Tuesday, 4 October 2022

എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമാകണം

 കോടിയേരിയുടെ അവസാനത്തെ പ്രസംഗം 



സഖാക്കളെ , സഹോദരി സഹോദരന്മാരേ,

വളരെ ആശ്വാസം നൽകുന്ന ഒരു ചടങ്ങിലാണ് നാമിവിടെ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്, ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി ഇപ്പോൾ നിർവഹിച്ചല്ലോ. ഈ  ട്രസ്റ്റിന്റെ പ്രവർത്തനം രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ഉപയോഗപ്രദമാക്കിത്തീർക്കുമെന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞ വിധത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കണം. സിപിഐഎം ജീവകാരുണ്യ പ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് പാർട്ടിയുടെ മെമ്പർമാർ ,അനുഭാവികൾ എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൻറെ  ഭാഗമാകണം. തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ  ഒരു ചെറിയ ഭാഗം എങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കിവെക്കണം. വളണ്ടിയർമാർ ആകാൻ തയ്യാറുള്ളവർ പരമാവധി വളണ്ടിയർമാർ ആകണം. ഇവിടെ നല്ല നിലയിൽ വളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട് കേരളത്തിൽ ഒരു ലക്ഷം വളണ്ടിയർമാരെ ഇതിനകം  റിക്രൂട്ട് ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സാന്ത്വനപരിചരണ കേന്ദ്രങ്ങൾ ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്. അത്തരം സാന്ത്വനപരിചരണ കേന്ദ്രങ്ങൾ  ശക്തിപ്പെടുത്തണം എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം വരുത്തണം എന്ന് തീരുമാനിച്ചത്തിന്റെ  അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങാൻ നാം സന്നദ്ധമായത്. ഇത് തിരുവനന്തപുരം ജില്ലയിൽ  ഏറ്റവും നല്ല നിലയിൽ സംഘടിപ്പിക്കാൻ സാധിച്ചു. 10 കോടി രൂപ ഇതിനു വേണ്ടി ഇതിനകം സമാഹരിക്കാൻ ജില്ലാകമ്മിറ്റിക്ക് സാധിച്ചു എന്നത് വളരെയധികം  മാതൃകാപരമായ ഒരു കാര്യമാണ്. ഇത്തരത്തിലുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക , സാധാരണക്കാരായ ചികിത്സാ സൗകര്യം ഇല്ലാത്തവർക്ക് ചികിത്സാ സൗകര്യം നൽകുക ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് പിണറായി   വിജയൻ ഗവൺമെന്റിനു  ജനപിന്തുണയും പുതിയ അംഗീകാരവും  നേടാൻ കഴിഞ്ഞത്. വെറും രാഷ്ട്രീയ സംഭവവികാസങ്ങളിൽ  ഇടപെടുന്നത് കൊണ്ട് മാത്രമല്ല ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇടപെടുന്നത് കൊണ്ട് കൂടിയാണ് നമുക്ക് ലഭിച്ചിട്ടുള്ള അംഗീകാരം.

അതുകൊണ്ടുതന്നെ ഈ ഗവൺമെൻറ് നെ  അട്ടിമറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന കാര്യം നാം മറന്നുകൂടാ. നാം പുതിയ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നു എന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി ഇപ്പോൾ ഒരു വർഷത്തേക്ക് നടപ്പിലാക്കാനുള്ള ആയിരിക്കില്ല. അടുത്ത മൂന്നു വർഷത്തേക്ക് നടപ്പിലാക്കാനുള്ള അജണ്ട വച്ച് ആണ്അ ത് പ്രവർത്തിക്കുന്നത്. അതിൻറെ കേന്ദ്രം ഡൽഹിയാണ്. അതിൻറെ ആസ്ഥാനം ആർഎസ്എസ് ആപ്പീസ്  ആണ്. ഇത്തരത്തിലുള്ള കേന്ദ്രങ്ങളിൽ ചേർന്നുകൊണ്ട് നമുക്ക് എതിരായി നടത്തുന്ന ഇടപെടൽ, ഇപ്പോൾ കേരളത്തിൽ രാജ്ഭവൻ ആസ്ഥാനമായി തന്നെ ഒരു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. 

രാഷ്ട്രീയ എതിരാളികൾ പലരൂപത്തിൽ നമ്മളെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വരും. അത്തരത്തിലുള്ള നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ചുകൊണ്ട് നേരിടുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്. ജനങ്ങൾ ഇതിനെതിരായി രംഗത്ത് വരണം. ജനങ്ങളുടെ ശക്തിയാണ് സിപിഐഎമ്മിന് ശക്തി. ജനങ്ങളുടെ ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തി. അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിച്ചാൽ ഏതു വെല്ലുവിളികളേയും  നമുക്ക് അതിജീവിക്കാൻ  സാധിക്കും. അതുകൊണ്ട് ശത്രു വർഗ്ഗം നടത്തുന്ന പോര് മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയമായ ആക്രമണങ്ങൾക്ക് മാത്രമല്ല ശാരീരികമായ ആക്രമണങ്ങൾക്കും നാം വിധേയമാകുന്നുണ്ട്. 17 സഖാക്കളെയാണ് 6 കൊല്ലംകൊണ്ട് രാഷ്ട്രീയ എതിരാളികൾ --ആർഎസ്എസുകാർ തന്നെ----- ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഇനിയുമുണ്ടാകും. അതിനെ നേരിടാൻ കഴിയുന്ന വിധത്തിൽ ശക്തി പൂർവ്വം പ്രവർത്തിക്കാൻ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം പാർട്ടിക്ക്  സാധിക്കണമെന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു കൊണ്ട് ഞാൻ എൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .

( -SPEECH TO TEXT BY RADHAKRISHNAN MASTER ,IRPC KANNUR 04 10 2022)

VIDEO AVAILABLE HERE




No comments: