ആത്മഹത്യക്കു മുൻപ് -ലൈലാബീവി മങ്കൊമ്പ്
ആത്മഹത്യാ പ്രവണത കോവിഡ് മഹാമാരിക്കാലത്തു ഭാരതത്തിൽ 67 ശതമാനം കണ്ട് വർദ്ധിച്ചിട്ടുണ്ട് എന്ന് ഒരു പഠനം പറയുന്നു .ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠന പ്രകാരം കേരളത്തിൽ 2019 ൽ 8556 മനുഷ്യജീവനുകൾ സ്വയംഒടുങ്ങിയവയാണ് .ഇത് കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതലാണ് .ഇവയുടെ പ്രധാന കാരണങ്ങൾ (32 %)വിവാഹേതരമായ കുടുംബ പ്രശ്നങ്ങളാണ് .ചെറിയ ഒരളവിൽ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും(6%) മാറാരോഗങ്ങളും(17 %) ഇതിനു ഇടയാക്കുന്നുണ്ട് .ഇങ്ങനെ ജീവൻ വെടിയുന്നവരിൽ ബിരുദവും അതിനുമേൽ പഠിച്ചവരും 4 ശതമനം മാത്രമാണ് . ഏകാന്തതയും സാമ്പത്തിക പ്രശ്ങ്ങളും , അപമാന ബോധവും വിദ്യാഭ്യാസത്തിന്റെ കുറവും സാമൂഹ്യബന്ധങ്ങളുടെ കുറവും തൊഴിലിന്റെ സാധ്യതക്കുറവും അന്തസ്സിനെ കുറിച്ചുള്ള മിഥ്യധാരണകളും മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും മനോരോഗങ്ങളും ളും ഒക്കെ ഇതിനിടയാക്കുന്നുണ്ടാകാം .ആത്മഹത്യക്ക് മുൻപുള്ള നിമിഷങ്ങളിൽ ഇടപെ ടാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും എന്ന് സാധാരണമായി പറഞ്ഞു കേൾക്കുന്നു . ഒരു തവണ ശ്രമിച്ചു പരാജയപ്പെട്ടവർ പലതവണ ശ്രമിക്കുമെന്നും ഏതെങ്കിലും ഒരു ശ്രമത്തിൽ അവർ ജീവനെടുക്കുമെന്നും അനുഭവത്തിൽ നിന്നും പറയുന്നവരുണ്ട് .കുട്ടികളുടെയുടെയിൽ ആത്മഹത്യാ പ്രവണത കൂടിവരുന്നു എന്നുള്ളതാണ് ഈ അടുത്ത കാലത്തെ ദുരന്തവാർത്തകളിൽ നിന്നും നാം തിരിച്ചറിയുന്നത് . അച്ഛനമ്മമാരെ ഒന്ന് പേടിപ്പിക്കാൻ നടത്തിയ ശ്രമമാണ് ഈയിടെ ഒരു കുട്ടിയുടെ കാരണത്തിൽ കലാശിച്ചത് . മൊബൈൽ ഉപയോഗത്തിൽ വരുത്തുന്ന നിയന്ത്രണം പോലും ചില കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രേരണ നൽകുന്നതായി കണ്ടിട്ടുണ്ട് .വർക് ഫ്രം ഹോം ആയി ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന 27 വയസ്സായ യുവ എഞ്ചിനീയർ കോവിഡ് കാലത്തെ ജോലി സമ്മർദ്ദം താങ്ങാനാകാതെ മരണം വരിച്ചുവെന്നു ഇന്നത്തെ പത്രവാർത്ത .ആത്മഹത്യക്കു മുൻപ് എന്ന ലൈലാബീവി മങ്കൊമ്പ് എഴുതിയ ചെറു നോവൽ ഏറെ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ് .
വ്യത്യസ്തമായ ഒരു ശൈലി -ആത്മാവുകളുടെ സമ്മേളനവും ചർച്ചയും
നർമ്മം കലർന്ന ഒരു ശൈലിയിൽ ഫാന്റസിയുടെ ലോകം മെനഞ്ഞ് ഒരു അമ്മൂമ്മക്കഥയുടെ ലാഘവത്തിൽ 'ആത്മഹത്യക്കു മുൻപ് 'എന്ന നോവലിൽ കഥ മുന്നോട്ടു നീങ്ങുന്നു . ബഷീറിയൻ ശൈലിയുടേയും വിക്രമാദിത്യൻ വേതാളകഥകളുടെയും ഘടനയിലാണ് ആഖ്യാനം .നോവലിന്റെ വായനയ്ക്കു ശേഷവും ഒരു ഗുണപാഠകഥയുടെ നേർരേഖയിൽ മനുഷ്യ ജീവിതങ്ങളെ ചിട്ടപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സന്ദേഹത്തിലാണ് ഞാൻ .എങ്കിലും പുതുവായനക്കാരെ ആകർഷിക്കാൻ കഴിയുമാറുള്ള ആനുകാലിക സാമൂഹ്യ പശ്ചാത്തലവും നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയ രീതികളും വിവരണത്തിലെ ലാളിത്യവും കഥാപാത്ര വൈവിദ്ധ്യവും വ്യത്യസ്തതയുള്ള ജീവിത മുഹൂർത്തങ്ങളും ഈ നോവലിനെ വായനായോഗ്യമാക്കുന്നു .
പ്രണയത്തിന്റെ സ്ത്രീ പക്ഷ വ്യാഖ്യാനം
മാംസ നിബദ്ധമല്ല രാഗം എന്ന നിലപാടിലാണ് എഴുത്തുകാരി .പ്രണയ വർണനയെ ഇക്കിളിപ്പെ ടുത്തുന്ന ശാരീരീരിക ചേഷ്ടകളിലേക്കു സംക്രമിപ്പിക്കാനും അങ്ങിനെ വായനക്കാരെ വർദ്ധിപ്പിക്കാനും ധാരാളം സാദ്ധ്യതകൾ ഉള്ള കഥാരൂപരേഖയാണെങ്കിലും കഥാകാരി അതിനു തുനിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ് .
കഥാപാത്ര നിർമാണത്തിലെ പ്രശ്നങ്ങൾ
ജിഷ്ണു
ദാരിദ്ര്യവും മോശമായ കുടുംബപശ്ചാത്തലവും ഉള്ള ജിഷ്ണുവിന്റെ ജീവിതത്തിലെ വളർച്ചകളും തളർച്ചകളുമാണ് നോവലിന്റെ പ്രമേയം .എന്നാൽ "ബാല്യകാലസഖി"യിലെ "മജീദി"നെപ്പോലെ വായനക്കാർക്ക് മനസ്സിലാക്കാനും അനുതപിക്കാനും കഴിയുന്ന ഒരാളായി ജിഷ്ണുവിനെ അവതരിപ്പിക്കാൻ കഴിഞ്ഞതായി കാണുന്നില്ല .തെറ്റായ തീരുമാനങ്ങൾ എടുത്തുകൊണ്ട് വേലി ചാടി കടന്നു വേഗത്തിൽ മുന്നോട്ടു കുതിക്കുകയും ചങ്കൂറ്റമുള്ള പുരുഷനെന്നു നെഞ്ച് വിരിച്ചു നടക്കുകയും ബ്ലേഡ് ഗുണ്ടയായി അതിക്രമം കാണിക്കുകയും അപ്രതീക്ഷിത ദുരന്തങ്ങളിൽ കാഴ്ചക്കാരനായി നിൽക്കുകയും ചെയ്യുന്ന ജിഷ്ണു എന്ന കഥാപാത്രത്തോട് അനുതപിക്കാൻ സ്വഭാവമാഹാത്മ്യത്തിന്റെ ഒരു കണിക പോലും കഥാകാരി വായനക്കാർക്ക് നൽകിയിട്ടില്ല .മനോരോഗാ ശുപത്രിയിലെ ജോലിയുടെ ഭാഗമായി ചെയ്യുന്ന സേവനങ്ങൾ പോലും സ്വാർത്ഥതയിലേക്കു ചുരുങ്ങുകയും തന്റെ ജീവിതത്തോട് ചേർന്ന് സംഭവിച്ച അപകടമരണങ്ങളും ആത്മഹത്യങ്ങളും ദൃശ്യരൂപത്തിൽ പല തവണ അയാളുടെ മനസ്സിൽ ആവർത്തിക്കുകയും അയാളെ മാന സികമായി തകർക്കുകയും ചെയ്യുന്നു .ഷാഹിനക്കു അയാളെ കല്യാണം കഴിക്കാൻ ബാപ്പയുടെ അനുവാദം ലഭിച്ചാൽപോലും മാനസിക വിഭ്രാന്തിയിൽ ( സ്കിസോഫ്രേനിയ )താളം തെറ്റിയ ജീവിതം നയിക്കുന്ന ഒരു ജിഷ്ണുവിനെയാണ് അവൾക്കു കിട്ടാനുള്ളത് .അത് കൊണ്ടാണ് ജിഷ്ണുവിന്റെ ആത്മഹത്യ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ , ഒരു നഷ്ട ബോധം പോലും വായനക്കാർക്ക് ഉണ്ടാക്കാതെ കടന്നുപോകുന്നത് .പ്രായപൂർത്തിയായ തനിക്കു അവളുടെ കുടുംബത്തെ എതിർത്തു നിയമപരമായി വിവാഹം കഴിക്കാമായിരുന്നു എന്ന് ജിഷ്ണുവിന്റെ ആത്മാവ് വിലപിക്കുന്നുണ്ടെങ്കിലും കാര്യമായ മാനസിക ചികിത്സക്കു ശേഷവും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അകമഴിഞ്ഞുള്ള പിന്തുണയോടെയും മാത്രമേ അത്തരം ഒരു കുടുംബ ജീവിതം അയാൾക്ക് സാധ്യമാവുകയുള്ളൂ എന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . അതായതു ആത്മഹത്യ ഒന്നിനും പ രിഹാരമല്ല എന്നത് പോലെ വിവാഹം എന്നത് മാനസികരോഗത്തിന്റെ ചികിത്സയുമല്ല എന്നതും സമൂഹം മനസ്സിലാക്കേണ്ട ഒന്നാണ് .മാനസിക രോഗി വിവാഹം കഴിച്ചു കൂടാ എന്നും പറയാനൊക്കില്ല .അത് മാനസിക ചികിത്സ രംഗത്തെ വിദഗ്ധന്മാർ തീരുമാനിക്കേണ്ട കാര്യമാണ് .ഏതായാലും ആത്മഹത്യ ഒഴിവാക്കപ്പെവേണ്ട ഒന്നാണ് എന്ന് ചർച്ച ചെയ്യപ്പെടാൻ കഥാഗതി ഉപകരിക്കുന്നുണ്ട് .
ഷാഹിന
ഷാഹിനയുടെ ഇടപടലുകളിലെ ദൗർബല്യങ്ങളുടെ ചിത്രീകരണം കുറച്ചുകൂടി സൂക്ഷ്മമായിട്ടുണ്ട് .രമണനിലെ ചന്ദ്രികയും ബാല്യകാല സഖിയിലെ സുഹ്‌റയും ചെമ്മീ നിലെ കറുത്തമ്മയും ഒക്കെ ചേർന്ന ഒരു പശ്ചാത്തലമാണല്ലോ മലയാളത്തിലെ പ്രണയ നായികമാർക്കുള്ളത് .ജാതിമതചിന്തകൾക്കപ്പുറം വളരുന്ന ഷാഹിനയുടെ പ്രണയവും ഇടപെടലുകളും പ്രതീക്ഷ നൽകുന്നവയാണ് .ഇവിടെയും കഥാപാത്രത്തിന്റെ മനസ്സിലേക്ക് ഇറങ്ങാനും അവരെ മനസ്സിലാക്കാനുമുള്ള അധികം അവസരങ്ങൾ വായനക്കാരന് ലഭിക്കുന്നില്ല എന്നത് ഒരു പ്രശ്നമാണ് .ആയത്കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ചിന്തകളുടെ സംഘർഷ ഭൂമിയായി കഥ മാറുകയോ ഉദ്വേഗം സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല . ഷാഹിന എന്ത് കൊണ്ട് ഇങ്ങിനെ പെരുമാറുന്നു എന്ന് വായനയിൽ ബോധ്യപ്പെടുന്നില്ല . കഥയെ എല്ലായിടത്തും കഥാകാരി തള്ളി നീക്കേണ്ടുന്ന അവസ്ഥയുമു ണ്ട് .
തനിമയുള്ള മറ്റു കഥാപത്രങ്ങൾ
ഷാഹിനയുടെ അമ്മ ,ശ്രീക്കുട്ടി എന്നിവരെയും പരിതഃസ്ഥിതികളുടെ അടിമകളായി ചിത്രീകരിക്കാനാണ് ശ്രമം നടന്നിട്ടുള്ളത് .രാജീവന്റെ തെറ്റായ പെരുമാറ്റങ്ങളും അവന്റെ ദുരന്തവും ഒരു ഗുണപാഠകഥ പോലെ വരച്ചു വെച്ചിട്ടുണ്ട്. ലത്തീഫ് മാഷ് , സമൂഹത്തിന്റെ ഗുണപരമായ ഇടപെടലുകളുടേയും നന്മയുടേയും പ്രതീകമായി പ്രവർത്തിക്കുന്നു .ഇവിടെയും കഥാകാരിയുടെ വിവരണം അയാളുടെ ഇടപെടലുകളിൽ മാത്രം നിൽക്കുന്നു . ആ കഥാപാത്രത്തിന്റെ മനസ്സിലേക്ക് ഒരു ജനവാതിൽ പോലും തുറക്കാതെയുണ്ട് .
മാനസിക രോഗാശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും വ്യത്യസ്തയാർന്ന കഥാപാത്രങ്ങൾ ആണ് .പ്രത്യേകിച്ചും ഡോക്ടർ അരുൺ , അദ്ദേഹത്തിന്റെ പിതാവ് എന്നിവരൊക്കെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയും അപ്രതീക്ഷിതത്വവും ദുരന്താല്മകതയും വെളിവാക്കുന്നു .
ജിഷ്ണുവിനോട് സ്നേഹാന്വേഷണം നടത്തുകയും അനുതാപത്തിന്റെ വാക്കുകൾ ഉച്ചരിച്ചു കടന്നു പോവുകയും ചെയ്യുന്ന വളരെ കുറച്ചു വരികളിൽ കോറിയിടപ്പെട്ട ചായക്കടയിലെ ജോണി പാപ്പൻ . നാട്ടിൻപുറത്തെ ഹൃദയശോഭയുടെ പ്രതീകമായി നിൽക്കുന്ന മറക്കാനാവാത്ത കഥാപാത്രമാണ് .ഇത്തരത്തിൽ കഥാകാരിയുടെ കയ്യടക്കവും സൂക്ഷ്മമായ ജീവിത നിരീക്ഷണവും വ്യക്തമാകുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ നോവലിലുണ്ട് .
കഥാ കഥന ശൈലി
മലയാളവും ഒട്ടൊക്കെ മുറി ഇംഗ്ളീഷും കലർന്ന മധ്യവർഗ്ഗ സംസാരശൈലി എഴുത്തുകാരി നോവലിലും ഉപയോഗിക്കുന്നു .സാധാരണക്കാരുമായി സംവദിക്കുന്നതിൽ ഈ ശൈലി ചെറിയ തടസ്സമാകുന്നുണ്ട് .കൂടിയ വിവരണാത്മകതയും സംഭാഷണങ്ങളിലെ പാളിച്ചകളും സൂക്ഷ്മത കുറവും കഥയെ ശിഥിലീകരിക്കുന്നു ." പ്രശ്ന പരിഹാരത്തിനുള്ള ഏക പോംവഴി ആത്മഹത്യയാണ് " തുടങ്ങിയ സംഭാഷണങ്ങൾ മറ്റു കഥാപാത്രങ്ങൾ കേട്ടുനിൽക്കയല്ലാതെ അതേ കഥാ രംഗത്ത് ഉചിതമായി പ്രതികരിക്കുന്നത് കാണുന്നില്ല എന്നത് നോവലിന്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തുന്നുണ്ട് ."സ്നേഹിക്കുന്ന മനസ്സുകളെ കുഴിച്ചു മൂടുന്ന രണ്ട് കരങ്ങളാണ് മതവും പണവും " എന്നിങ്ങനെ ശക്തമായ സംഭാഷണ ശകലങ്ങൾആകട്ടെ അപ്രധാനരംഗങ്ങളുടെ ഭാഗമായി ചേർത്തു വെക്കുകയാണ് ചെയ്തീട്ടുള്ളത് . അമ്മയുടെ ദേഹം കൊങ്ങിണി ബ്രാഹ്മിൺസിന്റെ മരിച്ച ദേഹം കാണികൾക്കു കാണാൻ ചാരിയിരുത്തിയത് പോലെ മകനു തോന്നുന്നതായുള്ള വിവരണം(പേജ് 51 ) ആ രംഗത്തിന്റെ ഭാവാത്മകതക്കു ഒട്ടും ചേരുന്നതല്ല ."കൊങ്ങിണി ബ്രാഹ്മിൺസിന്റെ മരിച്ച ദേഹം "പോലുള്ള പ്രയോഗങ്ങളിൽ കുറച്ചു കൂടെ സൂക്ഷ്മത വേണ്ടതാണ് .
നോവലിൽ കാലഘട്ടത്തിന്റെ നിഷേധാത്മകതകളോടുള്ള ശക്തമായ പ്രതികരണങ്ങൾ കാണാം എന്നത് ആശ്വാസകരമാണ് .മതേതരത്വത്തിന്റെ അന്തരീക്ഷത്തിലാണ് കഥാപാത്രങ്ങൾ ഇടപഴകുന്നത് . പ്രണയം മതത്തിന്റെ പരിമിതികൾക്കപ്പുറത്തു കടന്നു പോവേണ്ടതുണ്ട് എന്ന് തന്നെയാണ് എഴുത്തുകാരി പറഞ്ഞു വെക്കുന്നത് .കാമുകനോടൊത്തു ജീവിക്കാൻ വേണ്ടി 'അമ്മ കല്ലിലടിച്ചു കൊന്ന കുഞ്ഞിന്റെ ആത്മാവിനേയും ചേർത്തുപിടിക്കുന്ന കഥാകാരി പ്രണയത്തിന്റെ സ്വാർത്ഥപൂർണമായ വശത്തിനു നേരെ വിരൽ ചൂണ്ടുന്നുണ്ട് .ലൗ ജിഹാദിന്റെ പേര് പറഞ്ഞു പ്രണയികളെ ജീവിക്കാൻ സമ്മതിക്കാത്ത സമൂഹത്തിനെ വിമർശിക്കുന്നുമുണ്ട് .പണവും സ്വാധീനവമുള്ളവർ മാത്രം നല്ല ജോലികൾ നേടുകയും സാധാരണക്കാരായ ചെറുപ്പക്കാർ ആളുകളുടെ സഹതാപം തേടി അ ലയേണ്ടിവരുന്നതുമൊക്കെ സമകാലിക യുവത്വത്തെ നിരാശ യിലേക്കും മരണത്തിലേക്കും അടുപ്പിക്കുന്നതായി നോവലിസ്റ്റു വിശകലനം ചെയ്യുന്നു
ആത്മഹത്യയ്ക്ക് മുൻപ് ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നുവന്നു ആത്മാക്കൾ പറയുന്നിടത്തു ഒരു യുക്തിഭംഗം സംഭവിക്കുന്നതു സൂചിപ്പിക്കാതെയും വയ്യ. ആത്മാക്കൾ അവർക്ക് അനുവദിക്കപ്പെട്ട സമയങ്ങളിൽ ഒത്തുചേരുകയും നർമ്മസല്ലാപം നടത്തുകയും പരസ്പരം സ്വന്തം ജീവിത കഥ വിവരിക്കുകയും ചെയ്യുമ്പോൾ അവർ എന്ത് ഗതികേടി ലാണെന്ന് ബോധ്യപ്പെടുത്താനും ഈ ആത്മാവ് എന്ന അവസ്ഥയെക്കാൾ അവരുടെ പൂർവകാല ജീവിതം തുടരുന്നതായിരുന്നു ഭേദമെന്നു തെ ളിയിക്കാനും പര്യാപ്തമായ ഒന്നും ഈ നോവലിൽ ഇല്ല എന്നാണ് തോന്നുക . മാത്രമല്ലാ , ആത്മാക്കൾ ആയുള്ള അവസ്ഥയാണ് കുറേകൂടി സുഖകരവും വ്യവസ്ഥാപിതവും ധ്യാനാത്മകവും എന്നു തോന്നിക്കുന്ന വിവരണങ്ങളാണ് നോവലിലുള്ളത് എന്നത് ഒരു വൈരുദ്ധ്യമാണ് . കഥയിൽ ചോദ്യമില്ല എന്ന വ്യവസ്ഥയിൽ സമാധാനിക്കുക തന്നെ .
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത അതിനുള്ള ദൃശ്യാത്മ കതയും കൂടുതൽ വിപുലീകരണത്തിനുള്ള സാധ്യതയുമാണ് .ഒരു തിരക്കഥയുടെ രൂപരേഖയുടെ സ്വഭാവം ആണ് ഇതിനുള്ളത് .കൂടുതൽ സംഭാഷണങ്ങളും ചിന്താശകലങ്ങളും ഉൾകൊള്ളിക്കാവുന്ന കുറെ ഇടങ്ങൾ ഉണ്ട് .ഇത് കൃത്യമായി ഉപയോഗപ്പെടുത്തുന്ന സമദ് ആർട് ചെങ്ങളായിയുടെ വരകളും കവർ ചിത്രങ്ങളും ഈ നോവലിന്റെ ശരിയായ വായനക്ക് ഉപകരിക്കുന്നുണ്ട് .
പ്രസാധകർ കുറേക്കൂടി ശ്രദ്ധ കാണിക്കേണ്ടിയിരുന്നു എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു .എഡിറ്റിംഗിന്റെ പോരായ്മകൾ - അക്ഷരത്തെറ്റുകൾ , വ്യാകരണ പിശകുകൾ- ധാരാളം കാണുന്നു (ഉദാ -പേജ് 127 ).ഡോക്ടർമാരുടെ ഇങ് ഗ്ലിഷ് (ഉദാ: പേജ് 114 ) - ഇത്രത്തോളം അഭംഗിയുള്ളതും വ്യാകരണ പിശകുകൾ നിറഞ്ഞതുമാകാൻ സാധ്യതയില്ല .
അദ്ധ്യായം 61 ന്റെ ദൗർബല്യം അത് ഗുണപാഠകഥയുടെ ഭാരം പേറുന്നു എന്നതാണ് . അത് ഒഴിവാക്കിയാലും ഈ നോവലിന് മാറ്റമൊന്നുമില്ല .നോവലിന്റെ മറ്റു ഭാഗങ്ങൾ ഒഴിവാക്കിയാലും അദ്ധ്യായം 61 കൊണ്ട് എഴുത്തുകാരി തന്റെ ഉദ്ദേശം ആയിക്കരുതുന്ന സന്ദേശം വായനക്കാരിൽ എത്തുന്നുണ്ട് . അങ്ങിനെ ഒരു പക്ഷെ നോവലിനെ അപ്രധാനമാക്കുന്ന ഒന്നായി അദ്ധ്യായം 61 മാറുന്നു .ഇത്തരം ഘടനാപരമായ ചെറു തകരാറുകൾ മാറ്റി നിറുത്തിയാലും ഈ പുസ്തകം മനുഷ്യവംശത്തിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്ന ഒരു വിഷയം ആകർഷകമായി അവതരിപ്പിക്കുന്നുണ്ട് .
ആഴത്തിലും പരപ്പിലും പരിഗണിക്കപ്പെടേണ്ട അതിപ്രധാനമായ ഒരു വിഷയമാണ് ആത്മഹത്യ .അത്തരമൊരു വിഷയം ക്‌ളാസ്സുകളിലും ക്യാംപസുകളിലും ചർച്ച ചെയ്യാനുതകുന്ന വായനാനുഭവത്തിനു ഈ പുസ്തകം തീർച്ചയായും വഴിയൊരുക്കും . അത് കൊണ്ട് തന്നെ ഹൈസ്‌കൂൾ , ഹയർ സെക്കന്ററി ക്ലാസ്സ്മുറികളിൽ ലൈബ്രറിപുസ്തകമായി നിർബന്ധമായും വാങ്ങി വെക്കേണ്ടുന്ന ഒരു പുസ്തകമാണ് ലൈലാബീവി മങ്കൊമ്പ് എഴുതിയ ആത്മഹത്യക്കു മുൻപ് .
- CKR 16 03 2021
******************************************************************
https://seakeyare.blogspot.com/2021/03/blog-post_8.html
No comments:
Post a Comment