Saturday, 8 October 2022

കുട്ടികളിൽ വായനശീലം വളർത്തേണ്ടത് എങ്ങനെ ? -പ്രൊഫ.എസ്. ശിവദാസ്

      

                                                                  വായന എളുപ്പമല്ല .ആധുനികലോകത്ത് വായനാശീലം കുറയാനുള്ള ഒരു കാരണവും അതു തന്നെ. ടിവിയും സിനിമായും ക്രിക്കറ്റും മറ്റും മനുഷ്യരെ കൂടുതൽ എളുപ്പത്തിൽ രസിപ്പിക്കുന്നു. വായനയും നമ്മെ രസിപ്പിക്കും. ടിവിയും ക്രിക്കറ്റുമെല്ലാം നൽകുന്ന രസത്തിലും  വലിയ രസം വായന നൽകും. എന്നാൽ അതിന് വായിക്കണം. വായിച്ചു രസിക്കാൻ കഴിയണം. അതിനോ നല്ല പരിശീലനംതന്നെ വേണം.                                          വായന പരിശീലിക്കണം                                                                                                                                                                                       വായന ഒരു കലയാണ്. ശാസ്ത്രവുമാണ്. ചിട്ടയായ പരിശീലനംകൊണ്ട് വായനാശീലം വളർത്താം. അങ്ങനെ മാത്രമേ വായനാശീലം വളർത്താനാകൂ. ആ പരിശീലനം ചെറുപ്പത്തിൽതന്നെ തുടങ്ങുന്നതാണ് നല്ലത്. 

       വളരെ ചെറുപ്പം മുതൽ കുട്ടി പുസ്തകം കണ്ടു വളരണം. വീട്ടിലുള്ളവർ പുസ്തകമെടുക്കുന്നതും രസിച്ചു വായിക്കുന്നതും കണ്ടു വളരണം. പുസ്തകങ്ങളെ ഓമനിക്കുന്നതും കേടു പറ്റാതെ സൂക്ഷിക്കുന്നതുംകൂടി കണ്ടു വളരണം. അപ്പോൾ ചെറുപ്പത്തിൽതന്നെ കുട്ടികൾ പുസ്തകങ്ങളിലേക്ക് ആകർഷിക്കപ്പെടും. അവർ പുസ്തകത്തെ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും തുടങ്ങും. അക്ഷരമറിയില്ലെങ്കിലും അറിവിന്റെ നിറകുടങ്ങളായ  പുസ്തകങ്ങളെ അവർ അറിയാതെ സ്നേഹിക്കാൻ തുടങ്ങും. 

അക്ഷരം പഠിക്കും മുമ്പുതന്നെ വായനയുടെ  ആഹ്ലാദകരമായ ലോകവുമായി കുട്ടിയെ പരിചയപ്പെടുത്തുകയും വേണം കുട്ടിയെയും പുസ്തകത്തെയും  ഒന്നിച്ചു മടിയിലിരുത്താം  അച്ഛന്റെ (അമ്മയുടെ) മടിയിൽ കുട്ടി. കുട്ടിയുടെ മടിയിൽ കുട്ടിപുസ്തകം.അച്ഛൻ ഇരുകൈകളും കൊണ്ടു പുസ്തകം വിടർത്തിപ്പിടിക്കണം. കുട്ടിയും കുരുന്നു കൈകൾ രണ്ടും കൊണ്ട് കൂടെ പിടിക്കണം.  എന്നിട്ട് അച്ഛൻ കുട്ടിയെ പുസ്തകം വായിച്ചു കേൾപ്പിക്കണം. തെറ്റി. അങ്ങനെയല്ല വേണ്ടത്. അച്ഛൻ കുടുംബാംഗങ്ങൾക്കെല്ലാവർക്കുംവേണ്ടി പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കണം. അച്ഛൻ പുസ്തകം വായിച്ചു ചിരിക്കണം അത്ഭുതപ്പെടണം സന്തോഷിക്കണം കരയുകയും വേണം അച്ഛൻ അങ്ങനെ പുസ്തക വായനയ്ക്കൊപ്പം ഒഴുകും. കുട്ടിയും മറ്റു കുടുംബാംഗങ്ങളും കൂടെ ഒഴുകിവരികയും ചെയ്യും. നല്ല കഥകളിലൂടെ, നല്ല പാട്ടുകളിലൂടെ, നല്ല തമാശകളിലൂടെ, നല്ല ഉപദേശങ്ങളിലൂടെ, നല്ല സാഹസികയാത്രകളിലൂടെ, നല്ല പലപല  അനുഭവങ്ങളിലൂടെ കുട്ടിയും കുടുംബാംഗങ്ങളും ആസ്വാദനതലങ്ങളിലേക്ക് ഉയരും.  അങ്ങനെ കുട്ടി വായനയിൽ ലയിച്ചു രസിച്ചു പഠിക്കുന്നു. പുസ്തകങ്ങളുടെ മാന്ത്രികലോകത്തെ സ്നേഹിച്ചു തുടങ്ങുന്നു.

ഒരേ കഥതന്നെ ഇങ്ങനെ പല പ്രാവശ്യം വായിച്ചു കേൾപ്പിക്കണം. പാട്ടും പല പ്രാവശ്യം പാടി കേൾപ്പിക്കണം. കുറെ കഴിയുമ്പോൾ കുട്ടി തന്നെ ആ പുസ്തകമെടുത്തു കൊണ്ടുവരും. കുട്ടിതന്നെ പുസ്തകം തുറക്കും. നമ്മെ വായിച്ചു കേൾപ്പിക്കും. അക്ഷരമറിയില്ലെങ്കിലും വായിക്കും! ചിത്രം  കണ്ട് നേരത്തെ വായിച്ചുകേട്ട ഓർമ്മയിൽ വായിക്കും. വായിച്ചു രസിക്കും. നമ്മെ രസിപ്പിക്കുകയും ചെയ്യും. അക്ഷരം പഠിക്കുംമുൻപുള്ള ആ വായന കേൾക്കാനും കാണാനും എത്ര രസമാണെന്നോ! കുട്ടി അക്ഷരം പഠിക്കും മുൻപുതന്നെ പുസ്തക സംസ്കാരം നേടിയിരിക്കുന്നു എന്നാണ് ആ വായന കാണിക്കുന്നത്.


കുട്ടിയേയും പുസ്തകത്തേയും ഒന്നിച്ചു മടിയിലിരുത്തുക! രണ്ടുപേരേയും ഒന്നിച്ച് ഓമനിക്കുക! അച്ഛനും അമ്മയും വീട്ടിലെ മുതിർന്ന ഓരോ അംഗവും ഇതിനു തയ്യാറാകണം.  നാട്ടുകാരും തയ്യാറാകണം. ആ പവിത്രമായ കർമ്മത്തിൽ ആന്ദിച്ചു വളരുന്ന കുട്ടിക്ക് പുസ്തകം വെറും  കൂട്ടുകാരനല്ല. പിന്നെയോ? കൂടപ്പിറപ്പാണ്. ജീവനുള്ള സഹോദരൻ അഥവാ സഹോദരി. ഇണപിരിയാത്ത സുഹൃത്ത്. ആ കുട്ടി പുസ്തകത്തെ സ്നേഹിക്കും.  ആരാധിക്കും. പുസ്തകത്തെ ഉപയോഗിക്കാനും തുടങ്ങും.

 അക്ഷരം പഠിച്ചു തുടങ്ങും മുമ്പ് കുട്ടിയെ പരിചയപ്പെടുത്തേണ്ട പുസ്തകങ്ങൾ നിറയെ ചിത്രങ്ങൾ മാത്രമായാൽ ഏറ്റവും നന്ന്. ചിത്രങ്ങൾ കഥകൾ പറയും. കാര്യങ്ങൾ പഠിപ്പിക്കും. ചിത്രപ്പുസ്തകങ്ങൾ കാണുമ്പോൾ കുട്ടി ആഹ്ലാദിക്കും. കുട്ടിയുടെ ഭാവന ചിറകു വിരിക്കും. കുട്ടി വളരും. ചിത്രങ്ങൾ ഇല്ലാത്ത പുസ്തകങ്ങളും പരിചയപ്പെടുത്താം.  അത്തരം പുസ്തകങ്ങളും കഥകളുടെയും പാട്ടുകളുടെയും ആശയങ്ങളുടെയും മാന്ത്രിക വാതിലുകളാണ് എന്ന അറിവുണ്ടാക്കുമല്ലോ. അവയും വായിച്ചു കേൾപ്പിക്കണം.

 അക്ഷരം പഠിച്ചു തുടങ്ങുമ്പോഴോ? ആദ്യം അക്ഷരച്ചിത്രങ്ങൾ കുട്ടിയെ കാണിച്ചുകൊടുക്കണം. അക്ഷരക്കാർഡുകൾ കൊണ്ടുള്ള കളികൾ കളിപ്പിക്കണം.  അക്ഷരങ്ങൾ അടുക്കി വാക്കുകൾ ഉണ്ടാക്കുന്ന വിദ്യ കുട്ടി കാണട്ടെ. സ്വയം ചെയ്ത് അത്ഭുതപ്പെടട്ടെ. അക്ഷരമുത്തുകൾ കോർത്ത അക്ഷരമാലകളാണ് വാക്കുകൾ എന്നു കുട്ടി അങ്ങനെ മനസ്സിലാക്കുന്നു. അക്ഷരമാലകൾ കോർത്ത് അർത്ഥമുള്ള വാചകങ്ങളുണ്ടാക്കുന്ന വിദ്യയും ഒരു കളിയായും മാന്ത്രിക വിദ്യയായും കുട്ടി കാണട്ടെ.  ആവേശം കൊള്ളട്ടെ.

ഈ ഘട്ടത്തിൽ ചിത്രകഥകൾ അവതരിപ്പിച്ചു തുടങ്ങാം. വാചകങ്ങൾ വളരെ കുറവും ചിത്രങ്ങൾ വളരെ കൂടുതലുമുള്ള രചനകൾ ആണല്ലോ ചിത്രകഥകൾ. കോമിക്കുകൾ,  പുരാണകഥകൾ, സാഹസികകഥകൾ, ജീവചരിത്രകഥകൾ തുടങ്ങിയവയെല്ലാം ചിത്രകഥാ രൂപത്തിൽ നൽകാം. ആദ്യം അവ വായിച്ചുകേൾപ്പിക്കണം. പിന്നെ പടിപടിയായി കുട്ടിതന്നെ വായിക്കും. ആദ്യം തപ്പിത്തടഞ്ഞ്, പിന്നെ സാവധാനം. പിന്നെ വേഗത്തിലും! അങ്ങനെ കുട്ടി വായനയിൽ വൈദഗ്ദ്ധ്യം നേടും. എന്തും തനിയെ വായിക്കാനുള്ള വിദ്യയും വിരുതും നേടും.

ചിത്രകഥകളുടെ ലോകത്ത് വിഹരിക്കുന്ന കുട്ടിയെ വളരെ സാവധാനം ഘട്ടംഘട്ടമായി മറ്റ് ഉത്തമ ഗ്രന്ഥങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റണം.  മനോഹരങ്ങളായ, നാടകീയതയുള്ള ഭാഗങ്ങൾ ആദ്യം വായിച്ചു കേൾപ്പിക്കണം. അവയുടെ  ചുരുക്കം രസകരമായി അവതരിപ്പിച്ചു കുട്ടിയെ രസിപ്പിക്കണം. അവയുടെ സത്ത്, സ്വാദ്  ചോരാതെ ആകർഷകമായി അവതരിപ്പിക്കണം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും  മറ്റും ഇതിനുവേണ്ട വിദ്യ നാം കണ്ടെത്തണം. അപ്പോൾ കുട്ടി അത്തരം പുസ്തകങ്ങളുടെ അത്ഭുതലോകത്തേക്ക് സാവധാനം കടന്നുവരും. കടന്നുവന്നാൽ, ആ ആവേശകരമായ ലോകം ആസ്വദിച്ചുതുടങ്ങിയാൽ, പിന്നെ കുട്ടി അതിവേഗം അതിൽ ലയിക്കും.  നമ്മേക്കാൾ നല്ല വായനക്കാരനും ആസ്വാദകനുമാകും.

നിർബന്ധം അരുത്

ഒരു പ്രത്യേക പുസ്തകം വായിക്കാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുത്. അവൻ ഇഷ്ടമുള്ളതു വായിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. എന്നാൽ ബുദ്ധിപൂർവ്വം അവരെ ആരോഗ്യകരമായ വായനയിലേക്ക് നയിക്കണം. ഒരു പ്രത്യേക പുസ്തകത്തിലേക്ക് അവരറിയാതെ ആകർഷിക്കാനാകും. അതിലെ കഥ പറയാം. ചിത്രം കാണിക്കാം. കുട്ടി കാണത്തക്കവണ്ണമിരുന്ന് നിങ്ങൾ സ്വയം വായിച്ച് ആസ്വദിക്കാം. അങ്ങനെ പലവിധത്തിൽ കുട്ടിയെ ഉത്തമഗ്രന്ഥത്തിലേക്ക് ആകർഷിക്കണം. കൂട്ടവായന അതിനുള്ള ഏറ്റവും നല്ല വഴിയാണ്. 


ഇതിനുവേണ്ടിയുള്ള പശ്ചാത്തല പ്രവർത്തനങ്ങൾ രക്ഷിതാക്കളും അധ്യാപകരും റീഡിങ് പ്രൊമോട്ടർമാരും ഇന്ന് നടത്താറില്ല. എന്താണ് ഫലമെന്നോ? പെണ്ണു കെട്ടിക്കഴിഞ്ഞാലും കോമിക്ക്‍വായനയിലൊതുങ്ങുന്നു ചിലരുടെ വായന! പ്രായമായിട്ടും മുല കുടിക്കുംപോലെ! മുലപ്പാലിൽ  ആ പ്രായക്കാർക്ക് വേണ്ട പോഷകങ്ങൾ ഇല്ല എന്ന് അത്തരം 'മനോരോഗികൾ' അറിയുന്നില്ല. മനസ്സിന് മുരടിപ്പ് ബാധിച്ചിട്ടുള്ള, ആസ്വാദനതലം വികസ്വരമായിട്ടില്ലാത്ത, പ്രായമായിട്ടും മനസ്സു വളരാത്ത കുട്ടിയുവാക്കൾ മനോരോഗികൾ തന്നെയല്ലേ? പ്രായമായിട്ടും കോമിക്കുകൾ മാത്രം വായിക്കുന്ന അവസ്ഥയെ നമുക്ക് കോമിക്ക്‍മാനിയ  എന്ന് വിളിക്കാമോ ആവോ. ഏതായാലും നമ്മുടെ കുട്ടികളെ ഈ മനോരോഗബാധിതരാക്കാതെ നാം നോക്കണം.

ചുരുക്കത്തിൽ വായനാശീലം താനെ വളരുകയില്ല. അതിനു പരിശീലനം വേണം.  ഭാവനയോടെയുള്ള പരിശീലനം. പടിപടിയായുള്ള പരിശീലനം. നല്ല കലയും നല്ല സാഹിത്യവും നന്നായി ആസ്വദിക്കാൻ പരിശീലനം വേണമല്ലോ. എത്രയോ നാളത്തെ 'കേൾവിജ്ഞാനം' കൊണ്ടാണ് ഒരു സാധാരണക്കാരൻ ശാസ്ത്രീയ സംഗീതാസ്വാദകനായി മാറുന്നത്. വായനയുടെ കാര്യത്തിലും ഇതു ശരിതന്നെ.

മുതിർന്നവർ വായിക്കാതിരിക്കുകയും കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേയ്ക്ക്  കൈപിടിച്ചു കയറ്റാതിരിക്കുകയും ചെയ്തിട്ട് വായനാശീലം വളരുന്നില്ല എന്ന് വിലപിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ കുട്ടികളിൽ വായനാശീലം ഇല്ലെങ്കിൽ അതിനുത്തരവാദി നിങ്ങൾ തന്നെ. ശിശുവിന്റെ മനസ്സ് കളിമണ്ണുപോലെയാണ്. എങ്ങനെയും വളക്കാം. ഏത് ഭാവവും നൽകാം. നാം ബോധപൂർവം നല്ലശീലങ്ങൾ പരിശീലിപ്പിക്കണം. ആസ്വാദനനിലവാരം ഉയർത്തണം. അപ്പോൾ മാത്രമേ ശിശു നന്നായി വളരൂ. നല്ല വായനക്കാരനുമാകൂ. മനുഷ്യനുമാകൂ.


 (പ്രൊഫ.എസ് .ശിവദാസ് വായനയുടെ ലോകം എന്ന പുസ്തകത്തിൽ-whatsapp)

No comments: