Friday 24 April 2020

പൗലോ പോളിനോ ഗ്വാജ്‌ശാര - By CKR

പൗലോ പോളിനോ ഗ്വാജ്‌ശാര  -    By CKR   
----------------------------------------------------------------
   മറവിക്കു മരുന്നാണീ കവിത,
മണ്ണിൻറെ മക്കളെ മറക്കുന്ന കാലത്ത് ;
പാതിരാനേരത്ത് കാടിനു കാവലായ്
 പ്രാണൻ കളഞ്ഞോൻറെ പേരും മറന്നു നാം ;                         
കവിതയാ ധന്യന്റെ പേരു തിരയുന്നു ;
 കാണുന്നു പൗലോ പോളിനോ യെന്ന വീരനേ,
 യാക്കാൽകളിൽ വീണു കണ്ണീർ പൊഴിക്കുന്നു.
*************************************************
ആരാണു    പൗലോ പോളിനോ ഗ്വാജ്‌ശാര,
ആമസോൺ ഹരിതാഭ കാത്തുകിടന്നവൻ,
കാടിൻറെ കാവൽപടത്തലവൻ ,
കാട്ടു കൊള്ളക്കാരുടെ വെടിയേറ്റ് വീണവൻ ;
മുന്തിരിക്കൺകളിൽ സ്വപ്നം നിറഞ്ഞവൻ;
 മുടിനാരുപോലുമുയിർ നാളമായവൻ ,
കട്ടിപ്പുരികവും നേർത്ത മീശരോമങ്ങളും
നീട്ടിയുയർത്തിപ്പിടിച്ചമുഷ്ടിയുമായ് വീണവൻ ,
******************************************************
നീലച്ച ചോരച്ചാലുകൾ നെറ്റിത്തടത്തിലും
 നീലക്കൺതടം മുതൽ താഴേക്കു ചുണ്ടോളം
 കാടിൻറെചോരകനത്തകരിമുത്തുമാലകളേറെനീളെയും;
നീലാരുണത്തൂവൽ കിരീടവും പീത ഹരിതാരുണപുഷ്പമാലയും കാട്ടുവള്ളിപ്പടർപ്പിൻ പുതപ്പുമായ് 
ചോരക്കിടക്കയിൽ കാട്ടുവഴിയൊന്നിൽ
നീണ്ടുനിവർന്നു കിടക്കുന്നു 
പോളിനോ ,
കാട്ടിലൊരു വൻ മുരിക്കിൻ പൂത്തിളക്കങ്ങൾക്കിടയിലിന്നും  ;
*******************************************************************
കാട്ടുതീപ്പൂക്കൾക്കുമപ്പുറം  
പോളിനോ
തോക്കേന്തി തീമേഘമായ് നിറഞ്ഞ നാളുകൾ,
ധ്യാനിച്ചു നിശബ്ദമമരുന്നു വനവും. 
പൗലോ പോളിനോ ഗ്വാജ്ശാരാ,
പ്രണയിപ്പൂ നിന്നെയെൻ കവിത;
മണ്ണിനെ ,കാടിനെ, പച്ചപ്പിനെ ,
" *ആവാ" മക്കളെ കണ്ണായി പ്രാണനായ് കാത്തവൻ പൗലോ .
******************************************************
പൊൻമകനെ ലാളിക്കാൻ വെമ്പിയ നിൻ  കൈകളി-
ലിന്നു കാടിൻറെ യലിവും മണ്ണിൻ പുതപ്പും,
നിലക്കില്ല പക്ഷെ 
പോളിനോ ചൊല്ലിയ വാക്കുകൾ,
കാടിൻ മുഴക്കമായവയുയരുന്നു.


 "ഭയമുണ്ടെനിക്കെങ്കിലും
ഞാൻ ചെറുക്കുന്നു കൊള്ളയെ. 
തലയുയർത്തി നാമെതിർക്കണം കാടിന്റെയരികളെ.
വരുംതലമുറക്കായി കാക്കണം കാടിൻറെ പ്രാണനെ,
എൻറെ മണ്ണിനെ ,ജീവനെ,
കാക്കാൻ ശ്രമിക്കുന്നു ഞാനുമെൻ കൂട്ടരും,


പോരാട്ട ഭൂവിൽ പതറില്ല ഗ്വാജ്ശാരാ.
അമ്മ ഭൂമി മരിക്കുന്നു,
 നല്ല തോഴർ മരങ്ങളോ,
കട്ടു പോവുന്നു നാൾക്കുനാൾ."
**************************************************************
കാട്ടു കള്ളർക്കു തുണയായി,
വികസന മോഹമായ്
*ബോൾസനാരോ സംഘം വാഴുന്നു,
കൊടിയൊരാർത്തി വെടിമരുന്നാ-
യൊളിപ്പോരാട്ടക്കഥകളുടെ
കാട്ടിലൊരു കൊടുങ്കാറ്റുറയുന്നു,
മുളങ്കാടിൻ മറകൾക്കിടയിലെവിടെയോ  ;
ഗുഹാന്തര മൗനങ്ങളിലെവിടെയോ ,
ഗ്വാജ് ശാരാ പ്രതിരോധപ്പട കിതക്കുന്നു,
 കാട്ടിൽ നിറയുന്നൂഷര മേഖലകൾ ,
"മക്കാവു "കൾ പിടക്കുന്നു.
*************************************************************
ഒറ്റ മരണമേ ഗ്വാജ് ശാരക്കുള്ളൂ,
 ചത്തു ജീവിക്കുന്നു വേട്ടക്കാർ,
കാടിന്റെ ശത്രുക്കൾ.
മൂടുന്നു മുഖമവർ,
കൂപ്പുന്നു കൈകൾ ,
തോക്കു ചൂണ്ടുന്നു ,
കൊല്ലുന്നു നന്മയെ.
************************************************
കാട്ടിലെ കള്ളമാർ നാട്ടിലൊളിക്കുന്നു,
നാട്ടിലെ ച്ചോരന്മാർ കാട്ടിലും.
കവിത യിലുയിർക്കട്ടെ പൗലോ 
പോളിനോ,
കവിത യുണർത്തട്ടെ ധാബോൽക്കറെ ,
ഗോവിന്ദ് പൻസാരെയെ,കൽബുർഗിയെ, ഗൗരി ലങ്കേഷിനെ, ചക്രവ്യൂഹച്ചതിയിൽ പൊലിഞ്ഞോരഭിമന്യുവെ, ചതിച്ചുഴലികളിലാടിമുറിഞ്ഞു വീണ വൻമരങ്ങളെ.
*********************************************************
കാട്ടു തേൻ കുടിച്ചും കായ്കനി ഭുജിച്ചും കഴിയുവോർ,
നായാടുവാനിന്നും കുന്തങ്ങളേന്തുവോർ ,
 " ആവ "മനുഷ്യരൊരു നൂറു പേർ മാത്രമായ് കെണിയിൽ പിടക്കവേ, തടിവെട്ടു സംഘങ്ങൾ ചുറ്റിലും കാടുതെളിക്കവെ,
മക്കളമ്മയെ മറക്കുന്ന കാലത്തും പാതിരാ നേരത്തും ;
കാടിനായങ്ങിനെ നാടിനായ് ,
പ്രാണൻ കളഞ്ഞൊരു ഗ്വാജ്ശാര വീര്യത്തെ
 യോർക്കുന്നുയിർക്കുന്നു തീനാളമായ് കവിത !-   


*****************************************************************************
കുറിപ്പുകൾ - ഗ്വാജ്ശാര - guaj jara ആമസോൺ വനങ്ങളിൽ കഴിയുന്ന തദ്ദേശീയമനുഷ്യർ. ( Tribes ); ആവ (Awa) കിഴക്കൻ ആമസോൺ വനങ്ങളിൽ മറ്റു മനുഷ്യരോട് യാതൊരു സമ്പർക്കവും പുലർത്താത്ത തദ്ദേശീയ മനുഷ്യർ. ആകെ 300 പേർ മാത്രം. കാട്ടു കൊള്ളക്കാരിൽ നിന്നും.വംശനാശ ഭീഷണി നേരിടുന്നു. Macaw_ മക്കാവ് ബ്രസീലിൽ വംശനാശം നേരിടുന്ന ഒരു ഇനം പക്ഷി.

No comments: