Thursday, 18 March 2021

ഭ്രാന്ത് പൂക്കുന്ന ദിവസങ്ങൾ

 ഭ്രാന്ത് പൂക്കുന്ന ദിവസങ്ങൾ

..............................................
അടിവയറ്റിലെ
രഹസ്യഅറയിൽ
ചെമ്പരത്തി പൂക്കുന്ന
ദിവസങ്ങളിലാണ്
ചിന്തകളിൽ
ഭ്രാന്തും പൂക്കുന്നത്.
എനിക്കപ്പോൾ
തലയിണയിൽ
ഉദരമമർത്തി
ചുമ്മാതെ
കിടക്കാൻ തോന്നും.
തണുത്തു പോയ
കാൽപാദങ്ങളും
കഴയ്ക്കുന്ന നടുവും
വേദനിക്കുന്ന വയറും
വറ്റിപ്പോയ തൊണ്ടയും
ചൂടു വെള്ളം കൊതിക്കും.
ഇളകാതിരിക്കാൻ
ചിറകുകളാൽ കെട്ടിയ
തടയണ തകർത്ത്
ചുവപ്പ്
നദിയൊഴുകുമ്പോൾ
വേദനയുടെ നൂല്
തുടയിലേക്ക് വലിയും.
ബഡ്ഷീറ്റിലെ ചുവപ്പിൽ
കണ്ണ് ചുളിക്കുന്ന
അവന്റെ മുഖത്ത്
കോപം ചിലന്തിവല
കെട്ടും മുൻപ്
ഞാൻ അടിച്ചുനനച്ചു
കുളിക്കും.
നിലത്തെങ്ങാനും
കിടന്നാ പോരെയെന്ന്
അവൻ പിറുപിറുക്കുമ്പോൾ
എന്റെ നടു കരയും.
ബലം ചോരുന്ന
കാലുകളാൽ
പറന്ന് പണിയെടുക്കുമ്പോൾ
മഞ്ചാടിക്കുരുക്കളെ
നിറയെച്ചുമക്കുന്ന
ഗർഭയറയോട്
എനിക്ക് വെറുപ്പ് തോന്നും.
കണ്ണീരിനൊപ്പം
മുറിച്ചങ്ങ് എറിയണമെന്ന്
തോന്നും.
അപ്പോൾ വീണ്ടുമെന്നിൽ
ഭ്രാന്ത് പൂക്കും.
ലോകം മൊത്തം
എനിക്കെതിരെ
നിൽക്കുന്നെന്ന്
തോന്നും.
ദൈവത്തോടും ഞാൻ
കലമ്പും.
വിശപ്പേറുമ്പോഴും
വറ്റിറങ്ങാത്ത
തൊണ്ടയിൽ
കണ്ണീരുപ്പ് ചുവയ്ക്കും.
ചുവന്ന നദിയെ തടഞ്ഞ്
ഞാനുരുവാക്കിയ
ഉണ്ണിയെ
ഉമ്മ
വച്ചുകൊണ്ട്
അവനെന്റെ ചുവപ്പിനെ
വെറുക്കുമ്പോൾ
ചിന്തകളിൽ പിന്നെയും
ചെമ്പരത്തി മൊട്ട്
വിരിയും.
നദിയങ്ങ് വറ്റും
നാല് ദിവസം കൊണ്ട്.
എന്റെ ചക്രം കറങ്ങി
ചുവപ്പിലെത്തും വരെ
ഇനി ചെമ്പരത്തി
പൂക്കില്ലന്ന്
എനിക്കുറപ്പാണ്.
ഒരു രഹസ്യം കൂടി,
അല്ല ഭ്രാന്ത് കൂടി,
ചിലപ്പോഴൊക്കെ
ചുവന്ന ചെമ്പരത്തി
പൂക്കളോട്
എനിക്ക് പ്രണയവുമാണ്..
Dr. Salini ck( copied from FB)

No comments: