വളന്റിയർമാർക്കു ഒരു സ്തുതിഗീതം .
ചോരപ്പുഴയായി ,കാഴ്ചവസ്തുവായ് ഞാനൊഴുകുമ്പോളാ-
ത്തലേക്കെട്ടഴിച്ചെന്നെ മുറുക്കിക്കെട്ടിയൊ -
രാതുരാലയപ്പടിയോളമെത്തിച്ച
ജീവന്റെ ചുമട്ടുകാരാ നിന്നെ ,
ഞാനെവിടെയൊരത്താണിയി-
ലെന്നെങ്കിലുമിറക്കി വെക്കും ?
കാൽവിരൽ പഴുത്തു മുറിച്ചു മുടന്തനായേ-
കാന്തത്തടവിലീമുറിയിലുരുകുന്നൊ-
രെൻ മുഖത്തു ചിരി പടർത്താനായൊരു
*വാക്കറും നെഞ്ചത്തുചേർത്തൊരു
സ്‌കൂട്ടറിൽ **ഡിങ്കനായി പറന്നിറങ്ങും
പ്രിയ കൂട്ടുകാരാ, ജീവിതയാത്രയിൽ
നിന്നെ ഞാനെവിടെ മറന്നുവെക്കും ?
കൂരയിലരിച്ചിറങ്ങും തണുപ്പിലെ-
ല്ലരിക്കുന്ന വേളയിലൊരു
പുത്തൻ പുതപ്പുമായെന്നെ
ചുരുട്ടിപ്പിടിച്ച ചുവന്ന മുഷ്ടി-
ക്കരുത്തായുയർത്തുവോനെ ,
കനിവിന്റെ നിറച്ചാർത്തിനെ, നിന്നെ
ഞാനെങ്ങിനെ യാത്രയാക്കും ?
ആതുരാലയത്തിലെ കിടപ്പു രോഗികളാമെങ്ങൾക്കെന്നും
പൊതിച്ചോറെത്തിച്ചു തന്ന ശേഷം
കാരുണ്യം വഴിയും ഹൃദയവും
വീര്യമാർന്നുയർന്ന ശിരസ്സുമായ-
കന്നേതോ മദ്ധ്യാഹ്നവഴികളിൽ ,
കൊടുംപകയുടെ ചക്രവ്യൂഹങ്ങളിൽ
പലനുറുങ്ങായി ചിതറി,രക്തസാക്ഷിയാകുമ്പൊഴും
പതറാതെ വീണ്ടും നീയെത്തുന്നു , പല കാരുണ്യ സ്വരൂപങ്ങളായ് .
പ്രിയ ജനങ്ങൾക്കടുത്തു കൂടാതെ ,
മഹാമാരി കൊയ്തെടുത്ത
ശവമായി ഞാൻ തനിയെ കിടന്നപ്പോ -
ളൊരു തോളിൽ മൃദുവായെന്നെയെടുത്തു
കുഴിമാടത്തിലുറക്കിയുയിർത്ത പ്രിയ കൂട്ടുകാരാ,
നിന്നോടു ഞാനെങ്ങിനെ യാത്ര ചൊല്ലും ?
വൈറസിനെ ബ്ഭയന്നുമുള്ളുലഞ്ഞു
മകന്നു മാറിയ വീട്ടുകാർക്കു മുന്നി-
ലൊരു നീണ്ടചൂലുമണുനാശിനി യന്ത്രവുമാ-
യെന്റെ മണിമാളിക നിർഭയം ശുചീകരിക്കുന്ന നിന്നെ,
നിന്റെ ചുവന്ന മനസ്സിനെത്തൊഴാതെ
ഞാനേതമ്പലത്തിനു മുന്നിൽ കൈകൂപ്പി നിൽക്കും ?
പതിനെട്ടു പടികളും കേറാതെ കാണാം പരം പൊരുളിനേ- ,
യെന്നരികിൽ ,നിന്നിൽ ,നീയാണു ജീവന്റെ പൊരുൾ
ഞാനാണതു നീ തന്നെ കൂട്ടുകാരാ ,
നിന്നെയേറെയറിയാനുള്ളതിനി നമ്മുടെ യാത്രകൾ.
2 comments:
കാലത്തിന്റെ തുടിപ്പുകൾ കവിതയിൽ വായിക്കാനാകുന്നു. ഒരു ആർദ്രത.
നന്ദി, സുഹൃത്തേ
Post a Comment