Wednesday, 29 December 2021

സിൽവർ ലൈൻ - കെ റെയിൽ പദ്ധതി-ചർച്ച

 സിൽവർ ലൈൻ - കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 24-12-21 ന് റിലീസ് ചെയ്ത പ്രസ്താവന


 24.12.2021 

(സംസ്ഥാനതലത്തിൽ പ്രസിദ്ധീകരണത്തിന്)


സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിനായി കെ.റെയിൽ അധികൃതർ നടത്തുന്ന ജനാധിപത്യവിരുദ്ധ രീതികൾ അവസാനിപ്പിക്കുക

 

സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും റെയിൽവേ ലൈനിന്റെ അലൈൻമെന്റ് കൃത്യമായി നിർണയിക്കാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങൾ തികച്ചും ജനാധിപത്യ വിരുദ്ധമാകയാൽ, അതിൽ നിന്ന് കെ.റെയിൽ അധികാരികളും കേരള ഗവൺമെന്റും പിൻവാങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു. വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് വായ്പ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കെ.റെയിൽ അധികാരികളുടെ വിശദീകരണം പ്രതിഷേധാർഹമാണ്.

 എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമാണ് കേരളം അനുവർത്തിച്ചു വരുന്ന വികസന സമീപനം. ഈ സമീപനത്തെയാണ് കേരള വികസന മാതൃകയായി കണക്കാക്കുന്നത്. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോൾ കേരള വികസനത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ.റെയിൽ കമ്പനിയുടെ സിൽവർലൈൻ.

 കെ.റെയിൽ കമ്പനിയുടെ വെളിപ്പെടുത്തലനുസരിച്ച് സിൽവർ ലൈൻ, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കെ.റെയിലിന്റെ സ്റ്റേഷനുകൾക്ക് അടുത്തായി ഉയർന്നുവരുന്ന പുതിയ ടൗൺഷിപ്പുകളെ ബന്ധപ്പെടുത്തിയുള്ള ഒരു യാത്രാ സംവിധാനമായാണ് സിൽവർലൈൻ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടങ്ങളിൽ വരാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് മാത്രം 10000 കോടിയിലേറെ രൂപ കെ.റെയിലിലേക്ക് വരുമാനമായി കണക്കാക്കുന്നുമുണ്ട്. കെ.റെയിൽ കണക്കനുസരിച്ചുതന്നെ നിലവിൽ തീവണ്ടി യാത്ര ചെയ്യുന്നവരിൽ നിന്ന് ഉയർന്ന ക്ലാസുകാരെ മാത്രമേ സിൽവർ ലൈനിലേക്ക് പ്രതീക്ഷിക്കുന്നുള്ളൂ. സ്വന്തമായി കാർ ഉള്ളവർ, വിമാന യാത്രക്കാർ, ചാർജ് കൂടിയ ബസ്സിൽ യാത്ര ചെയ്യുന്നവർ, പുതിയ വികസനം വഴി നേട്ടം ഉണ്ടാക്കുന്നവർ എന്നിവരാണ് ബാക്കി യാത്രക്കാർ. നിലവിലെ റെയിൽവേ യാത്രക്കാർക്ക് ഇന്നത്തെ ഇഴഞ്ഞുനീങ്ങൽ തുടരട്ടെയെന്നും, പണക്കാർ വേഗത്തിൽ യാത്ര ചെയ്യട്ടെയെന്നുമുള്ള കെ.റെയിൽ സമീപനം കേരളത്തിന്റെ സമഗ്രവികസനത്തിന് അഥവാ കേരള വികസന മാതൃകയ്ക്ക് യോജിച്ചതല്ല.

 സിൽവർ ലൈൻ വഴി നേട്ടമുണ്ടാകുന്നത് ഒരു ന്യൂനപക്ഷത്തിനാണെങ്കിലും അതിന്റെ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളായിരിക്കും. 530 കി.മീ.ദൈർഘ്യമുള്ള കെ.റെയിൽ പാതയിൽ 292 കി.മീ.ദൂരം എംബാഗ്മെന്റ്(Embankment)ആണ്. 20-25 മീറ്റർ വീതിയിൽ ഇരുഭാഗത്തും ഏഴ് മീറ്ററോളം ഉയരത്തിൽ ഭിത്തി കെട്ടി, അവയ്ക്കിടയിൽ കല്ലോ മണ്ണോ പാറയോ ഇട്ടു നികത്തി ഉണ്ടാക്കുന്നതാണ് എംബാഗ്മെന്റ്. ഇതിൽ 500 മീറ്റർ ഇടവിട്ട് നിർമിക്കുന്ന അടിപ്പാതകൾക്ക് റോഡ് മുറിക്കുന്ന സ്ഥലങ്ങളിൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കടന്നുപോകാൻ മാത്രം ഉയരം ഉണ്ടാവണം. ആ അർഥത്തിൽ എംബാഗ്മെന്റുകൾ മതിലുകൾ തന്നെ ആയിരിക്കും. ഇത് കഴിക്ക്-പടിഞ്ഞാറ് ദിശയിലുള്ള കേരളത്തിലെ ജലപാതക്കുൾപ്പെടെ പലതരം തടസ്സങ്ങളുണ്ടാക്കും. ഇതിനു പുറമേ, 88 കിലോമീറ്റർ നീളത്തിൽ കാലുകൾ (Viaduct) ഉണ്ടാക്കണം. അതിനും എംബാഗ്മെന്റിന്റെ ഉയരം വേണം. അതിനൊക്കെ വേണ്ട പ്രകൃതിവിഭവങ്ങൾ ശേഖരിക്കുക വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, നിർമാണ സമയത്ത് ഭൂതലത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ, എന്നിവയെല്ലാം കേരളത്തിലെ ദുർബലമായ പ്രകൃതിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ കാലത്ത് ഇവയൊക്കെ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

 സിൽവർ ലൈൻ നിർമിക്കുന്നത് സ്റ്റാന്റേർഡ്‌ഗേജിലാണ്. ഇത് ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ 96 ശതമാനവും കേരളത്തിലെ റെയിൽവേയുടെ നൂറ് ശതമാനവും പ്രവർത്തിക്കുന്ന ബ്രോഡ്‌ഗേജിന് പൂരകമല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നവരെയെല്ലാം പൂർണമായി അവഗണിക്കുന്നതാണ് സിൽവർ ലൈൻ പദ്ധതി. ഇവിടെ സിൽവർ ലൈൻ കേരളത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് വാദിക്കാം, പക്ഷേ കേരളത്തിലെ ആർക്കുവേണ്ടി? ആരുടെ ചെലവിൽ? എന്ന അന്വേഷണം പ്രസക്തമാവുകയാണ്. മാത്രമല്ല, കേരളീയരിൽ നല്ലൊരു ഭാഗം അന്യസംസ്ഥാനങ്ങളിലേക്ക് റെയിൽ യാത്ര ചെയ്യുന്നവരാണല്ലോ. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്റ്റാന്റേർഡ്‌ഗേജിനെ അടിച്ചേൽപ്പിക്കുന്നതിന്റെ പിറകിൽ ധാരാളം അജണ്ടകളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എന്തായാലും ലോക രാജ്യങ്ങളിലെല്ലാം അവിടെ നിലവിലുണ്ടായിരുന്ന പാളങ്ങൾ ശക്തിപ്പെടുത്തിയാണ് റെയിൽ ഗതാഗതം വികസിച്ചുവന്നത്.

 64,000 കോടി രൂപയായി ഇപ്പോൾ കണക്കാക്കിയിട്ടുള്ള നിർമാണച്ചെലവ് 2018-19 വില നിരക്കനുസരിച്ചുള്ളതാണ്. അതിലൊക്കെ വൻവർധനവുണ്ടായിരിക്കുന്നു. നീതി ആയോഗ് കണക്കുപ്രകാരമുള്ള 1.26 ലക്ഷം കോടിയിലും മൊത്തം ചെലവ് നിൽക്കാൻ സാധ്യതയില്ല.

 കേരളത്തിൽ ധാരാളം ഗതാഗത പ്രശ്‌നങ്ങളുണ്ട്. അതിന്റെ പരിഹാരത്തിൽ പ്രധാനം മേന്മയേറിയ പൊതുഗതാഗതം ഉറപ്പാക്കലാണ്. കേരളത്തിലെ പൊതുഗതാഗതത്തിന്റെ കേന്ദ്രസ്ഥാനത്ത് റെയിൽ ആയിരിക്കണം. അതിന്റെ ഭാഗമായി ഇന്നത്തെ പാളങ്ങൾ പൂർണമായും ഇരട്ടിപ്പിക്കുക, സിഗ്നലിങ് ആധുനീകരിക്കുക എന്നിവ പ്രധാനമാണ്. മണിക്കൂറിൽ 160 കി.മീ.വേഗതയിൽ ഓടിക്കാൻ ശേഷിയുള്ള മൂന്നാമതും നാലാമതും ലൈനുകൾ തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് ബ്രോഡ്‌ഗേജിൽ നിർമിക്കുക, അതിനായി ഇന്ത്യൻ റെയിൽവേയുടെ മിഷൻ-2020 പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താൻ സമ്മർദം ഉണ്ടാവുക എന്നിവയാണ് ഉടൻ ചെയ്യേണ്ടത്. കേന്ദ്രസർക്കാർ ഇപ്പോൾ കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രവർത്തനങ്ങളുടെ (എറണാകുളം-ഷൊർണൂർ മൂന്നാം ലൈൻ ഉൾപ്പെടെ)വേഗത കൂട്ടാനും നടപടികൾ ഉണ്ടാകണം.

 ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന നിലയിൽ ഇത്തരമൊരു പദ്ധതിയെപ്പറ്റിയുള്ള നേട്ട കോട്ട വിശകലനം നടത്തുന്നതിന് സഹായകമായ ശാസ്ത്രീയമായ അറിവും വിവരവും ജനങ്ങളിലെത്തിക്കുക എന്നതാണ് പരിഷത്തിന്റെ പ്രധാന ദൗത്യം. ഈ തിരിച്ചറിവോടെ, കേരത്തിലെ ജനങ്ങളിൽ ആഴത്തിൽ വേരോടിയിട്ടുള്ള വികസന അവബോധത്തോടാണ് പരിഷത്ത് സംവദിക്കുന്നത്. അത് ഇനിയും തുടർന്നുകൊണ്ടിരിക്കും. അതിനായുള്ള പഠനങ്ങളും വിവര ശേഖരണവും നടക്കുകയാണ്. കേരള സർക്കാരിനെ കണ്ണടച്ചെതിർക്കുന്നതും ഒരു ചർച്ചയും ഇല്ലാതെയും ഒന്നും പരിഗണിക്കാതെയും സിൽവർ ലൈൻ നടപ്പാക്കുന്നതുമായ രണ്ടു നിലപാടുകളും ശരിയല്ല. ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സമഗ്രവികസനം, അതിൽ ഗതാഗതത്തിനുള്ള പങ്ക് എന്നിവയുടെ ചട്ടക്കൂടിൽ സിൽവർ ലൈൻ പദ്ധതിയെ വിലയിരുത്താനും റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും ഭീമതോതിലുള്ള വിദേശസഹായ പദ്ധതികളും വിശകലനം ചെയ്യാനും നിഗമനങ്ങൾ പ്രചരിപ്പിക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നത്. കേരത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സിൽവർ ലൈൻ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുൻഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, EIA എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.


          

ഒ.എം.ശങ്കരൻ 

പ്രസിഡണ്ട് പി.ഗോപകുമാർ                

ജനറൽ സെക്രട്ടറി

**********

കെ -റെയിൽ FORWARDED BY RAJAN PALLIATH PAYYANNUR


പരിഷത്ത് ശാസത്രമെ കാണുന്നുള്ളൂ, പശ്ചാത്തല സൗകര്യങ്ങൾ വർധിപിച്ചു കൊണ്ടല്ലാതെ കേരളത്തിന് മുന്നേറാനാവില്ല.

350 ലക്ഷം ജനസംഖ്യയുള്ള കേരളം കേവലം അഞ്ചര ലക്ഷമാണ് സർക്കാർ ജീവനക്കാർ.കാർഷിക മേഖലയാകട്ടെ, 25% ത്തിനു താഴെയും,  വ്യവസായ വളർച്ച അനിവാര്യം.യാത്രാ സൗകര്യങ്ങളും ചരക്ക് നീക്കങ്ങളും അതിവേഗത്തിലല്ലെങ്കിൽ വളർച്ച സ്വപ്നം മാത്രമാകും.

കേരളത്തിൽ നിന്ന് ബോബെയിലേക്ക് തീവണ്ടി ഗതാഗത സൗകര്യം നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ തന്നെയാണ് കൊങ്കൺ പദ്ധതിയാവിഷ്ക്കരിച്ചത് .38 മണിക്കൂർ കൊണ്ട് ഡൽഹിയിലെത്തുന്ന ഈ റൂട്ട്  പൂർത്തിയാക്കാൻ എത്ര കോടി?

എത്ര മലനിരകൾ?

എത്രയെത്ര ജല ഡ്രോതസ്സ്?

ഇവയെല്ലാം ഭാഗികമായി സംരക്ഷിച്ചു കൊണ്ട് തന്നെയല്ലെ നിർമ്മിച്ചത്.

ടെക്നോളജിയുടെ വളർച്ച കൂടി ഉപയോഗിച്ച്  പരിസ്ഥിതിയാഘാതങ്ങൾ കുറഞ്ഞ വഴി സ്വീകരിച്ച് NH വികസനത്തിൽ LDF സർക്കാർ സ്വീകരിച്ച രീതിയിൽ (ആവശ്യമായ നഷ്ട പരിഹാരവും നൽകി പുനരധിവാസം ഉറപ്പ് നൽകി ) സ്വകാര്യ വ്യക്തികളുടെ സ്ഥലമേറ്റെടുത്ത് കൊണ്ട്

നടത്തുന്നില്ലെങ്കിൽ ഇനിയൊരിക്കലും നടത്താനാകില്ല.

കേവല പരിസ്ഥിതിവാദക്കാർ എന്നും വികസനങ്ങളെ എതൃത്തിരുന്നു.

"വയൽ കിളി സമരം, റോഡിലെ ജുമുഅ: തുടങ്ങി എന്തിനെയും എതിർക്കുന്ന ഒരു വിഭാഗം എന്നുമുണ്ടാകും.

ഭരണത്തിലാണൊ - പ്രതിപക്ഷത്താണൊയെന്നതാണ് അവരുടെ നിലപാടുകൾ രൂപീകരിക്കുന്നതിനെ സ്വാധീനിക്കുന്നത്. 1 ലക്ഷം കോടി മുടക്കി Hi Speed Rail വിഭാവനം ചെയ്തവരാണ്,63000 കോടി ചിലവിൽ Semi Hi Speed നെ എതിർക്കുന്നത്...!!

ഇന്ത്യയിൽ 9 ഇടത്ത് പദ്ധതി നടപ്പാക്കുന്നവരാണ് ഇവിടെ അനുമതി വൈകിപ്പിക്കാൻ ശ്രമിക്കുന്നത് !!

പിന്നെ നീലാണ്ടനാദികൾ ഏത് വികസനത്തെയാണ് സ്വാഗതം ചെയ്തിട്ടുള്ളത്.

അവർ "ആന്ദോളൻ ജീവികളാണ് "

അവർക്കത് ജീവിതമാർഗ്ഗമാണ്.

അതവഗണിക്കുക...

കേരളം വികസിക്കണം

ധീരമായ നിലപാട് മായി മുന്നേറുന്ന സർക്കാറിനെ പിൻതുണക്കുകയെ മാർഗ്ഗമുള്ളൂ....

മെട്രൊ ശ്രീധരൻ സാറ് തന്നെ മാറ്റിപ്പറയുന്നത് കണ്ടില്ലേ?

രാഷ്ടീയമാണത്.

ctSy

*************

കേരളത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സിൽവർ ലൈൻ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുൻഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, EIA എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അത് ശരിയായ നിലപാടു തന്നെയാണ് എന്നാണ് എന്റെ പക്ഷം. DPR വെച്ച് ചർച്ചകൾ നടത്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി വേണം ഈ പ്രൊജക്ട് നടപ്പിലാക്കേണ്ടത്.-CKR

>>>>>>>>

People's democracy ൽ ബുള്ളറ്റ് ട്രെയിനെതിരായ ലേഖനം-VRC

https://peoplesdemocracy.in/2020/0103_pd/new-govt-declares-review-modi%E2%80%99s-pet-bullet-train-project



https://m.facebook.com/story.php?story_fbid=4805756702837399&id=100002093504094&sfnsn=wiwspwa




No comments: