ജാതി ചോദിക്കുന്ന കേരളം ,2021
ജാതി ചോദിക്കുന്നു കേരളം,
ജാതിയിൽ ജീവിപ്പു കേരളം,
പണക്കണക്കിന്റെ മതിലുകൾ പണിയുന്നു കേരള-
മെന്നിട്ടരികെ ജാതി മരങ്ങൾ വളർത്തുന്നു കേരളം.
വിചിത്രം കേരള സ്വകാര്യകലാശാലാധ്യാപന -,
ലാവണ നിയമന*മതു പല വഴികളിലധ്വാനിച്ചു നേടിടാം.
ആദ്യം ഹൃദയപക്ഷ ജില്ലാ സമിതി തുണക്കണമതല്ലെങ്കിൽ,
വീര സമര ദേശീയ കക്ഷി നേതാക്കൾ പറയണം.
പിന്നെയമ്പതു മുതലെമ്പതുലക്ഷം വ രെ,
സമുദായ മുതലാളിക്കോ
നിഷ്പക്ഷ നാട്യ കൂട്ടായ്മക്കോ നൽകണം.
സമുദായാംഗമാവണം നിശ്ചയം ,
നായർക്കിത്തിരി കുറഞ്ഞേക്കാം,പക്ഷെ
പെരുന്നയിൽ സാഷ്ടാംഗം നമിക്കാനറിയണം.
സാരമില്ല, പിന്നീടിടതുപക്ഷ സംഘാംഗമാകാമെടോ !
തീയനായാൽ പക്ഷെയതും പോരാ,
തോനെ പണം കിഴികെട്ടി നൽകണം,
എമ്പതുലക്ഷം മേലോട്ടു മുടക്കണം,
വിചിത്രം ശ്രീ നാരായണ നാമധാരി വിവര വിപണനം.
രൂപതാ മേൽനോട്ട വിദ്യാലയത്തിലോ ,
രൂപതാങ്ഗത്തിനെ മാത്രമേ സ്വീകരിക്കൂ ,
ആമേൻ പറയാനറിയാമെങ്കിൽ താ രൂപയും ,
നെറ്റും പിയെച്ചഡിയും മറ്റു കിച്ചടികളും പിന്നെ നോക്കാം .
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു,
അതു നമ്മ ജാതി, നമ്മ മതം, നമ്മ ദൈവം മതി.
പണമുള്ള നമ്മ മക്കൾ പഠിപ്പിക്കും,
പല കപട കുടില ജീവിത തന്ത്രങ്ങൾ,
പഠിക്കാനായി മുഖാവരണവുമിട്ടു
വരിക പുത്തൻ തലമുറക്കാരേ,
പ്രഥമ പാഠ മിതു മറക്കായ്ക,
നാമിന്നുംജാതിയിൽ വീതിപ്പു കേരളത്തെ.
ജാതി ചോദിക്കുന്നു കേരളം.
ജാതിയിൽ രമിക്കുന്നു ഭാരതം.
ജാതി ചോദിക്കുന്നു കേരളം,
ജാതിയിൽ ജീവിപ്പു കേരളം,
പണക്കൊഴുപ്പിന്റെ മതിലുകൾ പണിയുന്നു കലാശാലകളി-
ലെന്നിട്ടരികെ പല ജാതി മരങ്ങൾ വളർത്തുന്നു കേരളം.
ജാതി മത നേതാപ്രീണനമിപ്പോഴേ തുടങ്ങിയാൽ ഗുണം,
'നേരെ വാ നേരെ പോ 'യെന്നായാലധോഗതി.
നെറ്റും പി യെച്ചടിയും മറ്റു കിച്ചടികളുമൊത്തു വന്നാലും,
അമ്പതു ലക്ഷം പണം കിഴി കിട്ടി നൽകിയാലും,
ജാതി മത രാഷ്ട്രീയ തുലാസിൽ തൂക്കി നോക്കണം,
വിചിത്രം കേരള സ്വകാര്യ കലാലയാധ്യാപന ലാവണ നിയമനം!
കമ്പോളം തുറക്കലായി , ലേലം വിളി മുഴക്കമായി
ഹൃദയപക്ഷവുമുദരപക്ഷവു മൊരുമയോടെ
ജാതി വല വിരിക്കലായി .
ജാതിക്കും പണത്തിന്നും ലാവണം ലഭിച്ചോർ പഠിപ്പിക്കവേ ,
ജാതിക്കു പഠിക്കുന്നു കേരളം,
പണത്തിന്നു പഠിക്കുന്നു കേരളം.
ജാതിക്കു ശ്വസിക്കുന്നു കേരളം,
മതത്തിന്നു കൈ വെട്ടുന്നു ,
ജാതിക്കും മതത്തിന്നും കൊന്നു
മേൻമ നടിക്കുന്നു കേരളം.
ജാതി ചോദിക്കുന്നു കേരളം,
ജാതിയിൽ ജീവിപ്പു കേരളം,
പണക്കണക്കിന്റെ മതിലുകൾ പണിയുന്നു കേരള-
മെന്നിട്ടരികെ പല 'ജാതി" മരങ്ങളെ വളർത്തുന്നു കേരളം.
******************************************
-സീക്കേരാ , കണ്ണൂർ 0 1 / 01 / 2021
******************************************************************
*കേരളത്തിലെ സ്വകാര്യ കോളേജുകളിൽ 700 ഓളം പുതിയ തസ്തികകൾ വിവിധ സമുദായ താല്പര്യക്കാർക്കു വീതം വെച്ച് നൽകിയ കേരളാ സർക്കാർ ഉത്തരവ് പുറത്തിറങ്ങി .GO (Ms) No.471 /2020 /HEDN Dated 30/12/2020
*******************************************************************
COMMENTS FROM THE FIRST READER
കവിത ...
രണ്ടു മൂന്നാവർത്തി വായിച്ചു.
ഒരു കാലത്ത് മലയാള കവിതയുടെ സാമൂഹ്യ വിമർശന പക്ഷം ആക്ഷേപഹാസ്യത്തിലൂടെയായിരുന്നു . കുഞ്ചൻ നമ്പ്യാരിൽ തുടങ്ങിയ ആ ധാര ഏറ്റവുമൊടുവിൽ ചെമ്മനം ചാക്കോയിൽ എത്തി നിൽക്കുന്നു. പിന്നീട് ആക്ഷേപഹാസ്യം അത്ര ശോഭനമായിരുന്നില്ല മലയാള സാഹിത്യത്തിൽ .
ഈ ആക്ഷേപഹാസ്യ രീതി സ്വാഗതാർഹമാണ്. ജാതീയത എന്ന വിഷയത്തെ ഈ രീതിയിലല്ലാതെ കൈകാര്യം ചെയ്യാനാവില്ല.
തീർച്ചയായും മറ്റുള്ളവർ വായിക്കട്ടെ.
അഭിനന്ദനങ്ങൾ
- മനോജ് കുമാർ ചെറുവത്തൂർ
*******************************************************************
ചാട്ടുളികവിത..
കേരളീയ നിത്യ ജീവിതത്തിൽ പൊതു മണ്ഡലത്തിൽ ജാതി സ്വാധിനം കുറവാണ്. ഔദ്യോഗിക മേഖലയിൽ ജാതി സജീവമാണ്..
ചിലയിടങ്ങളിൽ(വിവാഹം ) ജാതി തീക്ഷണമായി അപകടകരമായി ഇടപെടുന്നു..
-ജിതേഷ് കമ്പല്ലൂർ
***********************************************
ഈ വ്യവസ്ഥിതികൾ തുടച്ചു മാറ്റി, കഴിവിനനുസരിച്ചു അംഗീകാരം നൽകുന്ന ഒരു നവകേരളം... അതിനായുള്ള ഒരു തുടക്കമാകട്ടെ ഈ വരികൾ.. ഇനിയും മുന്നോട്ട്..
-രമ കാഞ്ഞങ്ങാട്
**********************************************************************************************
additions
ആദരാഞ്ജലിയും, നായരായ എൻ്റെ ആശങ്കയും..( brought forward)
എൻ്റെ സമുദായ സംഘടനയുടെ പരമാധികാരിയായ ശ്രീ ജി. സുകുമാരൻ നായരുടെ പ്രിയ സഹോദരൻ ശ്രീ പുരുഷോത്തമൻ നായർ ഇന്നലെ മരണമടഞ്ഞു. പന്തളത്താണ് ഇദ്ദേഹത്തിൻ്റെ താമസം. ഇന്ന് പത്രങ്ങളിൽ വാർത്തയുണ്ട്. പരേതൻ്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തന്നു. ആത്മശാന്തി നേരുന്നു..
ഇദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പത്രത്തിൽ കണ്ടപ്പോഴുള്ള ഒരു ആശങ്ക പങ്കുവെയ്ക്കുന്നു. നിങ്ങൾ ചരമ വാർത്ത നോക്കുക. മരിച്ചയാൾ NSS റിട്ട. ഉദ്യോഗസ്ഥൻ, മൂന്നു മക്കൾ NSS ഉദ്യോഗസ്ഥർ, മൂന്നു മരുമക്കൾ NSS ഉദ്യോഗസ്ഥർ, കൊച്ചുമക്കളുടെ വിവരം അറിയാത്തതകൊണ്ട് അത് വിടുന്നു. NSSൽ ജോലി എന്നതിനേക്കാൾ വളരെ രസകരം മരിച്ചയാൾ ഉൾപ്പടെ സർവ്വരുടേയും ജോലി സ്ഥലം വീട് നിൽക്കുന്ന പന്തളം തന്നെ.
സുദായാചാര്യൻ സർവ്വജനങ്ങളുടേയും കൈയ്യിൽ നിന്ന് പിടി പണം വാങ്ങി ഉണ്ടാക്കിയ ഈ വലിയ പ്രസ്ഥാനം, ഇപ്പോഴും ഞാൻ ഉൾപ്പടെയുള്ളവർ ജന്മനക്ഷത്ര പിരിവ് മുടങ്ങാതെ നൽകി നിലനിർത്തുന്ന പ്രസ്ഥാനം. എന്നാൽ ഇന്ന് ഈ വലിയ സമുദായ സംഘടനയിൽ നടക്കുന്ന കുടുംബവാഴ്ചയും ബന്ധു നിയമനങ്ങും സ്വജനപക്ഷപാതവും സാധാരണ നായർ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു. സാമ്പത്തിക സംവരണം, സമുദായ സംവരണം എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന സമുദായ നേതൃത്യം ആദ്യം പാവങ്ങളായ സമുദായ അംഗങ്ങൾക്ക് ജോലി കൊടുക്ക്. പിന്നീട് പോരെ സമുദായത്തെ വെച്ചുള്ള വിലപേശൽ. ഒരു ജനാധിപത്യവുമില്ലാതെ ചിലർക്ക് ആയുഷ്ക്കാലം ഭരിക്കാനും, വീട്ടുകാർക്കും റാൻ മൂളികൾക്കും സർക്കാർ ശമ്പളം വാങ്ങി കൊടുക്കാനുമുള്ള സുഖവാസ കേന്ദ്രമായി NSS മാറി കഴിഞ്ഞു. കഷ്ടം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ മാത്രം കാര്യമല്ലിത്. നായർ സമുദായ നേതാക്കളായ പ്രമുഖ നായന്മാർ മരിക്കുമ്പോഴും ചരമവാർത്തയിൽ ഇവരുടെ മിക്ക മക്കളും കൊച്ചുമക്കളും NSS ജീവനക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകം. ഇത് നായർ സമുദായത്തിൽ കൂടുതൽ ആണെങ്കിലും ഇതര സുദായ - ഇതര മതസംഘടനകളും വ്യത്യസ്തരല്ല. സാധാരണക്കാർ എന്നും മത-ജാതി വ്യത്യാസമില്ലാതെ അങ്ങനെ തന്നെ തുടരും. സർവ്വരോടും പുച്ഛം കാണിച്ച് സസുഖം വാഴുന്ന നേതൃത്യമേ, നിങ്ങൾ ഒരു കാലത്തും ശരിയാകില്ല. ഇതെല്ലാം കണ്ടുകൊണ്ട് സുദായത്തെ കെട്ടി പൊക്കിയ ഒരു ആചാര്യൻ മുകളിലുണ്ട് എന്ന തോന്നൽ വേണം..
ഈ കുറിപ്പ് മരിച്ച വ്യക്തിയോടുള്ള അനാദരവ് അല്ല, അദ്ദേഹത്തിനെയോ കുടുംബാംഗങ്ങളെയോ മോശമാക്കാനുമല്ല. ഇന്നത്തെ പത്രവാർത്ത കണ്ടപ്പോൾ തോന്നിയ ഒരു സാധാരണ സമുദായ അംഗത്തിൻ്റെ ആത്മരോഷം മാത്രം. ഇന്നു തന്നെ ഈ കുറിപ്പ് എഴുതിയില്ലെങ്കിൽ ശരിയാകില്ല എന്ന തോന്നലിൽ എഴുതിയെന്നു മാത്രം. ഈ കുറിപ്പ് പരമാവധി സുദായംഗങ്ങൾ വായിക്കണം...
(കടപ്പാട്)
********************
No comments:
Post a Comment