Tuesday 29 January 2019

വായന മരിക്കുന്നില്ല .ത്രസിപ്പിക്കുകയും ചെയ്യുന്നു .

അല്പസമയം  ഒഴിവു കിട്ടിയാൽ ഞാൻ ചെറുപുഴയിലെ  വായനശാലയിൽ കയറി പത്രങ്ങളെല്ലാം വായിക്കും.2000മാണ്ടു  മുതലുള്ള ശീലമാണ് .പത്രവായനക്കിടക്ക് മനസ്സ് പല  ലോകത്തേക്കും പറന്നു പോയി വീണ്ടും വാർത്തയിൽ തങ്ങി പിന്നെ വീണ്ടും ഭാവനാലോകത്തങ്ങിനെ  ഇരിക്കുന്നത്  ഒരു സുഖമാണ് .അങ്ങിനെ ഒരു നിമിഷത്തിലാണ് വായനശാലയുടെ സെക്രട്ടറി എന്നെ "മുകളിൽ ഒരു യോഗമുണ്ട് .ഗാന്ധിജിയുടെ അനുസ്മരണമാണ് .വരണം ."എന്ന് ക്ഷണിച്ചത് .റിപ്പബ്ലിക് ദിനം .ഗാന്ധിജിയെ ഓർക്കേണ്ട ദിവസം .യുവ സുഹൃത്ത് ജിതേഷ് കമ്പല്ലൂരിന്റെ പ്രഭാഷണമുണ്ടത്രെ .വിളിക്കുന്നത്  കമ്പല്ലൂർ സ്‌കൂൾ എൻ എസ് എസ് ന്റെ പ്രവർത്തനങ്ങളിൽ എന്നും സഹകരിച്ചിട്ടുള്ള ദാമോദരൻ മാസ്റ്റർ .യോഗത്തിനു ഞാനും ചെന്നു .സദസ്സിൽ അധികം ആളുകളില്ല .കുറച്ചു നേരം അവിടെ ഇരിക്കുമ്പോൾ തോളത്തൊരു സ്പർശം ."സാറിനെന്നെ അറിയില്ലേ .ഞാൻ രൂപിനാണ് " എന്നൊരു ചെറുപ്പക്കാരന്റെ ചിരിക്കുന്ന മുഖം .അങ്ങിനെയാണ് രൂപിനെ ഒരുപാട് നാളൂകൾക്കു ശേഷം വീണ്ടും കണ്ടത് ( ചിത്രത്തിൽ ഏറ്റവും ഇടത് ഭാഗത്തു കാണാം) .ഇപ്പോൾ ജെ എം യു പി സ്‌കൂൾ അദ്ധ്യാപകൻ .കമ്പല്ലൂർ ഹയർ സെക്കന്ററിയിൽ എന്റെ പൂർവ്വ വിദ്യാർത്ഥി .രൂപിനെ ഈ യോഗത്തിൽ വെച്ച് വായനശാല ആദരിക്കുന്നു . യു പി എസ്‌ എ  മാർക്കുള്ള പി എസ് സി പരീക്ഷയിൽ ( ഗവ.പ്രൈമറി സ്‌കൂൾ അധ്യാപകനാകാനുള്ളത് ) ഒന്നാം റാങ്ക് നേടിയതിനാണു  രൂപിനെ അനുമോദിക്കുന്നത് .വായനശാലയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് റൂബിൻ .എന്റെ പ്രിയ ശിഷ്യൻ വിജേഷ് പള്ളിക്കര വാർഡ് മെമ്പർ കൂടിയാണ് .അദ്ദേഹവും യോഗം വിജയിപ്പിക്കാൻ ഉത്സാഹിക്കുന്നുണ്ട് .രൂപിന് ഉപഹാരം ഞാൻ തന്നെ കൊടുക്കണമെന്ന് ദാമോദരൻ മാസ്റ്റർ .അങ്ങിനെ ഓർക്കാപ്പുറത്തു വേദിയിലുമെത്തി .തന്റെ നേട്ടത്തിന് കാരണം വായനശാലയും അവിടത്തെ പുസ്തകങ്ങളുമാണെന്നു റൂബിനും അതേ  പരീക്ഷക്ക് നാലാം റാങ്കു നേടി അനുമോദിക്കപ്പെടുന്ന അനിൽ സെബാസ്ത്യനും( പേര് കൃത്യമാണോ ? ഓർക്കുന്നില്ല )എടുത്തുപറഞ്ഞു .നെഹ്‌റു യുവക് കേന്ദ്രയുടെ സഹായത്തോടെയുള്ള തൊഴിൽ പരിശീലനത്തിന്റെ ഉൽഘാടനവും നടന്നു .ജിതേഷിന്റെ ഹ്രസ്വമെങ്കിലും ആഴത്തിലുള്ള പ്രഭാഷണവും ആസ്വാദ്യകരം .ഓർക്കാപ്പുറത്തു കിട്ടിയ ഒരു സമ്മാനം പോലെ അതിശയകരമായ ഒരു സായാഹ്നമായിരുന്നു എനിക്കത് .വായന മരിക്കുന്നില്ല .ത്രസിപ്പിക്കുകയും ചെയ്യുന്നു .

No comments: