവിത

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ പ്രിയസഖാവ്  പ്രസീദേച്ചിയുടെ മകള്‍
#സ്വാതി രാജന്‍റെ 

#കവിത

* #ഇഴയടുപ്പം*

******

സ്വബോധത്തെ ചങ്ങലയ്ക്കിട്ട്
ഭ്രാന്തിനെ സ്വതന്ത്ര്യമാക്കി
നോവിന്റെ അറകളെല്ലാം
മലർക്കെത്തുറന്ന്
ഉണങ്ങാത്ത മുറിവിന്
മരുന്നന്വേഷിച്ചവൾ
മനസ്സിന്റെ ഊടുവഴികളിലൂടെ അലഞ്ഞു.
ചോർന്നൊലിച്ച പ്രണയവും
ചോര കിനിയുന്ന ഹൃദയവും
തകർന്നടിഞ്ഞ സ്വപ്നങ്ങളും
അവൾക്ക് വഴികാട്ടികളായി.

അവസാനിക്കാത്ത യാത്രകളിലേക്ക്
നടന്നു നീങ്ങിയപ്പോൾ
ചങ്ങലക്കണ്ണികളുരഞ്ഞ്
യാഥാർത്ഥ്യമവളെ വീണ്ടും
മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
ചൂണ്ടക്കണ്ണികളിൽ കൊരുത്ത
ഇരയെപ്പോലെയവൾ
നൊന്തു പിടഞ്ഞു
അലറിക്കരഞ്ഞു
ഭ്രാന്തിന്റെ ആഴങ്ങളിലേക്ക്
ഊർന്നു വീണു.

അവിടെയവൾക്ക് കൂട്ടായി
അവൻ വന്നു
ചുംബനങ്ങൾ കൊണ്ട്
അവനവളുടെ മുറിവുകളുണക്കി
പ്രണയം കൊണ്ട് ഹൃദയം തുന്നിച്ചേർത്തു
കൈക്കുമ്പിളിൽ സ്വപ്നങ്ങൾ വാരിക്കൂട്ടി
പുതുവർണ്ണങ്ങൾ കൊണ്ടവൻ
അവളുടെ ലോകത്തിന് നിറമേകി
അവളിലവൻ വീണ്ടും ജനിച്ചു.

ചങ്ങലക്കണ്ണികൾ വീണ്ടുമവളുടെ
കാലുകൾ വരിഞ്ഞുമുറുക്കി ആർത്തിയോടെ പുഴുക്കളാ
ശരീരം കാർന്നുതിന്നു
അപ്പോഴുമവളുടെ വരണ്ട ചുണ്ടുകൾ
അവനുവേണ്ടി പുഞ്ചിരിച്ചു
തളർന്ന കണ്ണുകൾ അവനുവേണ്ടി
മാത്രം തിളങ്ങി
അവനിലവൾ സ്വതന്ത്ര്യയായി.

നിറം കെട്ട രാത്രികളിലൊരു
നക്ഷത്രമായി അവന്റെ
ഓർമ്മകളിലവൾ പുനർജ്ജനിച്ചു
പുലരുവോളം അവന്റെ സ്വപ്നങ്ങൾക്ക്
വെളിച്ചമായി
തോരാത്ത വിഷാദം നിറഞ്ഞു പെയ്യുമ്പോൾ
ആശ്വാസത്തിന്റെ പുതപ്പായവനെ
പൊതിഞ്ഞു മൂടി
 ജീവശ്വാസത്തിന്റെ അകലങ്ങളിൽ നിന്ന് അവനുവേണ്ടിയവൾ
സ്വപ്നങ്ങൾ നെയ്തു
 ഊടും പാവുമേകി കാലം ആ
ഇഴകൾ അടുപ്പിച്ചു കൊണ്ടേയിരുന്നു.

                                     SWATHI. RAJAN

comments

മകളേ, പ്രാണന്റെ വേദനകൾക്ക് ചെവിയോർക്കാൻ  ഈ കവിത പ്രേരിപ്പിക്കുന്നു.

No comments: