Wednesday, 30 December 2020

തൻ്റെ വംശമാണ് ഏറ്റവും മികച്ചതെന്നും അതുകൊണ്ട് മറ്റുള്ളവരൊക്കെ തങ്ങൾക്ക് കീഴ്പ്പെട്ടു കഴിയണമെന്നുമുള്ള പിടിവാശികൾ... Posted by Baiju Kp

 

തൻ്റെ വംശമാണ് ഏറ്റവും മികച്ചതെന്നും അതുകൊണ്ട് മറ്റുള്ളവരൊക്കെ തങ്ങൾക്ക് കീഴ്പ്പെട്ടു കഴിയണമെന്നുമുള്ള പിടിവാശികൾ...

Posted by Baiju Kp on Tuesday, 29 December 2020


തൻ്റെ വംശമാണ് ഏറ്റവും മികച്ചതെന്നും അതുകൊണ്ട് മറ്റുള്ളവരൊക്കെ തങ്ങൾക്ക് കീഴ്പ്പെട്ടു കഴിയണമെന്നുമുള്ള പിടിവാശികൾ ലോകത്തുണ്ടാക്കുന്ന കലാപങ്ങൾക്ക് കയ്യും കണക്കുമില്ല. വംശീയത ഉയർത്തുന്ന വിവേചനങ്ങളും വേർതിരിവുകളും ലോക ചരിത്രത്തിൻ്റെ ഭാഗമാണ്. കറുപ്പും വെളുപ്പും രണ്ടു വിരുദ്ധധുവങ്ങളിലാണെന്നു സങ്കൽപ്പിക്കുകയും കറുത്തവർ തങ്ങളേക്കാൾ അധമൻമാരാണെന്നു കരുതുകയും ചെയ്യുന്നതാണ് വർണവിവേചനത്തിൻ്റെ പശ്ചാത്തലം. കറുത്തവരെ അടിമകളാക്കി വയ്ക്കാൻ വെളുത്ത തൊലിയുള്ളവർക്കുള്ള അധികാരം ദൈവദത്തമാണെന്ന് കരുതുന്നവർ ഇന്നുമുണ്ട് . ആര്യരക്തം ശ്രേഷ്ഠമാണെന്നും അതു നിലനിർത്താൻ ജൂതവംശഹത്യ മാത്രമേ പോംവഴിയുള്ളൂ എന്ന ചിന്തയുമാണ് ലോകത്തിന് കോൺസെൻട്രേഷൻ ക്യാമ്പുകളേയും ഗ്യാസ് ചേംബറുകളേയും പരിചയപ്പെടുത്തിയത്. അന്തമില്ലാത്ത ക്രൂരതകളാണ് വർണത്തിൻ്റെയും വംശത്തിൻ്റെയും ദേശത്തിൻ്റെയും രക്തവിശുദ്ധിയുടേയും
പേരിൽ ലോകമെമ്പാടും ഇന്നും നടമാടുന്നത്.
നമ്മുടെ രാജ്യത്തെ ജാതിവിവേചനങ്ങളുടെ ചരിത്രവും മറ്റൊന്നല്ല. ഉയർന്നതും താഴ്ന്നതുമായി ശ്രേണീകളിലായി മനുഷ്യനെ തരം തിരിക്കുന്ന ജാതി വ്യവസ്ഥ ഭാരതത്തിൻ്റെ ഇരുണ്ട മുഖമാണ് വെളിപ്പെടുത്തുന്നത്. ജാതി വിവേചനങ്ങൾ, ജാതി മതിലുകൾ, ജാത്യാചാരങ്ങൾ, ശുദ്ധാശുദ്ധി സങ്കൽപ്പങ്ങൾ തുടങ്ങി ഭാരതീയ പാരമ്പര്യമെന്ന പേരിൽ തുടർന്നു പോരുന്ന മാനവ വിരുദ്ധത ഇന്നും നിലനിൽക്കുന്നു. ഇതൊക്കെ തങ്ങളുടെ വംശം മറ്റുള്ളവരിൽ നിന്നു ഏതൊക്കെയോ സവിശേഷതകളുടെ പേരിൽ ശേഷ്ഠമാണെന്ന ധാരണകളുടെമേൽ കെട്ടിപ്പടുക്കുന്നതാണ്.
ടോണി ജോസഫിൻ്റെ ആദിമ ഇന്ത്യാക്കാർ (Early Indianട) എന്ന കൃതി വൈകാരികമായി പടർത്തപ്പെടുന്ന വംശശ്രേഷ്ഠതാ വാദങ്ങളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്ന രചനയാണ്. ജനിതകശാസ്ത്രപരവും പുരാവസ്തു വിജ്ഞാനീയപരവും ഭാഷാശാസ്ത്രപരവുമായ കണ്ടെത്തലുകളിലൂടെയുള്ള അന്വേഷണങ്ങളിലൂടെ ആരായിരുന്നു ആദിമ ഇന്ത്യക്കാർ എന്ന അന്വേഷണമാണ് ഈ കൃതിയുടെ പ്രമേയം. മഹത്തായ സിന്ധു നദീതട സംസ്കാരത്തിന് രൂപം കൊടുത്തവർ ആരായിരുന്നു? ആര്യൻമാർ എവിടെ നിന്നു വന്നവരാണ്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ശാസ്ത്രീയമായ മറുപടികളാണ് ടോണി ജോസഫ് നൽകുന്നത്. അന്ധമായ മിഥ്യാധാരണകളുടെ മേൽ പണ്ടേ പടുത്തുയർത്തിയിട്ടുള്ള ആധിപത്യ മനോഭാവം തള്ളിക്കളയുന്നതിനും പലരും ഇന്നും മനസിൽ കൊണ്ടുനടക്കുന്ന അപകർഷചിന്തകളെ കുടഞ്ഞുകളയാനും ഈ കൃതി ശ്രദ്ധയോടെ ഒന്നു വായിച്ചാൽ മാത്രം മതിയാകും.

65000 വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ നിന്നു പുറപ്പെട്ട് പല വഴികളിലായി ലോകമെമ്പാടും നിറഞ്ഞ് ഇന്ന് അവശേഷിക്കുന്ന മാനവ വംശത്തിൻ്റെ പല കലർപ്പുകളിൽ ഒന്നു മാത്രമാണ് നമ്മളെല്ലാമെന്ന തിരിച്ചറിവിലേക്കും അതു പകരുന്ന സാഹോദര്യത്തിലേക്കും നീങ്ങാനുള്ള കണ്ടെത്തലുകൾ നമ്മുടെ മുന്നിൽ ഏറെ ഉണ്ടായിട്ടും മതവും ജാതിയും വംശവും വർണവും പകരുന്ന വേർതിരിവുകൾ കലാപകലുഷിതമാക്കുന്ന ലോകത്തെയാണ് കാണേണ്ടി വരുന്നതെങ്കിൽ .... എന്തു പറയാൻ.... 

No comments: