ഒത്തു കൂടാൻ വരുമെന്നുറപ്പു പറഞ്ഞ നീ
വരാതിരുന്നപ്പോൾ
സ്നേഹമില്ല തീരെയെ-
ന്നെന്മനം കലമ്പിയപ്പോ-
ളതു കേട്ടു നീ മൊഴിയുന്നു ,
"ഔപചാരികമല്ലേയിക്കാലത്തിമ്മട്ടിടപെടലുകൾ ,
നിൻറെ വാക്കുകൾ വെറും ബാലിശം ".
നാട്ടു മാവൊരെണ്ണം ബാക്കി വെച്ചു
വളർത്തും നാട്ടുമൂപ്പനെ ,
മാനിക്കണമൊരു ചടങ്ങിലെന്നു
ഞാനൊന്നു മിണ്ടിയാലുടനെ
നീ ചൊല്ലുന്നു ,"വെറും ബാലിശം ."
എൻ്റെ പോസ്റ്റു വായിക്കാതെ-
യതേ പോസ്റ്റടുത്ത നിമിഷത്തി-
ലതേ ഗ്രൂപ്പിൽ നീ തള്ളിയതിലൊരു -
പരിഭവം ഞാൻ കുറിച്ചപ്പോഴും
നീ പറയുന്നിതതു "ബാലിശം ."
ഓക്സ്ഫഡിൽ ചേർന്ന കൊച്ചുമോൾ
പ്ലാസ്റ്റിക്ക് സഞ്ചി തൊടിയിലേക്കെറിയുമ്പോ-
ളരികെ വിളിച്ചാങ്കലത്തിലറിയുമോ ,
മകളേ ,ഗ്രെറ്റ തുൻബർഗിനെ യെന്നു
ചോദിച്ചാലതും നിനക്കു "ബാലിശം" .
ഒരേ പത്രം വായിച്ചു രമിക്കരു-
തൊട്ടേറെ പത്രങ്ങൾ വായിച്ചും ,
തനതായി ചിന്തിച്ചും ,നിലപാടിലെത്തണ-
മെന്നു കുറിച്ചാലതിനൊക്കെ സമയ-
മാർക്കെന്നുരക്കുന്നു നീ,
ഇതും നിനക്കു "ബാലിശം" .
വറ്റുമീ കുടിവെള്ളമുടനതു തടയാനായി
റീ ചാർജു ചെയ്യണമുടൻ നാട്ടിലെ
കിണറുകളെല്ലാമെന്നു ഞാൻ
പറയുകിലിപ്പോൾ മഴ കൂടുതലെന്നു-
മറു യുക്തി പരത്തുന്നൂ ,
ഇതും നിനക്കു "ബാലിശം" .
പ്രിയ സഖേ ,നിൻറെ മക്കൾക്കും -
മക്കളുടെ മക്കൾക്കുമായി
ഗുരുപരമ്പരകൾ ക്ലാസിലിപ്പോൾ -
സംവദിക്കുമീവിവരങ്ങളൊക്കെയും
മുളക്കും ,വന്മരങ്ങളായ്
നാട്ടിൽ നിറയുമ-
ന്നുമാ തണലിലിരുന്നു നീ -
സ്വതവേ പിറുപിറുക്കു-
മിതൊക്കെ വെറും "ബാലിശം" .
മഴവില്ലു കണ്ടെൻ മനം തുടിപ്പെന്നോ ,
ബാലൻ മനുഷ്യൻ്റെ പിതാവെന്നോ
മരിക്കുന്നൂ ഭൂമിയെന്നോ
കുറക്കണം കാർബൺ പാദമുദ്രയെന്നോ
പറയുവോരോടെന്നും ചൊല്ലണം ബാലാ ,
"ഇതൊക്കെ വെറും ബാലിശം ! " .
കാൽമുട്ടോളമെത്തിയ വെള്ളത്തിൽ കാലനക്കി,
മുൻപിലെ വിഡ്ഢിപ്പെട്ടിയിൽ കിറുക്കറ്റു കാണവേ ......
ഇടയ്ക്കു തലയൊന്നു പുറത്തേക്കു നീട്ടി ,
തള്ളിവരും തിരമാല കണ്ടു ,നേരമുണ്ടെങ്കിൽ ,
ചൊല്ലണമെപ്പോഴുമിതൊക്കെ "വെറും ബാലിശം "
No comments:
Post a Comment