Monday 6 December 2021

ദ്രോഹിക്കാനുള്ള നമ്പൂതിരി സമുദായത്തിൻ്റെ ജാഗ്രത -'സംബന്ധവും' 'സ്മാര്‍ത്തവിചാരവും'.

 8.) സംബന്ധവും സ്മാര്‍ത്തവിചാരവും നമ്പൂതിരിമാരും

- - - - - - - - - - - - - - - - - - - - - - - - - - - - - - - -

കേരളത്തിലെ നംബൂതിരിമാരുടെ സവർണ്ണ മതത്തില്‍ ഒരു സഹസ്രാബ്ദത്തിലേറെ കാലം  നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളായിരുന്നു 'സംബന്ധവും' 'സ്മാര്‍ത്തവിചാരവും'. 


സംബന്ധം, ശൂദ്ര (നായർ) സ്ത്രീകളെ അച്ചി ചരിതങ്ങളിലൂടെയും വൈശിക തന്ത്രങ്ങളിലൂടെയും ചന്ദ്രോത്സവങ്ങളിലൂടെയും നൂറുകണക്കിന് സന്ദേശ കാവ്യങ്ങളിലൂടെയും  മഹത്വവൽക്കരിച്ച് , അന്നത്തെ വ്യാജ സദാചാര ബിംബമായി രൂപപ്പെടുത്തിയിരുന്ന ബ്രാഹ്മണ തന്ത്രമായിരുന്നപ്പോൾ, സ്മാർത്തവിചാരം, നമ്പൂതിരിസ്ത്രീകളെ പതിവൃതകളായ 'ശീലവതിമാരാക്കി' ബ്രാഹ്മണ ജാതിയുടെ വംശശുദ്ധി സംരക്ഷിക്കാനുള്ള അണുവിട അയവില്ലാത്ത ക്രൂരമായ പുരുഷാധിപത്യ സദാചാര ജാഗ്രതയായിരുന്നു.


'സംബന്ധം' എന്ന പേരിൽ ശൂദ്ര-നായര്‍ സവർണ്ണ ജാതിയിലെ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് ആകർഷിക്കാനുള്ള ഒരു ജാതീയ അടിമത്വ അനുഷ്ടാന ആചാരം തന്നെ  ബ്രാഹ്മണ്യം നിർമ്മിച്ചു നടപ്പിലാക്കിയിരുന്നു. നായർ സ്ത്രീകളുമായി 'പ്രഥമ നിഷേകം' (Deflower) നടത്തിയിരുന്ന 'മണാളർ' എന്ന 'വൈശികതന്ത്ര' വിദഗ്ദൻ്റെ ജാതീയസാന്നിദ്ധ്യം തന്നെ സംബന്ധത്തിൻ്റെ സത്രീ ചൂഷണപരമായ കുടില തന്ത്രം വെളിപ്പെടുത്തുന്നുണ്ട്. 


ബ്രാഹ്മണരെ ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി കാണുന്ന ഭക്തി ആചാര വിശ്വാസത്തിലേക്ക് സ്ത്രീകളെ ഉയര്‍ത്തി, ലൈംഗീകമായി ചൂഷണം ചെയ്യുന്നത് നംബൂതിരിമാരുടെ ഒരു വിനോദ ആചാരവും അവകാശവും പൗരോഹിത്യ തന്ത്രവും ആയിരുന്നെങ്കില്‍, 'സ്മാര്‍ത്തവിചാരം' നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളായ 'അന്തർജനങ്ങളുടെ' ചാരിത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അതി കഠിനമായ സദാചാര-പാതിവൃത്യ സംരക്ഷണ ആചാരവും ക്രൂരമായ സ്ത്രീ-ശിക്ഷണ രീതിയുമായിരുന്നു. 


ഒരേ സമയം, വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും, സ്വന്തം വീട്ടില്‍, ചാരിത്ര്യത്തിന്റെ അണുവിട - വിടാതുള്ള ശീലാവതിമാരായ അന്തര്‍ജ്ജനങ്ങളെ കര്‍ശന സാമൂദായിക ആചാര-അനുഷ്ടാന നിയമങ്ങളിലൂടെ വെറും ഗർഭപാത്രത്തിൻ്റെ സൂക്ഷിപ്പുകാരായി, അഥവ പ്രസവയന്ത്രമായി അധ:പ്പതിപ്പിക്കയും ചെയ്തുകൊണ്ടാണ് ബ്രാഹ്മണ പുരുഷാധികാരം സവർണ്ണരുടെ ജാതിയ-കേരളത്തെ നിർമ്മിച്ചത്. അതിൻ്റെ ഏറ്റവും പ്രധാന ഇരകൾ ബ്രാഹ്മണ സവർണ്ണ മതത്തിലെ രണ്ട് സമുദായങ്ങളിലെയും സ്ത്രീകൾ തന്നെയായിരുന്നു. 


സംബന്ധം

- - - - - - - - - 

നംബൂതിരിമാരുടെ സ്വത്ത് ഭാഗം വെച്ച് പോകാതിരിക്കാനും, അന്യാധീനപ്പെടാതിരിക്കാനും, പൌരോഹിത്യ വംശീയ ദുരഭിമാനത്തിന്റെ  വര്‍ഗ്ഗശുദ്ധിക്ക് ഊനം തട്ടാതെ  നിലനിര്‍ത്തുന്നതിനും, വംശീയ സ്ഥാപിത താല്‍പ്പര്യങ്ങളായ ജാതീയതയുടെ ആചരണവും പൗരോഹിത്യ മേധാവിത്ത്വവും കര്‍ക്കശമായി പാലിക്കുന്നതിനുമായി നമ്പൂതിരി  കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.


ഈ മൂത്ത പുത്രനെ "അച്ഛന്‍ നംബൂതിരി" എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ "അഫ്ഫന്‍ നംബൂതിരി"മാര്‍  എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ പുരുഷ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് തങ്ങളുടെ അടിമകളും ആജ്ഞാനുവര്‍ത്തികളും  ആയിരുന്ന ശൂദ്രരെ (നായന്മാരെ) സമൂഹത്തിൽ ഹിംസയും ജാതിവിവേചനവും നടപ്പാക്കാനുള്ള ജതീയ മർദ്ദകരായി ഉപയോഗിച്ച് അസവർണ്ണരായ ബൗദ്ധ സമൂഹത്തിൽ നിന്നുള്ള ഭീഷണി തടയുകയായിരുന്നിരിക്കണം ബ്രാഹ്മണ ലക്ഷ്യം.  


അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് ശൂദ്ര ജാതിക്കാരായ സ്ത്രീകളുമായി 'വൈശിക' ലൈംഗീക ബന്ധം (സംബന്ധം) എന്ന ബാധ്യതയില്ലാത്തതും ഉദാരമായതുമായ പുരുഷാധികാര ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു. ശൂദ്ര ജാതിക്കാരുമായുള്ള ലൈംഗീക ബന്ധം മനുസ്മൃതി പ്രകാരം ബ്രാഹ്മണർക്ക് ഭ്രഷ്ട് വിളിച്ചു വരുത്തുന്നതാകയാലും, ശൂദ്ര സ്ത്രീ വേശ്യയാണെങ്കിൽ ബ്രാഹ്മണർക്ക് ബന്ധം വിലക്കിയിട്ടില്ലാത്തതിനാലും, വൈശികതന്ത്ര പരിശീലകനായ 'മണാളരെ'ക്കൊണ്ടും  മറ്റു രണ്ടു ശൂദ്രന്മാരെക്കൊണ്ടും  ശാരീരികബന്ധം നടത്തിച്ച്, സ്ത്രീ (വേശ്യയായി) എന്ന് ഉറപ്പിച്ചതിന് ശേഷമേ അഫൻ നമ്പൂതിരിമാർ സംബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളുവത്രേ ! 

(കൂടുതൽ വിവരങ്ങൾക്ക് 'മണാളർ ' പോസ്റ്റ് കാണുക. Ref. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ നായന്മാരുടെ പൂർവ്വ ചരിത്രം, രണ്ടാം വോള്യം, അദ്ധ്യായം: പ്രഥമ നിഷേകം, മൂന്നാം പതിപ്പ്, Oct. 2011)


സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല. ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ അഫ്ഫന്‍ നംബൂതിരിമാർ ക്ഷേത്രങ്ങളോടു അനുബന്ധിച്ചു താമസിച്ചിരുന്ന അംബലവാസികളുടെ  ഗൃഹങ്ങളിലും,‍ രാജകൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, സാധാരണ നായര്‍ കുടുംബങ്ങളിലും എല്ലാം സംബന്ധക്കാരായി കൂറ്റംകുത്തിയ വിത്തുകാളകളെപ്പോലെ യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.


പുരുഷൻ്റെ ഒരു ഉത്തരവാദിത്വവുമില്ലാതുള്ള, സൗജന്യ ലൈംഗീക അനുഭവത്തിന്  മാത്രമായി മുവ്വന്തി നേരത്ത് സംബന്ധ വീടുകളിൽ എത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ, സംബന്ധക്കാരിക്കോ, അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ പിതൃസ്വത്ത് നൽകുകയോ വേണ്ടിയിരുന്നില്ല. 


മരുമക്കത്തായ കുടുംബ വീടിൻ്റെ മുറ്റത്ത് ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി കരുതപ്പെട്ടിരുന്ന അഫ്ഫൻ നംബൂതിരിമാരുടെ പാദസ്പര്‍ശമേല്‍ക്കുന്നതു തന്നെ മഹാഭാഗ്യമായാണ്, തങ്ങളുടെ ദാസ്യ-ഭൃത്യ ജനങ്ങളായിരുന്ന നായര്‍ സമുദായത്തെ ബ്രാഹ്മണ്യം ‍ അക്കാലത്ത് വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി വേശ്യാവൃത്തിയെ മഹത്വവല്ക്കരിക്കുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ അച്ചി ചരിതങ്ങളായും സന്ദേശ കാവ്യങ്ങളായും വൈശിക തന്ത്രമായും ചന്ദ്രോത്സങ്ങളായും ബ്രാഹ്മണര്‍ പത്താം നൂറ്റാണ്ട് മുതല്‍ അടുത്ത കാലം വരെ, അതീവ കാവ്യഭംഗിയോടെ രചിച്ച് കൂട്ടുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നല്ലോ.  


ബ്രിട്ടിഷ് ഭരണം അവസാനിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തോളം ഈ ലൈംഗീക ചൂഷണ ജീർണ്ണാചാരം മഹത്വവൽക്കരിക്കപ്പെട്ട നിലയിൽ  മരുമക്കത്തായ വ്യവസ്ഥിതിയായി നായർ സമുദായം അഭിമാനത്തോടെ കൊണ്ടാടിയിരുന്നു.

ഇപ്പോഴും സംബന്ധത്തേയും മരുമക്കത്തയത്തേയും ഗൃഹാതുരതയോടെ ഓർത്ത് നെടുവീർപ്പിടുന്ന സവർണ്ണ ജാതി ദുരഭിമാനികളായി, ബ്രാഹ്മണ വംശീയ മതത്തിന് പ്രതിരോധം തീർക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നവരായി, ശൂദ്രരെ ധാരാളമായി കാണാവുന്നതാണ്. 

അത്രയും തന്ത്രപരമായാണ്, മുടങ്ങാതെ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളായി, ബ്രാഹ്മണ പൗരോഹിത്യ ജാതീയചൂഷണ വ്യവസ്ഥിതി നടപ്പാക്കിയിരുന്നത് എന്ന് മനസ്സിലാക്കാം. 


'സ്മാര്‍ത്തവിചാരം'

- - - - - - - - - - - - - - - - 

ശൂദ്ര വർണ്ണക്കാരായ നായര്‍ ജാതി-സമൂഹത്തെ സാമൂഹ്യ മേധാവിത്വത്തിലൂടെയും ജീർണ്ണ സാംസ്കാരികതയുടെ മഹത്വവൽക്കരണത്തിലൂടെയും ഭക്തിയിലൂടെയും വിധേയ വേശ്യാവൃത്തിയിലേക്കു പാകപ്പെടുത്തിയിരുന്ന നംബൂതിരിമാര്‍ ഈ 'വൈശിക തന്ത്രപരമായ അപചയം' തങ്ങളുടെ സ്വന്തം വംശീയ ബ്രാഹ്മണ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി, സ്വന്തം സ്ത്രീ ജനങ്ങളായ അന്തര്‍ജ്ജനങ്ങള്‍ക്ക് എതിരെ നടത്തിയിരുന്ന ക്രൂര സദാചാര ആചാരങ്ങളിലൂടെയുള്ള വംശീയ ജാഗ്രതയായിരുന്നു സ്മാർത്തവിചാരം. 


തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ (അഫ്ഫൻ) നംബൂതിരിമാരെല്ലാം നായര്‍സ്ത്രീകളുമായുള്ള സംബന്ധ സൗകര്യം മാത്രം നൽകി സ്വന്തം സമുദായത്തില്‍ നിന്നും  പുറത്തു പോയിരുന്നതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹിതരാകാനുള്ള സാധ്യത എണ്ണത്തില്‍ കുറഞ്ഞ "അച്ഛന്‍ നമ്പൂതിരിമാരുടെ" ഭാഗ്യ കടാക്ഷം മാത്രമായി ചുരുങ്ങിയിരുന്നു.


നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറയ്ക്കാനായി മൂത്ത "അച്ഛന്‍ നംബൂതിരി"മാര്‍ മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയിരുന്നെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ ബ്രാഹ്മണ കന്യകമാരാല്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു. 


ബ്രാഹ്മണരുടെ ഇത്രയും കണിശമായ ആചാരവിശ്വാശങ്ങൾക്കനുസരിച്ച് ജീവിക്കുന്ന അന്തർജ്ജനങ്ങൾക്ക് പലപ്പോഴും വിവാഹിതരാകാതെ, പുരുഷ സ്പർശമേൽക്കാതെ മരിക്കേണ്ട അവസ്ഥ വളരെ കൂടുതലായിരുന്നു. ഇങ്ങനെ മരണപ്പെട്ട അന്തർജ്ജനങ്ങളുടെ ശവശരീരത്തെ പോലും അപമാനിക്കുന്ന 'ശവഭോഗം' എന്നൊരു ദുരാചാരം പോലും കന്യകയായി മരിക്കുന്ന അന്തർജ്ജനങ്ങൾക്കായി ശവസംസ്ക്കാരത്തിന് മുമ്പ്  നടത്തുന്ന ആചാരം നിലവിൽ ഉണ്ടായിരുന്നത്രേ ! (ആചാരമാക്കിയാൽ എന്തു ക്രൂരതയും വൃത്തികേടും നമ്മുടെ സമൂഹം എതിർപ്പില്ലാതെ ചെയ്യും. ആചാര ലംഘനം മാത്രമാണ് കൊടിയ പാപം.)


'നീചൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഭ്രഷ്ട ജാതിയാണത്രേ ശവഭോഗം നടത്തുക. ഈ കർമ്മത്തിന് 'നീച കർമ്മം' എന്നാണ് പേരു നൽകിയിരുന്നത്. ഇത്രയും ക്രൂരത മനുഷ്യ സങ്കൽപ്പത്തിന് സാധ്യമല്ലാത്തതാണ്. പക്ഷേ, ബ്രാഹ്മണ പൗരോഹിത്യത്തിന് സാധ്യമായിരുന്നു !

('ശവഭോഗം' നടത്തിയിരുന്ന 'നീചനെ'ക്കുറിച്ച് പരാമർശമുള്ളത് ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം എന്ന പുസ്തകത്തിലാണ്. മാതൃഭൂമി ബുക്സ് 2nd Edn. 2010, പേജ്: 11)


അതായത്, അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ വലിയൊരു ശതമാനം അവിവാഹിതരോ, വിധവകളോ ആയിരുന്നത്രേ ! മാത്രമല്ല, അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ അന്തര്‍ജ്ജനങ്ങളെ പടിയടച്ചു പിണ്ഡം വെച്ചു തെരുവിലേക്ക് വലിച്ചെറിയുന്ന  'സ്മാര്‍ത്തവിചാരം' നല്ലൊരു ഉപായവും, ബ്രാഹ്മണ പുരുഷ അധീശത്വപരമായ ഒറ്റമൂലിയുമായിരുന്നു. ഒരു സമൂഹത്തിൽ ആധിപത്യം സ്ഥാപിക്കാൻ സ്ത്രീകളെ ഇഞ്ചപ്പുല്ല് ചതക്കുന്നതു പോലെ ചതയ്ക്കണം എന്നു തന്നെയാണ് സവർണ്ണ മതം പറയുന്നത്. ''ന സ്ത്രീ സ്വാതന്ത്ര്യമർഹതി '' എന്നാണ് മനുസ്മൃതി വചനം !


'അടുക്കള ദോഷം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട അന്തർജ്ജനത്തെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ് സ്മാര്‍ത്തവിചാരം. 


നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. 


സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.

1) ദാസീ വിചാരം, 

2) അഞ്ചാം പുരയിലാക്കല്‍, 

3) സ്മാര്‍ത്തവിചാരം, 

4) സ്വരൂപം ചൊല്ലല്‍, 

5) ഉദകവിഛേദം, 

6) ശുദ്ധഭോജനം 

എന്നിങ്ങനെയാണ് ചടങ്ങുകള്‍ ആചരിക്കപ്പെട്ടിരുന്നത്. 


ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസികളായ നായര്‍ സ്ത്രീകളെയാണ് ആദ്യം വിസ്തരിക്കുക.  ഇതിനെയാണ് 'ദാസി വിചാരം' എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക. സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.

(ഒരു അന്തർജ്ജനത്തിന് രണ്ട് ദാസിമാരെയാണ് ബ്രാഹ്മണർ ചമുതലപ്പെടുത്തിയിരുന്നത്. ഇവരെ കൂട്ടിരുപ്പുകാർ എന്നും പറഞ്ഞിരുന്നു.)


ശൂദ്ര-നായർ വീടുകളിൽ യഥേഷ്ടം സംബന്ധത്തിനായി കയറിയിറങ്ങി നടന്നിരുന്ന നമ്പൂതിരിമാർ തങ്ങളുടെ സ്ത്രീകൾക്ക് സദാചാര കാർക്കശ്യത്തോടെ ചാർത്തി കൊടുത്തിരുന്ന 'സാധനം' (ചരക്ക്) എന്ന വാക്കിൻ്റെ അപമാനത്തിൻ്റെ ആഴം നമുക്ക് ഇന്നും ലജ്ജാകരമായി തോന്നുന്നില്ല ! 


സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം 'സാധനം' ഒരു  ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ കാൽ ‍നൂറ്റാണ്ടിലേറെ  നീണ്ടുനിന്ന സ്മാര്‍ത്ത വിചാരത്തിനു ശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ 'സാധന'മായി നരകിച്ചതു മിച്ചം !


അഞ്ചാം പുര ഒരു ഇരുട്ടുമുറിയാണ്. 'സാധന'മായി വിശേഷിപ്പിക്കപ്പെട്ട അന്തർജ്ജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി തേളുപോലുള്ള ഷുദ്രജീവികളെയും പാമ്പുകളെയും അന്തർജ്ജനത്തിന് കൂട്ടായി ഇറക്കിവിടുന്ന ക്രൂരമായ പതിവു പോലും ഉണ്ടായിരുന്നുവത്രേ! 


അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക. അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍, ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍, അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്. സ്മാര്‍ത്തവിചാരണ നടത്താനും "സാധനം" കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.


ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക. വിചാരണ സമയത്ത് "സാധനം" (അന്തർജ്ജനം) കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് "സാധന"വുമായി നേരിട്ട് സംസാരിക്കാം. ഈ അവസരത്തില്‍ 'സാധന'വുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും. ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് 'സ്വരൂപം ചൊല്ലല്‍' എന്നു പറയുന്നത്. 

സ്മാര്‍ത്തനു വേണ്ടി ഈ 'സദാചാര ലംഘന കഥ' ആൾക്കൂട്ടത്തോട് വിളിച്ചു പറയുന്നത് 'കുട്ടി' എന്നു സ്ഥാന പേരുള്ള കുട്ടിപ്പട്ടരായിരിക്കും. 


കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ "സാധന"ത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി, മരണാനന്തര ചടങ്ങായ ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി, ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ (സദ്യയിൽ) പങ്കെടുത്ത് സവര്‍ണ്ണ ജനക്കൂട്ടം പിരിഞ്ഞുപോകും. 


സമൂഹത്തിലെ വളരെ അംഗ സംഖ്യ കുറഞ്ഞ നമ്പൂതിരി സമുദായത്തിൽ 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തു മാത്രം 60-ഓളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ, അന്നത്തെ അന്തർജ്ജനങ്ങളെ ദ്രോഹിക്കാനുള്ള നമ്പൂതിരി സമുദായത്തിൻ്റെ ജാഗ്രത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.


നായര്‍ സമുദായത്തെ ഒന്നാകെ ജാതീയ അടിമത്വത്തിലാക്കി വ്യഭിചരിക്കുന്നതിനായും അതിലൂടെ നായർ പുരുഷന്മരെ മൃഗസമാനമായ മാനസികാവസ്ഥയിലെത്തിക്കാനും ആ അധാർമ്മിക ഹിംസാത്മക ശക്തിയെ ഉപയോഗിച്ച് അസവർണ്ണരായ (വിസ്മൃത ബുദ്ധരായ) സാമൂഹത്തിനു മുകളിൽ മേധാവിത്വം നേടുന്നതിനും, നിലനിർത്തുന്നതിനും നംബൂതിരി സമൂഹം നല്‍കിയ സ്വ-സ്ത്രീ പീഢനമായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും, 'സാധന'മാക്കലും സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യ ശിക്ഷാരീതിയും എന്ന് പറയാം.


ഇത്രയും നികൃഷ്ടമായ വംശീയ വിവേചനത്തിൻ്റെ വക്താക്കളായിട്ടും, ബ്രാഹ്മണ്യം ഇന്നും തിരുമേനിമാരായും നന്മയുടെ പ്രതീകങ്ങളായും

പുരോഹിത ശ്രേഷ്ഠരായും തുടരുന്നതിൻ്റെ കാരണം പൊതുസമൂഹത്തിൻ്റെ ചരിത്രത്തിലുള്ള അജ്ഞതയാണ്. 

നമ്മുടെ ചരിത്ര-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ സത്യസന്ധരാണെങ്കിൽ ഉത്തരം പറയേണ്ട കാര്യവുമാണത്.


-ചിത്രകാരൻ ടി. മുരളി 

(08-10-2018,Revd.:26-08-2020,03-12-2021)


https://m.facebook.com/story.php?story_fbid=2066859993447008&id=100003690827480


ഇതോടൊപ്പം ചേർത്തിരിക്കുന്ന പെയിൻ്റിംങ്: "അഞ്ചാം പുരയിലെ അന്തർജ്ജനം" (2013) 

My painting on Smarthavicharam named 

Anjaam purayile antharjjanam (2013)

ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രവും ചിത്ര വിവരണവും 2016ൽ പ്രസിദ്ധീകരിക്കുയും 2019 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്ത ചിത്രകാരൻ്റെ 'അമണ - ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ' എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചവയാണ്. 2013 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആർട്ട് ഗ്യാലറികളിൽ നടത്തിയ 19 ചിത്രപ്രദർശനങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടവയാണ് ഈ ചിത്രവും ചിത്രവിശദീകരണങ്ങളും.


വായനക്കാര്‍ ശ്രദ്ധിക്കുക:

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌  വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള  തീരുമാനം സ്വയം എടുക്കേണ്ടതാണ്.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -


"അപ്രിയ ചരിത്ര-സത്യങ്ങൾ"  FB സമാഹാര പോസ്റ്റിലേക്കുള്ള ലിങ്ക്: https://m.facebook.com/story.php?story_fbid=2257765787689760&id=100003690827480

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - 

No comments: