Tuesday, 21 April 2020

കൊറോണക്കാലത്തെ കാക്കപ്പൂവുകൾ

എൻ്റെ കവിതകൾ -ckr 21 / 04 / 2020
കൊറോണക്കാലത്തെ ദൈവങ്ങൾ :

വ്യക്തി സുരക്ഷാ പ്പൊതികളിൽ വിയർത്തൊട്ടിയെത്രയോ കാലം
നമുക്കായ് സ്വയം തടവിലാകുവോർ,
പെറ്റ കുഞ്ഞിനെപ്പോലും വീട്ടിലുപേക്ഷിച്ചെന്നെ നോക്കുവാൻ വന്നവർ, തീർക്കണമവർക്കായി സ്മാരകങ്ങൾ ,സയൻസിന്റെ കാവാലാളുകളവർ ,കോറോണക്കാലത്തെ ദൈവങ്ങൾ - നേഴ്സുമാർ, ഡോക്ടർമാർ.


 അറിവുകേട് : 

നവരത്നങ്ങൾ വിറ്റുപോയ്, സമത്വ സ്വത്തുക്കൾ പണയത്തിലായ് ,നല്ലോ രുടയാടകളെല്ലാം കീറിപ്പറഞ്ഞൊരമ്മ പനിച്ചുറങ്ങുന്നു, മക്കള തറിയുമോ .?      മുഖംമൂടിയണിഞ്ഞും പരസ്പരമകന്നും പോരടിച്ചും , പല തവണ കൈ കഴുകിയും ,ദു: സ്വപ്നങ്ങളിൽ ഭയന്നുരുകിയും, സ്വദേഹം ചിതലരിക്കുന്നതറിയാതിരിക്കുന്നിടവേളയിൽ - പല വിനോദപ്പേടക സമക്ഷം മക്കൾ, അമ്മമാരറിയുമോ?


സംഗീതം : 

ലാഭക്കൊതിയരുടെ തോട്ടങ്ങളിൽ ശവം നാറികൾ പൂക്കുന്നു, അവരതറിയാതെയെന്തോ വമ്പു പുലമ്പുന്നു.
വിശപ്പും കിടപ്പാടവും പങ്കുവെക്കുന്നവരുടെ തീരങ്ങളിൽ
 കരുതലും സഹനവും തളിർക്കുന്നു.
അവിടെ സംഗീതമുണ്ടാകുന്നു.

കൊടുംഭീകരർ :

 കൊറോണയണുക്കളല്ല, കൊടും ഭീകരർ;
അന്യ മത വിരോധ മുരക്കുന്ന സംഘങ്ങൾ;
ആൾക്കൂട്ടങ്ങളെയിളക്കി തീ പടർത്തുവോർ,
 പുര യെരിയും കാലത്തു വാഴ വെട്ടുവോർ.

കൂട് :
 കിളികളെ കൂട്ടിലടച്ച നിന്നെ
കൊറോണ പൂട്ടി വലിയ കൂട്ടിൽ !

ഭക്തി :

കാഫിറെയോടിച്ച സൗധങ്ങളെല്ലാം ,
ഭക്തർക്കു മുന്നിലടച്ചിന്നു ,ശാസ്ത്രത്തെ നമിക്കുന്നു. !

തടവ് :

പഴയ കള്ളന്മാരെ വെറുതെ വിട്ട നാം,
പുതിയ സത്യങ്ങൾ പറഞ്ഞോരെ തുറുങ്കിലടക്കുന്നു.

ഗ്രേറ്റ :

കുഞ്ഞു ഗ്രേറ്റയെ തറപ്പിച്ചുനോക്കി രസിച്ച ട്രംപി ന്ന്,
ചെറു കൊറോണക്കളി കണ്ടു വിറച്ചു പുലമ്പുന്നു !

 അപേക്ഷ :

പതിനായിരങ്ങൾ മരിച്ചു പുകയുന്ന പയ്യാമ്പലങ്ങളിൽ,
 പകുതി വെന്ത ശവമായിനിയെന്നെ ,
വലിച്ചെറിയല്ലേ, മുഴുവൻ കത്തിക്കണം.
കടുത്ത മോഹങ്ങ,ളെന്നിലെ മറഞ്ഞ ദുഷ്ടത കരിഞ്ഞു തീരട്ടെ കിളിർക്കാതൊരിക്കലും.
*****************************************************************

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ പ്രിയസഖാവ്  പ്രസീദേച്ചിയുടെ മകള്‍ 
#സ്വാതി രാജന്‍റെ   

#കവിത

* #ഇഴയടുപ്പം*

******

സ്വബോധത്തെ ചങ്ങലയ്ക്കിട്ട്
ഭ്രാന്തിനെ സ്വതന്ത്ര്യമാക്കി
നോവിന്റെ അറകളെല്ലാം
മലർക്കെത്തുറന്ന്
ഉണങ്ങാത്ത മുറിവിന്
മരുന്നന്വേഷിച്ചവൾ
മനസ്സിന്റെ ഊടുവഴികളിലൂടെ അലഞ്ഞു.
ചോർന്നൊലിച്ച പ്രണയവും
ചോര കിനിയുന്ന ഹൃദയവും
തകർന്നടിഞ്ഞ സ്വപ്നങ്ങളും
അവൾക്ക് വഴികാട്ടികളായി.

അവസാനിക്കാത്ത യാത്രകളിലേക്ക്
നടന്നു നീങ്ങിയപ്പോൾ
ചങ്ങലക്കണ്ണികളുരഞ്ഞ്
യാഥാർത്ഥ്യമവളെ വീണ്ടും
മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
ചൂണ്ടക്കണ്ണികളിൽ കൊരുത്ത
ഇരയെപ്പോലെയവൾ
നൊന്തു പിടഞ്ഞു
അലറിക്കരഞ്ഞു
ഭ്രാന്തിന്റെ ആഴങ്ങളിലേക്ക്
ഊർന്നു വീണു.

അവിടെയവൾക്ക് കൂട്ടായി
അവൻ വന്നു
ചുംബനങ്ങൾ കൊണ്ട്
അവനവളുടെ മുറിവുകളുണക്കി
പ്രണയം കൊണ്ട് ഹൃദയം തുന്നിച്ചേർത്തു
കൈക്കുമ്പിളിൽ സ്വപ്നങ്ങൾ വാരിക്കൂട്ടി
പുതുവർണ്ണങ്ങൾ കൊണ്ടവൻ
അവളുടെ ലോകത്തിന് നിറമേകി
അവളിലവൻ വീണ്ടും ജനിച്ചു.

ചങ്ങലക്കണ്ണികൾ വീണ്ടുമവളുടെ
കാലുകൾ വരിഞ്ഞുമുറുക്കി ആർത്തിയോടെ പുഴുക്കളാ
ശരീരം കാർന്നുതിന്നു
അപ്പോഴുമവളുടെ വരണ്ട ചുണ്ടുകൾ
അവനുവേണ്ടി പുഞ്ചിരിച്ചു
തളർന്ന കണ്ണുകൾ അവനുവേണ്ടി
മാത്രം തിളങ്ങി
അവനിലവൾ സ്വതന്ത്ര്യയായി.

നിറം കെട്ട രാത്രികളിലൊരു
നക്ഷത്രമായി അവന്റെ
ഓർമ്മകളിലവൾ പുനർജ്ജനിച്ചു
പുലരുവോളം അവന്റെ സ്വപ്നങ്ങൾക്ക്
വെളിച്ചമായി
തോരാത്ത വിഷാദം നിറഞ്ഞു പെയ്യുമ്പോൾ
ആശ്വാസത്തിന്റെ പുതപ്പായവനെ
പൊതിഞ്ഞു മൂടി
 ജീവശ്വാസത്തിന്റെ അകലങ്ങളിൽ നിന്ന് അവനുവേണ്ടിയവൾ
സ്വപ്നങ്ങൾ നെയ്തു
 ഊടും പാവുമേകി കാലം ആ
ഇഴകൾ അടുപ്പിച്ചു കൊണ്ടേയിരുന്നു.
 
