Tuesday 19 April 2022

കാഴ്ച മങ്ങുമ്പോഴാണ് .....

 കാഴ്ച മങ്ങുമ്പോഴാണ്, 

കണ്ണിന്റെ വിലയറിയുന്നത്, 

ഉൾക്കണ്ണ് തെളിയുന്നത്, 

അപ്പോഴേക്കും കാണാക്കയങ്ങളിലേക്ക്, 

കണ്ണായവർ മറഞ്ഞിരിക്കും. 


നിലവിളക്കിനെക്കുറിച്ചും

 ഉമിത്തീ പോലെ ദഹിച്ച ഒരു ജീവിതത്തെക്കുറിച്ചും 

ദീർഘമായ ഉപന്യാസങ്ങൾ 

ഒരു വികാര തള്ളിച്ചയിൽ, 

വിഷുക്കൊന്നകളെപോലെ,

പൂത്തു തെളിഞ്ഞു പിന്നെ കൊഴിഞ്ഞു തീരും.

 രാത്രിയുടെ അന്ത്യയാമങ്ങളിൽ, 

നിനക്കായപ്പങ്ങളൊരുക്കുന്നവൾ, 

വണ്ടിക്കാളയെ പ്പോലെ

 കുതിക്കുകയും, കിതക്കുകയും ,

കാലിടറി വീഴുകയും ചെയ്യും.


 ഓഹരിക്കമ്പോളത്തിലെ കാളകളെ കുറിച്ചും, 

പതുക്കെയുയരുന്ന ടി പിയാർ നിരക്കിനെക്കുറിച്ചും

 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും

 നീയും നിന്റെ മക്കളും ഊറ്റം കൊള്ളും.

 അടുക്കളയിലേക്കുള്ള നിങ്ങളുടെ പാളിനോട്ടങ്ങളിൽ,

 വെണ്ണക്കൽ വിഗ്രഹങ്ങൾ അസ്ഥിപഞ്ജരങ്ങളാകും. 

വാഴ്ത്തുപാട്ടിന്റെ ലഹരിയിൽ, 

നീയിതൊന്നുമറിയാതെ താളം പിടിക്കും. 

നാണമില്ലാത്തവന്റെയാസനങ്ങളിലാലുകൾ മുളക്കും,

 അതു കാണാൻ വയ്യാത്തവണ്ണം 

നിന്റെ കാഴ്ച മങ്ങിയിരിക്കും. 

കാഴ്ച മങ്ങുമ്പോഴാണ് ........

No comments: