വൈകാരികമായി ഉത്തേജിക്കപ്പെട്ട ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിന്
അയ്യപ്പ വിശ്വാസി എന്ന പേരിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പോസ്റ്റുകൾ പല ഗ്രൂപ്പുകളിലേക്കും തള്ളിവിടുന്ന ചില അയ്യപ്പ വിശ്വാസികളുണ്ട്. ഈ പോസ്റ്റ് അവർക്കുള്ളതാണ്. എന്തെന്നാൽ നിങ്ങളിൽ പലരും അയ്യപ്പനെ വിളിക്കുന്നത് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് എന്ന തിരിച്ചറിവ് ആളുകൾക്കുണ്ട് എന്നത് ആദ്യം മനസിലാക്കുക. അയ്യപ്പസന്നിധാനത്തിൽ എഴുതി വെച്ചിരിക്കുന്നത് തത്വമസി എന്നാണ്. അത് നീയാണ്. എന്ന് അർത്ഥം. നീ തേടുന്നത് നിന്നിൽ തന്നെയുണ്ട്. അപരനും നീയുമൊക്കെ ദൈവാംശമാണ് എന്നർത്ഥം. ആണും പെണ്ണും ആ തിരുനടയിൽ ദൈവത്തിന്റെ മുമ്പിൽ സമമാണെന്നും അയ്യപ്പൻ ഏതാനും ചില വിശ്വാസികളുടെ സംരക്ഷണം ആവശ്യമുള്ള ഒരു ശക്തി അല്ല എന്നും ആദ്യം മനസിലാക്കിയാൽ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഈ പിടച്ചിലൊന്നു കുറയും. LDF വന്നാലും UDF വന്നാലും BJP വന്നാലും അയ്യപ്പന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ ഭക്തി വ്യവസായത്തിന്റെ പങ്ക് പറ്റുന്ന ചില വിശ്വാസികൾക്ക് ഈ തെരഞ്ഞെടുപ്പിൽ ചങ്കിടിപ്പ് കൂടും. അവരാണ് മുന്നും പിന്നും നോക്കാതെ പോസ്റ്റുകൾ തള്ളി മറിക്കുന്നത്. സ്വന്തം അസൗകര്യങ്ങളുടെ പേരു പറഞ്ഞ് സ്വന്തം അമ്മയെ അയ്യപ്പ സവിധത്തിലെത്തിക്കാൻ നേരമില്ലാതിരുന്നവരാണ് ഇപ്പോൾ "അവിശ്വാസി "കളുടെ പുറകെ പോസ്റ്റു തള്ളാനിറങ്ങിയിരിക്കുന്നത്. ഭക്തി ഈശ്വരാംശത്തോട് ചേരലാണ്. ഇതിനുള്ള ശ്രമം നടത്തേണ്ടത് സേവന പ്രവൃത്തിയിലൂടെയാണ്. അടുത്തു നിൽ പോരനുജനെ നോക്കാന ക്ഷികളില്ലാത്തോർക്ക - രൂപ നീശ്വരന ദൃശ്യനായാ ലാ ലതിലെന്താശ്ചര്യം ! ഭക്തി മനുഷ്യ സേവനത്തിലാണ്. തൊണ്ട കാറി ബഹളം വിളിയിലല്ല. സമത്വത്തിനു വേണ്ടി പ്രവർത്തിക്കുമ്പോഴാണ്. ജാതി, മത വിവേചനത്തിനെതിരെ ശബ്ദിക്കുമ്പോഴാണ് .
അനുബന്ധം :
അയ്യപ്പ വിശ്വാസികൾ എന്നു സ്വയം കരുതുന്ന ചില വിശ്വാസികൾ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് തള്ളുന്ന നിരവധി പോസ്റ്റുകളിൽ ഒന്നാണ് "അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല. പ്രളയത്തോടെ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു. "എന്നും "അയ്യപ്പനെ പെണ്ണ് കെട്ടിച്ചവനെ തോൽപ്പിക്കാൻ അവസരം കിട്ടുന്ന ഭാഗ്യവാന്മാർ തൃപ്പൂണിത്തുറക്കാർ ആയിരിക്കുമോ" എന്നും കൂടെ സ്വരാജിന്റെ ചിത്രവും ഉൾപ്പെടുത്തിയുള്ള പോസ്റ്റ്. രാഷ്ട്രീയമില്ലെന്നു നിലവിളിക്കുന്ന ഈ പോസ്റ്റുന്തികൾ പ്രചരിപ്പിക്കുന്നത് കൃത്യമായും വലതുപക്ഷ വർഗീയ രാഷ്ട്രീയം തന്നെയാണ്. മുകളിൽ പറഞ്ഞ പ്രസ്താവന സ്വരാജ് നടത്തിയ തല്ല. സ്വരാജ് നടത്തിയ അഭിപ്രായങ്ങളെ വളച്ചൊടിച്ചതാണ്. "അയ്യപ്പനെ പെണ്ണുകെട്ടിച്ചവൻ "എന്ന പ്രസ്താവനയിറക്കുന്നവരാണ് യഥാർത്ഥത്തിൽ അയ്യപ്പനെ അപമാനിച്ചിരിക്കുന്നത്. ഒരു ദൈവിക ശക്തിയെ മനുഷ്യൻ ഇകഴ്ത്തിയാലോ പുകഴ്ത്തിയാലോ ശക്തിക്കു ഒന്നും സംഭവിക്കാനില്ല. അത്തരം മനുഷ്യരെ ശിക്ഷിക്കാനോ രക്ഷിക്കാനോ തിരുത്താനോ ആ ദൈവശക്തിക്കു കഴിയുമല്ലോ. അതിനു മൂന്നാമതൊരാളിന്റെയോ ആൾക്കൂട്ടത്തിന്റെയോ ഇടപെടൽ വേണ്ടതില്ല. വാസ്തവത്തിൽ ഒരു ദൈവിക ശക്തിയെ വെറും മനുഷ്യനായി കണ്ട് തയ്യാറാക്കുന്ന പ്രസ്താവനയാണ്. ഇത് കേവലം ഉപരിപ്ലവമായി മാത്രം ചിന്തിക്കുന്ന വിശ്വാസികളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിലാണ് വർഗീയ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയുക. ഇത് വലതുപക്ഷ ത്തിലുള്ള തീവ്രവാദികൾ ആൾക്കൂട്ടങ്ങളെ ഇളക്കിവിടാൻ ഉപയോഗിക്കുന്ന വെറുപ്പിന്റെ പ്രചാരണ തന്ത്രമാണ്.
- CKR
പ്രതികരണം
അതിവൈകാരികമായ ഒരു പ്രതികരണമാണ് എനിക്ക് ഈ കുറിപ്പിന് ലഭിച്ചത് . വേണമെങ്കിൽ തന്നെ ഭ്രാന്തനെന്നു കരുത്തിക്കോളാനും അയ്യപ്പന് വേണ്ടി ജീവാണുള്ളത് വരെ പോരാടാൻ തയ്യാറാണെന്നും ഒരു വിശ്വാസി അയച്ച ഓഡിയോയിൽ പറയുന്നു . കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനാണെന്നും വിശ്വാസികളെ തല്ലിട്ടിട്ട് മാപ്പു ചോദിക്കാൻ നാണമില്ലേ എന്നും തുടർ ചോദ്യങ്ങളുമുണ്ട് .രാഷ്ട്രീയക്കാർ ശരിയല്ലായെന്നും അവരാരും എന്റെ വീട്ടിൽ കയറിപ്പോകരുതെന്നും അഹങ്കാരിയാണെന്നു കരുതിക്കോളാനും താൻ ഇത്തവണ വോട്ടിനേ പോകുന്നില്ലെന്നും അദ്ദേഹം ആണയിടുന്നു .ലിംഗഭേദം എവിടെയാണുള്ളതെന്നും 6 വയസ്സിനു മുമ്പുള്ളവരും 60 വയസ്സ് കഴിഞ്ഞവരും ആയ സ്ത്രീകളെ തൊഴാൻ അനുവ ദി ക്കുന്നുണ്ടല്ലോ . പിന്നെയെന്തു ലിംഗ ഭേദം . സ്ത്രീസമത്വം ആവശ്യമായ ഒരു സംഗതി അല്ലെന്നും പ്രഖ്യാപനമുണ്ട് .ഈ വിഷയത്തിൽ കിട്ടുന്ന പോസ്റ്റുകൾ എന്ത് വന്നാലും ഏതു ഗ്രൂപ്പിലേക്കും തള്ളുമെന്നും അദ്ദേഹം ഉറപ്പിക്കുന്നു ഇങ്ങനെ ക്ഷുഭിതനായി സംസാരിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു എന്നും അദ്ദേഹം പറയുന്നു .
എന്റെ പ്രതികരണം
"( 1. )കടകം പള്ളി മാപ്പു പറഞ്ഞിട്ടില്ല. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലുള്ള സംഭവ വികാസ ങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് പറഞ്ഞത് ( 2 ) നല്ല രാഷ്ട്രീയക്കാർ എല്ലാ പാർട്ടികളിലുമുണ്ട് (3) നിയമ ലംഘനം നടത്തിയ ചില വിശ്വാസികൾക്കു മാത്രമാണ് തല്ലു കിട്ടിയത്. (4) നല്ല സാധന ങ്ങൾ അടങ്ങിയ ഒത്തിരി കിറ്റുക ളും കിട്ടിയിട്ടുണ്ടല്ലോ (5) വിശ്വാസികൾ എല്ലാ രാഷ്ട്രീയ കക്ഷിയിലുമുണ്ട്. (6) എങ്ങിനെ പ്രതികരിക്കണമെന്നത് അവനവന്റെ ഇഷ്ടം എന്നത് പൂർണമായും ശരിയാണ്. എന്ന് സ്നേഹപൂർവം ,"എന്നായിരുന്നു
ഇതിനു പ്രതികരണമായി വന്ന ഓഡിയോവിൽ നേരത്തെയുള്ള നിലപാടിന് വിരുദ്ധവും എന്നാൽ കുറേക്കൂടി ശാന്തവും ആയ പ്രതികരണമാണ് ലഭിച്ചത് .സ്ത്രീകൾക്ക് ജോലിയുണ്ടായാൽ അഭിമാനിക്കാമെന്നും ജോലിയില്ലാത്തവൾ അടിമകളായി കഴിയേണ്ടി വരുമെന്നും ഒറ്റശ്വാസത്തിൽ അദ്ദേഹം പറയുന്നു .ഇതിനു ശേഷം അപേക്ഷാ രൂപത്തിൽ ,ശബരിമല ലോകത്തുള്ള മലയാളികൾക്കെല്ലാം ഒരു പുണ്യ ക്ഷേത്രമാണെന്നും കണ്ട വേശ്യകളെയും തെമ്മാടികളെയും കേറ്റാനുള്ള ഇടമല്ല ശബരിമല എന്നും അദ്ദേഹം ഓർമിപ്പിച്ചു .അതിനു വേണ്ടി ജീവൻ ബലിയിടേണ്ടി വന്നാലും ഞാൻ അതിന് തയ്യാറായിരിക്കും .സുപ്രീം കോടതി ജഡ്ജിമാർക്ക് എന്തറിയാം .സ്ത്രീ സമത്വം എന്നും പറഞ്ഞു കുറെയെണ്ണം ഇറങ്ങിയിരിക്കുകയല്ലേ ? എന്നും അദ്ദേഹം ചോദിക്കുന്നു .
ഇതിനു ഞാൻ
"സ്ത്രീ സമത്വം നമ്മുടെ പാഠ പുസ്തകങ്ങളിൽ പോലും അംഗീകരിക്കപ്പെട്ട ആശയമാണ്. ആദ്യം പറഞ്ഞ പോലെ സ്ത്രീകളെ അടിമകളാക്കാതിരിക്കാനാണ് സ്ത്രീ സമത്വം എന്ന ആശയം മുന്നോട്ടു കൊണ്ടുവരുന്നത്. ജോലി മാത്രമല്ല സമത്വത്തിന് അടിസ്ഥാനം. ചലന സ്വാതന്ത്ര്യം, ആശയ പ്രകടന സ്വാതന്ത്ര്യം, വിദ്യാഭ്യാസം, തുല്യ ജോലിക്കു തുല്യ പ്രതിഫലം എന്നിങ്ങനെ പല വിതാനങ്ങളുണ്ട് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്. കുടുംബശ്രീ പോലെയുള്ള പ്രസ്ഥാനങ്ങൾ സ്ത്രീ സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയെ മുൻനിർത്തിയാണ്. നമ്മുടെ കുടുംബങ്ങളേയും സമൂഹത്തേയും മുന്നോട്ടു നീക്കുന്ന അതിപ്രധാനമായ ആശയമാണ് സ്ത്രീ സമത്വം. അതിൽ നിന്നും മാറി നിൽക്കേണ്ട കാര്യമില്ല. പിന്നെ ഒരാൾ വേശ്യ ആകുന്നത് അയാളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ കൊണ്ടോ പരമ്പരാഗത തൊഴിൽ എന്ന നിലയിൽ ഗതികേടു കൊണ്ടോ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടു മോ ആകാം. അപ്പോഴും ആ വ്യക്തി ഒരു മനുഷ്യനാണ്. അയാൾക്ക്, അത്തരം പതിതരായ മനുഷ്യർക്കും സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രാർത്ഥിക്കാനും പശ്ചാത്തപിക്കാനും സ്വയം പരിവർത്തനപ്പെടാനും സൗകര്യം നൽകുന്നതിലാണ് ദേവാലയങ്ങളുടെ പുണ്യം." എന്നും പ്രതികരിച്ചു .
ഇത്തരം പ്രതികരണങ്ങൾ എഴുതി അയച്ചിട്ട് ഒരു കാര്യമില്ലെന്നും ഇങ്ങനെ ദീർഘമായി എഴുതിയിട്ടൊന്നും ഒരു കാര്യമില്ലെന്നും ചില ചെറുപ്പക്കാർ എന്നോട് പറയുന്നു . ചെറുപ്പക്കാർ ഇതൊക്കെ കേവലം ഒന്നു നോക്കി കടന്നു പോകും എന്നല്ലാതെ പോസ്റ്റ് തള്ളുന്നത് വരെ നിർത്തിയിട്ടാണുള്ളത് എന്നും നവമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് നല്ലതെന്നും അവർ ഓർമിപ്പിക്കുന്നു . ഞാൻ ഞാൻ എന്ന ഭാവം കയറി സ്വയം വലുതായിക്കാണിക്കാനുള്ള തന്ത്രങ്ങൾ (self enginering)ആണ് എന്റെ പോസ്റ്റുകൾ എന്നും അതിലൊരാൾ എന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു .
നവമാധ്യമങ്ങളിൽ ബോധപൂർവമുള്ള നുണ പ്രചാരണ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന്റെ ഫലമായി വൈകാരികമായി ഉത്തേജിക്കപ്പെട്ട ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കുമെന്നും അതിനാൽ തന്നെ ഓരോ പൗരനും താൻ പുലർത്തുന്ന പൗരബോധത്തെ മുൻനിർത്തി നവമാധ്യമങ്ങളിൽ ശാന്തതയോടെയും ജനാധിപത്യപരമായും വിമർശനാ ല്മകമായും ഇടപെടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു . -CKR 13 / 03 / 2021
No comments:
Post a Comment