                                     SWATHI. RAJAN

comments

മകളേ, പ്രാണന്റെ വേദനകൾക്ക് ചെവിയോർക്കാൻ  ഈ കവിത പ്രേരിപ്പിക്കുന്നു.
************************************************

അനുമോദനച്ചടങ്ങ് : by CKR

ഒരു മെമന്റോയും ക്യാമറ ക്ലിക്കും,
ചില  കോഴിക്കാലുകളും  തർപ്പണം ചെയ്ത്,
പ്രിയതോഴരെന്റെ കവിതയെയടക്കം ചെയ്തു.

മലയിറങ്ങും കരിംഭൂതങ്ങളെയകറ്റാൻ,
പുതിയ പ്രസിഡന്റു ഗൂഢ മന്ത്രങ്ങൾ ചൊല്ലി.
സെക്രട്ടറി കർമ്മതന്ത്രങ്ങൾ ചെയ്തു,
നിറഞ്ഞ സദസ്സതൊക്കെയുമേറ്റു ചൊല്ലി.

 ഇടയിലെവിടെയോ ചത്തൊരെൻ ഫോണിൽ ,
നവ മാധ്യമങ്ങളിലുയിരു തേടി,
തറ തൊടാതലയുന്നു പ്രിയ കവിത ,
വെള്ള സാരിയിട്ടവ്യക്തരൂപ-
മായൊരു വിലാപഗീതമായ്.

**********************************************************
മഴക്കു തുല്യം മഴ, മഴ മാത്രമേയുള്ളൂ.

 പയ്യാമ്പലത്തെത്തിളക്കും തീരത്തെ,
നൊടിയിട കൊണ്ടിരുണ്ട മാനവും
നനുത്ത കാറ്റുമായുരുക്കിമാറ്റുവാൻ
 മഴക്കു മാത്രമാം,മഴക്കു തുല്യം മഴ,മഴയൊന്നു മാത്രം.

തരംഗകേളികളിടിമുഴക്കത്തിലിടറിമായവേ,
മഴത്തുള്ളികളടർന്നു വീഴും സ്വരം,
കാറ്റിൻ ചെറുശീൽക്കാരം ,
 മനസിൽ തേനുറവയായ്.

നനഞ്ഞ മണ്ണിന്റെ  ഗന്ധം
തെങ്ങിൻ തലപ്പുകളുടെയാട്ടം,
 ചെറുകിളിയനക്കങ്ങളും .

 മറയ്ക്കുവാൻ വന്നുവോ നീ മഴേ,
 കടുത്ത വേനൽ പ്രണയത്തിളപ്പിനെ,
 തീരക്കരിങ്കല്ലിൽ മുറിഞ്ഞലറിക്കരഞ്ഞ-
 കുഞ്ഞിന്റെ കരൾപ്പിടപ്പിനെ,
 പൗരത്വ മതിലിനപ്പുറം ചുര മാന്തും മരണത്തിൻ ചിതപ്പുകകളെ  ?.

വരിക നീ മഴേ, പയ്യാമ്പലത്തെ തഴുകുവാൻ നിറഞ്ഞു പെയ്യുക ,
 കറുത്ത കാലത്തെ കഴുകി മാറ്റുവാൻ ,
മതംപറഞ്ഞയൽജീവനെടുക്കും
കുടിലക്കനൽതിളക്കങ്ങളൊഴുക്കിമാറ്റുവാൻ,

 പ്രളയമായ് നിറഞ്ഞഴുക്കുചാലുകൾ തുടച്ചെടുക്കുവാൻ,
പല കൂട്ടമായ് ചിതറും മനുഷ്യരെയൊരു -
ചരടിലേക്കൊരുക്കി  നിർത്തുവാൻ ,
അകന്നു നിൽക്കുമ്പോളടുപ്പം ചാലിക്കാൻ.
വരിക നീ മഴേ, പയ്യാമ്പലത്തെ തഴുകുവാൻ നിറഞ്ഞു പെയ്യുക

വരിക നീ മഴേ, തിരിച്ചറിവിൻ  -
നാമ്പുകൾ കിളിർത്തു പൂക്കുവാൻ ,
കൊറോണപ്പടനിലങ്ങളിൽ ,
 കനിവിൻ ചാലുകൾ നിറഞ്ഞു ,
 കേരളപ്പെരുമ തീർക്കുവാൻ.      _By  CKR

No comments: