ഡേറ്റകളുടെ കോളനികളും അതിനെ അടക്കിഭരിക്കുന്ന ‘അഭിജാത’രുമായിരിക്കും ഭാവിയിലെ യാഥാർഥ്യമെന്ന് നവചരിത്രകാരൻ യുഹാൽ നോവാ ഹരാരി ഏതാനും ആഴ്ച മുമ്പാണ് മുംബൈയിൽ പ്രസ്താവിച്ചത്. തിങ്കളാഴ്ച ലോക്‌സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയ ക്രിമിനൽ നടപടിക്രമം(തിരിച്ചറിയൽ)-2022 ബിൽ നിയമമായി പ്രാബല്യത്തിലാവുന്നതോടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് വേഗവും കൃത്യതയും ലഭിച്ചേക്കാമെന്നതിനൊപ്പം പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമെന്ന ആശങ്ക പ്രകടമായിരിക്കുകയാണ്. കേസ് തെളിയുന്നതുവരെ പ്രതി കുറ്റവാളിയല്ലെന്ന് അനുശാസിക്കുന്ന ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്ക് നിരക്കാത്ത കിരാതനിയമം എന്നാണ് പ്രതിപക്ഷവും മനുഷ്യാവകാശപ്രവർത്തകരും പുതിയ നിയമത്തെ കുറ്റപ്പെടുത്തുന്നത്. കുറ്റവാളികളുടെയും ഏതെങ്കിലും കേസിൽ അറസ്റ്റുചെയ്യപ്പെടുന്നവരുടെയും ജൈവസാംപിളുകളെടുത്ത് വിശകലവിധേയമാക്കാനും 75 വർഷംവരെ കേന്ദ്രസർക്കാരിെന്റ കസ്റ്റഡിയിൽ അത് സൂക്ഷിക്കാനും അധികാരം നൽകുന്നതാണ് പുതിയ നിയമം. അറസ്റ്റിലായ പ്രതിയുടെ ജൈവസാംപിളെടുക്കാൻ പോലീസ് സ്റ്റേഷന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനോ ഹെഡ്‌കോൺസ്റ്റബിളിനോപോലും അധികാരമുണ്ടാവും. ജയിലിലാണെങ്കിൽ ഹെഡ് വാർഡന് സാംപിൾ ശേഖരിക്കാൻ തീരുമാനമെടുക്കാം.
തടവിലുള്ളവരുടെ തിരിച്ചറിയൽ അടയാളങ്ങളായി വിരലടയാളം, പാദമുദ്ര എന്നിവ എടുക്കുന്നതിനും മജിസ്‌ട്രേറ്റ് നിർദേശിച്ചാൽ ഫോട്ടോ എടുക്കുന്നതിനും മാത്രമാണ് 1920-ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ട് അനുവദിക്കുന്നത്. പുതിയ കാലത്ത് കുറ്റകൃത്യങ്ങളിൽ അധികവും ഉന്നത സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്നതിനാലും തെളിയിക്കുന്നതിന് ശാസ്ത്രീയമാർഗങ്ങൾ ലഭ്യമായതിനാലും 1920-ലെ തിരിച്ചറിയൽ സാംപിളെടുക്കൽ നിയമത്തിൽ ഭേദഗതിവരുത്തണമെന്ന് ലോ കമ്മിഷൻ വളരെ മുമ്പേതന്നെ ശുപാർശ ചെയ്തതാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വി.എസ്. മളീമഠിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ നിയമപരിഷ്കരണ വിദഗ്ധസമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ബിൽ തയ്യാറാക്കിയത്. കുറ്റാരോപിതരുടെ ജൈവമുദ്രകളും സ്രവങ്ങളുമെല്ലാം ശേഖരിച്ച് ഡി.എൻ.എ. പരിശോധനയടക്കം നടത്തുന്നതിനുള്ള നിയമമായതിനാൽ വിശദ ചർച്ച നടത്തി സാവകാശം അംഗീകരിക്കുകയായിരുന്നെങ്കിൽ ന്യായവാദമാകാമായിരുന്നു. എന്നാൽ, അത്തരം ചർച്ചവേണമെങ്കിൽ ചട്ടം രൂപവത്‌കരിക്കുമ്പോഴാകാമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് അടക്കമുള്ള പരിശോധനകൾ മജിസ്‌ട്രേറ്റിനുമുമ്പാകെ പ്രതി അനുമതി നൽകിയാൽ മാത്രമേ പാടുള്ളൂവെന്ന് 2010-ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് നിർദിഷ്ട നിയമം.
ഒരാളിൽനിന്ന് ശേഖരിക്കുന്ന ജൈവ വിവരത്തിന്റെ ഡേറ്റ 75 വർഷമോ കേസിലെ എല്ലാ അപ്പീലും കഴിയുന്നതുവരെയോ സൂക്ഷിക്കുന്നത് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ആണ്. സാംപിളുകൾ ശേഖരിക്കാനുള്ള ഉദ്യോഗസ്ഥന്റെ നടപടിയെ എതിർത്താൽ അതും കേസാണ്. രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി അറസ്റ്റിലാകുന്നവരുടെ സാംപിളെടുക്കില്ലെന്നു പറഞ്ഞ അമിത്ഷായുടെ തുടർവാചകം ക്രിമിനൽ കുറ്റാരോപണമാണെങ്കിൽ ഇളവുണ്ടാവില്ലെന്നാണ്. മിക്ക സമരങ്ങളിലെയും അറസ്റ്റ് ക്രിമിനൽക്കുറ്റാരോപണത്തോടെയാണ്. നിരോധനം ലംഘിച്ചതിന് അറസ്റ്റിലാകുന്നവർ, കരുതൽ തടങ്കലിലാവുന്നവർ എന്നിവരും നിയമത്തിന്റെ പരിധിയിൽവരും. ക്രമസമാധാനവുമായി ബന്ധപ്പെട്ട് നല്ലനടപ്പ് കേസിലുള്ളവരുടെ ജൈവ സാംപിളുകളെടുക്കാൻ ഉത്തരവിടാൻ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാർക്ക് അധികാരം ലഭിക്കും. അമിതാധികാരം നൽകുന്നതും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കടന്നുകയറുന്നതുമാണ് നിർദിഷ്ട നിയമത്തിലെ വ്യവസ്ഥകളെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാനവിമർശനം.
കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാനും ചോദ്യംചെയ്യലിൽ മൂന്നാംമുറ ഒഴിവാക്കാനും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നുറപ്പാക്കാനും തെളിവെടുപ്പ് ശാസ്ത്രീയമാകണമെന്ന കേന്ദ്രനിലപാടിനെ ആർക്കും എതിർക്കാനാവില്ല. എന്നാൽ, അതിന്റെ പേരിൽ ഒരു എഫ്.ഐ.ആറിന്റെമാത്രം ബലത്തിൽ പൗരന്റെ സ്വാതന്ത്ര്യവും സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന തരത്തിലുള്ള നടപടി, നിയമത്തിൽ വ്യവസ്ഥചെയ്യുന്നത് എങ്ങനെ ന്യായീകരിക്കും. ശേഖരിക്കുന്ന ഡേറ്റകളുടെ സംരക്ഷണം, ചോർച്ച തടയൽ, ഉപയോഗം, നശിപ്പിക്കൽ എന്നീ കാര്യങ്ങൾ സംബന്ധിച്ചും പാർലമെന്റിൽ ഉയർന്ന ആക്ഷേപങ്ങൾ പരിഗണിച്ച് ചട്ടരൂപവത്‌കരണ ഘട്ടത്തിൽ ആവശ്യമായ മാറ്റംവരുത്താൻ തയ്യാറാകണം. കുറ്റകൃത്യങ്ങളുടെ തീവ്രത നോക്കിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയും മാത്രമേ ജൈവ സാംപിളെടുക്കാവൂ എന്ന ഉപാധി ചട്ടരൂപവത്‌കരണഘട്ടത്തിൽ കൂട്ടിച്ചേർക്കാനെങ്കിലും തയ്യാറാവണം.
GIST :കുറ്റകൃത്യങ്ങളുടെ തീവ്രത നോക്കിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയും മാത്രമേ ജൈവ സാംപിളെടുക്കാവൂ എന്ന ഉപാധി ചട്ടരൂപവത്‌കരണഘട്ടത്തിൽ കൂട്ടിച്ചേർക്കാൻ തയ്യാറാവണം.ഇതിനു ബഹുമുഖത്തിലുള്ള ബഹുജനസമരം വേണ്ടിവരും -CKR
-EDITORIAL , MATHRUBHUMI ,09 04 2022
No comments:
Post a Comment