Thursday, 21 April 2022

മനുഷ്യനാകണം LYRICS

മനുഷ്യനാകണം 

Be a human being , thats marxism

(MANUSHIANAKANAM  LYRICS)

മുരുകൻ കാട്ടാക്കട എഴുതിയ കവിത 

A poem written by Murukan Kattakkada,Kerala,India

 

മനുഷ്യനാകണം, 

അതാണ് മാർക്സിസം,

 ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, 

നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.

കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം, 

എങ്കിലെന്ത് തോൽക്കുകില്ലതാണ് മാർക്സിസം,

 തോൽക്കുകില്ല, തോറ്റു വെങ്കിലില്ല മാർക്സിസം.

 


മാറ്റമെന്ന മാറ്റമേ, 

നേർവഴിക്കു മാറണം, 

മാറി മാറി നാം മനുഷ്യരൊന്നുപോലെയാവണം, 

നേർവഴിക്കു നാം കൊടുത്ത പേരതാണ് മാർക്സിസം,

 ആ നേർവഴിക്കു നാം കൊടുത്ത പേരതാണു മാർക്സിസം.

 

അറിവിനൊത്തു പണിയണം,

 ചെലവിനൊത്തെടുക്കണം, 

മിച്ചമുള്ളതോ പകുത്തു പങ്കു വെക്കണം, 

ഞാനുമില്ല, നീയുമില്ല, നമ്മളാകണം,

 നമുക്ക് നമ്മളേ പകുത്തു പങ്കു വെക്കണം.


 പ്രണയമേ, കലഹമേ, (2)

 പ്രകൃതി സ്നേഹമേ, 

നിനക്കു ഞങ്ങൾ നേരിടുന്നതാണ് മാർക്സിസം. തോൽക്കുകില്ലാ.തോൽക്കുകില്ല, 

തോൽക്കുകില്ല ,തോറ്റുവെങ്കിലില്ല മാർക്സിസം.

 മനുഷ്യനാകണം (2) 


പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും ,

തുല്യമെന്ന നേരതാണ് മാർക്സിസം. (2) 

കിഴക്കു നിന്നുമല്ല സൂര്യൻ ,

തെക്കുനിന്നുമല്ല സൂര്യൻ, 

ഉള്ളിൽ നിന്നു പൊന്തി വന്നുദിക്കണം. 


വെളിച്ചമേ, വെളിച്ചമേ, 

നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..

മാർക്സിസം (2) 

ചോപ്പു രാശിയിൽ പിറന്ന സൂര്യതേജസേ, 

മനുഷ്യസ്നേഹമേ, (2) 

നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.

(Lyrics typed based on  a video,

https://www.youtube.com/watch?v=hWEWl3t2B_Y  ,

Lines might need correction,

  approval by the poet pending-CKR 21 04 2022)



പാരസ്പര്യം തകർക്കരുത്

സമാധാനത്തിന്റെ കാവലാളാവാൻ, നീതിയുടെ കോട്ടയാകാൻ പരമോന്നതനീതിപീഠത്തിന് സദാ കണ്ണുംകാതും തുറന്നുനിൽക്കേണ്ട അവസ്ഥയാണുള്ളത്. തലസ്ഥാനനഗരത്തിന്റെ ഭാഗമായ വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിലെ ‘അനധികൃത’ കെട്ടിടങ്ങൾ അവിടത്തെ നഗരസഭ ഒൻപത് ജെ.സി.ബി.യുപയോഗിച്ച് പൊളിക്കാൻ തുടങ്ങിയപ്പോഴാണ് നിർത്താനുള്ള ആജ്ഞ സുപ്രീംകോടതിയിൽനിന്നുണ്ടായത്. നാലുദിവസംമുമ്പ് വർഗീയസംഘർഷമുണ്ടായ സ്ഥലമാണത്. ഒരു രാഷ്ട്രീയനേതാവിന്റെ കത്തിന്റെ പുറത്താണ് നഗരസഭ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുത്തതും 400 പോലീസുകാരുടെ സഹായത്തോടെ പൊളിക്കൽ തുടങ്ങിയതും. പരാതി കേൾക്കാം, പക്ഷേ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞ് മിനിറ്റുകൾക്കകമാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്. ജഹാംഗീർപുരിയിൽ മനുഷ്യരക്തംവീണാൽ ഭവിഷ്യത്ത് എന്താകുമെന്ന് തിരിച്ചറിഞ്ഞാണ് സുപ്രീംകോടതി ചിട്ടവട്ടങ്ങളെല്ലാം മാറ്റിവെച്ച് അടിയന്തരമായി ഇടപെട്ടത്.


ഈമാസം 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ സംഘർഷത്തിന്റെ കനലിൽ എണ്ണയൊഴിക്കുന്ന നീക്കമാണ് ജഹാംഗീർപുരിയിൽ നടക്കുന്നതെന്ന വിമർശനമുണ്ട്‌. സർക്കാരും പോലീസുമാണ് സമാധാനപാലനത്തിന് സൂക്ഷ്മതയോടെയും ദീർഘവീക്ഷണത്തോടെയും പ്രവർത്തിക്കേണ്ടതെങ്കിലും അവർ ആ ചുമതല നിർവഹിക്കാതെ കണ്ടില്ലെന്നുനടിക്കുമ്പോൾ ഇരട്ടജോലിക്ക് ജുഡീഷ്യറി നിർബദ്ധമാവുകയാണ്. വർഗീയാസ്വാസ്ഥ്യമുണ്ടായ മധ്യപ്രദേശിൽ ആക്രമണം നടത്തിയവരുടേതെന്നു പറഞ്ഞ് കുറെ കെട്ടിടങ്ങൾ ബുൾഡോസറുപയോഗിച്ച് പൊളിച്ചെന്ന ആരോപണം നിലനിൽക്കേയാണ് രാജ്യതലസ്ഥാനത്തും അത്തരം നടപടികളുണ്ടാകുന്നത്‌.


ഏപ്രിൽ 10-നും 16-നുമിടയിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ത്ധാർഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലുണ്ടായ വിഭാഗീയസംഘർഷങ്ങൾ നമ്മുടെ നാട് എങ്ങോട്ട് എന്ന ആശങ്കാജനകമായ ചോദ്യമാണുയർത്തുന്നത്. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ജനങ്ങ­­ൾ, അപരന്റെ വിശ്വാസങ്ങളെയും ആചാരങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെയും മാനിക്കുന്നതാണ് ഭാരതത്തിന്റെ മഹനീയപാരമ്പര്യം. അതിന് വിരുദ്ധമായത് ഇപ്പോൾ പലരുടെയും ഭാഗത്തുനിന്നുണ്ടാകുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദികളാരാണ്, അക്രമികളാരാണ് എന്നതെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തി കർശനനടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, കുറ്റംചുമത്തേണ്ടതും ശിക്ഷവിധിക്കേണ്ടതും ആൾക്കൂട്ടങ്ങളല്ല, നീതിന്യായസംവിധാനമാണ്.


അക്രമങ്ങൾ പരക്കേയുണ്ടാകുന്നത് സംഘടിതമായ വിദ്വേഷപ്രചാരണത്തിന്റെ ഫലമായാണ്. സാമൂഹികമാധ്യമങ്ങളിലൂടെ സ്ഥാപിതതാത്‌പര്യക്കാർ താന്താങ്ങളുടെ ഭാഗം ന്യായീകരിക്കാനും ധ്രുവീകരണമുണ്ടാക്കാനും അവാസ്തവങ്ങളും അർധസത്യങ്ങളും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽനടന്ന ഒരു സമ്മേളനം സ്പർധ വളർത്താൻ പരസ്യമായി ആഹ്വാനംചെയ്തത് വിവാദമായതാണ്. ആ സമ്മേളനത്തിൽ വിദ്വേഷപ്രസംഗം നടത്തിയ ജിതേന്ദ്രനാരായൺ ത്യാഗി എന്ന വസീം റിസ്‌വിക്കെതിരേ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തത് വലിയ സമ്മർദത്തെത്തുടർന്നാണ്. യതി നരസിംഗാനന്ദ എന്ന മറ്റൊരു പ്രസംഗകൻ സുപ്രീംകോടതിയെയും പട്ടാളത്തെയും അപകീർത്തിപ്പെടുത്തുംവിധം പ്രസംഗിച്ചു. ബഹുസ്വരതയ്ക്കും പരസ്പരവിശ്വാസത്തിനും ഇളക്കംതട്ടുന്നവിധത്തിൽ, മനസ്സുകളെ കൂടുതൽക്കൂടുതൽ ഇടുങ്ങിയതലത്തിലേക്കെത്തിക്കുന്നതിനുള്ള തീവ്രയത്നങ്ങളാണ് ഈയടുത്തായി നടക്കുന്നതെന്നാണ് 13 പ്രതിപക്ഷപാർട്ടികൾ പ്രസ്താവന ഇറക്കിയിട്ടുള്ളത്.


വിശ്വാസം, ആചാരം, വേഷം, ഭക്ഷണം എന്നിവയുടെ പേരിൽ ജനങ്ങളെ പരസ്പരവൈരികളാക്കി തമ്മിലടിപ്പിക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് ശക്തമായ നടപടികളെടുക്കേണ്ടത്. അക്രമമെന്നും പ്രതിരോധമെന്നും പറഞ്ഞ് വ്യത്യസ്തവിഭാഗങ്ങൾ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ വ്രണപ്പെടുത്തുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അകത്തുംപുറത്തും നാടിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന തരത്തിൽ അകൽച്ചയും അതു വളർന്ന് വിദ്വേഷവും വ്യാപിക്കുന്നത്. ഭിന്നിപ്പിന്റെ അന്തരീക്ഷം മാറ്റി സൗഹാർദത്തിന്റെയും പാരസ്പര്യത്തിന്റെയും അന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇനിയും വൈകരുത്. അതിന് മുൻകൈയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്‌.-Editorial, Mathrubhumi 21 04 22




No comments: