വനിതകളുടെ ചില തീരുമാനങ്ങൾ
രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞു ഒരേമ്പക്കവും വിട്ടു കഴിഞ്ഞപ്പോൾ സമത്വ ചിന്തകളുടെ ആവേശത്തിൽ അയാൾ വീണ്ടും അടുക്കളയിലേക്കൊന്നെത്തി നോക്കി. ദേ, നിന്ന നിൽപിൽ തിരിഞ്ഞും മറിഞ്ഞും ഒരുത്തി. പാവം വീട്ടമ്മ ! രാവിലെ ഇത് വരെയായി ഒന്നും കഴിച്ചി ട്ടുണ്ടാവില്ല. ഒരൊമ്പതൊ മ്പതരയായില്ലേ ? താനും കൂടെ സഹായിക്കേണ്ടതായിരുന്നു . അയാള് അനുതാപപൂർവം ചിന്തിക്കാൻ ശ്രമിച്ചു .അവളുടെ അച്ഛനും അമ്മയും ഒക്കെ പോയില്ലേ .ഇനി താൻ വേണ്ടേ അവളുടെ എല്ലാ കാര്യവും ശ്രദ്ധിക്കാൻ.മക്കൾക്ക് ഇതിനൊക്കെ എവിടെ നേരം ? ഓൺലൈൻ ജോലി . വീട്ടിൽ തന്നെ ഓഫിസ് .പാവങ്ങൾ . ഒൻപതു മണിക്ക് കമ്പ്യൂട്ടറിനു മുന്നിലാണ് . ഇനി വൈകുന്നേരം ഏഴ് മണിയാകണം അവരൊന്ന് പുറത്തിറങ്ങാൻ . അതിനിടെ അമ്മയുടെ കാര്യം അവരെങ്ങനെ ശ്രദ്ധിക്കാൻ !
അയാൾക്കും കുട്ടികൾക്കുമുള്ളത് എട്ടരക്കേ ഡൈനിംഗ് ടേബിളിലെത്തി. ഒന്നിച്ചു കഴിക്കാൻ "നീയും വാ "എന്നു അവളെ വിളിച്ചതാണ്.
"ഞാൻ പണിയെല്ലാം തീർന്നിട്ടെ ഉളളൂ."
"നിന്റെ പണി എപ്പം തീരാനാ" എന്നും പറഞ്ഞ് അയാൾ അയാളുടെ പണി നോക്കിയതാണ്.
എന്നാലും മണി ഒമ്പതര കഴിഞ്ഞപ്പോൾ പിന്നെയുമൊരു വേവലാതി. ഇത്രേം നേരം ഒന്നും കഴിക്കാതിരുന്നാൽ തല ചുറ്റി വീഴില്ലേ. പിന്നെ ആസ്പത്രി. കോവിഡ് കാലത്തിന്റെ തൊന്തരവ് വേറെ . അയാൾ അടുക്കളയിലേക്കു കുതിച്ചു. അവിടം അടുക്കില്ലാത്ത കളമായി കിടക്കുന്നു .
പ്രാണപ്രിയ പയറു വെട്ടിക്കൊണ്ട് ഒറ്റക്കാലിൽ നിൽപ്പാണ്. ഇവളെനിക്കു പണിയാക്കുവല്ലോ. അവളുടെ കൈയിലൊന്നു പിടിച്ചു കൊണ്ട് അയാൾ കനത്തിൽ പറഞ്ഞു.
"ഇനി വല്ലതും തിന്നിട്ട് മതി. "
അന്നരം ഗുളികൻ തെയ്യം തുള്ളിയെറങ്ങുമ്പോലെ നാലു ചുവടു വെച്ച് വെട്ടിത്തിരിഞ്ഞ് , കണ്ണും തള്ളി , മുഖവും ചോപ്പിച്ച് ,കത്തിയും നീട്ടി അവളങ്ങു തുള്ളിക്കെണിച്ചു.
"ഇല്ല. ഇനിയതു തീർത്തിട്ടേ ഉള്ളൂ. തീറ്റിയൊക്കെ. തിന്നണ്ട കൂട്ടറൊക്കെ തിന്നില്ലേ."
തൊട്ടടുത്ത മാത്രയിൽ അയാളിലും ഗുളികൻ കേറി. പഠിച്ച സൈക്കോളജി പറപറന്നു .
പെണ്ണ് തുള്ളുമ്പോൾ അയിന്റെ മേലെ തുള്ളണ്ടേ ആണ് !അതാണല്ലോ ഒരു സമത്വം .
അവളടെ കൈ പിടിച്ച് ഞെരിച്ച് കൈയിലെ പയറൊക്കെ പിടിച്ച് വലിച്ചു പറിച്ച് പലതുണ്ടങ്ങളാക്കി വലത്തു കൈയിലെ കത്തി പിടിച്ച ഭാഗത്തിനൊരു തട്ടു കൊടുത്തു. കത്തി ഒരു ഭാഗത്തേക്ക് തെറിച്ചു. പയറു കഷണങ്ങൾ പല ഭാഗത്തേക്കും.
" ഞി തിന്നിറ്റു മതി ബാക്കി പണി "എന്ന അയാളുടെ അട്ടഹാസം അയൽവക്കങ്ങളിലേക്കു കുതിച്ചെന്ന തിരിച്ചറിവിൽ അവൾ അടുക്കളയിൽ നിന്നോടി ഡൈനിംഗ് മുറിയിലെ സൈഡ് ബഞ്ചിൽ കയറി മുഖം കൂർപ്പിച്ചിരുന്നു. പല്ലും നഖവും കടിച്ചു കൈകള്കൂട്ടിപ്പിടിച്ചു അതൊരിരിപ്പായിരുന്നു .സാക്ഷാൽ ശ്രീ അയ്യപ്പന്റെ പ്രതിഷ്‌ഠ പോലെ .
പണി കിട്ടിയെന്ന് മന്ത്രിച്ച് അടുക്കളയിലാകെ ചിതറിത്തെറിച്ച പയറു കഷണങ്ങൾ പെറുക്കിക്കുട്ടി കഴുകി വൃത്തിയാക്കുമ്പോൾ "വെറുതെയല്ല, നിന്റെ ആങ്ങള നിന്റെ മുട്ടു കാലടിച്ചു പൊട്ടിക്കുമെന്ന് പറഞ്ഞ"തെന്ന് അയാൾ ഇത്തിരി ഉറക്കെ , കേൾക്കുന്നുണ്ടെങ്കിൽ കേൾക്കട്ടെ എന്ന മട്ടിൽ പിറുപിറുത്തു. അലമാര ത്തട്ടിലിരുന്ന് ദോശകളും കറിയും അയാളെ നോക്കി ഊറിച്ചിരിച്ചു. ഞങ്ങളെയെടുത്തങ്ങ് തിന്നാ പോരേ ഓക്ക്. എന്നു പറയുമ്പോലെ. തിന്നാനില്ലാഞ്ഞിട്ടല്ല .ഒന്നിച്ചു തിന്നാൻ വിളിക്കാഞ്ഞിട്ടല്ല . അടുക്കള ജോലി യിൽ സഹായിക്കാൻ കൂടാഞ്ഞിട്ടല്ല . രാവിലത്തെ ഈ പോരിനെന്താണ് കാരണമെന്നയാൾ അടുക്കള വൃത്തിയാക്കിക്കൊണ്ട് ആലോചിച്ചു. അല്ലെങ്കിൽ ഇവളുമാർക്ക് പോരിനു വല്ല കാരണവും വേണോ എന്നും സമാധാനിച്ച് അയാൾ ഉച്ചക്കത്തെ ചോറിനുള്ള അരി കഴുകി അടുപ്പത്തിടാൻ തീരുമാനിച്ചു
നമ്മള് സമത്വം സമത്വം ന്ന് വിചാരിച്ചാലും പറഞ്ഞാലും ഇവരിക്കെത്രയായാലും മനസിലാവൂല്ല എന്ന് രാമൻ കുട്ടി സഖാവ് ചെവിയിൽ പറഞ്ഞത് അയാളുടെ ഉള്ളിൽ തികട്ടി തികട്ടി വന്നു. കഴുകിത്തെളിയുന്ന അരി വെള്ളം പോലെ അയാളുടെ മനസു കലങ്ങി നിന്നു. പ്രാണ പ്രിയയും ഉദ്യോഗസ്ഥയുമായ പ്രിയാ മേനോന്റെ ഉള്ളിരിപ്പ് ഇത്രയും കാലമായിട്ടും തനിക്ക് പിടി കിട്ടുന്നില്ലെന്ന് അയാൾ പരിതപിച്ചു. കഴിഞ്ഞ വനിതാ ദിനത്തിൽ ഉണ്ടായ ഇതുപോലൊരു സംഭവം അയാളുടെ ഉള്ളിൽ തെളിഞ്ഞു വന്നു.
കുറേ വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെത്തിയ ശേഷം അയാളുടെ വീട്ടിനടുത്തുള്ള അയാൾക്ക് പ്രിയപ്പെട്ട മാത യേടത്തി എന്ന വയസ്സായ സ്ത്രീയെ കാണാൻ പോവുകയായിരുന്നു. അയാളും പ്രാണപ്രിയ, പ്രിയാ മേനോനും. രോഗം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുന്ന ചെറിയേടത്തിയെ കാണുന്നതിലപ്പുറം അയാൾ എവിടെയൊക്കെ പോകുന്നു എന്നുറപ്പു വരുത്തലാണ് ,അത് മാത്രമാണ് അവളുടെ ഉദ്ദേശ്യമെന്ന് ആടിക്കുഴഞ്ഞുള്ള അവളുടെ നടപ്പും "ഇനീം കുറേപോണോ" എന്ന ഇടക്കിടേയുള്ള ചോദ്യവും കേട്ടു കൊണ്ടു നടക്കുമ്പോൾ അയാൾക്കു തോന്നി.
"നല്ല വഴി പോയാൽ രണ്ടു രണ്ടര കിലോമീറ്റർ നടക്കണം. വണ്ടി എടുക്കണ്ടാന്ന് നീ തന്നെയല്ലേ പറഞ്ഞത്.
"രണ്ടു കിലോമീറ്റർ ഈ വെയിലത്തോ.?"
പ്രിയാ മേനോൻ നെറ്റി ചുളിച്ച് സാരിത്തലപ്പ് മുഖത്തേക്കു വലി ച്ചിട്ടു വെട്ടിത്തിരിഞ്ഞു നിന്നു. വെയിലത്ത് സ്വർണവളകളും മാലകളും മുക്കുത്തിയും വെട്ടിത്തിളങ്ങി.
ഇവളിതാരെ കാണിക്കാൻ ചുറ്റിയതാണോ. ?
അയാൾക്ക് അതിനിടെ ഇതിലെയെങ്ങാൻ ഒരു കുറുക്കുവഴിയുണ്ടായിരുന്നല്ലോ എന്ന ഓർമ വന്നു. പറയുമ്പോലെ, അതിലേ പോവുകയാണെങ്കിൽ തന്റെ ബാല്യകാല സഖി സ്നേഹയുടെ വീട്ടിനരികേയുള്ള ഇടവഴിയിലൂടെ , അതിനപ്പുറത്തുള്ള കാവും കടന്ന് പോവാലോ. പിന്നെ വഴിയി ൽ നിന്ന് ഒരു രണ്ട് പറമ്പ് അപ്പുറം പോയാൽ വിൽക്കാനുണ്ടെന്ന് മമ്മൂട്ടിക്കാ ഇന്നലെ വന്നു പറഞ്ഞ ആ കാട്ടുപറമ്പും കാണാം. കുറുക്കുവഴി തന്നെശരണം . അയാളത് വെയിലത്ത് വെട്ടിത്തിളങ്ങി നിൽക്കുന്ന പ്രാണപ്രിയയോട് പറഞ്ഞു.
" നമുക്ക് ആ കാവിന്റെ അരികിലേയുള്ള വഴിയേ പോകാം. വെയിലുണ്ടാവില്ല. ദൂരവും പാതി കുറവ്വ്."
അവൾക്ക് അത് ബോധിച്ചു. കുറുക്കു വഴിയിലൂടെ ജാതിമരത്തിന്റെയും കുറുക്കൂട്ടിയുടെയും ഉപ്പില യുടേയും പനയുടേയും ഉണക്കു ചപ്പുകൾ ശ്രദ്ധയോടെ ചവുട്ടി ഞെരിച്ചു അവർ നടന്നു.
"നോക്കണേ, നോക്കണേ, പാമ്പുകാണും "എന്ന് അവൾ അയാളെ ഓർമിപ്പിച്ചു തുടങ്ങി.
അകലെക്കാണുന്ന മുളങ്കാടുകളിൽ നിന്നും ഒരു വെള്ള നാകമോഹൻ കിളിയും ഒരു സ്വർണ നാകമോഹൻ കിളിയും നീളൻ വാലു കളുടെ തിളക്കവു മായി പറന്നു കളിക്കുന്നത് ഒരു നോക്ക് കാണാമെന്നു അയാൾ ആലോചിച്ചു .സ്നേഹ ഇന്ന് അവിടെഉണ്ടാകുമോ ? അവളുടെ കല്യാണമൊക്കെ കഴിഞ്ഞു അവളുടെ ഭർത്താവിന്റെ വീട്ടിലായിരിക്കുമെന്നും ഇപ്പോൾ ആ വീട്ടിൽ കാണാൻ യാതൊരു സാധ്യതയുമില്ലെന്നും ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ അയാളോട് പറഞ്ഞു .സാരമില്ല .എപ്പോഴെങ്കിലും ഒന്ന് കണ്ടാൽ മതിയെന്നും അയാൾ തെല്ലൊരു നിരാശയോടെ സ്വയം സമാധാനിപ്പിച്ചു . അവർ ചെന്ന് കാണാൻ പോകുന്ന , തന്റെ അമ്മയുടെ ചങ്ങാതിയായിരുന്ന ,വയസ്സായ മാധവിയമ്മക്ക് എന്തെങ്കിലും സാമ്പത്തിക സഹായം പ്രിയ കാണാതെ കൊടുക്കണമെന്നും അയാൾ വിചാരിച്ചു .
മുളങ്കാടുകളും ജാതി മരങ്ങളും ഇരു വശത്തമുള്ള ,ഇരുവശത്തും ഒരുപാടു മാളങ്ങളുള്ള ഉരുളൻകല്ലുകൾ കൊണ്ട് കെട്ടിയ ഒരാൾ പൊക്കമുള്ള കിടങ്ങുകൾക്കിടയിലൂടെ കാലത്തു പതിനൊന്നു മണി കഴിഞ്ഞിട്ടും ഇരുട്ട് പതിയിരുന്ന വഴിയിലൂടെ ,ഭാര്യയെ മുന്നിലാക്കി കരുതലോടെ അയാൾ നടന്നു .അവരുടെ കാലൊച്ചകൾക്കു പുറമേ ചെമ്പോത്തിന്റെ മൂളലും പച്ചകൂളന്റെ കുറുകലും ഇടവിട്ട് കേൾക്കാം . ദൂരെയെവിടെയോ നിന്നും ഒരു പട്ടി ഓരിയിട്ടു . മുളങ്കൂട്ടങ്ങൾക്കരികെ നിന്നും കാരാടൻ ചാത്തനും ഓലേഞ്ഞാലിയും മഞ്ഞക്കിളിയും ആനറാഞ്ചിയും കലപില ശബ്‌ദങ്ങളുണ്ടാക്കി . കിളയിലെ മാളങ്ങളിൽ ചിലതിൽ പാമ്പുണ്ടാകുമെന്നു അയാൾക്ക് തോന്നിത്തുടങ്ങി .
പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു.
"ഇത് അന്ന് നമ്മൾ പോയ തെയ്യപ്പറമ്പിലേക്കുള്ള വഴി അല്ലേ ?"
അതെ. വർഷങ്ങൾക്കു മുമ്പ്, മക്കൾ പിറക്കുന്നതിനും മുമ്പ്, കല്യാണം കഴിഞ്ഞ ഉടൻ അക്കൊല്ലത്തെ തെയ്യത്തിന് ഗുളികനും ചാമുണ്ഡിയും പോതിയും കുട്ടിച്ചാത്തനുമൊക്കെ ചുവപ്പും മഞ്ഞയും ആറാടുന്ന തിരുമുടികളണിഞ്ഞു "ഏറിയ ഗുണം വരും പൈതങ്ങളെ "എന്ന് അവരെ അനുഗ്രഹിച്ചതല്ലേ . ഏറിയ ഗുണം വന്നു. മക്കൾ പിറന്നു. വളർന്നു. അവരുടെ കല്യാണം .അവരുടെ മക്കൾ. രണ്ടാളും രണ്ടു വഴിക്ക്. റിട്ടയർമെന്റ് കാലമാവുമ്പോൾ അയാളും ഭാര്യയും തനിച്ച്. ഇപ്പോ മാധവിയമ്മയുടെ കാര്യവും ഇതന്നെ... ആരുമില്ലാതെ തനിച്ച് തൊണ്ണൂറ് കഴിഞ്ഞ വല്യമ്മ .. തങ്ങളെ കണ്ടാൽ വലിയ സന്തോഷമാകു. മോണ കാണിച്ചുള്ള ഒരു ചിരിയുണ്ട്. ഇട വഴിയിൽ തിരിഞ്ഞു നിന്നുള്ള പ്രിയാ മേനോന്റെ ഉറച്ച ശബ്ദം അയാളെ ഓർമ്മകളിൽ നിന്നുണർത്തി.
"ചേട്ടായീ, നമുക്ക് ഈ വഴി പോണ്ട."
അയാൾക്കു അരിശം വന്നു.
"എന്തേ, മറ്റേ വഴി വെയിലാ. ഇരട്ടി ദൂരവും. ഇത് എളുപ്പല്ലേ. തണലും." അവൾ കനപ്പിച്ചു പറഞ്ഞു.
"ഇത് ശരിയാവൂല്ലേ. ഞാൻ വരില്ല."
അയാൾക്ക് കലി കയറാൻ തുടങ്ങി.
" ഞി കാര്യം പറ ,പ്രിയേ. നിക്ക് പേടിയായോ ? പാമ്പൊന്നുണ്ടാവൂല്ലാ ന്നു. ഞാൻ ല്ലേ "
അപ്പോൾ അവൾ തിരിഞ്ഞു നിന്നു .അരക്കു കൊടുകയ്യും കുത്തി അയാളെ ഞെട്ടിച്ചു കൊണ്ട് പ്രഖ്യാപിച്ചു.
" എനക്ക് വരാൻ പാടില്ല. പിരിയഡ് സാണ് . രണ്ടാമത്തെ ദിവ സാ ,ന്തായാലും കാവിന്റെ മുന്നിലൂടെയല്ലേ. ഞാൻ വരില്ല ".അയാൾക്കു ചിരി വന്നു.
"ഇക്കാലത്തുണ്ടോ ഇതൊക്കെ ? മാത്രല്ല ഇതാരാ ഇപ്പം അറിയാൻ പോന്നത്. നമുക്കങ്ങ് പോയാപോരേ. "
പ്രിയാ മേനോൻ തിരിഞ്ഞു നടന്നു തുടങ്ങി.
"നമ്മക്ക് മറ്റേ വഴി പോകാം . അത് ,അതൊക്കെ ഓരോരുത്തരുടെ വിശ്വാസല്ലേ. എനക്ക് ശരിയാവില്ല."
രണ്ട് പേർ . .ഇതുവരെ തങ്ങൾ ഒന്നാണെന്ന് കരുതിയവർ .
രണ്ട് വഴികൾ അവരുടെ മുന്നിൽ .ഇനി ആരൊക്കെ ഏതു വഴി പിരിഞ്ഞു പോകണം ?
അയാൾ നിന്നു . "നീ ആ വഴി പോയാൽ എന്താ ? അമ്പലമിടിഞ്ഞു പൊവു മോ ? ആർത്തവം അശുദ്ധിയല്ല . ഒരു ശാരീരിക പ്രക്രിയ മാത്രമല്ലേ , നീ ഒരു കോളേജ് ടീച്ചറല്ലേ ? നിങ്ങളെ പോലുള്ളവർ ഇതൊക്കെ കുട്ടികളെ പഠിപ്പിക്കണ്ടതല്ലേ ? "
"ഞാനങ്ങനെ തന്നെയാ കാണുന്നെ .ആർത്തവം അശുദ്ധിയൊന്നുമല്ല . പക്ഷേ വിശ്വാസത്തെ മാനിക്കണം . പിന്നെ ഇഷ്ടങ്ങളും പ്രധാനം .അമ്പലത്തിന്റെ അടുത്തു ഇങ്ങനെ പോകാൻ എനിക്കിഷ്ടമല്ല . എട്ടനെന്തിനാ വെറുതെ നിർബന്ധിക്കുന്നേ ? "
കൂടെ നടന്നു കൊണ്ട് അയാൾ പ്രതിഷേധിച്ചു.
" ഈ നിന്നെ പോലെയുള്ളവർക്കു വേണ്ടിയാ സമത്വം ന്നൊക്കെ പറഞ്ഞ് എല്ലാരും ഈ പാട് പെടുന്നത്. !"
അയാളുടെ മനസ്സിലൂടെ നിരവധി സമരമുഖങ്ങളും വാഗ്വാദങ്ങളും കടന്നു പോയി. നാലു വോട്ടിനു വേണ്ടി ആദർശം പണയം വെക്കില്ലെന്ന പ്രസ്താവന. വിശ്വാസ സംരക്ഷണറാലികൾ . സ്ത്രീ വിമോചന ചങ്ങലകൾ .ഈ ചങ്ങലക്കു പോകാൻ ഇവൾ ഒരുങ്ങുമ്പോഴാണ് അവളുടെ ചേട്ടന്റെയും സംഘത്തിന്റേയും ഭീഷണി . പെണ്ണിന്റെ മുട്ടുകാല് തച്ചൊ ടിക്കുമെന്ന് .എന്നാ പിന്നെ പോയിട്ടന്നെ കാര്യമെന്ന് അവൾക്കും വാശി .
കുടുംബങ്ങളിലെ ഞരമ്പു മുറുകിയ ചർച്ചകൾ. വെല്ലുവിളികൾ. ചേട്ടനും അനിയനും അമ്മാവനും മരുമകനും പരസ്പരം ശത്രുപക്ഷത്ത് നിലയുറപ്പിച്ച പോരാട്ടങ്ങൾ. തെറി വിളി. വെല്ലുവിളി. പുറത്താക്കൽ. ഒക്കെ ആർക്കു വേണ്ടി.? ഇപ്പൊ എങ്ങിനെയാ വേണ്ടത് അങ്ങിനെ . കേസുമില്ല .പരാതിയുമില്ല . വിധിയുമില്ല .
സ്വയം കീഴടങ്ങാൻ നാണമില്ലാത്ത ഇവളെപ്പോലുള്ള ലക്ഷോപക്ഷം സ്ത്രീകൾക്കു വേണ്ടി .. എന്തിനു സഖാവേ നമ്മളൊക്കെ വായിലെ വെള്ളം വറ്റിച്ചത് ? ചങ്ങാതിമാരോടു പോലും മുഷിഞ്ഞു സംസാരിച്ചത് ? ഇവർക്കു വേണ്ടാത്ത സമത്വം നമുക്കെന്തിന് !.
തിളക്കുന്ന വെയിലിൽ ചെറിയമ്മയുടെ വീട്ടിലേക്കുള്ള ദീർഘമായ വഴിയിൽ അയാൾക്കും പ്രിയക്കുമിടയിൽ മൗനം തിളച്ചു നിന്നു.
ചെറിയൊരു തണൽ പറ്റി നിന്നപ്പോൾ അയാൾ ഉച്ചവെയിലിലെ കിതപ്പിൽ പ്രിയയോട് പകയോടെ പറഞ്ഞു .
" വെറുതെയല്ല നിന്റെ ചേട്ടൻ , നിന്റെ മോനോട് അയാളുടെ വീട്ടിൽ നിന്നും പുറത്തെറങ്ങാൻ പറഞ്ഞത്. "
. "അരുണിനോടൊ ? എപ്പം ? "
ഓ .ഇ വൾ അതും മറന്നോ. അയാൾക്ക് നല്ല ഓർമയുണ്ട്. "ഓർമ്മകൾ ഉണ്ടായിരിക്കണം" എന്ന് അയാൾ പിറുപിറുത്തു. പക്ഷെ അയാൾ ഉറക്കെ പറഞ്ഞത് ഇതാണ്
" ഗുരുവായൂർ സത്യഗ്രഹം എന്തിനായിരുന്നു. ശബരിമല വിധിയോ? സമത്വവും നവോത്ഥാനവും ആരും വെറുതെ തന്നതല്ല. പോരാടി നേടിയതാണ്."
അയാൾ തുടർന്നു :
"അന്ന് രാത്രി തന്നെ ഞാൻ എറങ്ങിയേനെ .ഞാനാ വീട്ടിന്ന്. അയാളാരാ മലയിലെ തന്ത്രിയോ. " മലയെപ്പറ്റി ഇനി ഒരക്ഷരം മിണ്ടരുത്. പൊയ്ക്കോണം എല്ലാവരും ഇവിടന്ന്. "എന്നൊക്കെയല്ലേ നിന്റെ ചേട്ടൻ അലറിയത് .
ടിവിയിൽ ശബരിമല ദുരാചാരങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ.ശ്രീകോവിലിനു നേരെ പിന്തിരിഞ്ഞ് നിന്ന് പതിനെട്ടാം പടിയിൽ നിന്ന് ജനക്കൂട്ടത്തോട് ആക്രോശിക്കുന്ന നേതാവ്. ഊൺ മേശക്കരികെയുള്ള ടിവിയിലെ ദൃശ്യങ്ങളിൽ കണ്ണും നട്ട് മരുമകനും കാരണവരും നടന്ന സ്നേഹപൂർണമായ ചർച്ച എപ്പോഴാണ് ഈ ക്രുദ്ധതയിലേക്ക് നീങ്ങിയത് ?
മീൻ പൊരിച്ചത് കടിച്ചു തിന്നു കൊണ്ടിരുന്ന ചെറുക്കൻ ,അമ്മാവന്റെ ആക്രോശം കേട്ട് മുറ്റത്തേക്ക് ഓടിയിറങ്ങി. ഇവളുടെയല്ലേ മോനും ആങ്ങളയും.
രംഗം സമാധാനിപ്പിക്കാൻ അന്നു ഞാനും ഇവളും പൊന്നാങ്ങളയുടെ ഭാര്യയും പഠിച്ച പണി പതിനെട്ടും എടുത്തതാണ്. സമത്വത്തിനു വേണ്ടിയുള്ള ത്യാഗനിർഭരമായ പോരാട്ടങ്ങൾ. എന്നിട്ടാണ് ഈ തുന്നരി ഇപ്പോൾ പറയുന്നത് ..
"ഓ. അതോ ! അതു ഞാനന്നേ മറന്നു. അതു പിന്നെ ആരായാലും അവരുടെ വീട്ടിൽ വെച്ച് സംസാരിക്കുമ്പോൾ അവരുടെ ഇഷ്ടം കൂടി നോക്കണ്ടേ .ഒരോരു ത്തർക്കും ഓരോ വിശ്വാസം .അരുൺ അത് ചോദ്യം ചെയ്തതല്ലേ പ്രശ്നമായത് . അന്നത്തെ ദേഷ്യത്തിന് ചേട്ടൻ ചാടിയതല്ലേ.അതവിടെ തീർന്നതല്ലേ . ആരെങ്കിലും ഇതൊക്കെ മനസിൽ വെച്ചു നടക്കുമോ ...?"
"അപ്പോൾ താൻ പ്രതികാര ദാഹവുമായി നടക്കുന്ന കണ്ണൂർക്കാരൻ. ഇവൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്. ഓരോരുത്തർക്കും അവനനവന്റെ വിശ്വാസം വലുത് . സ്ത്രീസമത്വം ഒന്നും പ്രധാനമല്ല .വെറുതെയല്ല നിന്നെയൊക്കെ പീരിയഡ്സ് കാലത്ത് , പണ്ടുള്ളവർ ചായ്‌പിൽ കിടത്തി തൊട്ടാൽ കൂടാത്തവളാക്കി, ദിവസവും തോട്ടിൽ കിടന്ന പായടക്കം കുളിപ്പിക്കുന്നത് ! ഇക്കാലത്തും തുടരണമായിരുന്നു ഈ മനോഹരമായ ആചാരങ്ങൾ. എന്നാലേ ഇവളുമാർക്ക് വെളിവു വരൂ.." എന്നൊക്കെ നിരീച്ചു കൊണ്ട് അയാൾ പറഞ്ഞു .
" എന്റെ മോളെ , സ്ത്രീകൾ തന്നെ വിചാരിക്കണം സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ."
അപ്പോൾ അയാളുടെ മനസിൽ ആചാര സംരക്ഷണത്തിനായി ഇറങ്ങിയ വീട്ടമ്മമാരുടെ നീണ്ട ഒരു റാലി തെളിഞ്ഞു.അന്നേരം വന്ന ഒരു പരിഹാസച്ചിരിയോടെ അയാൾ ഉറപ്പിച്ചു പറഞ്ഞു.
"നിങ്ങളെ രക്ഷിക്കാൻ നിങ്ങൾക്കേ കഴിയൂ."
വെയിലത്തുള്ള അന്നത്തെ യാത്രയിൽ നിന്ന് പ്രഷർകുക്കറിൽ ചോറു വെന്തെന്ന യാഥാർത്ഥ്യത്തിലേക്ക് കുക്കറിന്റെ വിസിൽ ശബ്ദം അയാളെ തിരിച്ചെത്തിച്ചു.
മുറിച്ചിട്ടു വെച്ച ഉള്ളിയുടെ മൂക്കു തുളക്കുന്ന മണം അയാളെ ഡൈനിംഗ് റൂമി ലെ ബഞ്ചിൽ ഇപ്പോഴും പല്ലിറുമ്മി കൈകൾ കൂട്ടിയിരിക്കുന്ന പ്രാണപ്രിയയുടെ സവിധത്തിലേക്ക് ആനയിച്ചു. ശബരിമല ഭഗവാന്റെ വിഗ്രഹത്തിന്റെ അതേ പോസിൽ ബലം പിടിച്ചിരുന്ന പ്രീയാ മേനോനെ തണുപ്പിക്കാനുള്ള തീരുമാനമെടുത്തു. നല്ലോരു ഞായറാഴ്ചയായിട്ട് കറിയൊന്നുമായിട്ടുമില്ല .ഉച്ചഭക്ഷണം കുളമാക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല അവൾക്കു പെട്ടെന്ന് ദ്വേഷ്യം വന്നത് എന്തെകിലും ശാരീരിക അവശത കാരണമാകും എന്നയാൾക്ക് തോന്നി .
പുറത്തുകാണാത്ത എന്തെല്ലാം പ്രശ്നങ്ങൾ ഓരോരുത്തർക്കും കാണും .സ്ത്രീകൾക്കാണെങ്കിൽ അമ്പതിനോട് അടുക്കുമ്പോൾ ഹോർമോൺ പ്രശ്നങ്ങൾ കൂടുതലായുണ്ടാകുമെന്നു എവിടെയോ വായിച്ചതു അയാൾക്ക് ഓർമ്മ വന്നു .
അടിവയറ്റിലെ
രഹസ്യഅറയിൽ
ചെമ്പരത്തി പൂക്കുന്ന
ദിവസങ്ങളിലാണ്
ചിന്തകളിൽ
ഭ്രാന്തും പൂക്കുന്നത്.
എനിക്കപ്പോൾ
തലയിണയിൽ
ഉദരമമർത്തി
ചുമ്മാതെ
കിടക്കാൻ തോന്നും.
തണുത്തു പോയ
കാൽപാദങ്ങളും
കഴയ്ക്കുന്ന നടുവും
വേദനിക്കുന്ന വയറും
വറ്റിപ്പോയ തൊണ്ടയും
ചൂടു വെള്ളം കൊതിക്കും.
ഡോക്ടർ ശാലിനി എഴുതിയ കവിത അയാളോർത്തു .അതെ . അവൾക്കു ഭ്രാന്ത് പൂക്കുന്ന ദിനങ്ങളായിരിക്കും .ഇത്തരമൊ രവസ്ഥയിൽ അവളോട് ദേഷ്യപ്പെട്ടതു വളരെ മോശമായിപ്പോയി എന്നയാൾക്ക് തോന്നി . നമ്മളൊക്കെ എത്ര വായിച്ചിട്ടും പഠിച്ചിട്ടും കാര്യമൊന്നുമില്ല . ശാന്തമായി പ്രതികരിക്കാനാണ് പഠിക്കേണ്ടത് .മറ്റേയാൾ ദേഷ്യപ്പെട്ടു നിൽക്കുമ്പോഴും നമ്മൾ ശാന്തത കൈവരിക്കണം .അതാണ് കഴിവ് എന്ന് അയാൾ ഓർത്തെടുത്തു .
"ഇത്ര ദേഷ്യപ്പെടാൻ മാത്രം ഞാൻ ഭവതിയോട് മോശമായി ഒന്നും പറഞ്ഞില്ലല്ലോ. സമയത്തിന് ഭക്ഷണം കഴിക്കണം എന്നല്ലേ പറഞ്ഞത് .പാത്രങ്ങളെല്ലാം ഞാൻ കഴുകി തന്നില്ലേ. മുറിയെല്ലാം ഞാൻ അടിച്ചു വാരീല്ലേ. ആവുന്ന സഹായമൊക്കെ ചെയ്തു തരുന്നില്ലേ. സമയത്തിന് ഭക്ഷണം കഴിക്കാഞ്ഞാൽ ഭവതി തലചുറ്റി വീഴുല്ലേ. പിന്നെ ഞാനെടുത്ത് കൊണ്ടോണ്ടേ. കോവിഡ് കാലവുമല്ലേ. എന്റെ കോലം ഭവതി കാണുന്നില്ലേ. ഈ പൂജ്യത്തിനെ ഈ ഒന്ന് എങ്ങിനെ താങ്ങും ?എന്ന് അയാൾ ആംഗ്യ വിക്ഷേപങ്ങളോടെ ,അവളുടെ കൈയിൽ തൊട്ടു കൊണ്ടു ശബ്ദം താഴ്ത്തി പറയാൻ തുടങ്ങുന്നു .
കൈയുടെ കെട്ടുകൾ പതുക്കെ അയച്ച് മെല്ലെ ചിരിച്ച് "എനക്കങ്ങിനെ തല ചുറ്റുകയൊന്നുമില്ല "എന്ന് പ്രാണപ്രിയ ആത്മവിശ്വാസത്തോടെ മൊഴിഞ്ഞു."എപ്പം കഴിക്കണമെന്നത് എന്റെ ഇഷ്ടല്ലേ. പണിയെല്ലാം തീർത്തിറ്റ് ഒരിടത്തിരുന്ന് തിന്ന് ന്നേന്റെ സുഖം നിങ്ങക്ക് അറിയാഞ്ഞിററാ" എന്നും കലമ്പി പല്ലു തേക്കാനായി അവൾ എഴുന്നേറ്റു. എന്നാലും "എന്റെ മുട്ടുകാല് അടിച്ചു പൊട്ടിക്കുമെന്നൊക്കെ നിങ്ങള് പറഞ്ഞില്ലേ "എന്നും അവൾ പരിഭവിക്കുന്നു .
ഇഷ്ടമാണത്രെ പ്രധാനം.അവളുടെ ഒരു അലമ്പൻ ഇഷ്ടം .ലിംഗ സമത്വം എന്നൊക്കെ പറഞ്ഞു നമ്മൾ ഇവർക്ക് വളം വെക്കുകയാണ് ."നിന്റെ മുട്ടുകാല് പൊട്ടിക്കുന്നതാണ് എന്റെ ഇഷ്ടം "എന്ന് പറയാനാഞ്ഞത് മറ്റു പലതും ആലോചിച്ചു അയാൾ വിജയകരമായി അടക്കി വെക്കുന്നു .
പിന്നീട് "നമ്മൾക്കറിയാത്ത എന്തെല്ലാം കാര്യങ്ങളു"ണ്ടെന്ന തിരിച്ചറിവിൽ അയാൾ ആർത്തിയോടെ മൊബൈൽ ഫോൺ ഞെക്കി തുറന്ന് ചങ്ങാതിമാർക്കെല്ലാം അന്ന് തന്നെ വനിതാ ദിനത്തിന്റെ സമത്വ സന്ദേശം സ്വന്തം "സ്റ്റാറ്റസ് "ആയി ഫോർവേഡു ചെയ്യുകയുമുണ്ടായി .
-രാധാകൃഷ്ണൻ ,കണ്ണൂർ 08 03 2021