Thursday, 10 March 2022

എന്റെ പ്രണയിനിക്ക് -

 എന്റെ പ്രണയിനിക്ക് -(കവിത )


"പ്രിയമേറെയെന്നെൻ സവിധേയണഞ്ഞെന്നോടു 

പലവുരു മൊഴിഞ്ഞുമടുത്തുമലിഞ്ഞ ശേഷം

 പരിണയം ചെയ്യാതെന്നെപ്പിരിഞ്ഞതെന്തകന്നതെന്തെ"ന്നു

 നീയൊരിക്കലും  ചോദിച്ചതില്ല- ചോദിക്കുകയുമില്ലിനി

യെന്നുമഭിമാനിയല്ലോ നീ.

എങ്കിലുമീയസ്തമനവേളയിലു-

മുൾത്താപത്താൽപൊരിയുംമണലിൽ, 

നാം പരസ്പരമൊരു കാലം ചേർന്നിരുന്നൊരാ-

 പുഴയുടെയഴിമുഖത്തുറസ്സിൽ, 

കരൾനുറുങ്ങും പരിദേവനത്തോടെ , 

കുറിച്ചിട്ടു പോകുന്നു  പ്രിയേ,

 ക്ഷമ ചോദിപ്പു ഞാൻ. 

പല പ്രാരബ്ധ ,കലഹ,വ്യാധി പ്രളയക്കരയി-

ലെയെൻ വസതിയിലൊരുമിച്ചു പാർക്കാ-

മെന്നുറച്ചവൾ ,സൻമതി, നീയെങ്കിലും,

നിൻ തരള മിഴികളൊരുനാളും നിറയുവാ-

നിടവരുത്തേണ്ടെന്നൊരു ചിന്ത 

വന്നു നിറഞ്ഞെന്റെ മതി ഭ്രമിച്ചു പോകവേ,

 നിന്നെ മറക്കാനുറച്ചു ഞാൻ. 

ഇനി യാത്ര പറയാനുള്ള നേരമേയുള്ളൂ,

ഭവാബ്ധിയിലിരുദിശയിലേക്കൊലൊരിക്കലും കാണാതെ

യെത്രയോ വർഷങ്ങളായകന്നു നാമെങ്കിലും, 

ഏതോ നിർമല ബാലകുതൂഹലങ്ങൾക്കു 

സാക്ഷിയാകുമൊരു  മുത്തശ്ശി, നീ കേൾക്കുക 

കാതങ്ങളെത്രയോദൂരെ മറ്റൊരു കൗമാര കേളി സകൊതുകം  

കാണെക്കാണെയൊരു മുത്തശ്ശന്നോർമ്മക്കയങ്ങളിൽ താനെ 

താണുമുയർന്നുമവ്യക്തമനുഭവചിത്രങ്ങൾ മനസ്സിൽതെളിയുന്ന വേളയിതെങ്കിലും 

പറയാതെ വയ്യ, പ്രിയസഖി,

 നിന്നോടു പ്രണയമാണെനിക്കിപ്പൊഴും. 

സ്വന്തമാക്കാതിരിക്കലാണു പ്രണയം, 

സ്വന്തമാക്കുന്നതാരുടേയോ പണയം.

No comments: