ഓണമേ ,ഇതവസാന യാത്രാ മൊഴി.
വരില്ലിനിയീ മാവേലി
തിരികെയൊരോണത്തിനും,
വാമനകാമനകൾ വാഴും ,
മലയാള ത്തിരുമുറ്റങ്ങളിൽ.
മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത, മഹാമൗന പ്രദേശങ്ങളിൽ.
വെറുക്കുക, എന്നെ മറന്നേക്കുക,
ഞാനതിരൂക്ഷ പ്രതികരണക്കാരൻ.
അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.
ഇവനെ വെറുക്കുക, പുറത്താക്കുക,
മറന്നേക്കുക.ചന്ദ്രനിലേക്കയക്കുക.
മണിപ്പൂർ നിരന്തര കലാപ പ്രദേശം,
വംശീയ കലാപോൽസവം,
നമുക്കെന്തു കാരിയം,
കേരളമിങ്ങു മണിപ്പൂരങ്ങരൊ-
ന്താരാഷ്ട്ര കാര്യമതിൽ
പാവം വീട്ടമ്മമാർക്കെന്തു കാര്യം ?
മോദി പോലും മിണ്ടാത്തിടത്തു കൂട്ടരേ ,
മൗനമല്ലോ മാതൃകാപരം, മിണ്ടാതിരിക്കാം.
അന്യസംസ്ഥാന തൊഴിലാളിയൊരാൾ വന്നു
കേരളത്തിലെ പിഞ്ചുകുഞ്ഞിനെ നശിപ്പിച്ചതതികഠിനം,
അതിഥിയെന്നു വിളിക്കേണ്ടവനല്ലവൻ,
നരാധമൻ, രാഭണൻ.
അവനെക്കുറിച്ചു കരയാം,
അതിഥി വിളി മതിയാക്കാം,
അവനെ തളക്കാൻ
പുതിയ നിയമങ്ങൾക്കായി
പ്രമേയം പൊലിപ്പിക്കാം,
പക്ഷെ മണിപ്പൂരങ്ങതി ദൂരമവിടെ ,
യാരോ നാരികളുടെയുടുതുണിയഴിച്ചതും
മൂക്കും മുലകളും മുറിച്ചു നടത്തിച്ചതും,
മുടികുത്തിൽ പിടിച്ചു
കഴുത്തു കണ്ടിച്ചതും രാമോചിതം,
ഭരണകൂടങ്ങൾ മഹാ മൗനമാർന്നതും
ദൃശ്യശ്രവണ സംപ്രേഷണ മാർഗങ്ങളടച്ചു
മൗനം വിതച്ചു പടർത്തി
നാനാദിക്കുകളിലും മൂക ഭൂതങ്ങളെ നിറച്ചതും;
ആൾക്കൂട്ടം വാനര സംഘമായ്
നൂറായിരം മനുഷ്യരുടെ ചോര കുടിച്ചതും,
പള്ളികൾ തകർത്തതും വീടുകൾ തീവെച്ചതും
നാടു രണ്ടു രാജ്യങ്ങളായകന്നതും
രണ്ടു പടകൾ തോക്കിൻ മുനകളിൽ
ഭരണമേറുന്നതുമന്താരാഷ്ട്ര കാരിയം,
കൊല്ലിക്കയല്ലേ നമുക്ക് രസമെടോ,
മിണ്ടേണ്ടതില്ല കാണേണ്ടതില്ല,
നമ്മൾ കണ്ടതായൊട്ടു നടിക്കേണ്ട-
തിലൊട്ടുചർച്ചയും പാടില്ല-
തയൽക്കൂട്ട നിയമാവലി ലംഘനം.
നാടാകെ വിലക്കയറ്റം
ഭയങ്കരമതിനെക്കുറിച്ചു പിറുപിറുക്കാം.
മണിപ്പൂരൊരന്താരാഷ്ട്ര കാര്യം,
മിണ്ടരുത്,
മിണ്ടുന്നവനെ പുറത്താക്കാം.
ചന്ദ്രനിലേക്കയക്കാം.
വെറുക്കുക, എന്നെ മറന്നേക്കുക,
ഞാനതിരൂക്ഷ പ്രതികരണക്കാരൻ.
അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.
ഇവനെ വെറുക്കുക,
പുറത്താക്കുക,
മറന്നേക്കുക.
.എങ്കിലുമിതു മറക്കാതിരിക്കുക,
ഗ്രീസുമേതൻസും പകർന്ന ജനാധിപത്യം - ഒരന്താരാഷ്ട്ര കാരിയം.
ഇതു മറക്കാതിരിക്കുക, മത രാഷ്ട്രവാദം ജനാധിപത്യ ലംഘനം.
മതേതരത്വ സംരക്ഷണം, ഭരണഘടന തൻ കാതൽ.
മണിപ്പൂരിനെ മുറിക്കുന്നു മത രാഷ്ട്രവാദികൾ,
ഭരണഘടനാ തത്വങ്ങൾ മരിക്കുന്നു മഹാമൗന തന്ത്രങ്ങളിൽ.
ഇതു മറക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം,
അന്താരാഷ്ട്ര കാരിയം ,അതു ഭരണഘടന തൻ കാതൽ.
ഇതു മറക്കാതിരിക്കുക,
ഇൻറർനെറ്റവകാശം അന്താരാഷ്ട്ര കാരിയം ,
അതു ഭരണഘടന പകരും മൗലികാവകാശം.
മണിപ്പൂരിൽ നടക്കുന്നു , മൗലികാവകാശ ലംഘനം.
ഗുജറാത്തിലിന്നലെ കണ്ടതും,
മണിപ്പൂരിലിന്നു നടപ്പതും ,
നാളെ കേരളത്തിലും വരാം,
കരുതലോടെ പോരാട്ടം
തുടരാതെയുറങ്ങിയാൽ,
പാവം വീട്ടമ്മമാർക്കു ,
ഭൂരിപക്ഷമതത്തിൻ്റെ
പാവക്കൂത്തിൽ സുഖിച്ചിടാം.
ഇതവസാന യാത്രാ മൊഴി.
വരില്ലിനിയീ മാവേലി
തിരികെയൊരോണത്തിനും,
വാമനകാമനകൾ വാഴും ,
മലയാളത്തിരുമുറ്റങ്ങളിൽ.
മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത,
മഹാമൗന പ്രദേശങ്ങളിൽ.
വെറുക്കുക, മാവേലിയെ മറന്നേക്കുക,
അവനതിരൂക്ഷ പ്രതികരണക്കാരൻ.
അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.
അവനെ വെറുക്കുക, പുറത്താക്കുക, മറന്നേക്കുക.
മിണ്ടുന്ന മാവേലിയെ,
മഹാ മൗനത്തിൻ്റെ
ചാന്ദ്ര ലോകത്തേക്കയച്ചിടാം.
ഓണമേ ,ഇതവസാന യാത്രാ മൊഴി.
വരില്ലിനിയീ മാവേലി
തിരികെയൊരോണത്തിനും,
വാമനകാമനകൾ വാഴും ,
മലയാള ത്തിരുമുറ്റങ്ങളിൽ.
മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത,
മഹാമൗന പ്രദേശങ്ങളിൽ.
No comments:
Post a Comment