Tuesday, 29 January 2019

വായന മരിക്കുന്നില്ല .ത്രസിപ്പിക്കുകയും ചെയ്യുന്നു .

അല്പസമയം  ഒഴിവു കിട്ടിയാൽ ഞാൻ ചെറുപുഴയിലെ  വായനശാലയിൽ കയറി പത്രങ്ങളെല്ലാം വായിക്കും.2000മാണ്ടു  മുതലുള്ള ശീലമാണ് .പത്രവായനക്കിടക്ക് മനസ്സ് പല  ലോകത്തേക്കും പറന്നു പോയി വീണ്ടും വാർത്തയിൽ തങ്ങി പിന്നെ വീണ്ടും ഭാവനാലോകത്തങ്ങിനെ  ഇരിക്കുന്നത്  ഒരു സുഖമാണ് .അങ്ങിനെ ഒരു നിമിഷത്തിലാണ് വായനശാലയുടെ സെക്രട്ടറി എന്നെ "മുകളിൽ ഒരു യോഗമുണ്ട് .ഗാന്ധിജിയുടെ അനുസ്മരണമാണ് .വരണം ."എന്ന് ക്ഷണിച്ചത് .റിപ്പബ്ലിക് ദിനം .ഗാന്ധിജിയെ ഓർക്കേണ്ട ദിവസം .യുവ സുഹൃത്ത് ജിതേഷ് കമ്പല്ലൂരിന്റെ പ്രഭാഷണമുണ്ടത്രെ .വിളിക്കുന്നത്  കമ്പല്ലൂർ സ്‌കൂൾ എൻ എസ് എസ് ന്റെ പ്രവർത്തനങ്ങളിൽ എന്നും സഹകരിച്ചിട്ടുള്ള ദാമോദരൻ മാസ്റ്റർ .യോഗത്തിനു ഞാനും ചെന്നു .സദസ്സിൽ അധികം ആളുകളില്ല .കുറച്ചു നേരം അവിടെ ഇരിക്കുമ്പോൾ തോളത്തൊരു സ്പർശം ."സാറിനെന്നെ അറിയില്ലേ .ഞാൻ രൂപിനാണ് " എന്നൊരു ചെറുപ്പക്കാരന്റെ ചിരിക്കുന്ന മുഖം .അങ്ങിനെയാണ് രൂപിനെ ഒരുപാട് നാളൂകൾക്കു ശേഷം വീണ്ടും കണ്ടത് ( ചിത്രത്തിൽ ഏറ്റവും ഇടത് ഭാഗത്തു കാണാം) .ഇപ്പോൾ ജെ എം യു പി സ്‌കൂൾ അദ്ധ്യാപകൻ .കമ്പല്ലൂർ ഹയർ സെക്കന്ററിയിൽ എന്റെ പൂർവ്വ വിദ്യാർത്ഥി .രൂപിനെ ഈ യോഗത്തിൽ വെച്ച് വായനശാല ആദരിക്കുന്നു . യു പി എസ്‌ എ  മാർക്കുള്ള പി എസ് സി പരീക്ഷയിൽ ( ഗവ.പ്രൈമറി സ്‌കൂൾ അധ്യാപകനാകാനുള്ളത് ) ഒന്നാം റാങ്ക് നേടിയതിനാണു  രൂപിനെ അനുമോദിക്കുന്നത് .വായനശാലയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് റൂബിൻ .എന്റെ പ്രിയ ശിഷ്യൻ വിജേഷ് പള്ളിക്കര വാർഡ് മെമ്പർ കൂടിയാണ് .അദ്ദേഹവും യോഗം വിജയിപ്പിക്കാൻ ഉത്സാഹിക്കുന്നുണ്ട് .രൂപിന് ഉപഹാരം ഞാൻ തന്നെ കൊടുക്കണമെന്ന് ദാമോദരൻ മാസ്റ്റർ .അങ്ങിനെ ഓർക്കാപ്പുറത്തു വേദിയിലുമെത്തി .തന്റെ നേട്ടത്തിന് കാരണം വായനശാലയും അവിടത്തെ പുസ്തകങ്ങളുമാണെന്നു റൂബിനും അതേ  പരീക്ഷക്ക് നാലാം റാങ്കു നേടി അനുമോദിക്കപ്പെടുന്ന അനിൽ സെബാസ്ത്യനും( പേര് കൃത്യമാണോ ? ഓർക്കുന്നില്ല )എടുത്തുപറഞ്ഞു .നെഹ്‌റു യുവക് കേന്ദ്രയുടെ സഹായത്തോടെയുള്ള തൊഴിൽ പരിശീലനത്തിന്റെ ഉൽഘാടനവും നടന്നു .ജിതേഷിന്റെ ഹ്രസ്വമെങ്കിലും ആഴത്തിലുള്ള പ്രഭാഷണവും ആസ്വാദ്യകരം .ഓർക്കാപ്പുറത്തു കിട്ടിയ ഒരു സമ്മാനം പോലെ അതിശയകരമായ ഒരു സായാഹ്നമായിരുന്നു എനിക്കത് .വായന മരിക്കുന്നില്ല .ത്രസിപ്പിക്കുകയും ചെയ്യുന്നു .

Sunday, 27 January 2019

ചിതകൾ പറയുന്നത്


കണ്ണുനീർ പെയ്ത്തുകളല്ല റീത്തുകൾ,
കപട സ്നേഹം നിറച്ചിളിക്കും പല്ലുകൾ.

തണുത്തു വിറച്ചു നീ കിടുകിടുത്ത നാൾ നിന്നെ മറന്നവർ,
വിശന്നൊരൂണിനായലഞ്ഞ നാൾ നിന്നെയറിയാത്തവർ, രോഗഗ്രസ്തനായിഞ്ചിഞ്ചായ്‌ നീ മറയുന്നതറിഞ്ഞതായി നടിക്കാത്തവർ, തനിച്ചെന്ന തോന്നലിൽ നീ നീറി ദഹിച്ചതറിയാത്തവർ.

കൂട്ടമായൊരു ദിനമവരെത്തി നിന്റെ മേൽ,
കടുത്ത ദുഃഖമഭിനയിച്ചു വെക്കുമീ റീത്തുകൾ ,
നനുത്ത ചാരത്തിനരികെ കടുത്ത വർണങ്ങൾ.
മാറ്റിനിർത്താൻ പണിത മതിലുകൾ , മറവികൾ.

കണ്ണുനീർ പെയ്ത്തുകളല്ല റീത്തുകൾ,
കപടനാട്യത്തിന്നിളിച്ച പല്ലുകൾ.

( പറയാൻ കൊതിക്കവേ... സീക്കെയാർ ? )

Sunday, 20 January 2019

പാലക്കയംതട്ട് മനോഹരമായ ഒരു അനുഭവം 19/01/2019

കരുവഞ്ചാൽ ആശാൻ കവല  വഴി ചെന്നാൽ 30 മിനുട്ടിനുള്ളിൽ ടാർ റോഡ് അവസാനിക്കുന്നു .പിന്നെ 2 കി മീറ്റർ കുത്തനെ കയറ്റം .ജീപ്പ് സർവീസുണ്ട് .അങ്ങോട്ടും ഇങ്ങോട്ടും ആയി 400 രൂപാ ചാർജ് .ഞങ്ങൾ നടന്നു കയറി .3 പേർക്ക് ക്യാമറയടക്കം 165 രൂപ  ഗേറ്റ് പാസ്സായി വന്നു .60 രൂപ ക്യാമറ ചാർജ് .പ്രവേശന ഫീസ് ഒരാൾക്ക് 35 രൂപ .പ്രവേശനകവാടത്തിൽ നിന്നും ഒരു മിനുട് നടന്നാൽ കാഴ്ചാ മുനമ്പുകളിലെത്താം .ഒരു രണ്ടുമണിക്കൂർ സുഖമായി ചിലവഴിക്കാൻ വേണ്ട കാര്യങ്ങൾ ഉണ്ട് . വൈകുന്നേരം 4 -5 മണിയോടെ എത്തുന്ന വിധത്തിൽ യാത്ര ക്രമീകരിക്കുന്നതാണ് നല്ലത് .സൂര്യാസ്തമയ ദൃശ്യങ്ങൾ മനം മയക്കു ന്നവയാണ് .തണുത്ത കാറ്റും ആകർഷകം .മുകളിൽത്തന്നെ ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാണ് .ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ട് .ഞങ്ങൾ മടങ്ങുമ്പോൾ 7 മണി .അപ്പോഴും ധാരാളം സന്ദർശകർ തങ്ങി നില്പുണ്ട്.














Thursday, 10 January 2019

നാരങ്ങാത്തോടുകൾ

ചാറു പിഴിഞ്ഞെടുത്ത്  വലിച്ചെറിയാനുള്ളതല്ല  നാരങ്ങാത്തോടുകൾ .നാരങ്ങാത്തോടിന്  അത്ഭുതകരമായ ഔഷധ ശക്തി ഉണ്ടത്രേ .ഒരു നാരങ്ങയുടെ തോട് പല ചെറു കഷണങ്ങളായി മുറിച്ചു ചെറിയ തുണ്ടു ഇഞ്ചിക്കഷ്ണം ചതച്ചു ചേർത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടു ചെറുതായി ചൂ ടാക്കി കിട്ടുന്ന ലായനി ദിവസവും രാവിലെ വെറും വയറ്റിൽ 30 ദിവസം കഴിക്കുന്നത് ഹൃദയം ,കരൾ ,വൃക്ക രോഗങ്ങൾ ശമിപ്പിക്കാൻ ഉപകരി ക്കുമെന്നു ചില വൈദ്യന്മാർ അഭിപ്രായപ്പെടുന്നു .

നാരങ്ങാത്തോടിൽ വിറ്റമിൻ സി ,എ ,ബീറ്റ കരോട്ടിൻ ,ഫോളേറ്റ് ,കാൽസിയം ,മഗ്‌നീഷ്യം ,പൊട്ടാസിയം തുടങ്ങിയ ഘടകങ്ങൾ നാരാങ്ങാചാറിലുള്ളതിനേക്കാൾ  5 മുതൽ 10 വരെ മടങ്ങു് കൂടുതൽ ഉണ്ടെന്നു പറയപ്പെടുന്നു 

നാരങ്ങാ തോടുകൾ  കാൻസർ ചികിത്സക്കും ഉപകരിക്കുന്നുവെന്നു കണ്ടിട്ടുണ്ട് .ഇതിലുള്ള സലാവസ്‌ട്രോൾ സല്വസ്ട്രോൾ ക്യു ഫോട്ടി ,ലിമനിൻ തുടങ്ങിയ ഘടകങ്ങളാണ്   ഇതിനു സഹായിക്കുന്നത് .
കൂടുതൽ വായനക്ക് 

1 . http://paativaithiyam.in/
2. https://timesofindia.indiatimes.com/life-style/health-fitness/photo-stories/heres-why-you-should-not-throw-away-lemon-peels/photostory/59575610.cms?picid=59575631